ഇത് ആദർശ്; കോവിഡ് വാക്സിൻ പരീക്ഷണത്തിന് ശരീരം വിട്ടുനൽകിയ യുവാവ്


By അനുശ്രീ മാധവൻ

4 min read
Read later
Print
Share

അബുദാബിയിലെ ആർമ്ഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബിൽ ജോലി ചെയ്യുന്ന ആദർശ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വൊളണ്ടിററായും പ്രവർത്തിച്ചിരുന്നു. രോ​ഗികളുടെ ദുരിതങ്ങൾ നേരിട്ടറിയാൻ സാധിച്ചതും അവിടെ നിന്നു ലഭിച്ച അനുഭവങ്ങളുമാണ് ആദർശിനെ പരീക്ഷണത്തിന് മുതിരാൻ പേരിപ്പിച്ചത്

ചിത്രം; ആദർശ്

കോവിഡിനെ പ്രതിരോധിക്കാനുള്ള മരുന്നിന്റെ കണ്ടുപിടിത്തത്തിലും പരീക്ഷണത്തിലും മുഴുകിയിരിക്കുകയാണ് ലോക രാജ്യങ്ങൾ. അവയുടെ ജയപരാജയമറിയണമെങ്കിൽ മനുഷ്യരിൽ പരീക്ഷിച്ചേ തീരു. അത്തരമൊരു പരീക്ഷണത്തിന് തന്റെ ശരീരം വിട്ടുനൽകിയ ആളാണ് കൊച്ചി മരട് സ്വദേശി ആ​ദർശ്. അബുദാബിയിലെ ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബിൽ ജോലി ചെയ്യുന്ന ആദർശ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടിയുള്ള വളണ്ടിയറായും പ്രവർത്തിച്ചിരുന്നു. രോ​ഗികളുടെ ദുരിതങ്ങൾ നേരിട്ടറിയാൻ സാധിച്ചതും അവിടെ നിന്നു ലഭിച്ച അനുഭവങ്ങളുമാണ് ആദർശിനെ പരീക്ഷണത്തിന് മുതിരാൻ പേരിപ്പിച്ചത്. ആദ്യ ഡോസ് പരീക്ഷണത്തിന് ശേഷം രണ്ടാമത്തെ ഡോസിനായുള്ള കാത്തിരുപ്പിൽ മാതൃഭൂമി ഡോട്ട്കോമുമായി ആദർശ് സംസാരിക്കുന്നു.

ആശങ്കകൾ ഏറെയുണ്ടായിരുന്നു.. പിന്നീടത് ധെെര്യമായി..

അബുദാബി സർക്കാരും സേഹയും (ആരോ​ഗ്യ വകുപ്പ്) ചേർന്നാണ് കോവിഡ് വാക്സിൻ പരീക്ഷണം ആരംഭിക്കുന്നത്. നമ്മുടെ നാട്ടിലെ ആരോ​ഗ്യ വകുപ്പ് പോലെ തന്നെയാണ് സേഹ. നിനോഫാം എന്ന കമ്പനിയാണ് മരുന്ന് ഉൽപ്പാദിപ്പിക്കുന്നത്. അവർ സർക്കാരുമായി ചേർന്ന് സംഘടിപ്പിക്കുന്ന ഒരു പ്രോ​ഗ്രാമായിരുന്നു. മനുഷ്യരിൽ രണ്ടു ഘട്ട പരീക്ഷണം കഴിഞ്ഞ വാക്സിനാണ് അത്. മൂന്നാംഘട്ട പരീക്ഷണത്തിന് വളണ്ടിയർമാരെ ആവശ്യമുണ്ടെന്ന് പറ‍ഞ്ഞ് അവർ ഒരു അറിയിപ്പ് നൽകിയിരുന്നു. ഫോർ ഹ്യുമാനിന്റി എന്ന പേരിൽ ഒരു കാമ്പയിനും തുടങ്ങിയിരുന്നു. ഞാൻ ജോലി ചെയ്യുന്ന കമ്പനിയിലെ എച്ച്.ആർ അവർ അയച്ച മെയിൽ ഞങ്ങൾ എല്ലാവർക്കും ഫോർവേഡ് ചെയ്തിരുന്നു. അത് വായിച്ചപ്പോഴാണ് എനിക്ക് താൽപര്യം തോന്നിയത്. അത് ഞാൻ എന്റെ ഭാര്യയുമായി പങ്കുവയ്ക്കുകയും ചെയ്തു. ആദ്യം ഞങ്ങൾ രണ്ടു പേരുടെയും മനസ്സിൽ ഒരുപാട് ആശങ്കകളും സംശയങ്ങളും ഉണ്ടായിരുന്നു. അതെ സംബന്ധിച്ച് പ്രസിദ്ധീകരിച്ചിരിക്കുന്ന ധാരാളം ആർട്ടിക്കിളുകൾ വായിച്ചപ്പോൾ ധെെര്യമായി.

ആദ്യഘട്ടം രജിസ്ട്രേഷൻ

അതിന്റെ ആദ്യ ഘട്ടം എന്ന് പറയുന്നത് റജിസ്ട്രേഷനാണ്. ഫോർ ഹ്യുമാനിറ്റിയുടെ വെബ് സെെറ്റിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യണം. 18 നും 60നും ഇടയിൽ പ്രായം ഉള്ളവർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളൂ. രജിസ്റ്ററേഷൻ കഴിഞ്ഞാൽ അവർക്ക് നമ്മുടെ ആരോ​ഗ്യ സ്ഥിതിയെക്കുറിച്ച് വിശദമായ വിവരങ്ങൾ നൽകണം. പ്രമേഹം, രക്തസമ്മർദ്ദം എന്നീ പ്രശ്നങ്ങൾ ഉണ്ടോ, മറ്റെന്തെങ്കിലും മരുന്നു കഴിക്കുന്നുണ്ടോ?, സർജറി കഴിഞ്ഞിട്ടുണ്ടോ, പാരമ്പര്യമായി എന്തെങ്കിലും അസുഖമുണ്ടോ അങ്ങിനെ ഒരുപാട് വിവരങ്ങൾ അവർ അന്വേഷിക്കും. ഈ വിവരങ്ങളെല്ലാം ഞാൻ നൽകി. അതിനുശേഷം പരീക്ഷണത്തിന് തയ്യാറോണോ എന്ന് ചോദിച്ചു. സമ്മതമാണെന്ന് ഞാൻ അറിയിച്ചു.

അങ്ങനെ ഒടുവിൽ വാക്സിനേഷൻ നടപടിയിലേക്ക്...

ജൂലെെ 26ന് ഡോക്ടറെ കാണാൻ അവർ പറഞ്ഞു. ഡോക്ടറെ കണ്ടതിന് ശേഷം മനസ്സിലുണ്ടായിരുന്ന സംശയങ്ങളെല്ലാം ചോദിച്ചു. അദ്ദേഹം അതിനെല്ലാം കൃത്യമായ മറുപടിയും നൽകി. അടുത്ത ഘട്ടം ബ്ലഡ് ടെസ്റ്റ് ആണ്. കൊവിഡ് നെ​ഗറ്റീവ് ആണെങ്കിൽ മാത്രമേ പരീക്ഷണം ചെയ്യാൻ സാധിക്കുകയൂള്ളൂ. രണ്ട് ദിവസത്തിനുള്ളിൽ ബ്ലഡ് ടെസ്റ്റിന്റെ ഫലം വന്നു. അതിന് ശേഷം എനിക്ക് വാക്സിനേഷനുള്ള അപ്പോയിന്റ്മെന്റ് കിട്ടി. ഡോക്ടറുമായി ഒരു കൂടികാഴ്ചയും കൂടിയുണ്ടായിരുന്നു. അതിലും അദ്ദേഹം ഈ കാര്യങ്ങളെല്ലാം ഒരിക്കൽ കൂടെ ആവർത്തിച്ചു. അങ്ങനെ വാക്സിനേഷന് ചെന്നു. അതിനിടെ എനിക്ക് രക്തസമ്മർദ്ദം ഉയർന്നതിനാൽ കുറച്ചേറെ സമയം എടുത്താണ് വാക്സിനേഷൻ നടപടികളിലേക്ക് പോയത്. അതിനിടെ ആന്റി ബോഡിയുടെ കൗണ്ട് അറിയാൻ ബ്ലഡ് സാംപിൾ ടെസ്റ്റ് ചെയ്തു. ഈ വാക്സിനേഷനിലൂടെ ശരീരത്തിൽ കോവിഡിനെ എതിരിടാൻ കൂടുതൽ ആന്റി ബോഡി കൂടുതൽ ഉൽപ്പാദിപ്പിക്കുമോ എന്നതാണ് പരീക്ഷിച്ച് അറിയേണ്ടത്. അതുകൊണ്ടാണ് വാക്സിനേഷന് മുൻപ് തന്നെ ആന്റി ബോഡ് ചെക്ക് ചെയ്തത്. ഒരു ബെഞ്ച് മാർക്ക് സ്റ്റഡിക്ക് വേണ്ടിയായിരുന്നു അത്. വാക്സിൻ ചെയ്തതിന് ശേഷം അരമണിക്കൂർ നിരീക്ഷണത്തിൽ ഇരുത്തി. ഏഴ് ദിവസത്തേക്ക് സ്വയം നീരീക്ഷണത്തിൽ പോകാൻ പറഞ്ഞു. വാക്സിനേഷനു ശേഷം നമുക്ക് ശാരീരികമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ എന്നറിയാൻ വേണ്ടിയായിരുന്നു. അത് രേഖപ്പെടുത്താൻ ഒരു ചെറിയ ബുക്ക് ലെറ്റും നൽകിയിരുന്നു. മൂന്ന് ദിവസത്തിന് ശേഷം ​ഡോക്ടർ വീണ്ടും അപ്പോയിന്റ്മെന്റും തന്നു. വാക്സിനേഷന് ശേഷം 24 മണിക്കൂറിന് ശേഷം ഡോക്ടറുടെ ഫോൺ കോൾ വന്നു. ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല എങ്കിൽ അടുത്ത ഘട്ടത്തിലെ വാക്സിനേഷന് ചെന്നാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ ഡോക്ടർ പറഞ്ഞ ഏഴ് ദിവസങ്ങൾ കഴിഞ്ഞു. അടുത്ത വാക്സിനേഷൻ ഓ​ഗസ്റ്റ് 18 നാണ്. ഇനി ഒരു ഘട്ടം കൂടി മാത്രമേയുള്ളൂ.

കൊവിഡ് രോ​ഗികളുടെ ദുരിതം നേരിട്ടറിഞ്ഞിരുന്നു....

കൊറോണ പ്രശ്നങ്ങൾ ​ഗൾഫിൽ തുടങ്ങുന്നത് ഫെബ്രുവരി-മാർച്ച് മാസങ്ങളിലായിരുന്നു. ആ സമയത്ത് ഞാൻ ഇവിടെ വളണ്ടിയറായി പ്രവർത്തിച്ചിരുന്നു. കൊവിഡ് രോ​ഗികളുമായി ഫോണിൽ സംസാരിച്ച് സർക്കാർ നിർദ്ദേശങ്ങൾ പങ്കുവയ്ക്കാനും ഐസൊലേറ്റ് ചെയ്യാനുമുള്ള പ്രവർത്തനങ്ങളുടെ ഭാ​ഗാമാകാൻ എനിക്ക് സാധിച്ചു. അന്ന് മുതൽ ഞാൻ കാണുന്നതാണ് കോവിഡ് വിതച്ച ദുരിതം എത്രത്തോളം വലുതാണെന്ന്. മാനസികമായി തളർന്നവരായിരുന്നു അവരിൽ പലരും. ഈ അനുഭവങ്ങളിലൂടെ പകർന്നു കിട്ടിയ ധെെര്യമായിരിക്കണം എന്നെ വാക്സിനേഷൻ പരീക്ഷണത്തിനായി പ്രേരിപ്പിച്ചത്. മാത്രവുമല്ല, ആദ്യ രണ്ട് ഘട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കിയ മരുന്നാണ്. അതുകൊണ്ടു തന്നെ അപകട സാധ്യതയുണ്ടെന്ന് എനിക്ക് തോന്നിയില്ല.

ഇപ്പോൾ ആത്മസംതൃപ്തി തോന്നുന്നു....

Covid Pandemic Interview of Keralite undergoing vaccination experiment in Abu Dhabi
ആദർശും കുടുംബവും

ആദ്യം ഭാര്യയ്ക്ക് നല്ല ആശങ്കയുണ്ടായിരുന്നു. വീട്ടിൽ മകളുണ്ട്, അവൾ കൊച്ചു കുട്ടിയാണ്. എന്തെങ്കിലും സംഭവിച്ചാൽ എന്തുചെയ്യും എന്നൊക്കെ ചിന്തിച്ചു. പിന്നീട് ഇതുമായി ബന്ധപ്പെട്ട ലേഖനങ്ങൾ വായിച്ചതിനുശേഷം ഭാര്യയ്ക്കും ധെെര്യമായി. സുഹൃത്തുക്കളിൽ ചിലർ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. മാതാപിതാക്കൾക്ക് ഒട്ടും സമ്മതം ഉണ്ടായിരുന്നില്ല. അവരുടെ ടെൻഷൻ ഇതുവരെ മാറിയിട്ടില്ല. എന്നിരുന്നാലും ചെയ്യാമെന്ന് ഞാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ ഡോസ് എടുത്തതിനുശേഷം എന്നെ ഒരുപാട് ആളുകൾ വിളിക്കുന്നുണ്ട്. വിശദവിവരങ്ങൾ അറിയാനായി. ഞാൻ കാരണം ഒരു പത്ത് പേരെങ്കിലും തയ്യാറായാൽ അത് നല്ല കാര്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതിന്റെ ആത്മസംതൃപ്തിയിലാണ്.

എറണാകുളം മരട് സ്വദേശിയാണ് ആദർശ് മുരളി. ഭാര്യ- ശ്രീലക്ഷ്മി, മകൾ-അവന്തിക. മാതാപിതാക്കൾ അനിതാ രതീശൻ. പി.പി രതീശൻ എന്നിവരാണ്.

Content Highlights: Covid Pandemic Interview of Malayalee Man Pravasi, who is undergoing vaccination experiment in Abu Dhabi, Seha

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram