Representative Image| Photo: GettyImages
രണ്ട് ഡോസ് വാക്സിനും സ്വീകരിക്കുമ്പോൾ അവർക്ക് രോഗബാധ പൂർണമായും ഉണ്ടാവുകയില്ല എന്നല്ല പറയുന്നത്. രണ്ട് ഡോസ് വാക്സിനും എടുത്ത് 14 ദിവസം കൂടി കഴിഞ്ഞ വ്യക്തിയെ സംബന്ധിച്ചിടത്തോളം മറ്റുള്ളവർക്ക് രോഗബാധ ഉണ്ടാവാനുള്ള സാധ്യതയിൽ നിന്നും 70 മുതൽ 80 ശതമാനം വരെ കുറവുണ്ടാകുന്നു എന്നാണ് അർഥം. അതായത് വാക്സിൻ എടുക്കാത്ത ആളുകളിൽ നൂറ് പേർക്ക് രോഗം ഉണ്ടാവുന്ന സമയത്ത് വാക്സിനെടുത്ത ആളുകളിൽ 20 പേർക്കോ 30 പേർക്കോ മാത്രമേ രോഗമുണ്ടാകൂ എന്നാണ് അർഥമാക്കുന്നത്. അതിനാൽ വാക്സിനെടുത്തവരിൽ ഒട്ടും രോഗമുണ്ടാവില്ല എന്ന് പറയുന്നില്ല.
വാക്സിൻ സ്വീകരിക്കുന്നത് വഴി രോഗവ്യാപനത്തിന്റെ നിരക്ക് കുറയ്ക്കുകയും വളരെ വലിയ അളവിൽ രോഗവ്യാപനത്തിൽ നിന്ന് നമുക്ക് സംരക്ഷണം നൽകുകയും ചെയ്യുന്നു. ഏതാണ്ടൊരു 70-75 ശതമാനം വരെ സംരക്ഷണം നൽകുന്നുവെന്നാണ് അതിനർഥം.
വാക്സിൻ സ്വീകരിച്ചാൽ മറ്റ് ചില ഗുണങ്ങളുമുണ്ട്. രണ്ട് ഡോസ് വാക്സിൻ ശരിയായി എടുത്തവരെ സംബന്ധിച്ചിടത്തോളം രോഗം വന്നുകഴിഞ്ഞാൽ തന്നെ അതിന് തീവ്രസ്വഭാവം ഉണ്ടാവാനുള്ള സാധ്യത കുറവാണ്. വാക്സിൻ എടുത്ത ആളുകളിൽ രോഗം വന്നാൽ അവരിൽ നിന്ന് മറ്റുള്ളവരിലേക്കും അവരുടെ കുടുംബാംഗങ്ങളിലേക്കുമൊക്കെ രോഗം പകരാനുള്ള സാധ്യതയും കുറവാണ്. അതുപോലെ രോഗം മൂലമുണ്ടാവുന്ന അവശതകളും മരണങ്ങളും തീരെ കുറയാനുള്ള സാധ്യതയും ഉണ്ട്. വാക്സിൻ പലതരത്തിൽ ഈ രോഗത്തിനെതിരെ പ്രതിപ്രവർത്തിക്കുന്നുണ്ട് എന്നതിനാൽ തന്നെ എല്ലാവരും തീർച്ചയായും വാക്സിനെടുക്കേണ്ടതാണ്.
കാലക്രമത്തിൽ ഇപ്പോൾ രണ്ട് ഡോസ് വാക്സിനെടുക്കുന്നവർക്ക് പിന്നീട് പുതുതായി വാക്സിൻ സ്വീകരിക്കേണ്ട ഒരു സമയം വന്നേക്കാം. ഭാവിയിൽ അത് ഉണ്ടാകാനിടയുണ്ട്. പക്ഷേ, നിലവിൽ രണ്ട് ഡോസ് വാക്സിൻ എടുക്കുന്നത് ഫലപ്രദമാണ്. വാക്സിൻ എടുത്താലും രോഗം ബാധിക്കാൻ വളരെ ചെറിയ ഒരു സാധ്യതയുണ്ട് എന്നത് സത്യമാണ്.
(തിരുവനന്തപുരം ഗവ.മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസറും കോവിഡ് 19 സ്റ്റേറ്റ് എക്സ്പെർട്ട് പാനൽ അംഗവുമാണ് ലേഖകൻ)
Content Highlights: Will those who have taken both doses of Covid19 vaccine get sick again, Health, Covid19, Covid Vaccine