-
കൊറോണ വൈറസ്ബാധ ചികിത്സിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും സംസ്ഥാനത്തെ എല്ലാ ജില്ലാ, മെഡിക്കല്‍കോളേജ് ആശുപത്രികളിലും ഏര്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്ത് കൊറോണ കണ്ടെത്തിയ ആദ്യഘട്ടത്തില്‍ രോഗം സ്ഥിരീകരിച്ച മൂന്നുപേരെയും ചികിത്സിച്ച് ഭേദമാക്കാന്‍ കഴിഞ്ഞത് ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആത്മവിശ്വാസം നല്‍കുന്നുണ്ട്.
കോവിഡ്-19നെ സംബന്ധിച്ച ആശ്വാസകരമായ കാര്യം പെട്ടെന്ന് പടര്‍ന്നുപിടിക്കുന്ന സ്വഭാവമുണ്ടെങ്കിലും മരണനിരക്ക് രണ്ടുമുതല്‍ മൂന്നു ശതമാനംവരെ മാത്രമാണെന്നതാണ്.
ക്ലിനിക്കല്‍ ട്രയലുകള്‍ സജീവം
കോവിഡ്-19നെതിരേ ഫലപ്രദമായ ഒരു ആന്റി വൈറല്‍ മരുന്ന് കണ്ടെത്താനുള്ള ക്ലിനിക്കല്‍ ട്രയലുകള്‍ അമേരിക്കയിലും ചൈനയിലും നടന്നുവരുകയാണ്. ഒസള്‍ട്ടാമിവിര്‍, ലോപ്പിനാവിര്‍, റിട്ടോണാവിര്‍, ഗ്യാന്‍സിക്ലോവിര്‍, ഫവിപിറാവിര്‍, ഇന്റര്‍ഫറോണ്‍ ആല്‍ഫ തുടങ്ങിയ മരുന്നുകള്‍ പുതിയ കൊറോണ വൈറസിനെതിരായി പരീക്ഷിക്കുകയുണ്ടായി. എന്നാല്‍, ഇതുവരെ ഇത് ഫലപ്രദമാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. റെംഡിസിവിര്‍ എന്ന ആന്റിവൈറല്‍ മരുന്ന് ശരീരത്തിനുപുറത്ത് കൊറോണ വൈറസിനെ നശിപ്പിക്കുമെന്ന് കണ്ടെത്തിയിരുന്നു. ചൈനയിലും അമേരിക്കയിലും കോവിഡ്-19 ബാധിതര്‍ക്ക് ഈ മരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുകയുണ്ടായി. ഫലങ്ങള്‍ പഠിച്ചുവരുകയാണ്. മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിന്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ തുടങ്ങിയ മരുന്നുകളും ചില ഫലങ്ങള്‍ തരുന്നുണ്ട്. ചൈനയിലെ കൊറോണ ചികിത്സ മാനദണ്ഡത്തില്‍ ക്ലോറോക്വിന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന ഇമ്യൂണോഗ്ലോബിനുകളും പരീക്ഷണാടിസ്ഥാനത്തില്‍ നല്‍കുന്നുണ്ട്.
രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണവും മികവുറ്റരീതിയില്‍ നടക്കുന്നതോടൊപ്പംതന്നെ തീവ്രപരിചരണ സംവിധാനം ഉള്‍പ്പടെയുള്ള സജ്ജീകരണങ്ങളും നമ്മുടെ ജില്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ ക്രമീകരിച്ചിട്ടുണ്ട്. രോഗബാധിതരെ കിടത്തിച്ചികിത്സിക്കാനാവശ്യമായ ഐസൊലേഷന്‍ വാര്‍ഡുകളും വെന്റിലേറ്റര്‍ സൗകര്യം ഉള്‍പ്പടെയുള്ള ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളും സംസ്ഥാനത്തെ എല്ലാ ത്രിതീയ ചികിത്സാകേന്ദ്രങ്ങളിലും ആദ്യഘട്ടത്തില്‍തന്നെ സജ്ജീകരിച്ചിരുന്നു. വിവിധ വിഭാഗങ്ങളിലെ വിദഗ്ധഡോക്ടര്‍മാരടങ്ങിയ മെഡിക്കല്‍ ബോര്‍ഡ് എല്ലാ ആശുപത്രികളിലും രൂപവത്കരിച്ചിട്ടുണ്ട്.
ഓര്‍ക്കുക-പ്രതിരോധംപോലെതന്നെ കോവിഡ്-19നെതിരേ ഫലപ്രദമായ ചികിത്സയുമുണ്ട്. ചികിത്സ വൈകുമ്പോഴാണ് രോഗം സങ്കീര്‍ണമാകുന്നത്. രോഗബാധിതപ്രദേശങ്ങളില്‍നിന്നെത്തിയവരും രോഗലക്ഷണങ്ങളുള്ളവരും സ്വയം ചികിത്സയ്ക്കും രോഗവിവരങ്ങള്‍ മറച്ചുവെക്കാനും മുതിരാതെ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെട്ട് കൃത്യമായ ചികിത്സ സ്വീകരിക്കുകയാണ് വേണ്ടത്.
തീവ്രപരിചരണം
ശരീരത്തിന്റെ പ്രതിരോധശേഷി കുറഞ്ഞവരിലും വയോജനങ്ങളിലും കോവിഡ്-19 ഗുരുതരമാവാന്‍ ഇടയുണ്ട്. ന്യുമോണിയ, സെപ്സിസ്, സെപ്റ്റിക് ഷോക്ക് തുടങ്ങിയവയാണ് രോഗസങ്കീര്‍ണതകള്‍. ഇങ്ങനെയുള്ള ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടത്തിച്ചികിത്സിക്കേണ്ടതായും വരും. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ശ്വാസകോശ അണുബാധ ഉണ്ടാകുന്നതാണ് വൈറല്‍ ന്യുമോണിയക്ക് കാരണം. രോഗാണുക്കളായ വൈറസുകള്‍ രക്തത്തില്‍ കലര്‍ന്ന് ശരീരത്തിലെ സുപ്രധാന ആന്തരാവയവങ്ങളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കുന്ന അവസ്ഥയാണ് സെപ്സിസ്. സെപ്സിസിനെത്തുടര്‍ന്ന് രക്തസമ്മര്‍ദം അപകടകരമാംവിധം താഴുന്ന അവസ്ഥയാണ് സെപ്റ്റിക് ഷോക്ക്.
കോവിഡ്-19 ബാധിതരില്‍ കടുത്ത പനി, ചുമ, ചുമച്ച് രക്തംതുപ്പുക, ശ്വാസതടസ്സം, ശ്വസനനിരക്ക് മിനിറ്റില്‍ മുപ്പതില്‍ കൂടുക, തൊണ്ടവേദന, ആളുകളെയും പരിസരവും തിരിച്ചറിയാതെയിരിക്കുക, നെഞ്ചുവേദന, അബോധാവസ്ഥ തുടങ്ങിയവ രോഗം സങ്കീര്‍ണമാവുന്നതിന്റെ ലക്ഷണങ്ങളാണ്. ഇങ്ങനെയുള്ള രോഗികളെയാണ് ത്രിതീയ ചികിത്സാകേന്ദ്രങ്ങളായ ജില്ലാ-മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിച്ചികിത്സിക്കേണ്ടിവരുന്നത്.
ചികിത്സാരീതി
- ഓക്സിജന്‍: ന്യുമോണിയയുടെയും സെപ്സിസിന്റെയും ലക്ഷണങ്ങളുള്ള രോഗിക്ക് ഓക്സിജന്‍ നല്‍കേണ്ടിവരും. ഓക്സിജന്‍ നല്‍കാനായി ഡിസ്പോസിബിള്‍ മാസ്‌കാണ് ഉപയോഗിക്കേണ്ടത്.
- ഐ.വി. ഫ്‌ള്യൂയിഡ്: ഛര്‍ദി, വയറിളക്കം തുടങ്ങിയ പ്രശ്‌നങ്ങളും നിര്‍ജലീകരണവുംമൂലം രക്തസമ്മര്‍ദം ഗണ്യമായി കുറയാന്‍ ഇടയുണ്ട്. പരിഹരിക്കാനായി നോര്‍മല്‍ സലെയിന്‍, റിങ്ങര്‍ ലാക്ടേറ്റ് തുടങ്ങിയ ക്രിസ്റ്റലോയിഡുകളാണ് സിരകളിലൂടെ ഡ്രിപ്പായി നല്‍കുന്നത്.
- ആന്റിബയോട്ടിക്കുകള്‍: ചുമച്ച് മഞ്ഞനിറത്തില്‍ കഫംപോകുക, രക്തത്തിലെ ല്യൂക്കോസൈറ്റ് കൗണ്ട് ഗണ്യമായി കൂടുക, രോഗിയുടെ പൊതുആരോഗ്യസ്ഥിതി വഷളാകുക തുടങ്ങിയവയൊക്കെ ബാക്ടീരിയല്‍രോഗാണു ബാധയുടെ ലക്ഷണങ്ങളാണ്. ഇങ്ങനെയുള്ള അവസരങ്ങളില്‍ ബ്രോഡ് സ്‌പെക്ട്രം ആന്റിബയോട്ടിക്കുകള്‍ വേണ്ടിവരും.
- സ്റ്റിറോയിഡുകള്‍: കോവിഡ്-19ന്റെ ചികിത്സയില്‍ സ്റ്റിറോയിഡുകള്‍ക്ക് ഒരു സ്ഥാനവുമില്ല. തന്നെയുമല്ല, സ്റ്റിറോയിഡ് ഉപയോഗത്തെത്തുടര്‍ന്ന് വൈറസുകള്‍ രക്തത്തില്‍നിന്ന് അപ്രത്യക്ഷമാകാന്‍ കാലതാമസം ഉണ്ടാകുകയും ചെയ്യും. ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
- വെന്റിലേറ്റര്‍ സപ്പോര്‍ട്ട്: ഓക്‌സിജന്‍ മാസ്‌ക് ഉപയോഗിച്ച് നല്‍കിയിട്ടും രക്തത്തിലെ ഓക്‌സിജന്‍ സാന്ദ്രത കുറയുക, രക്തത്തിലെ കാര്‍ബണ്‍ഡയോക്സൈഡ് നില തുടരുക, സുബോധാവസ്ഥ നഷ്ടപ്പെടുക, ശ്വസനനിരക്ക് മിനിറ്റില്‍ മുപ്പതുതവണയില്‍ കൂടുക. തുടങ്ങിയവയൊക്കെ കൃത്രിമശ്വാസോച്ഛ്വാസ സഹായത്തിന്റെ ആവശ്യകതയെ സൂചിപ്പിക്കുന്നു.
- ഷോക്കിന്റെ ചികിത്സ: രക്തസമ്മര്‍ദം ഗണ്യമായി താഴുന്ന അവസ്ഥയാണ് (<9 മി.മീ. മെര്‍ക്കുറിയില്‍ കുറയുക) ഷോക്ക്. രോഗിയുടെ രക്തസമ്മര്‍ദം ഉയരാനായി നോര്‍എപ്പിനെഫ്രിന്‍, ഡോപ്പമിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കേണ്ടിവരും.
Content Highlights: corona treatment and medicines, corona virus