പോളിയോയെ പിടിച്ചുകെട്ടിയതുപോലെ കൊറോണയെയും നാം കീഴടക്കും: ഡോ. ഷാം നമ്പുള്ളി


4 min read
Read later
Print
Share

സാര്‍സ് കൊറോണ വൈറസ് 2- ല്‍ നിന്നുള്ള സ്‌പൈക്ക് പ്രോട്ടീനും മീസില്‍സ് വൈറസുമടങ്ങുന്ന കോവിഡ് വാക്‌സിന്‍ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ഡോ. ഷാം നമ്പുള്ളി ഉള്‍പ്പടെയുള്ള സംഘമിപ്പോള്‍

ഡോ. ഷാം നമ്പുള്ളി

പോളിയോ വാക്സിൻ കണ്ടെത്തിയ പിറ്റ്സ്ബർഗ് സർവകലാശാലയിലെ സെന്റർ ഫോർ വാക്സിൻ റിസർച്ചിലെ ബയോ സേഫ്റ്റി ലെവൽ-3 ലാബിൽ സീനിയർ റിസർച്ച് സയന്റിസ്റ്റാണ് തൃശ്ശൂർ പഴയന്നൂർ സ്വദേശി ഡോ. ഷാം നമ്പുള്ളി.

സാർസ് കൊറോണ വൈറസ് 2- ൽ നിന്നുള്ള സ്പൈക്ക് പ്രോട്ടീനും മീസിൽസ് വൈറസുമടങ്ങുന്ന കോവിഡ് വാക്സിൻ രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് ഇദ്ദേഹമടങ്ങുന്ന സംഘമിപ്പോൾ. റീകോംബിനന്റ് വെക്ടർ വാക്സിനെന്നാണ് ശാസ്ത്രീയമായി ഇത് അറിയപ്പെടുന്നത്. കുരങ്ങിലുൾപ്പടെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തീകരിച്ചിരിക്കയാണ്.

1950- കളിൽ പിറ്റ്സ്ബർഗ് യൂണിവേഴ്സിറ്റിയിലെ ഡോ. ജോനാസ് സാൾക്കിന്റെ പോളിയോ വാക്സിൻ കണ്ടുപിടിത്തമാണ് ലോകത്തെ പോളിയോ നിർമ്മാർജനത്തിന് ഹേതുവായതെന്ന യാഥാർഥ്യമാണ് ഇവരുടെ ലക്ഷ്യങ്ങൾക്ക് പ്രചോദനമാകുന്നത്. ഡോ. ഷാം നമ്പുള്ളിയുമായി നടത്തിയ അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

കൊറോണ വൈറസിന് പലവിധത്തിലുള്ള രൂപാന്തരം സംഭവിക്കുന്നതായി വ്യക്തമാകുന്നുണ്ട്. അത്തരമൊരു സാഹചര്യത്തിൽ ഈ വാക്സിന്റെ ഫലപ്രാപ്തിയെന്താകും?

എല്ലാതരം വൈറസുകളിലും മാറ്റങ്ങളുണ്ടാകും. പക്ഷേ, എല്ലാം രൂപാന്തരങ്ങളല്ല. പരമ്പരാഗതമായ ചെറിയ മാറ്റങ്ങൾ എല്ലാ വൈറസുകളിലുമുണ്ടാകും. അതിൽ അദ്ഭുതമില്ല; പ്രത്യേകിച്ച് ആർ.എൻ.എ. വൈറസ്. സാർസ് കൊറോണ വൈറസെന്നത് ആർ.എൻ.എ. വൈറസാണ്. ഏതുവാക്സിനും ഫലപ്രദമാകേണ്ടതാണ്. കൊറോണ വൈറസ് വന്നവരുടെ സിറമെടുത്ത് ഗവേഷകർ പരീക്ഷണം നടത്തിയിരുന്നു. അതിൽനിന്ന് ആന്റിബോഡികളെടുത്ത് ചെറുതായി രൂപാന്തരപ്പെട്ടിട്ടുള്ള (വേരിയന്റ്) വൈറസിൽ വിജയകരമാകുമോയെന്നും പരിശോധിച്ചിരുന്നു. പ്രവർത്തിക്കുന്നതായി കണ്ടെത്തുകയും ചെയ്തു. ഫലപ്രാപ്തിയെക്കുറിച്ച് കൂടുതലായി ഇപ്പോൾ പറയാൻപറ്റില്ല. തുടർഗവേഷണങ്ങളും പഠനങ്ങളും ഇനിയും നടക്കും.

കോവിഡിനെ പ്രതിരോധിക്കാൻ കുത്തിവെപ്പുതന്നെയാണോ ഫലപ്രദമായ മാർഗം? എന്തുകൊണ്ട്?

വൈറസുകൾ മറ്റ് അണുക്കളായ ബാക്ടീരിയ, ഫംഗസ്, പാരസൈറ്റ് പോലെയല്ല. വളരെ വളരെ ചെറുതാണ്. കോശങ്ങളിൽമാത്രമേ അതിന് ജീവിക്കാൻ സാധിക്കൂ. ഇൻട്രാ സെല്ലുലാർ എന്നുപറയും. വൈറസിനെതിരായി മരുന്നുകൾ കണ്ടെത്തുക ക്ഷിപ്രസാധ്യവുമല്ല. മരുന്നുകൾക്ക് പാർശ്വഫലസാധ്യതയുമുണ്ട്. വാക്സിനാണ് വൈറസിനെതിരായുള്ള ഏറ്റവും ഫലപ്രദ പോംവഴി. ഹെപ്പെറ്റെറ്റിസ് ബി, മീസിൽസ്, പോളിയോ എന്നിവയ്ക്കെല്ലാം വാക്സിനുകളാണ് ഫലപ്രദം. എച്ച്.ഐ.വി.ക്ക് വാക്സിനുകളായിട്ടില്ലെങ്കിലും മികച്ച മരുന്നുകൾ ലഭ്യമാണ്. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ വൈറസ് വാക്സിൻ പുറത്തിറങ്ങിയിട്ടുള്ളത് കൊറോണയ്ക്കെതിരേയാണ്. പത്തു വർഷമെടുത്താണ് ലോകത്ത് പല വാക്സിനുകളും പുറത്തിറങ്ങിയിട്ടുള്ളത്. വാക്സിനാണ് വൈറസുകൾക്കെതിരേ ഏറ്റവും മികച്ച രോഗപ്രതിരോധം. മിക്ക വാക്സിനുകളും ജീവിതകാലംമുഴുവനും സംരക്ഷണം നൽകുമെന്നതാണ് പ്രത്യേകത.

വൈറസ് മൂലമുള്ള അസുഖം വന്നാൽ കണ്ടെത്താൻ സമയം വേണ്ടിവരും. പിടിപെട്ടാൽ ചികിത്സതന്നെയേ വഴിയുള്ളൂ. ഏറ്റവും മികച്ച വാക്സിൻ വരുന്നതുവരെ കൊറോണയ്ക്കെതിരായ ചികിത്സയിൽ മികച്ച ബദൽമാർഗം കണ്ടെത്തേണ്ടതുണ്ട്. പുതിയ വൈറസുകൾമൂലം വരുന്ന പകർച്ചവ്യാധികളിൽ തുടക്കത്തിൽ ചികിത്സയോ വാക്സിനോ ഉണ്ടാകുന്നില്ല. ഇതുതന്നെയാണ് വൈറസ്രോഗങ്ങളിൽ ലോകം നേരിടുന്ന വെല്ലുവിളി.

വാക്സിന്റെ ഘടനയും പ്രവർത്തനരീതിയുമെങ്ങനെ?

ഞങ്ങളുടെ പരീക്ഷണത്തിലുൾപ്പെടുത്തിയിരിക്കുന്നത് ജീവനുള്ള നിർവീര്യമാക്കിയ ശക്തികുറഞ്ഞ വൈറസുകളെയാണ് (Live Attenuated Vaccine). മീസിൽസ് വാക്സിൻ വൈറസിൽ കൊറോണ വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ക്ലോൺ ചെയ്തെടുക്കണം. അതിന് കൂടുതൽ സമയമെടുക്കും. അമേരിക്കൻ കമ്പനിയായ മോഡേണ ഇറക്കിയത് എം.ആർ.എൻ.എ.(മെസെഞ്ചർ ആർ.എൻ.എ.) ന്യൂ ടെക്നോളജി വാക്സിനാണ്. ശരീരത്തിൽ പ്രവേശിച്ചാൽ അതിൽ സന്നിവേശിപ്പിച്ചിരിക്കുന്ന കോഡ് ഉപയോഗിച്ച് സ്പൈക്ക് പ്രോട്ടീനിന്റെ ഒരു ഭാഗമുണ്ടാക്കുന്നു. അതിനെ എപിടോപ്പ് എന്നുപറയും. പുറത്തുനിന്നുള്ള അധിനിവേശമാണെന്ന് ശരീരം തിരിച്ചറിഞ്ഞ് ആന്റി ബോഡികൾ ഉണ്ടാക്കും. ടി സെൽ, ബി സെൽ, മെമ്മറി സെൽ തുടങ്ങിയ സെല്ലുകളുണ്ടാക്കി സംരക്ഷണവും നൽകും. ഉദാഹരണത്തിന് അഞ്ചുവർഷത്തിനുശേഷം ഈ കുത്തിവെപ്പെടുത്ത ശരീരത്തിൽ കൊറോണ വൈറസ് പ്രവേശിച്ചാൽ മെമ്മറി സെല്ലുകൾ ഓർമിച്ചെടുത്ത് ഈ വൈറസിനെ ഇല്ലാതാക്കും.

പ്രതിരോധകുത്തിവെപ്പുകളുടെ പാർശ്വഫലങ്ങളെക്കുറിച്ച്

ഇപ്പോഴത്തെ സാഹചര്യത്തിൽ പാർശ്വഫലമെന്നത് രണ്ടാമത്തെ ഘടകമാണ്. കൊറോണ മഹാമാരിക്കെതിരേ പ്രതിരോധമാണ് പരമപ്രധാനം. ഇപ്പോഴിറങ്ങിയ വാക്സിനുകളിൽനിന്ന് രണ്ടുവർഷം കഴിഞ്ഞാൽ എന്ത് പാർശ്വഫലംവരുമെന്നത് ഇപ്പോൾ പറയാൻ സാധിക്കില്ല. വാക്സിനുകളുടെ ഗുണമേന്മ നിശ്ചയിക്കുന്നത് ഫലപ്രാപ്തിയിലൂടെയാണ്. മോഡേണയെപ്പോലെയുള്ള വാക്സിനുകൾ ക്ലിനിക്കൽ ട്രയലിൽ 95 ശതമാനം ആളുകളിലും മികച്ച ഫലമുണ്ടാക്കിയിട്ടുണ്ട്. ഈ വാക്സിനുകൾ കുത്തിവെക്കുന്ന ഭാഗത്ത് (സൈറ്റ് ഓഫ് ഇൻജക്ഷൻ) ചിലർക്ക് വേദന, ചിലർക്ക് തലവേദന തുടങ്ങിയ ചെറിയ പ്രശ്നങ്ങളേയുള്ളൂ.

വാക്സിന്റെ കണ്ടെത്തലിന്റെ വഴികൾ ചുരുക്കിപ്പറയാമോ. ഇന്ത്യയിൽനിന്നുള്ള പങ്കാളികളുണ്ടോ?

ഫെബ്രുവരിമാർച്ച് മാസത്തോടെ വാക്സിൻ പരീക്ഷണത്തെക്കുറിച്ച് ആലോചിച്ചുതുടങ്ങി. ലോകത്തിലെത്തന്നെ മികച്ച വാക്സിനുകളിലൊന്നാണ് മീസിൽസ് വാക്സിൻ. മീസിൽസിന്റെ ജനിറ്റിക് മെറ്റീരിയലിൽ സാർസിന്റെ സ്പൈക്ക് പ്രോട്ടീൻവെച്ച് പരീക്ഷണംനടത്തി. അത് വിജയകരമായിരുന്നതിനാൽ പരീക്ഷണം തുടരുകയായിരുന്നു. അതെല്ലാം പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈറസിനെ വളർത്തുന്ന സമയത്താണ് പുണെയിലെ സിറം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിക്കുന്നത്. തുടർന്ന് വൈറസ് അവർക്കയച്ചുകൊടുത്തിരുന്നു. പിന്നീട് ആ വൈറസിനെ വാക്സിൻ (മെഡിസിൻ) രീതിയിലാക്കി വൈറസിനെ സ്റ്റേബിളാക്കി (ഫോർമുലേഷൻ നടത്തി) തിരിച്ചുനൽകി. അത് എലികളിലും കുരങ്ങുകളിലും പരീക്ഷിച്ചു. ന്യൂട്രലൈസിങ് ആന്റിബോഡികൾ ലഭിക്കുകയുമുണ്ടായി. പ്രാഥമിക ഡേറ്റയാണെങ്കിലും വിജയകരമാണ്. തുടർപരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരിക്കയാണ്. യൂണിവേഴ്സിറ്റിതലത്തിൽ നടക്കുന്ന പരീക്ഷണങ്ങൾ ഒരുഘട്ടംതന്നെ പലതവണ പരിശോധിച്ചുറപ്പുവരുത്തും. അതിനാലാണ് അക്കാദമിക് റിസർച്ചുകൾക്ക് ദൈർഘ്യം കൂടുന്നത്. ഞങ്ങളുടേത് കൺവെൻഷണൽ വാക്സിനുകളുടെ (ലൈവ് ആറ്റിന്യൂട്ടഡ് വാക്സിൻ) ഗണത്തിൽ ഉൾപ്പെടുന്നതിനാൽ പുറത്തിറങ്ങാൻ സമയമെടുക്കും.

ജനിതകമാറ്റം സംഭവിച്ച കൊറോണ മാനവരാശിക്ക് അപകടം വിതയ്ക്കുമോ

ജനിതകമാറ്റം സംഭവിച്ച വൈറസ് അപകടകരമാണെന്നുള്ള വാർത്ത പ്രാഥമിക വിവരംമാത്രമാണ്. ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടില്ല. മാസ്ക് ധരിക്കൽ, ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകഴുകൽ, സാനിറ്റൈസ് ചെയ്യൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ ജാഗ്രതപാലിച്ചാൽ വൈറസ് സംക്രമണം തടയാൻ കഴിയും. സ്പൈക്കുകളിലുണ്ടാകുന്ന ജനിതകമാറ്റം നോർമലാണ്. അവ ലാബിൽകൊണ്ടുവന്ന് മൃഗങ്ങളിൽ വിശദമായ പഠനം നടത്തിയാലേ എത്രമാത്രം അപകടകാരിയാണെന്ന് കൃത്യമായി ഉത്തരം നൽകാൻ കഴിയൂ. അല്ലാതെ പെട്ടെന്നൊരുത്തരം നൽകാൻ ശാസ്ത്രലോകത്തിന് കഴിയില്ല.

പക്ഷേ, എനിക്കറിയാൻ സാധിച്ചത് പുതിയ ജനിതകമാറ്റം സംഭവിച്ച വൈറസിനെ പഴയ വൈറസുമൂലം കൊറോണ ബാധിച്ചവരിൽനിന്നുള്ള ആന്റി ബോഡി ന്യൂട്രലൈസ് ചെയ്യുന്നുവെന്നാണ്. അതുകൊണ്ട് ചെറിയരീതിയിലുള്ള ജനിതകമാറ്റങ്ങൾ വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നില്ലെന്നുവേണം കരുതാൻ.

പിറ്റ്സ്ബർഗ് സർവകലാശാല വികസിപ്പിക്കുന്ന വാക്സിന്റെ പ്രത്യേകതയെന്താണ്

ഞങ്ങളുടെത് റീ കോംബിനന്റ് വെക്ടർ വാക്സിനാണ്. എന്നുവെച്ചാൽ അണുക്കളുടെ പ്രോട്ടീൻ മാറ്റിമാറ്റി പരീക്ഷണം നടത്താമെന്നതാണ്. എളുപ്പത്തിൽ കട്ട് ആൻഡ് പേസ്റ്റ് എന്നുപറയാം. ഇവിടെ വെക്ടറായി ഉപയോഗിക്കുന്ന മീസിൽസ് വൈറസുകളിൽ സാർസ് കൊറോണ വൈറസുകൾക്കുപകരം മറ്റുള്ളവ മാറ്റി പരീക്ഷിക്കാം. റീകോംബിനന്റിന്റെ സവിശേഷതയും പ്രത്യേകതയുമതാണ്

Content Highlights: Dr.Sham Nambulli a malayalee included in Covid vaccine research team of US speaks about the vaccine, Health, Covid19, Corona Virus

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram