Representative Image | Photo: Gettyimages.in
കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാനുള്ള വാക്‌സിനേഷന്‍ ഇന്ന് മുതല്‍ രാജ്യത്ത് ആരംഭിച്ചിരിക്കുകയാണ്. കോവിഷീല്‍ഡ് വാക്‌സിനാണ് ഇവിടെ നല്‍കുന്നത്.
18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് കോവിഡ് 19 രോഗത്തെ പ്രതിരോധിക്കാന്‍ ഇന്ത്യയില്‍ അനുമതി നല്‍കിയിരിക്കുന്ന വാക്‌സിനുകളിലൊന്നാണ് കോവിഷീല്‍ഡ് വാക്‌സിന്‍. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ ജെന്നര്‍ ഇന്‍സ്റ്റിറ്റ്യൂട്ടും ആസ്ട്രനെക്ക കമ്പനിയുമായി ചേര്‍ന്ന് പൂണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് വാക്‌സിന്‍ നിര്‍മ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലും വിദേശത്തും നിരവധി ആളുകളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തിയ ശേഷമാണ് കോവിഷീല്‍ഡ് വാക്‌സിന്‍ ഉത്പാദിപ്പിച്ചിരിക്കുന്നത്. കോവിഷീല്‍ഡ് വാക്‌സിനില്‍ സാര്‍സ് കോവ് 2 സാന്നിധ്യം ഇല്ലാത്തതിനാല്‍ വാക്‌സിനെടുത്തവര്‍ക്ക് കോവിഡ് 19 അണുബാധയുണ്ടാവില്ല.
കോവിഡ് 19 ന് എതിരെ ഇമ്മ്യൂണ്‍ റെസ്‌പോണ്‍സ് ഉത്പാദിപ്പിക്കുന്ന അഡെനോവൈറസിന്റെ ശക്തി കുറഞ്ഞ രൂപമാണ് ഈ വാക്‌സില്‍ അടങ്ങിയിരിക്കുന്നത്. വാക്‌സിന്‍ നിറച്ച കുപ്പികള്‍ (വയല്‍) രണ്ടു മുതല്‍ മൈനസ് എട്ട് ഡിഗ്രി വരെ തണുപ്പുള്ള കണ്ടെയ്‌നറുകളിലാണ് സൂക്ഷിക്കുന്നത്.
ചേരുവകള്‍
എല്‍-ഹിസ്റ്റിഡൈന്‍, എല്‍ ഹിസ്റ്റിഡൈന്‍ ഹൈഡ്രോക്ലോറൈഡ് മോണോഹൈഡ്രേറ്റ്, മഗ്നേഷ്യം ക്ലോറൈഡ് ഹെക്‌സാഹൈഡ്രേറ്റ്, പോളിസോര്‍ബേറ്റ് 80, എഥനോള്‍, സുക്രോസ്, സോഡിയം ക്ലോറൈഡ്, ഡൈ സോഡിയം എഡെറ്റേറ്റ് ഡൈ ഹൈഡ്രേറ്റ്(EDTA), ഇഞ്ചക്ഷനുള്ള വെള്ളം എന്നിവയാണ് കോവിഷീല്‍ഡ് വാക്‌സിന്റെ ചേരുവകള്‍.
കോവിഷീല്‍ഡ് വാക്‌സിന്റെ സംഭരണം
രണ്ട് മുതല്‍ മൈനസ് എട്ട് ഡിഗ്രി താപനിലയിലാണ് കോവി ഷീല്‍ഡ് വാക്‌സിന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയില്‍ സൂക്ഷിച്ചിരിക്കുന്നത്. വിതരണത്തിന് കൊണ്ടുപോകുന്നതും ഇതേ താപനിലയില്‍ ക്രമീകരിച്ച കണ്ടെയ്‌നറുകളിലാണ്.
കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത്
0.5 എം.എല്ലിന്റെ രണ്ട് പ്രത്യേക ഡോസുകളായിട്ടാണ് കോവിഷീല്‍ഡ് വാക്‌സിന്‍ നല്‍കുന്നത്. ആദ്യത്തെ ഡോസ് സ്വീകരിച്ച് നാലു മുതല്‍ ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് രണ്ടാമത്തെ ഡോസ് നല്‍കുന്നത്. ആദ്യ ഡോസ് ലഭിച്ചവര്‍ രണ്ടാമത്തെ ഡോസും സ്വീകരിച്ചാല്‍ മാത്രമേ വാക്‌സിനേഷന്‍ പൂര്‍ണമാകൂ.
വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാക്‌സിന്‍ സ്വീകരിക്കുന്നയാള്‍ ആരോഗ്യപ്രവര്‍ത്തകരുമായി തന്റെ എല്ലാ തരം ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും പറയണം.
- മുന്‍പ് ഏതെങ്കിലും മരുന്നോ ഭക്ഷണമോ വാക്‌സിനോ ഉപയോഗിച്ചതിന് ശേഷം എന്തെങ്കിലും തരത്തിലുള്ള അലര്‍ജി(അനഫൈലാക്‌സിസ്) ഉണ്ടായിട്ടുണ്ടോ എന്ന്. ഇത് വളരെ ശ്രദ്ധിക്കേണ്ട കാര്യമാണ്.
- പനിയുണ്ടോ എന്ന്
- രക്തം കട്ടികുറയുന്ന രോഗാവസ്ഥയോ രക്തസ്രാവ സംബന്ധമായ രോഗങ്ങളുണ്ടോ എന്ന്
- പ്രതിരോധശേഷിയെ ബാധിക്കുന്ന എ്‌തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടോ എന്ന്
- ഗര്‍ഭിണിയാണോ അല്ലെങ്കില്‍ ഗര്‍ഭധാരണം പ്ലാന്‍ ചെയ്തിട്ടുണ്ടോ എന്ന്
- മുലയൂട്ടുന്ന അമ്മയാണോ എന്ന്
- മറ്റേതെങ്കിലും കോവിഡ് 19 വാക്‌സിന്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന്
പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായി നിജപ്പെടുത്തിയിരിക്കുകയാണ് കോവി ഷീല്‍ഡ് വാക്‌സിന്‍ ഉപയോഗം. ഉപയോഗിക്കാന്‍ പാടില്ലാത്തവര്‍ ഇവരാണ്.
- കോവി ഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിച്ചതിനെത്തുടര്‍ന്ന് കടുത്ത അലര്‍ജി ഉണ്ടായവര്‍
- വാക്‌സിനിലെ ഏതെങ്കിലും ചേരുവയോട് കടുത്ത അലര്‍ജിക് റിയാക്ഷന്‍ ഉള്ളവര്‍.
വാക്‌സിന്‍ സ്വീകരിച്ച ശേഷം ഉണ്ടാകാനിടയുള്ള പാര്‍ശ്വഫലങ്ങള്‍
പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലും കണ്ടാല്‍ വൈകാതെ ഡോക്ടറെ കാണണം.
വളരെ സാധാരണമായി കാണുന്ന പാര്‍ശ്വഫലങ്ങള്‍ ഇവയാണ്.
- ക്ഷീണം, വേദന, വാക്‌സിനെടുത്ത ഭാഗത്ത് ചൂട്, ചുവപ്പ്, ചൊറിച്ചില്‍, നീര് വീര്‍ക്കല്‍ എന്നിവ.
- കുളിര്
- സുഖമില്ലാത്തതു പോലെയുള്ള തോന്നല്‍.
- ക്ഷീണം തോന്നല്‍
- പനി പോലെ തോന്നല്‍
- തലവേദന
- മനംപിരട്ടല്‍
- സന്ധിവേദനയോ പേശികളില്‍ വേദനയോ
- പനി
- വാക്‌സിനെടുത്ത ഭാഗത്ത് മുഴയുണ്ടാവല്‍
- ഛര്‍ദി
- പനി, തൊണ്ടവേദന, കുളിര്, ജലദോഷം, ചുമ പോലുള്ള ഫ്‌ളൂ ലക്ഷണങ്ങള്‍
- തലകറക്കം
- വിശപ്പില്ലായ്മ
- വയറുവേദന
- ലിംഫ്‌നോഡുകള്‍ക്ക് വീക്കം.
- അമിതമായ വിയര്‍പ്പും കുരുക്കളും
നിലവില്‍ ഇതുസംബന്ധിച്ച് വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നിലവിലെ നിര്‍ദേശമനുസരിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ മറ്റ് ഏതെങ്കിലും വാക്‌സിന്‍ എടുത്തിട്ടുള്ളവര്‍ കോവിഷീല്‍ഡ് വാക്‌സിന്‍ എടുക്കരുതെന്നാണ്.
Content Highlights: What is the Covishield vaccine, Health, Covid Vaccine, Covid19