കോവിഡ് വാക്‌സിനേഷന്‍ നൂറുകോടിയില്‍; തുണയായത് വാക്‌സിന്‍ സ്വയംപര്യാപ്തത- ഡോ. എന്‍.കെ. അറോറ


3 min read
Read later
Print
Share

പല സംസ്ഥാനങ്ങളിലും പ്രായപൂര്‍ത്തിയായ 100 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സീന്‍ നല്‍കി കഴിഞ്ഞു

Photo: ANI

കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ 100 കോടി വാക്‌സിനേഷന്‍ എന്ന അതീവ നിര്‍ണ്ണായകമായ ചുവടുവെപ്പിലെത്തി. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ കോവിഡ് വാക്‌സിനേഷന്‍ എത്തി നില്ക്കുന്ന അവസ്ഥ, ലക്ഷ്യങ്ങള്‍, ഭാവി, എന്നിവയെക്കുറിച്ച് സംസാരിക്കുകയാണ് കോവിഡ്- 19 ടാസ്‌ക് ഫോഴ്‌സ് അംഗം ഡോ. എന്‍.കെ. അറോറ.

കോവിഡ് വാക്‌സിനേഷനില്‍ ഇന്ത്യ 100 കോടി എന്ന നാഴികക്കല്ലിലെത്തിയിരിക്കുന്നു. എങ്ങനെയാണ് ഇത് സാധ്യമായത്?

ഇത് ഇന്ത്യയ്ക്കും ലോകത്തിനുതന്നെയും വലിയൊരു നേട്ടമാണ്. ഇങ്ങനെ ഒരു നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞതിനുള്ള പ്രധാന കാരണം വാക്‌സിന്‍ സ്വയംപര്യാപ്തത (വാക്‌സീന് ആത്മനിര്‍ഭരത്) യാണ്. നമുക്കുതന്നെ പ്രതിരോധ മരുന്ന് വികസിപ്പിക്കാനും നിര്‍മിക്കാനും കഴിഞ്ഞതുകൊണ്ടാണ് ഇത്രയും വലിയൊരു ജനവിഭാഗത്തിന് കുത്തിവെപ്പ് സാധ്യമായത്. ഒന്നര വര്‍ഷത്തോളമുള്ള കൂടിയാലോചനകളുടെയും പ്രയത്‌നത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണിത്.

പല സംസ്ഥാനങ്ങളിലും പ്രായപൂര്‍ത്തിയായ 100 ശതമാനം ആളുകള്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി കഴിഞ്ഞു. ഇന്ത്യയിലെ വാക്‌സിന്‍ നിര്‍മ്മാണശേഷിയും വിതരണത്തിനുള്ള സൗകര്യങ്ങളും ലഭ്യതയും പരിഗണിക്കുമ്പോള്‍ വരുന്ന മൂന്ന് മാസങ്ങള്‍ കൊണ്ട് എഴുപത് മുതല്‍ എണ്‍പത് കോടി ഡോസ് വരെ നല്‍കാന്‍ നമുക്ക് കഴിയും.

ഇത് എങ്ങനെയാണ് രാജ്യത്തെ മഹാമാരിയുടെ ഗതി നിര്‍ണ്ണയിക്കുക?

രാജ്യത്തെ കോവിഡ് മഹാമാരിയുടെ ഭാവി ഇനി പറയുന്ന അഞ്ച് കാര്യങ്ങളെ ആശ്രയിച്ചാണുള്ളത്. കോവിഡിന് അനുയോജ്യമായ പെരുമാറ്റ ചട്ടങ്ങള്‍ എത്രത്തോളം പാലിക്കുന്നു, വാക്‌സിന്‍ ലഭ്യത, രണ്ടാം തരംഗത്തില്‍ രോഗബാധിതരായവരുടെ ശതമാനം, വരുന്ന ആഴ്ചകളിലോ മാസത്തിലോ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ ഉണ്ടാകുന്നുണ്ടോ, രോഗബാധ വര്‍ധിച്ചാല്‍ ആരോഗ്യ സംവിധാനങ്ങള്‍ എത്ര മാത്രം സജ്ജമാണ് എന്നിവയാണവ.

Dr. Arora
ഡോ. എന്‍.കെ. അറോറ

രണ്ടാം തരംഗത്തില്‍, രാജ്യത്താകമാനം എഴുപത് മുതല്‍ എണ്‍പത്തിയഞ്ച് ശതമാനം പേര്‍ക്ക് രോഗം ബാധിച്ചു. കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ പുതിയ വകഭേദങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഇനി ജനങ്ങളാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ശ്രദ്ധിക്കേണ്ടത്. പ്രത്യേകിച്ചും, വരാന്‍ പോകുന്ന ഉത്സവ സമയങ്ങളില്‍ രോഗബാധ കുറയ്ക്കാനും ജീവിതം സാധാരണ ഗതിയിലാവാനും സഹായിക്കും.

കുട്ടികള്‍ക്ക് വേണ്ടിയുള്ള വാക്‌സി​നുകളുടെ ഏറ്റവും വലിയ ഉത്പ്പാദകരാണെങ്കിലും പുതിയ വാക്‌സി​നുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യ അറിയപ്പെട്ടിരുന്നില്ല. എന്നാല്‍ കോവിഡ് മഹാമാരിക്കാലത്ത് അനവധി വാക്‌സി​നുകള്‍ രാജ്യത്ത് വികസിപ്പിച്ചു. ഇതെങ്ങനെയാണ് സാധിച്ചത്?

കഴിഞ്ഞ ഇരുപത് വര്‍ഷത്തിനുള്ളില്‍ ശാസ്ത്ര ഗവേഷണത്തിനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതില്‍ രാജ്യം വലിയ കുതിച്ചു ചാട്ടം നടത്തി. സുപ്രധാനമായൊരു കാല്‍വെപ്പായിരുന്നു കോവിഡ് വാക്‌സിന്‍ ഗവേഷണവും കണ്ടെത്തലും. 2020 മാര്‍ച്ചില്‍ ഇതിനായി വലിയ തുക നിക്ഷേപിക്കുകയും അനന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ഇത് ശാസ്ത്രജ്ഞരുടെയും വ്യവസായികളുടെയും സഹകരണത്തിനും വാക്‌സിനുകളുടെ കണ്ടുപിടുത്തതിനും കാരണമായി. ഇതിന്റെ ഫലമായി കോവിഡ് മഹാമാരി തുടങ്ങി പത്ത് മാസത്തിനുള്ളില്‍ ഇന്ത്യയ്ക്ക് പ്രതിരോധ കുത്തിവെപ്പ് ആരംഭിക്കാന്‍ കഴിഞ്ഞു.

ചുരുങ്ങിയ കാലം കൊണ്ട് വികസിപ്പിച്ച ഈ വാക്‌സി​നുകള്‍ക്ക് അടിയന്തര സാഹചര്യങ്ങളില്‍ ഉപയോഗിക്കാനുള്ള അനുമതിയാണുള്ളത്. അതിനര്‍ഥം ഈ വാക്‌സി​നുകളെക്കുറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പഠിക്കുന്നതിന് മുമ്പേ ഇവ ആളുകള്‍ക്ക് ലഭ്യമാക്കി എന്നതാണ്. വാക്‌സി​നുകളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് എന്തെല്ലാം നടപടികള്‍ സ്വീകരിച്ചു?

വാക്‌സിന്‍ എടുക്കുന്നതുമൂലം ഉണ്ടായേക്കാവുന്ന വിപരീത ഫലങ്ങള്‍ (എ.ഇ.എഫ്.ഐ.) നിരീക്ഷിക്കുന്നതിനായി ഇന്ത്യയില്‍ ദേശീയ തലം മുതല്‍ ജില്ലാതലം വരെ വിവിധ വിഭാഗം ഡോക്ടര്‍മാരടങ്ങിയ വിദഗ്ധ സമിതി രൂപീകരിച്ച് പരിശീലന പരിപാടികള്‍ നടത്തി വാക്‌സിന്‍ എടുത്തതിനുശേഷം സാധാരണയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആരോഗ്യപ്രശ്നങ്ങളുടെ ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഏത് പുതിയ വാക്‌സിന്‍ എടുക്കുമ്പോഴും ഉണ്ടായേക്കാവുന്ന പ്രശ്നങ്ങളും (എ.ഇ.എസ്.ഐ.) ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

വാക്‌സിന്‍ എടുത്തതിന് ശേഷം ചെറിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ മുതല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നാല്‍ വരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നും റിപ്പോര്‍ട്ട് ചെയ്യണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അവബോധം നല്കി. ലോകാരോഗ്യ സംഘടന ഇതിനാവശ്യമായ സാങ്കേതിക സഹായം നല്കുന്നു.

എല്ലാ കേന്ദ്രങ്ങളിലും വാക്‌സിന്‍ നല്കിയതിന് ശേഷം 30 മിനിറ്റ് നിരീക്ഷണം സജ്ജമാക്കിയിട്ടുണ്ട്. അലര്‍ജി പോലുള്ള എന്തെങ്കിലും ഗുരുതരമായ പ്രതികരണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ അപ്പോള്‍ തന്നെ വൈദ്യസഹായം ലഭ്യമാക്കാനാണിത്. കുത്തിവെപ്പെടുത്ത് 28 ദിവസത്തിനുള്ളില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടായാല്‍ അത് വാക്‌സിനുമായി ബന്ധപ്പെട്ടതാണോയെന്ന് പരിശോധിക്കുന്നു.

വാക്‌സിന്റെ സുരക്ഷയെ പറ്റി ജനങ്ങളെ ബോധവത്ക്കരിക്കുന്നത് എത്രമാത്രം ദുഷ്‌കരമായിരുന്നു?

പോളിയോ പ്രതിരോധ മരുന്നിനോടുള്ള വിമുഖത മാറ്റാനായി നടത്തിയ സുദീര്‍ഘമായ ക്യാംപയിനുകള്‍ കോവിഡ് വാക്‌സിനെ പറ്റിയുള്ള തെറ്റായ പ്രചരണങ്ങളും അപവാദങ്ങളും തടയുന്നതിന് സഹായിച്ചു. വാക്‌സിനേഷന്‍ തുടങ്ങുന്നതിന് മുന്‍പ് ഒക്ടോബറില്‍ തന്നെ രാജ്യത്ത് ബോധവത്കരണം തുടങ്ങി. ശാസ്ത്രീയവും ആധികാരികവുമായ കാര്യങ്ങള്‍ വാര്‍ത്താമാധ്യമങ്ങളിലൂടെ ആളുകളിലെത്തിച്ചു. സാമൂഹിക മാധ്യമങ്ങളെ കൃത്യമായി നിരീക്ഷിച്ചതിലൂടെ അപവാദ പ്രചരണങ്ങളും തെറ്റായ വിവരങ്ങളും മനസ്സിലാക്കുകയും അവയ്ക്കുള്ള മറുപടികള്‍ നല്കുകയും ചെയ്തു. വാക്‌സിനോടുള്ള വിമുഖത പകര്‍ച്ചവ്യാധി പോലെയാണ്. കൃത്യസമയത്ത് ശരിയായ പ്രതിരോധം നടത്തിയില്ലെങ്കില്‍ അത് മറ്റു സ്ഥലങ്ങളിലേക്ക് പടരും.

ബാക്കിയുള്ള വാക്‌സിനേഷന്‍ നടപടികള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കാനാവുമോ?

ഇന്ത്യയിലെ പ്രായപൂര്‍ത്തിയായവരുടെ സമ്പൂര്‍ണ്ണ വാക്‌സിനേഷന് 190 കോടി ഡോസ് വാക്‌സിന്‍ ആവശ്യമാണ്. വാക്‌സിന്‍ ലഭ്യതയും ആരോഗ്യരംഗത്തെ അടിസ്ഥാന സൗകര്യവും ആത്മവിശ്വാസം പകരുന്നതാണ്. നിലവില്‍ ആളുകള്‍ വാക്‌സിന്‍ എടുക്കാന്‍ ഉത്സാഹം കാണിക്കുന്നു. വാക്‌സിന്‍ വിമുഖതയുള്ള സ്ഥലങ്ങളിലാണ് വാക്‌സിനേഷന്‍ ബുദ്ധിമുട്ടാകുന്നത്. സാഹചര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള യോജിച്ച പരിശ്രമങ്ങളിലൂടെ എല്ലാവരിലും വാക്‌സിന്‍ എത്തിക്കാന്‍ കഴിയും എന്നാണ് ഞാന്‍ ശക്തമായി വിശ്വസിക്കുന്നത്.

Content Highlights: India to complete 100 crore vaccination doses with vaccine self-sufficiency, Health, Covid19, Covid Vaccination

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram