Representative Image | Photo: Gettyimages.in
ഗർഭകാലത്ത് കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച ഗർഭിണിക്ക് കോവിഡിനെതിരെയുള്ള ആന്റിബോഡി സാന്നിധ്യമുള്ള കുഞ്ഞ് പിറന്നതായി റിപ്പോർട്ട്.
ഗർഭകാലത്തിന്റെ 36 ാം ആഴ്ചയിലാണ് ഗർഭിണി മോഡേണ എ.ആർ.എൻ.എ. വാക്സിൻ സ്വീകരിച്ചത്. മൂന്നാഴ്ചയ്ക്ക് ശേഷം ഇവർ ആരോഗ്യവതിയായ പെൺകുഞ്ഞിന് ജൻമം നൽകി. ഉടൻതന്നെ കുഞ്ഞിന്റെ രക്തസാംപിൾ പരിശോധിച്ചപ്പോഴാണ് സാർസ് കോവ് 2 വെെറസിനെതിരെ പ്രതിരോധം നൽകുന്ന ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തിയതെന്ന് പഠനം നടത്തിയ യു.എസിലെ ഫ്ളോറിഡയിലെ അറ്റ്ലാന്റിക് സർവകലാശാലയിൽ നിന്നുള്ള പോൾ ഗിൽബർട്ടും ചാഡ് റൂഡ്നിക്കും പറഞ്ഞു.
കുഞ്ഞിന് അവർ മുലയൂട്ടുന്നുണ്ടെന്നും വാക്സിനേഷൻ പ്രോട്ടോക്കോൾ പ്രകാരം വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസം കഴിഞ്ഞ് രണ്ടാമത്തെ ഡോസ് അവർ സ്വീകരിച്ചുവെന്നും ഡോക്ടർമാർ പറഞ്ഞു.
കോവിഡ് മുക്തരായ അമ്മമാരുടെ ശരീരത്തിൽ നിന്നും പ്ലാസന്റ വഴി ഗർഭസ്ഥ ശിശുവിലേക്ക് ആന്റിബോഡികൾ കുറഞ്ഞ അളവിലാണ് കെെമാറ്റം ചെയ്യപ്പെടുന്നതെന്നാണ് പഠനങ്ങളിൽ കണ്ടെത്തിയത്. അമ്മമാർക്ക് വാക്സിൻ നൽകുക വഴി ഗർഭസ്ഥ ശിശുവിന് അണുബാധയേൽക്കാനുള്ള സാധ്യത കുറയുമെന്നാണ് ഇപ്പോഴത്തെ പഠനങ്ങളിൽ നിന്നും വ്യക്തമായത്.
Content Highlights: First known baby born with antibodies after mother vaccinated, Health, Covid Vaccine