കോവിഡ് വാക്‌സിന്‍ കുത്തിവെച്ചാല്‍ മദ്യപിക്കരുത് ? | Fact Check


2 min read
Read later
Print
Share

Image: Gettyimages

ഷ്യയില്‍ വിതരണത്തിനെത്തിക്കുന്ന സ്പുട്‌നിക് വി എന്ന വാക്‌സിന്‍ ഉപയോഗിക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുത് എന്നാണ് അധികൃതര്‍ അവിടുത്തെ ജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സ്പുട്‌നിക് വി വാക്‌സിന് മാത്രമല്ല മറ്റ് കോവിഡ് പ്രതിരോധ മരുന്നുകള്‍ക്കും ഈ നിര്‍ദേശം ബാധകമാണെന്നും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. വാക്‌സിനേഷന്‍ തുടങ്ങാനിരിക്കെ ഇന്ത്യയിലും ഈ വിഷയം ചര്‍ച്ചയാവുകയാണ്.

ഇന്ത്യയിലും ഈ വാര്‍ത്ത വലിയ രീതിയില്‍ പ്രചരിക്കപ്പെടുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ മദ്യപാനവും കോവിഡ് വാക്‌സിനേഷനും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ശരീരത്തിലെ മദ്യം കോവിഡ് പ്രതിരോധ മരുന്നിനെ ദുര്‍ബലമാക്കുമോ?

നേരത്തെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ഇതേ ചോദ്യം ഉയര്‍ന്നിരുന്നു. മദ്യപാനികളില്‍ കോവിഡ് രോഗ ബാധയുണ്ടാവാന്‍ സാധ്യത ഏറെയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മദ്യപാനവും, കോവിഡ്-19 വൈറസും പ്രതിരോധമരുന്നുകളും തമ്മില്‍ എന്താണ് ബന്ധം?

മദ്യപാനം കോവിഡ്-19 വൈറസ് ഭീഷണി വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നുണ്ട്. അതിനുള്ള പ്രധാന കാരണം മദ്യപാനികളുടെ രോഗപ്രതിരോധ ശേഷി ദുര്‍ബലമായിരിക്കും എന്നതാണ്. മദ്യം മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി ദുര്‍ബലപ്പെടുത്തും. ഇത് കോവിഡ് -19 വൈറസ് ഉള്‍പ്പടെയുള്ള വിവിധങ്ങളായ രോഗവാഹക വൈറസുകള്‍ ശരീരത്തിലേക്ക് പ്രവേശിക്കുന്നതിന് വഴിയൊരുക്കും.

ന്യുമോണിയ പോലുള്ള ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് അമിത മദ്യപാനം വഴിയൊരുക്കുമെന്നും അവ തന്നെയാണ് കോവിഡ്-19 വൈറസിന്റെ ഏറ്റവും വലിയ ഭീഷണിയെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ഈ വസ്തുത കണക്കിലെടുത്താണ് റഷ്യയില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ രണ്ട് മാസത്തേക്ക് മദ്യപിക്കരുതെന്ന നിര്‍ദേശം ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയത്. കാരണം റഷ്യയിലെ വലിയൊരു വിഭാഗം ജനതയും മദ്യപിക്കുന്നവരാണ്. നിത്യ ജീവിതത്തിലും ആഘോഷ വേളകളിലും മദ്യം ഒഴിവാക്കാനാകത്ത സമൂഹത്തില്‍ കോവിഡ് പ്രതിരോധ വാക്‌സിന് പൂര്‍ണ ഫലം ലഭിക്കണമെങ്കില്‍ ജനങ്ങളുടെ സ്വാഭാവിക രോഗപ്രതിരോധ ശേഷിയും മെച്ചപ്പടേണ്ടതായിവരും.

പുതുവര്‍ഷാഘോഷങ്ങളും, ക്രിസ്തുമസ് ആഘോഷങ്ങളും മദ്യത്തിന്റെ ഉപയോഗം വര്‍ധിപ്പിക്കാനിടയുള്ള സാഹചര്യത്തിലാണ് റഷ്യന്‍അധികൃതര്‍ അത്തരം ഒരു നിര്‍ദേശം ജനങ്ങള്‍ക്ക് നല്‍കിയത്.

അതേസമയം കോവിഡ് പ്രതിരോധ മരുന്നു മദ്യപാനവും തമ്മില്‍ നേരിട്ട് എന്തെങ്കിലും ബന്ധമുള്ളതായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത് മനുഷ്യരുടെ രോഗപ്രതിരോധ സംവിധാനത്തെ ക്ഷയിപ്പിക്കും. കോവിഡ് വൈറസിനെ പൂര്‍ണമായും അകറ്റി നിര്‍ത്തണമെങ്കില്‍ മദ്യപാനത്തിന്റെ പാര്‍ശ്വഫലങ്ങള്‍കൂടി മാറ്റി നിര്‍ത്തേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram