Representative Image | Photo: Gettyimages.in
ലോകത്തിന്റെ പലഭാഗത്തും കോവിഡിന്റെ പുതിയ വകഭേദങ്ങൾ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അതായത്, വെെറസ് ബാധ പെട്ടെന്നൊന്നും അവസാനിക്കില്ല എന്നതിന്റെ സൂചനയാണത്.
ഇതിനിടെ കോവിഡ് വാക്സിൻ സ്വീകരിക്കുന്ന തിരക്കിലാണ് ലോകജനത. പലതരം കോവിഡ് വാക്സിനുകൾ ഇപ്പോൾ ലഭ്യമാണ്. പരമാവധി ആളുകൾക്ക് വാക്സിൻ കവറേജ് നൽകുക എന്നതാണ് ഇപ്പോൾ ഓരോ രാജ്യവും ലക്ഷ്യമിടുന്നത്. നിശ്ചിത ഇടവേളകൾക്കിടയിൽ രണ്ടു ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്. എന്നാൽ വാക്സിന്റെ പ്രതിരോധം എത്രനാൾ നീണ്ടുനിൽക്കുമെന്നാണ് എല്ലാവർക്കും അറിയേണ്ടത്.
രോഗാണുവിനെതിരെ ശരീരത്തിന് രോഗപ്രതിരോധം നൽകുക എന്നതാണ് കോവിഡ് വാക്സിൻ ചെയ്യുന്നത്. ഇത് അണുബാധ വ്യാപിക്കാതിരിക്കാനും രോഗഭീഷണിയെ തടയാൻ സഹായിക്കുകയും ചെയ്യും. എന്നാൽ ഇത് പുതിയ വെെറസ് ആയതിനാലും പുതിയ വാക്സിനുകൾ ആയതിനാലും എത്ര കാലം വരെ വാക്സിനുകൾക്ക് ശരീരത്തിന് രോഗപ്രതിരോധം നൽകാൻ സാധിക്കുമെന്നതിന് കൃത്യമായ വിവരങ്ങൾ ലഭ്യമായിട്ടില്ല. എങ്കിലും നിരീക്ഷണങ്ങൾ തെളിയിക്കുന്നത് കോവിഡിനെതിരെ സ്വാഭാവിക ന്യൂട്രിലെെസിങ് ആന്റിബോഡികൾ ആറ്-ഏഴ് മാസത്തോളം ഉണ്ടാകും എന്നാണ്. ഈ കാലയളവ് തന്നെയായിരിക്കും വാക്സിനും ലഭിക്കുക.
നിലവിൽ സ്വീകരിക്കുന്ന ഒന്നോ രണ്ടോ ഡോസ് വാക്സിൻ കൊണ്ട് എക്കാലത്തേക്കും കോവിഡിനെ പിടിച്ചുകെട്ടാം എന്നൊന്നും ആരോഗ്യവിദഗ്ധർ കരുതുന്നില്ല. മറ്റ് വെെറൽ വാക്സിനുകളെ പോലെ ഈ വാക്സിനും കൃത്യമായ അപ്ഡേഷനും ബൂസ്റ്റർ ഡോസുകളും വേണ്ടിവരും. ചിലപ്പോൾ വർഷാവർഷം വാർഷിക ബൂസ്റ്ററുകൾ വേണ്ടിവന്നേക്കാം. കൊറോണ വെെറസിന് ജനിതകവ്യതിയാനങ്ങൾ ഉണ്ടാകുന്നുവെന്നതിനാൽ കൂടുതൽ ഡോസ് വാക്സിനുകൾ വേണ്ടിവരാനും സാധ്യതയുണ്ട്. നിലവിൽ ഫെെസർ- ബയോൺടെക് പോലുള്ള കമ്പനികൾ ബൂസ്റ്റർ ഡോസിന്റെ കാര്യക്ഷമത പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ജനിതകവ്യതിയാനം സംഭവിച്ച ഭൂരിഭാഗം കോവിഡ് വെെറസുകൾക്കെതിരെയും ഫലപ്രാപ്തി ലഭിക്കുന്ന ഒറ്റ ഡോസ് വാക്സിന്റെ കാര്യക്ഷമത പരിശോധനകളിലാണ് ജോൺസൺ ആൻഡ് ജോൺസൻ കമ്പനി.
കോവിഡ് ബാധിക്കാൻ ഉയർന്ന സാധ്യതയും അപകടഘടകങ്ങളും ഉള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിനുകൾ വേണ്ടിവരും. അമ്പതിന് മുകളിലുള്ളവരും വിവിധ രോഗങ്ങളുള്ളവരും കുട്ടികളുമൊക്കെ രോഗസാധ്യത കൂടുതലുള്ള വിഭാഗത്തിൽപ്പെടുന്നു. ഇവർക്ക് കൃത്യമായ പരിശോധനകളും വിദഗ്ധ ഉപദേശങ്ങളും വേണ്ടിവരും. വാക്സിൻ സ്വീകരിച്ചവരിൽ എന്തെങ്കിലും തരത്തിലുള്ള ഭീഷണിയുണ്ടെങ്കിൽ മാത്രം അധിക ഡോസ് വാക്സിൻ വേണ്ടിവരുകയുള്ളൂ.
Content Highlights: How long will the Covid19 vaccine stay effective, Health, Covid Vaccine