കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ മൂന്ന് മാസത്തേക്ക് ഗര്‍ഭധാരണം പാടില്ല എന്നുണ്ടോ?


By ഡോ. സൗമ്യ സത്യന്‍

2 min read
Read later
Print
Share

കോവിഡ് വാക്‌സിന്‍ എടുക്കുന്നത് സംബന്ധിച്ച് ചില സംശയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്

Photo: Arun Sankar| AFP

കോവിഡ് വാക്‌സിന്‍ വിതരണം തുടങ്ങിയതോടെ ആളുകള്‍ക്ക് നിരവധി സംശയങ്ങളാണ് ഉണ്ടായിരിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകര്‍, മുന്നണിപ്പോരാളികള്‍, തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍, 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി നിരവധി ആളുകള്‍ വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. പ്രധാനപ്പെട്ട ചില സംശയങ്ങള്‍ ഇവയാണ്.

കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ മൂന്ന് മാസത്തേക്ക് ഗര്‍ഭധാരണം പാടില്ല എന്ന് കേള്‍ക്കുന്നു. സത്യമാണോ?

കോവിഡ് വാക്‌സിന്റെ പഠനം ഗര്‍ഭിണികളില്‍ നടന്നിട്ടില്ല. വാക്‌സിന്‍ ഗര്‍ഭിണികളിലോ നവജാത ശിശുക്കളിലോ എങ്ങനെയാണ് അതിന്റെ ഫലം ഉണ്ടാവുന്നത് എന്ന് നമുക്ക് വ്യക്തമായിട്ടില്ല. ഇപ്പോഴുള്ള പഠനങ്ങള്‍ പ്രകാരം ഗര്‍ഭധാരണം മാറ്റിവെക്കണമെന്നില്ല. ഗര്‍ഭിണികള്‍ക്ക് ഇന്ത്യയില്‍ വാക്‌സിന്‍ കൊടുക്കുന്നില്ല. ഹൈ റിസ്‌ക്ക് കാറ്റഗറിയിലുള്ള ഗര്‍ഭിണികള്‍ക്ക് വിദേശ രാജ്യങ്ങളില്‍ കോവിഡ് വാക്‌സിന്‍ നല്‍കുന്നുണ്ട്.

ലൈവ് വാക്‌സിനുകള്‍ മാത്രമാണ് ഗര്‍ഭധാരണ സമയത്ത് എടുക്കരുത് എന്ന് പഠനങ്ങളില്‍ പറയുന്നത്. എന്നാല്‍ കോവിഡിനെതിരെ ഇന്ത്യയില്‍ ഉള്ള കൊവാക്‌സിന്‍ കോവിഷീല്‍ഡ് എന്നീ രണ്ട് വാക്‌സിനുകളും ലൈവ് വാക്‌സിനുകള്‍ അല്ല. അതിനാല്‍ തന്നെ ഗര്‍ഭധാരണത്തിന് ഈ വാക്‌സിനുകള്‍ തടസ്സമല്ല.

കോവിഡ് വാക്സിന്‍ സ്വീകരിച്ചാല്‍ മദ്യപിക്കുന്നത് പ്രശ്നമാണോ?

കോവിഡ് വാക്‌സിന്‍ എടുത്ത ശേഷം രണ്ട് ആഴ്ചത്തേക്ക് മദ്യപാനം ഒഴിവാക്കുന്നതാണ് ഉത്തമം. മദ്യം ശരീരത്തിന്റെ പ്രതിരോധശേഷിയെ കുറയ്ക്കുന്നതാണ്. ആന്റിബോഡി ഉത്പാദിപ്പിച്ച് കോവിഡിനെതിരെ പ്രതിരോധശേഷി ഉണ്ടാക്കുവാനാണ് വാക്‌സിന്‍ സ്വീകരിക്കുന്നത്. അതുകൊണ്ടു തന്നെ ഏതു വാക്‌സിന്‍ സ്വീകരിച്ചാലും അതിന്റെ ഫലത്തെ മദ്യപാനം കുറയ്ക്കും. അതുകൊണ്ട് ആ സമയത്ത് മദ്യം ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്

ജീവിതശൈലി രോഗങ്ങള്‍ ഉള്‍പ്പടെ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവര്‍ക്ക് കോവിഡ് വാക്സിന്‍ എടുക്കാമോ?

ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കണം. പ്രമേഹം പോലെയുള്ള രോഗങ്ങളുള്ളവര്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത കൂടുതലാണ്. ഹൃദയ സംബന്ധമായ അസുഖങ്ങള്‍, വൃക്കരോഗങ്ങള്‍, കരള്‍ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്ക് കോവിഡ് ബാധിച്ചാല്‍ ഗുരുതരമാവാനുള്ള സാധ്യതയുമുണ്ട്. അതുകൊണ്ട് ഇവര്‍ നിര്‍ബന്ധമായും വാക്‌സിന്‍ എടുക്കേണ്ടതുണ്ട്.

അവയവം മാറ്റിവെച്ചവര്‍ക്ക് കോവിഡ് വാക്സിന്‍ എടുക്കാമോ?

അവയവം മാറ്റിവെച്ചവര്‍ പ്രതിരോധശേഷി കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുന്നവരാണ്. അതിനാല്‍ അവരും എന്തായാലും വാക്‌സിന്‍ എടുക്കണം

ആര്‍ക്കൊക്കെ കോവിഡ് വാക്സിന്‍ എടുക്കാന്‍ പാടില്ല?

ഇപ്പോഴത്തെ പഠനങ്ങള്‍ പ്രകാരം ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, 18 വയസ്സിനു താഴെ പ്രായമുള്ളവര്‍, വാക്‌സിന്‍ അല്ലെങ്കില്‍ മരുന്ന് എടുത്തപ്പോള്‍ എപ്പോഴെങ്കിലും അതീവ ഗുരുതരമായ അലര്‍ജി (അനഫൈലാക്‌സിസ്) ഉണ്ടായി ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നവര്‍. വാക്‌സിനില്‍ ഉള്ള ഏതെങ്കിലും ഘടകത്തിന് അലര്‍ജി ഉള്ളവര്‍ എന്നിവര്‍ വാക്‌സിന്‍ എടുക്കരുത്.

രണ്ടാം ഡോസ് എപ്പോള്‍

കോവിഷീല്‍ഡ് വാക്‌സിന്‍ ആദ്യ ഡോസ് എടുത്ത് ആറ്- എട്ട് ആഴ്ചയ്ക്ക് ശേഷം രണ്ടാമത്തെ ഡോസ് എടുക്കണം. എന്നാല്‍ എട്ടാഴ്ചയിലും കൂടുതല്‍ പോകരുത്.

കോവാക്‌സിന്‍ ആണെങ്കില്‍ നാലു മുതല്‍ ആറ് ആഴ്ചയ്ക്കുള്ളില്‍ എടുക്കണം. ആറ് ആഴ്ചയില്‍ കൂടുതല്‍ വൈകാന്‍ പാടില്ല.

നിലവില്‍ 45 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ഏപ്രില്‍ ഒന്നുമുതല്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങി. എല്ലാ പ്രായത്തിലുമുള്ള ആരോഗ്യപ്രവര്‍ത്തകര്‍, എല്ലാ പ്രായത്തിലുമുള്ള മുന്നണി പോരാളികള്‍, തിരഞ്ഞെടുപ്പ് ജോലിയുള്ളവര്‍ എന്നിവര്‍ക്കെല്ലാം ഇപ്പോള്‍ വാക്‌സിന്‍ നല്‍കുന്നുണ്ട്.

(പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റലിലെ ജനറല്‍ മെഡിസിന്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ ആണ് ലേഖിക)

Content Highlights: Should you plan your pregnancy after getting the COVID19 vaccination, Health, Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram