കുട്ടികൾക്കും കൊടുക്കണോ കോവിഡ് വാക്സിൻ?


3 min read
Read later
Print
Share

കോവിഡില്‍ നിന്ന് സമ്പൂര്‍ണ സുരക്ഷിതത്വം നേടാന്‍ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതുണ്ട്

Representative Image | Photo: Gettyimages.in

ലോകമെങ്ങും കോവിഡ് വാക്സിൻ നൽകുന്ന തിരക്കുകളിലാണ്. എന്നാൽ നിലവിൽ എവിടെയും കുട്ടികൾക്ക് വാക്സിൻ നൽകുന്നില്ല.

16 വയസ്സോ അതിന് മുകളിലോ ഉള്ളവർക്ക് മാത്രമാണ് ഫൈസർ ബയോൺടെക് വാക്സിനുകൾ നൽകുന്നത്. മോഡേണ വാക്സിനാകട്ടെ മുതിർന്നവർക്ക് മാത്രമേ നൽകുന്നുള്ളൂ. ഈ വാക്സിൻ കമ്പനികൾ ചെറിയ പ്രായത്തിലുള്ളവർക്കുള്ള ട്രയലുകൾ നടത്തുന്നുണ്ട്. വരുന്ന മാസങ്ങളിൽ അതിന്റെ ഫലം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓക്സ്ഫോർഡ് അസ്ട്രസെനെക്ക, ജോൺസൺ ആൻഡ് ജോൺസൺ തുടങ്ങിയവയും കുട്ടികളിലുള്ള അവരുടെ വാക്സിൻ പരീക്ഷണങ്ങൾ വൈകാതെ തുടങ്ങും.

ലോകം മുഴുവൻ കോവിഡ് മഹാമാരിയിൽ കഷ്ടപ്പെടുമ്പോൾ കുട്ടികളെ വാക്സിനേഷനിൽ നിന്ന് മാറ്റിനിർത്തുന്നത് എന്തുകൊണ്ടാണ് എന്ന് നോക്കാം.

മുതിർന്നവരെ അപേക്ഷിച്ച് സാർസ് കോവ് 2 അണുബാധ വളരെ കുറച്ച് ബാധിച്ചത് കുട്ടികളെയാണ് എന്നതിനാലാണ് വാക്സിനേഷനിൽ നിന്ന് കുട്ടികളെ ഒഴിവാക്കിയിരിക്കുന്നത്. യു.എസിൽ പോലും 13 ശതമാനത്തിൽ താഴെ കുട്ടികളെ മാത്രമാണ് കോവിഡ് ബാധിച്ചത്. ഇതിൽ തന്നെ മൂന്നുശതമാനത്തിൽ താഴെ മാത്രം പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 0.21 ശതമാനം കുട്ടികളാണ് കോവിഡ് 19 മൂലം മരണപ്പെട്ടത്. മുതിർന്നവരെ പോലെ ചുമ, പനി, തൊണ്ടയിൽ വേദന, മൂക്കൊലിപ്പ് തുടങ്ങിയ ലക്ഷണങ്ങൾ തന്നെയാണ് കുട്ടികൾക്കും ഉണ്ടായിരുന്നതെങ്കിലും അവ ഗുരുതരമല്ലായിരുന്നു.

കോവിഡ് ലോകമെങ്ങും നാശം വിതച്ച് ഒരു വർഷമായിട്ടും എന്തുകൊണ്ട് കുട്ടികളിൽ കുറവായി കാണുന്നുവെന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചിട്ടില്ല. വൈറസ് വ്യാപനത്തിനെതിരെ കുട്ടികളിൽ വ്യത്യസ്ത തരത്തിലുള്ള ഇമ്മ്യൂൺ റെസ്പോൺസ് ആണ് ഉണ്ടാകുന്നതെന്നും വൈറസ് ഇരട്ടിക്കുന്നത് തടയാനും അങ്ങനെ വൈറസിനെ നിർജ്ജീവമാക്കാനും കുട്ടികളിലെ പ്രതിരോധവ്യവസ്ഥയ്ക്ക് സാധിക്കുന്നുണ്ടെന്ന് ഗവേഷകർ പറയുന്നു. കുട്ടികളിൽ ജലദോഷത്തിന് ഉൾപ്പടെ കാരണമാകുന്ന സാധാരണ തരത്തിലുള്ള കൊറോണ വൈറസുകൾ ഇടയ്ക്കിടെ ബാധിക്കുന്നതിനാൽ അവയിൽ നിന്നും ആന്റിബോഡികൾ വഴിയുള്ള ക്രോസ് പ്രൊട്ടക്ഷൻ മൂലമുള്ള ഗുണങ്ങൾ ലഭിക്കുന്നുണ്ടാകാമെന്നും ഗവേഷകർ പറയുന്നു.

സാർസ് കോവ്2 വൈറസുകൾക്ക് ശരീരത്തിലേക്ക് പ്രവേശിച്ച് അണുബാധയ്ക്ക് ഇടയാക്കുന്ന വഴിയായ മൂക്കിലെ കോശങ്ങളിൽ കാണുന്ന എ.സി.ഇ. റിസപ്റ്ററുകൾ കുട്ടികളിൽ വളരെ കുറവാണ്. ഇതാകാം കുട്ടികളിൽ കോവിഡ് ബാധ കുറയുന്നതിനുള്ള മറ്റൊരു കാരണമെന്നും ഗവേഷകർ പറയുന്നു.

എന്നാൽ കുട്ടികളിൽ സാർസ് കോവ് 2 ബാധിക്കുന്നത് മൾട്ടി സിസ്റ്റം ഇൻഫൽമേറ്ററി സിൻഡ്രോം (MISC) എന്ന ഒരു സങ്കീർണതയ്ക്ക് ഇടയാക്കുന്നുണ്ട്. ഇത് വളരെ അപൂർമാണ്.

കുട്ടികൾ കോവിഡ് ബാധയിൽ നിന്നും പെട്ടെന്ന് മുക്തി നേടുന്നതും കോവിഡ് വാക്സിൻ നൽകുന്നതിൽ കുട്ടികൾക്ക് മുൻഗണന നൽകാതിരിക്കാൻ കാരണമായി.

ഏതൊരു മരുന്നിന്റെയും വാക്സിന്റെയും രൂപപ്പെടുത്തലിൽ കുട്ടികൾ ഒരു വെല്ലുവിളിയാണ്. കാരണം കുട്ടികൾ സമൂഹത്തിൽ എല്ലാവർക്കും വളരെ പ്രധാനപ്പെട്ടവരാണ് എന്നതുതന്നെയെന്ന് മിന്നെസോട്ട സർവകലാശാലയിലെ പീഡിയാട്രിക് ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റ് ബേത്ത് തെയ്ലെൻ പറഞ്ഞു. ''പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും കുട്ടികൾക്ക് സംരക്ഷണം നൽകാനും കുട്ടികൾക്ക് കൂടുതൽ സുരക്ഷ നൽകേണ്ടതുണ്ട്. കുട്ടികളെ പഠന ഗ്രൂപ്പുകളിൽ ഉൾപ്പെടുത്തുമ്പോൾ അപകടഘടകങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്താൻ കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ എം.ആർ.എൻ.എ. വാക്സിനുകൾ ആന്റി ബോഡി റെസ്പോൺസിലേക്ക് നയിക്കുകയും എം.ഐ.എസ്.സിയ്ക്ക് വഴിയൊരുക്കുകയും ചെയ്യും. വൈറൽ അണുബാധയുടെ ഒരേയൊരു സങ്കീർണതയായി കാണുന്നത് ഇതാണെന്നും ജോൺ ഹോപ്കിൻസ് സ്ക്കൂൾ ഓഫ് മെഡിസിനിലെ ഇൻഫെക്ഷ്യസ് ഡിസീസ് ഡിവിഷനിലെ പീഡിയാട്രിഷ്യൻ അന്ന സിക്ക് സാമുവേൽസ് പറയുന്നു.

മറ്റുള്ളവർക്ക് വാക്സിൻ നൽകി കുട്ടികൾക്ക് വാക്സിൻ നൽകാൻ വൈകുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാം. മുതിർന്നവർക്ക് വാക്സിൻ നൽകുമ്പോൾ അവർക്ക് കോവിഡ് 19 പ്രതിരോധം ലഭിക്കുകയും രോഗബാധ വാക്സിനെടുക്കാത്ത കുട്ടികളിലേക്ക് എത്താൻ സാധ്യതയുണ്ട്.

കുട്ടികളിൽ വാക്സിൻ വൈകുന്നത് അവർ വൈറസിന്റെ റിസർവോയറായി മാറാനുള്ള സാധ്യത വർധിപ്പിക്കുന്നു. ഇത് രോഗം വീണ്ടും വിതയ്ക്കാനുള്ള സാധ്യത വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് വാക്സിൻ എടുത്ത മുതിർന്നവർക്കും പ്രശ്നം സൃഷ്ടിച്ചേക്കാമെന്ന് യൂണിവേഴ്സിറ്റി ഓഫ് ഫ്ളോറിഡ കോളേജ് ഓഫ് മെഡിസിനിലെ ഇൻഫെക്ഷ്യസ് ഡിസീസ് സ്പെഷ്യലിസ്റ്റും എപ്പിഡെമിയോളജിസ്റ്റുമായ മൊബീൻ റാത്തോർ പറയുന്നു.

നിലവിൽ അംഗീകാരം ലഭിച്ചിരിക്കുന്ന വാക്സിനുകൾ അണുബാധയ്ക്കെതിരെ ഉയർന്ന തലത്തിലുള്ള സംരക്ഷണം നൽകുന്നവയാണ്. എന്നാൽ ഇത് സമ്പൂർണ സുരക്ഷിതത്വം നൽകുന്നവയല്ല. ക്ലിനിക്കൽ ട്രയലുകളിൽ വ്യക്തമാക്കുന്നത് വാക്സിനെടുത്ത മുതിർന്നവരിൽ വളരെ കുറച്ചുപേർക്ക് ഗുരുതരമാവില്ലെങ്കിലും രോഗം ബാധിക്കാൻ സാധ്യതയുണ്ടെന്നാണ്. വാക്സിനെടുത്തിട്ടും രോഗം ബാധിച്ച ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് രോഗം ബാധിക്കുന്നത് തടയാൻ വാക്സിന് സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടക്കുന്നതേയുള്ളൂ.

കുട്ടികൾക്ക് സാർസ് കോവ് 2 ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നായിരുന്നു മഹാമാരി തുടങ്ങിയ ആദ്യ കാലത്ത് ചിന്തിച്ചിരുന്നത്. 2020 ജൂൺ-ജൂലായ് കാലത്ത് ഇംഗ്ലണ്ടിലെ സ്ക്കൂളിൽ ഒരു പഠനം നടത്തി. ആദ്യത്തെ സമ്പൂർണ ലോക്ക്ഡൗണിന് ശേഷം സ്ക്കൂളുകളും സർവകലാശാലകളും തുറന്നതിന് ശേഷമായിരുന്നു ഇത്. അപ്പോൾ വളരെ കുറഞ്ഞ തോതിലായിരുന്നു അണുബാധ. എന്നാൽ തുറന്നതിന് ശേഷം നടത്തിയ പഠനത്തിൽ കണ്ടെത്തിയത് ചെറിയ പ്രായത്തിലുള്ള പ്രായപൂർത്തിയായവരിൽ അണുബാധയുടെ നിരക്ക് ഉയർന്നു എന്നാണ്.

കുട്ടികൾക്കിടയിലും കുട്ടികളിൽ നിന്നും രോഗവ്യാപനമുണ്ടാകുന്നതെങ്ങനെയെന്നതിനെക്കുറിച്ച് കണ്ടെത്തുന്നത് ദുഷ്ക്കരമാണെന്നാണ് ലണ്ടൻ സ്ക്കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിലെ വാക്സിൻ എപ്പിഡെമിയോളജിസ്റ്റ് സ്റ്റെഫാൻ ഫഌഷ് പറയുന്നത്. മുതിർന്നവരെ അപേക്ഷിച്ച് ചെറുപ്രായക്കാർക്ക് ലക്ഷണങ്ങൾ വളരെ കുറവായിരുന്നു. അതിനാൽ അവർക്ക് പരിശോധനകളും കുറവായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

''മുതിർന്നവർ വാക്സിനെടുക്കുകയും അവർക്ക് രോഗം ബാധിക്കാനുള്ള സാധ്യത കുറയുകയും ചെയ്യും. യു.കെയിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചപ്പോൾ മുതിർന്നവരുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെട്ടു. അതേസമയം സ്ക്കൂളുകൾ തുറന്നുമിരുന്നു. അതിനാൽ തന്നെ കുട്ടികൾ രോഗബാധയ്ക്കുള്ള ഒരു സ്രോതസ്സായി നിലകൊണ്ടു''- ഫഌഷ് പറഞ്ഞു.

കോവിഡിന്റെ പുതിയ വകഭേദങ്ങൾ കുട്ടികൾക്ക് ഭീഷണിയുയർത്തുന്നതാണെന്നത് ആശങ്കാജനകമാണ്. അതിനാൽ തന്നെ കുട്ടികൾക്ക് കോവിഡ് വാക്സിനേഷൻ ഉടൻ ആരംഭിക്കണം. അക്കാര്യത്തിൽ സംശയമില്ല.

Content Highlights:why arent kids getting vaccinated, Health, Covid 19, Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram