Photo: Pixabay
ലോകം മുഴുവൻ പടരുന്ന കോവിഡ് -19 ബാധ ഫെബ്രുവരിവരെ കേരളത്തിൽ, ചൈനയിൽ പഠിക്കുന്ന മൂന്നു വിദ്യാർഥികളിൽ മാത്രം ഒതുങ്ങിനിന്നപ്പോൾ നമ്മൾ ആശ്വാസംകൊണ്ടു. മാർച്ച് പിറന്നപ്പോൾതന്നെ ഡൽഹിയിലും തെലങ്കാനയിലും ഇറ്റലിയിലും ദുബായിലും പോയിവന്ന രണ്ടുപേരിൽക്കൂടി കോവിഡ് -19 ബാധ സ്ഥിരീകരിച്ചിരിക്കുകയാണ്. മാർച്ച് മൂന്ന് ആയപ്പോൾ വീണ്ടും കൂടുതൽ കേസുകളുടെ റിപ്പോർട്ടുകൾവന്നുകൊണ്ടിരിക്കുന്നു.
നമ്മൾ ഇത്രനാളും കരുതലോടെകാത്ത സുരക്ഷയുടെ ഇടയിൽക്കൂടിതന്നെ ഇവിടെ വൈറസ് എത്തിയതിനാൽ വിദേശയാത്ര നടത്തിയവർക്കുപുറമേ ഇവിടെയുള്ളവരിലും രോഗം പടർന്നുപിടിക്കാനുള്ള സാധ്യതയുണ്ട് (community spread). അങ്ങനെയുണ്ടായാൽ രോഗബാധ തടയാനായി ഇപ്പോഴുള്ള ക്വാറന്റൈൻ ഐസൊലേഷൻ നടപടികൾക്കുപുറമേ രോഗനിയന്ത്രണത്തിന് ചില കടുത്ത നടപടികൾ ആശുപത്രികളിലും സാമൂഹികതലത്തിലും വേണ്ടിവരും. ഇതിനായി ലോകാരോഗ്യ സംഘടന പ്രത്യേക ‘ഗൈഡ് ലൈൻ’ തയ്യാറാക്കിയിട്ടുണ്ട്.
കോവിഡ് -19 അത്ര മാരകമല്ലെങ്കിലും വ്യാപകമായി പകരുന്നതാണ്. കോവിഡ് -19 ബാധിച്ചവരിൽ 80 ശതമാനത്തിലധികംപേർക്കും കുഴപ്പമില്ലാതെ ഭേദമാകും. 15 ശതമാനത്തോളം പേർക്ക് ന്യൂമോണിയ ബാധയുണ്ടാകാം, അഞ്ചുശതമാനത്തോളം പേർക്ക് വെന്റിലേറ്ററിന്റെ സഹായം വേണ്ടിവരും. പ്രായമായവരെയും പ്രമേഹം, കിഡ്‌നി, ഹൃദയരോഗികളെയും രോഗം ബാധിച്ചാൽ മരണസാധ്യത കൂടുതലാണ്. കുട്ടികളിൽ രോഗബാധ കുറവായിരിക്കും. പുതിയ രോഗമായതിനാൽ ഇവിടെ ആർക്കും ഇതിനെതിരേ പ്രതിരോധശക്തിയില്ലാത്തതിനാൽ രോഗം വളരെവേഗം പടർന്നുപിടിക്കാനാണ് സാധ്യത. അതിനാൽ ഇങ്ങനെ അപായസാധ്യതയുള്ളവർക്ക് രോഗം പരമാവധി വരാതെനോക്കുകയും വന്നവരിൽനിന്ന് മറ്റുള്ളവരിലേക്ക് പടരാതെനിർത്തലുമാണ് പ്രധാനം, രോഗബാധിതരിൽ അപായഘട്ടത്തിലുള്ളവരെ എളുപ്പം തിരിച്ചറിഞ്ഞു തക്കതായ ചികിത്സ നൽകുകയുമാണ് രോഗത്തിന്റെ ആഘാതങ്ങൾ കുറയ്ക്കാൻ ഇനി വേണ്ടത്.
പ്രതിരോധമാർഗങ്ങൾ
കോവിഡ്-19 വായുവിലൂടെ തനിയെ ദൂരത്തിൽ പകരുന്ന രോഗമല്ല. ഇത് പകരുന്നത് രോഗികളുമായി നേരിട്ടു സമ്പർക്കപ്പെടുന്നതിലൂടെയും അവരുടെ സ്രവങ്ങൾ വഴിയും മാത്രമാണ്. പനി, ചുമ രോഗലക്ഷണമുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തെറിക്കുന്ന സ്രവങ്ങൾ വായുവിലും അടുത്ത പ്രതലങ്ങളിലും വസ്തുക്കളിലും എത്തുന്നു (മേശ, ഫോൺ, പാത്രങ്ങൾ തുടങ്ങിയവ). ഈ പ്രതലങ്ങളിൽനിന്ന് സ്പർശനംമൂലം കൈകളിലും വിരലുകളിലും വൈറസ് എത്തുന്നു.
പനി, ചുമ രോഗലക്ഷണമുള്ളവർ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും കൈമുട്ടുകൾക്കിടയിലോ, ടവലുകൾകൊണ്ടോ, ടിഷ്യൂ പേപ്പർകൊണ്ടോ വായയും മൂക്കും പൊത്തുകയും അവ ശരിയായി നശിപ്പിക്കുകയും വേണം. കോവിഡ്-19 രോഗലക്ഷണമുള്ളവർ ഉണർന്നിരിക്കുന്ന സമയങ്ങളിൽ സാധാരണ മാസ്‌ക് ധരിക്കണം (വീട്ടിലായാലും ആശുപത്രിയിലേക്കുള്ള യാത്രകളിലും ആശുപത്രികളിലും). ആശുപത്രികളിൽ ഡോക്ടർമാരും നഴ്‌സുമാരും ആശുപത്രി ജീവനക്കാരും ഇതിനായി പ്രത്യേകം സുരക്ഷകൾ എടുക്കേണ്ടതുണ്ട്.
കോവിഡ്-19 സാമൂഹികതലത്തിൽ ചെയ്യേണ്ട കാര്യങ്ങൾ
വീടുകളിൽ
രോഗികൾ ഒരു മുറിയിൽതന്നെ കഴിയുക. മറ്റ് കുടുംബാംഗങ്ങളുമായി കൂടുതൽ ഇടപെടരുത്. മുറി നല്ലപോലെ കാറ്റും വെളിച്ചവും കടക്കുന്നതായിരിക്കണം. ജനാലകൾ തുറന്നുതന്നെവെക്കണം.
വീട്ടിലെ മറ്റുള്ളവരിൽനിന്നും ഒരു മീറ്റർ അകലം പാലിക്കണം. ഉണർന്നിരിക്കുന്ന സമയങ്ങളിൽ സാധാരണ മാസ്‌ക് ധരിക്കണം.
രോഗിയെ സ്ഥിരമായി ഒരാൾ മാത്രം ശുശ്രൂഷിക്കണം. അയാൾ മുറിയിൽ പ്രവേശിക്കുമ്പോഴൊക്കെ മാസ്‌കും ഗ്ലൗസും ഏപ്രണും ധരിച്ചിരിക്കണം.
മറ്റുള്ളവർ രോഗികളെ സന്ദർശിക്കുന്നത് വിലക്കുകയും മുറിയിൽ പ്രവേശിക്കുന്നവർ മാസ്‌ക് ധരിക്കുകയും വേണം. രോഗികളുമായി സമ്പർക്കമുണ്ടായിട്ടുള്ളവർ തുടർന്ന് 14 ദിവസത്തോളം വീടുകളിൽതന്നെ നിരീക്ഷണത്തിൽ കഴിയണം.
തൊഴിലിടങ്ങളിൽ
പ്രതലങ്ങളും (ഫർണിച്ചർ), ഉപകരണങ്ങളും (ഫോണുകൾ, കീ ബോർഡുകൾ) ദിവസവും അണുനാശിനികൊണ്ട് തുടയ്ക്കുക. കൈ കഴുകാനായി ഹാൻഡ് സാനിെറ്റെസറുകൾ/സോപ്പുകൾ കരുതിവെക്കുക. ഇടയ്ക്കിടെ കൈകൾ കഴുകുക. കൂടുതൽ യാത്രവേണ്ടുന്നവർ യാത്രാവേളകളിൽ കൈയിൽ ചെറിയ കുപ്പി ഹാൻഡ് സാനിറ്റെസറുകൾ കരുതുക (100 മില്ലി).
പനിയും ചുമയും ഉള്ളവർ വീട്ടിൽത്തന്നെ മരുന്നുകൾ കഴിച്ചു വിശ്രമിക്കുക/അതിനായി സിക്ക് ലീവ് അനുവദിക്കുക. അല്ലെങ്കിൽ വീടുകളിൽവെച്ചുതന്നെ ജോലിചെയ്യുക. അത്തരക്കാർ പൊതുവാഹനങ്ങളിൽ യാത്രചെയ്യാതിരിക്കുക.
രോഗബാധ ഉണ്ടായിട്ടുള്ള രാജ്യങ്ങളിൽനിന്നുവരുന്ന ചരക്കുകളും ഉപകരണങ്ങളും ഇലക്‌ട്രോണിക് വസ്തുക്കൾ, ഫർണിച്ചർ തുടങ്ങിയവ കൈകാര്യം ചെയ്യുന്നവർ ഗ്ലൗസോ, മാസ്‌കോ ധരിക്കേണ്ടതില്ല. ഇതുപോലെയുള്ള ഇറക്കുമതി ചെയ്യപ്പെട്ട വസ്തുക്കളിൽനിന്ന് രോഗം പകരുന്നതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.
ആരോഗ്യ വൊളന്റിയർമാർ
രോഗബാധയുണ്ടാകുമ്പോൾ രോഗികളുമായി നേരിട്ടല്ലാതെ വിവരം ശേഖരിക്കുന്നതാണ് അഭികാമ്യം. ടെലിഫോണിലൂടെയോ, വീഡിയോ കോളിലൂടെയോ (വാട്‌സാപ്പ്) വഴി വിവരങ്ങൾ ശേഖരിക്കാൻ ശ്രമിക്കണം. ഫീൽഡ് വർക്കിന്റെ ഭാഗമായി രോഗികളുമായി കൂടിക്കാഴ്ച നടത്തുന്നത് വീടിന് പുറത്തുവെച്ചോ/വരാന്തയിൽവെച്ചോ ആയിരിക്കണം. ഈ അവസരങ്ങളിലും രോഗി സാധാരണ മാസ്ക് ധരിച്ചിരിക്കണം. രോഗിയുടെ വീട്ടിലുള്ള മറ്റു വസ്തുക്കളൊന്നും സ്പർശിക്കാതിരിക്കാനും ശ്രദ്ധിക്കണം. രോഗികളോ, രോഗം സംശയിക്കുന്നവരോ ആയി നേരിട്ടു സംസാരിക്കുമ്പോൾ/വിവരശേഖരണം നടത്തുമ്പോൾ അവരുമായി കഴിയുന്നതും ഒരുമീറ്റർ അകലം പാലിക്കണം. മാസ്ക് ധരിക്കുകയും വേണം.
രോഗികളുമായി സമ്പർക്കത്തിൽപ്പെട്ടവരുമായി ഇടപെടുമ്പോഴും അവർക്ക് രോഗലക്ഷണമൊന്നും ഇല്ലെങ്കിലും ഒരുമീറ്റർ അകലം പാലിക്കുകയും വേണം. മറ്റ് വ്യക്തിസുരക്ഷാനടപടികളൊന്നും എടുക്കേണ്ട ആവശ്യമില്ല.
പൊതുസ്ഥലങ്ങൾ
ചുമയോ പനിയോ ലക്ഷണമില്ലാത്തവർ ഒരുതരത്തിലുമുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങളും (മാസ്ക്) ധരിക്കേണ്ടതില്ല. ചുമയോ പനിയോ ലക്ഷണമുള്ളവരിൽനിന്ന് ഒരുമീറ്റർ അകലംപാലിക്കാൻ ശ്രദ്ധിക്കുക..
ചികിത്സാസ്ഥാപനങ്ങളിൽ
ആശുപത്രികളിൽ പോകേണ്ടവർ മുൻകൂട്ടി വിവരമറിയിച്ചും ആരോഗ്യപ്രവർത്തകരുടെ നിർദേശമനുസരിച്ചുംമാത്രമേ പോകാൻ പാടുള്ളൂ.
ആശുപത്രികളിലെ രജിസ്‌ട്രേഷൻ കൗണ്ടറുകൾ, ഫാർമസി കൗണ്ടറുകൾ തുടങ്ങിയ സ്ഥലങ്ങളിൽ സ്രവങ്ങൾ തെറിക്കാതിരിക്കാൻ ഗ്ലാസുകൊണ്ടോ സുതാര്യമായ പ്ലാസ്റ്റിക് ഷീറ്റുകൾകൊണ്ടോ ചെറിയ ‘വിൻഡോകളുള്ള’ മറകൾ/സ്‌ക്രീനുകൾ ഉണ്ടാക്കേണ്ടതാണ്
ഒ.പി. ചികിത്സാസ്ഥാപനങ്ങളിൽ/ക്ലിനിക്കുകൾ വെയിറ്റിങ് ഏരിയകൾ കാത്തിരിപ്പുസ്ഥലം: പനി/ചുമ/തൊണ്ടവേദന ലക്ഷണമുള്ളവർക്ക് ധരിക്കാൻ മാസ്കുകൾ കൊടുക്കുക, മാറ്റിയിരുത്താനായി ഐസൊലേഷൻമുറി ഏർപ്പെടുത്തുക. ഇതിന് സാധ്യമല്ലെങ്കിൽ മറ്റ് രോഗികളിൽനിന്ന് ഒരുമീറ്റർ അകലത്തിൽ മാറ്റിയിരുത്തുക.
പനി, ചുമ, തൊണ്ടവേദന ലക്ഷണമില്ലാത്ത രോഗികൾക്ക് ഒരുതരത്തിലുമുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങളും (മാസ്കുകൾ) ആവശ്യമില്ല.
പനി, ചുമ, തൊണ്ടവേദന ലക്ഷണമുള്ളവരെ പരിശോധിക്കുന്ന ഡോക്ടർമാർ, നഴ്സു മാർ, ലാബ് ടെക്‌നീഷ്യന്മാർ തുടങ്ങിയവർ വ്യക്തിസുരക്ഷാ ഉപകരണങ്ങളായ മാസ്കുകൾ, ഗ്ലൗസുകൾ, ഗൗണുകൾ, കണ്ണടകൾ തുടങ്ങിയവ ധരിക്കേണ്ടതുണ്ട്. ഇവിടെ വൃത്തിയാക്കുന്നവർ ഇവയ്ക്കുപുറമേ ബൂട്ടുകളും ധരിക്കേണ്ടതാണ്.
കോവിഡ് -19: കണ്ടെയിൻമെന്റ് പ്ലാൻ - ഇന്ത്യ മാർച്ച് 2-2020
കോവിഡ് -19 രോഗബാധ ഔട്ട് ബ്രേക്ക് ആയി രാജ്യത്ത് ആശുപത്രികൾ, സ്കൂളുകൾ, ഒാഫീസുകൾ തുടങ്ങിയ സ്ഥാപനതലങ്ങളിലോ റെസിഡൻഷ്യൽ കോളനി, സിറ്റികൾ, ഗ്രാമങ്ങൾ തുടങ്ങിയ സാമൂഹികതലത്തിലോ ക്ലസ്റ്ററുകളായി ഉണ്ടാകുകയാണെങ്കിൽ അതിനനുസരിച്ച് അവിടെ ഒരു കൺട്രോൾ മുറി സ്ഥാപിച്ച് ചുറ്റും കണ്ടെയിൻമെന്റ് ഏരിയകളും അതിനുപുറമേ ബഫർ സോണുകളും നിശ്ചയിച്ചും നിയന്ത്രണപ്രവർത്തനങ്ങൾ നടത്താനായി കേന്ദ്ര ആരോഗ്യകുടുംബക്ഷേമ വകുപ്പ് ‘കോവിഡ് 19 -കൻറയിൻമെന്റ് പ്ലാൻ (മാർച്ച് 2) പുറത്തിറക്കിയിട്ടുണ്ട്. ഇതിൽ 50 വീടുകൾ ഒരു സെക്ടർ ആക്കി അവിടെ ആരോഗ്യ വൊളന്റിയർമാരായ ആശാ/ അങ്കണവാടി പ്രവർത്തകരുടെ കീഴിൽ നിരീക്ഷണം നടത്താനാണ് പ്ലാൻ.
ഈ വീടുകളിൽ ഇവർ നിരീക്ഷണം നടത്തി രോഗലക്ഷണമുള്ളവരെ കണ്ടെത്തുകയും അങ്ങനെ കണ്ടെത്തിയാൽ അവർക്ക് മാസ്കുകൾ നൽകി ‘ഹോം ഐസോലേഷനിൽ’ ആക്കുകയും ആരോഗ്യ കേന്ദ്രത്തിൽ/കൺട്രോൾ മുറിയിൽ അറിയിക്കുകയും റാപ്പിഡ് റെസ്പോൺസ് ടീമിലെ വിദഗ്‌ധർ എത്തി തുടർചികിത്സ നൽകുകയും ആവശ്യമെങ്കിൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്യും.
ഈ പ്രദേശത്ത സർക്കാർ/സ്വകാര്യ മേഖലകളിലെ മുഴുവൻ ആരോഗ്യസ്ഥാപനങ്ങളും ആശുപത്രികളും മാപ്പ് ചെയ്യുകയും ദിവസവും രോഗത്തിന്റെ റിപ്പോർട്ടിങ്ങിനും നിയന്ത്രണത്തിനും ജില്ലാ ഭരണകൂടവുമായി സഹകരിക്കുകയും വേണം.
രോഗികളുമായോ രോഗമുണ്ടെന്ന് സംശയിക്കുന്നവരുമായോ സമ്പർക്കം പുലർത്തുന്നവരെ ‘ലൈൻ ലിസ്റ്റ്’ ചെയ്ത് വീടുകളിൽ 28 ദിവസം തുടർനിരീക്ഷിക്കാനുമാണ് പ്ലാൻ. കൺട്രോൾ യൂണിറ്റിന്റെ പ്രവർത്തനം അവസാനത്തെ കേസ് ഉണ്ടായി 28 ദിവസം പൂർത്തിയാകുന്നതുവരെ തുടരേണ്ടതുമാണ്. ഈ പ്രദേശങ്ങളിൽനിന്ന് ആളുകൾക്ക് പുറത്തേക്കും അകത്തേക്കും യാത്രാനിയന്ത്രണങ്ങളും ഉണ്ടാകും.
(ലേഖകൻ കോഴിക്കോട് മെഡിക്കൽ കോളേജിലെ അഡീഷണൽ പ്രൊഫസറും കമ്മ്യൂണിറ്റി മെഡിസിൻ, മേഖല പകർച്ചവ്യാധി സെൽ കോ-ഓർഡിനേറ്ററുമാണ്)
Content Highlights: corona virus spread in india people needs to know