രജിസ്‌ട്രേഷൻ പോർട്ടല്‍ തകരാറില്‍; കോവിഡ് വാക്സിൻ വിതരണം താളംതെറ്റി


1 min read
Read later
Print
Share

കൂടുതൽ സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനകളും ആവശ്യപ്പെടുന്നത്

പ്രതീകാത്മ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ വിതരണം താളംതെറ്റി. രജിസ്റ്റർ ചെയ്തവർക്കൊപ്പം കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാനാവാത്തവർ നേരിട്ട് ആശുപത്രികളിലെത്തിയതോടെ പലകേന്ദ്രങ്ങളിലും വൻതിരക്ക് അനുഭവപ്പെട്ടു. പലർക്കും മണിക്കൂറുകളോളം കാത്തുനിന്നശേഷമാണ് വാക്സിൻ ലഭിച്ചത്.

പോർട്ടലിലെ തകരാറാണ് വിതരണം അവതാളത്തിലാക്കിയതെന്ന്‌ ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. ദിവസം ഒരു കേന്ദ്രത്തിൽ പരമാവധി 200 പേർക്കുവരെയാണ് അനുവദിക്കുന്നത്. എന്നാൽ, രജിസ്റ്റർ ചെയ്യുന്ന മിക്കവർക്കും അതത് ദിവസംതന്നെ പോർട്ടലിൽ സമയം അനുവദിക്കുന്നു. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ മാത്രം ആയിരത്തിലധികം പേർക്കെങ്കിലും വ്യാഴാഴ്ച സമയം അനുവദിക്കപ്പെട്ടതായാണ് വിവരം. ഇതോടെ ആശുപത്രി അധികൃതർ സ്വന്തംനിലയ്ക്ക് ശനിയാഴ്ചവരെയുള്ള ദിവസങ്ങളിൽ സമയം അനുവദിച്ച് ടോക്കൺ നൽകുകയായിരുന്നു.

60 വയസ്സുകഴിഞ്ഞ 51 ലക്ഷം പേർക്കും 45 വയസ്സുകഴിഞ്ഞ ഗുരുതര രോഗികൾക്കുമാണ് ഈ ഘട്ടത്തിൽ ആദ്യഡോസ് വാക്സിൻ നൽകുന്നത്. ഇതോടൊപ്പം ആരോഗ്യപ്രവർത്തകർക്കും കോവിഡ് മുന്നണിപ്പോരാളികൾക്കുമുള്ള രണ്ടാം ഡോസും തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും വാക്സിൻ നൽകേണ്ടതുണ്ട്. എന്നാൽ, ഇത്രയുംപേരെ കൈകാര്യം ചെയ്യാനാവശ്യമായ മുന്നൊരുക്കങ്ങളൊന്നും നടന്നിട്ടില്ല.

വിതരണകേന്ദ്രങ്ങളായി നിശ്ചയിച്ച സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരോ ജീവനക്കാരോ ഇല്ലെന്നും ജീവനക്കാരുടെ സംഘടനകൾ ആരോപിച്ചു. ആശുപത്രികൾക്കൊപ്പം പൊതുസ്ഥലങ്ങളിൽക്കൂടി വിതരണകേന്ദ്രങ്ങൾ തുറക്കാനാണ് സർക്കാർ ആലോചന. എന്നാൽ, വാക്സിനെടുക്കുന്നതുകൊണ്ട് ആർക്കെങ്കിലും ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ അത് കൈകാര്യം ചെയ്യാൻ ആശുപത്രികളിൽമാത്രമേ മരുന്നുവിതരണം അനുവദിക്കാവൂവെന്നാണ് സംഘടനകൾ ആവശ്യപ്പെടുന്നത്.

കൂടുതൽ സ്വകാര്യ ആശുപത്രികളെ പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നാണ് സർക്കാർ ഡോക്ടർമാരുടെ സംഘടനകളും ആവശ്യപ്പെടുന്നത്.

ആശുപത്രികളിൽ രജിസ്‌ട്രേഷൻ സൗകര്യമൊരുക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം നിർദേശിച്ചിട്ടുണ്ടെങ്കിലും ആൾക്കൂട്ടം ഭയന്ന് ഇത് വ്യാപകമായി നടപ്പാക്കാനാകുന്നുമില്ല. കോവിൻ പോർട്ടലിൽ രജിസ്റ്റർചെയ്യുന്ന പലർക്കും വിതരണകേന്ദ്രമോ സമയമോ തിരഞ്ഞെടുക്കാനാകുന്നില്ലെന്നും ആക്ഷേപമുണ്ട്.

Content Highlight: Registration portal crashed Covid Vaccine supply disrupted, Health, Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram