Representative Image| Photo: AFP
ഇന്ത്യയില്‍ ജനുവരി 16 മുതല്‍ കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്. രണ്ട് വാക്‌സിനുകളാണ് നിലവില്‍ രാജ്യത്ത് ലഭ്യമാക്കിയിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിനും കോവാക്‌സിനും. ഓക്‌സ്‌ഫോര്‍ഡ് ആസ്ട്രനെക്ക് വാക്‌സിനായ കോവിഷീല്‍ഡ് ഉത്പാദിപ്പിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയാണ്.
ഭാരത് ബയോടെക് കമ്പനി ഉത്പാദിപ്പിക്കുന്ന കോവാക്‌സിന്‍ ആരൊക്കെ ഉപയോഗിക്കരുതെന്ന് കഴിഞ്ഞ ദിവസം കമ്പനി പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നുണ്ട്.
പ്രതിരോധശേഷി കുറഞ്ഞവര്‍ അല്ലെങ്കില്‍, പ്രതിരോധശേഷി കുറയ്ക്കുന്ന തരത്തിലുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, അലര്‍ജിയുള്ളവര്‍, പനിയുള്ളവര്‍, ബ്ലീഡിങ് ഡിസോര്‍ഡര്‍ ഉള്ളവര്‍, രക്തം കട്ടിയാവാത്ത അവസ്ഥയുള്ളവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, മറ്റ് ഗുരുതര രോഗങ്ങള്‍ ഉള്ളവര്‍, മറ്റ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചവര്‍ എന്നിവര്‍ കോവാക്‌സിന്‍ എടുക്കരുതെന്ന് ഭാരത് ബയോടെക് കമ്പനി നിര്‍ദേശിക്കുന്നു.
പ്രതിരോധശേഷിയെ അമര്‍ച്ച ചെയ്യാനുള്ള ഇമ്മ്യൂണോ സപ്രസന്റ് മരുന്നുകള്‍ ഉപയോഗിക്കുന്നവരും പ്രതിരോധശേഷി കുറവുള്ളവരും വാക്‌സിന്‍ എടുക്കേണ്ടതില്ല. കീമോതെറാപ്പി ചെയ്യുന്ന കാന്‍സര്‍ രോഗികള്‍, സ്റ്റിറോയ്ഡ് ഉപയോഗിക്കുന്ന എച്ച്.ഐ.വി. പോസിറ്റീവ് ആയി രോഗികള്‍ എന്നവരാണ് ഇമ്മ്യൂണോ സപ്രസന്റ് വിഭാഗത്തില്‍പ്പെടുന്നത്.
വാക്‌സിന്‍ സ്വീകരിച്ചവരില്‍ കുത്തിവെപ്പെടുത്ത സ്ഥലത്ത് വേദന, നീര് വരല്‍, ചൊറിച്ചില്‍, ശരീരവേദന, തലവേദന, പനി, ക്ഷീണം, റാഷസ്, ഓക്കാനം, ഛര്‍ദി, മനപ്രയാസം തുടങ്ങിയ പാര്‍ശ്വഫലങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും കമ്പനി പറയുന്നുണ്ട്.
വാക്‌സിന്‍ സ്വീകരിച്ച് എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടോയെന്നറിയാന്‍ 30 മിനിറ്റ് അവിടെ തന്നെ നിരീക്ഷണത്തില്‍ കഴിഞ്ഞ് പ്രശ്‌നമില്ലെന്ന് ഉറപ്പ് വരുത്തണം.
വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയായിട്ടില്ല. മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളിലേക്ക് കടന്നിരിക്കുകയാണെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. കോവിഡ് 19 ന് എതിരെ ആന്റിബോഡികളെ ഉത്പാദിപ്പിക്കാനുള്ള കോവാക്‌സിന്റെ കഴിവ് തെളിയിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കാര്യക്ഷമത (clinical efficacy) ഉറപ്പുവരുത്താനുള്ള മൂന്നാംഘട്ട ക്ലിനിക്കല്‍ ട്രയലുകള്‍ നടക്കുകയാണ്. അതിനാല്‍ തന്നെ വാക്‌സിന്‍ സ്വീകരിച്ചാലും മാസ്‌ക് ധരിക്കലും കൈകള്‍ ശുചിയാക്കലും ഉള്‍പ്പടെയുള്ള കോവിഡിനെ പ്രതിരോധിക്കാനുള്ള കാര്യങ്ങള്‍ തുടരണമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
Content Highlights: Who should not be vaccinated Covaxin, Health, Covid Vaccine