Representative Image | Photo: Gettyimages.in
കോവിഡ് ബാധിക്കാനുള്ള സാധ്യത ഏവര്‍ക്കും ഒരുപോലെയാണ്. എന്നാല്‍ പ്രതിരോധശേഷി കുറഞ്ഞവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് രോഗസാധ്യത കൂടുതലുമാണ്. ശാരീരികാവസ്ഥ ദുര്‍ബലമായാല്‍ രോഗലക്ഷണങ്ങള്‍ ഗുരുതരമാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ സന്ധിവാതമുള്ളവര്‍ കോവിഡിനെതിരെ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.
ഓട്ടോ ഇമ്മ്യൂണ്‍ ആന്‍ഡ് ഇന്‍ഫ്‌ളമേറ്ററി റുമാറ്റിക് ഡിസീസ് രോഗാവസ്ഥയുള്ളവര്‍ക്ക് (AIIRD) കോവിഡ് വാക്‌സിന്‍ നല്‍കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് അമേരിക്കന്‍ കോളേജ് ഓഫ് റുമാറ്റോളജി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കിയിരുന്നു. സന്ധിവാതപ്രശ്‌നങ്ങളുള്ളവര്‍ക്ക് കൊറോണ വൈറസ് ബാധിച്ചാല്‍ മറ്റുള്ളവരേക്കാള്‍ ആരോഗ്യനില ഗുരുതരമാകുമെന്നാണ് കണ്ടെത്തല്‍.
ഒരാളുടെ ദുര്‍ബലമായ പ്രതിരോധവ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ് സന്ധിവാതം. ലൂപ്പസ് രോഗവും ഇതുമായി ബന്ധപ്പെട്ടതാണ്. അതിനാല്‍ തന്നെ കോവിഡ് ബാധിച്ചാല്‍ ഇത്തരം രോഗികളില്‍ രോഗം ഗുരുതരമാകാനും ആശുപത്രിയില്‍ പ്രവേശിക്കപ്പെടാനുമുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണ്. അതുപോലെ തന്നെ രോഗത്തെ നിയന്ത്രണവിധേയമാക്കാനായി കഴിക്കുന്ന ഓട്ടോ ഇമ്മ്യൂണ്‍ സപ്രസന്റ് മരുന്നുകളും കോവിഡ് രോഗസാധ്യത കൂടുതലാക്കുന്നു. ഇമ്മ്യൂണോ സപ്രസന്റ് മരുന്നുകള്‍ക്ക് സന്ധിവാത രോഗത്തെ ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിക്കുമെങ്കിലും പകര്‍ച്ചവ്യാധിയ്ക്ക് അടിമപ്പെടാന്‍ ഇടയാക്കുന്നുണ്ട്.
അതിനാല്‍ സന്ധിവാതമുള്ളവരും കോവിഡ് വാക്‌സിന്‍ എടുക്കുന്നതാണ് നല്ലത്. ഇതുവഴി ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ശരീരത്തിന് രോഗപ്രതിരോധ ശേഷി നേടാനാകും. ഇതുവഴി വൈറസിനെ പ്രതിരോധിക്കാനും സാധിക്കും.
നിലവില്‍ സന്ധിവാതമുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ എടുക്കുന്നത് എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നതായി റിപ്പോര്‍ട്ടുകളില്ല. വാക്‌സിന്‍ സ്വീകരിച്ചുകഴിഞ്ഞാല്‍ പേശീവേദന, പനി, സന്ധികളില്‍ വേദന എന്നിവ ഉണ്ടാകാറുണ്ട്. ഇത് വാക്‌സിന്‍ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ ലക്ഷണങ്ങളാണ്. കുത്തിവയ്പ്പ് എടുത്ത സ്ഥലത്തെ ചുവപ്പും വേദനയും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മാറും.
Content Highlights: Should people with Rheumatoid arthritis get the Covid vaccine, Health, Rheumatoid arthritis, Covid Vaccine