ആര്‍ത്തവകാലത്ത് കോവിഡ് വാക്‌സിന്‍ എടുക്കാമോ? വിശദീകരണവുമായി സര്‍ക്കാര്‍


2 min read
Read later
Print
Share

ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പ് ആര്‍ത്തവം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞോ കോവിഡ് വാക്‌സിന്‍ സ്വീകരിക്കരുതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്.

Photo Courtesy: Getty Images

കോവിഡ് വാക്‌സിനേഷന്‍ സംബന്ധിച്ച ആശങ്കകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും അവസാനമില്ല. മെയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷന്‍ ആരംഭിക്കുന്നതോടെ സംശയങ്ങളും അതുപോലെ തന്നെ വ്യാജ പ്രചരണങ്ങളും ശക്തമായിരിക്കുകയാണ് സോഷ്യല്‍ മീഡിയയില്‍. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ആര്‍ത്തവം സംബന്ധിച്ചത്. ആര്‍ത്തവകാലത്ത സ്ത്രീകള്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കാമോ എന്നതാണ് പ്രധാന സംശയം.

ആര്‍ത്തവത്തിന് അഞ്ച് ദിവസം മുന്‍പ് ആര്‍ത്തവം കഴിഞ്ഞ് അഞ്ച് ദിവസം കഴിഞ്ഞോ കോവിഡ് വാക്‌സിന്‍ സ്വീകരിക്കരുതെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നുണ്ട്. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ക്ക് പ്രതിരോധശേഷി കുറവായിരിക്കുമെന്നും ഈ സമയത്ത് വാക്‌സിന്‍ സ്വീകരിച്ചാല്‍ രക്തസ്രാവം കൂടുമെന്നുമൊക്കെയാണ് പ്രചരണം.

എന്നാല്‍, ഇത്തരം പ്രചരണങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് വിശദീകരിച്ചുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ തന്നെ രംഗത്തുവന്നിരിക്കുകയാണ്. ഇത്തരം അഭ്യൂഹങ്ങളില്‍ വീഴരുതെന്നും മെയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്നും പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ട്വീറ്റ് ചെയ്തു.

ആര്‍ത്തവ സമയത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിക്കരുതെന്ന വാദത്തിന് യാതൊരു അടിസ്ഥാനുമില്ലെന്ന് ആരോഗ്യപ്രവര്‍ത്തകരും പറയുന്നു. വാക്‌സിനേഷന്‍ ആര്‍ത്തവത്തെ ബാധിക്കുമെന്ന് കാണിക്കുന്ന യാതൊരു കണക്കും ലോകത്തെങ്ങുമില്ലെന്ന് യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ആലിസ് കള്ളിഗന്‍, റാന്‍ഡി ഹട്ടര്‍ എന്നിവര്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനത്തില്‍ വിശദീകരിച്ചു. അഥവാ ഒരിക്കല്‍ ആര്‍ത്തവത്തിന് വ്യതിയാനം വന്നാല്‍ അതില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്നും അവര്‍ വിശദീകരിക്കുന്നു.

രോഗാണുവുമായി നേരിട്ടുള്ള സമ്പര്‍ക്കം അത്ര മേല്‍ വരാത്ത സാധാരണക്കാരെ മാസത്തില്‍ ചുരുങ്ങിയത് പതിനഞ്ച് ദിവസം വാക്‌സിനേഷനില്‍ നിന്ന് അകറ്റി നിര്‍ത്തുകയെന്നത് മാത്രമാണ് ഇത്തരം വ്യാജ സന്ദേശങ്ങളുടെ ദുരുദ്ദേശമുെന്ന് ഡോ. ഷിംന അസീസ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ വാക്‌സിനേഷന്‍ ലഭിച്ചത് ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ്. അവരില്‍ എല്ലാ പ്രായത്തിലുമുള്ള ആണും പെണ്ണും ഉണ്ടായിരുന്നു. തീര്‍ച്ചയായും ആര്‍ത്തവമുള്ള സ്ത്രീകളും അവരില്‍ ഉള്‍പ്പെടുന്നു. ആര്‍ത്തവം കൊണ്ട് പ്രതിരോധശേഷി കുറഞ്ഞിരുന്നെങ്കില്‍ അന്ന് വാക്‌സിനേഷന്‍ കൊണ്ട് ഏറ്റവും വലിയ രീതിയില്‍ ജീവന് ഭീഷണി നേരിട്ടിരിക്കുക ഈ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആണ്, തൊട്ട് പിറകേ വാക്‌സിനേഷന്‍ ലഭിച്ച മുന്‍നിരപോരാളികളാണ്‌-ഡോ. ഷിംന പറഞ്ഞു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram