കോവിഡ് വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍: ഡോ.ബി. ഇക്ബാല്‍ എഴുതുന്നു


3 min read
Read later
Print
Share

ഡോ.ബി. ഇക്ബാല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ്

Photo: AP

കോവിഡ് വാക്‌സിന്‍ വിതരണം അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍ക്കെതിരേ പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോ. ബി. ഇക്ബാല്‍ എഴുതുന്നു. അദ്ദേഹം ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് വായിക്കാം.

കോവിഡ് വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങള്‍

വസൂരിക്കെതിരായ വാക്‌സിന്‍ കണ്ടുപിടിച്ച കാലം മുതല്‍ വാക്‌സിനേഷനെതിരെ വളരെ ശക്തമായ പ്രചാരണം നടത്തുന്ന ഗ്രൂപ്പുകളും ലോബികളും വിവിധ രാജ്യങ്ങളില്‍ വളര്‍ന്ന് വന്നിട്ടുണ്ട്. ഇവരെ ആന്റി വെക്‌സേര്‍ഴ്‌സ് (Anti Vexxers) എന്നാണ് പൊതുവില്‍ വിളിക്കുന്നത്. വസൂരിക്കെതിരായ ഗോവസൂരി പ്രയോഗത്തിന് വിധേയരാവുന്നവര്‍ പശുവിന്റെ ശരീര സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുമെന്നുവരെ തികച്ചും ബാലിശമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിരുന്നു ശാസ്തീയപഠനങ്ങള്‍ തെറ്റാണെന്ന് തെളിയിച്ചിട്ടു പോലും എം.എം.ആര്‍. വാക്‌സിന്‍ ഓട്ടിസത്തിന് കാരണമാവുമെന്ന് ഇപ്പോഴും ആവര്‍ത്തിച്ച് അപവാദം പ്രചരിപ്പിച്ച് വരുന്നുണ്ട്.

ആധുനികകാലത്ത് സാമൂഹ്യശൃംഖലകള്‍ വാക്‌സിന്‍ വിരുദ്ധത വിനിമയം ചെയ്യുന്നതിനുള്ള വലിയ സാധ്യത തുറന്നിട്ടുണ്ട്. വാക്‌സിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് പല ശാസ്ത്രീയാടിത്തറയുള്ള സാങ്കേതിക വിദ്യകള്‍ക്കുമെതിരെയുള്ള തെറ്റായ വിവരങ്ങളുടെ പകര്‍ച്ചവ്യാധി (Epidemic of Misinformation) സാമൂഹ്യശൃംഖലകളില്‍ വ്യാപിച്ച് വരുകയും വിദ്യാസമ്പന്നരെപോലും തെറ്റിദ്ധരിപ്പിക്കയും ചെയ്യുന്നുണ്ട്.

Dr.B Ekbal
ഡോ.ബി. ഇക്ബാല്‍

കോവിഡ് വാക്‌സിനെതിരെ പ്രതീക്ഷിച്ച എതിര്‍പ്പുണ്ടായിട്ടില്ലെങ്കിലും അമേരിക്കയില്‍ പോലും തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ച് വരുന്നു. ഫൈസര്‍, മൊഡോണ തുടങ്ങിയ കമ്പനികളുടെ എം.ആര്‍.എന്‍.എ. വാക്‌സിനുകള്‍ മനുഷ്യരുടെ ജനിതകഘടനയില്‍ മാറ്റം വരുത്തുമെന്നതാണ് ഒരു പ്രധാന ആരോപണം. ഇതിന് യാതൊരു ശാസ്തീയാടിത്തറയുമില്ല. മനുഷ്യകോശങ്ങളെ വൈറല്‍ പ്രോട്ടീന്‍ നിര്‍മ്മിക്കാന്‍ എം.ആര്‍.എന്‍.എ. പ്രേരിപ്പിക്കുക മാത്രമാണ് ചെയ്യുക. വാക്‌സിന്‍ ആര്‍.എന്‍.എ. മനുഷ്യകോശത്തിലെ ന്യൂക്ലിയസ്സിലേക്ക് കടക്കുകയോ ഡി.എന്‍.എ.യുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുന്നതേയില്ല. ഡി.എന്‍.എ. വാക്‌സിനുകളും ഇങ്ങനെ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്, കോവിഡ് വാക്‌സിനുകള്‍ വന്ധ്യതയ്ക്ക് കാരണമാവുമെന്നാണ് മറ്റൊരു വിമര്‍ശനം. കോശസഞ്ചാരത്തെ നിയന്ത്രിക്കുന്ന സൈനെക്ടിന്‍ (Synectin) എന്ന പ്രോട്ടീനും വൈറസ് സ്‌പൈക്ക് പ്രോട്ടിനും തമ്മില്‍ സാമ്യമുണ്ടെന്ന് വ്യാഖ്യാനിച്ചാണ് ഈ നിഗമനത്തില്‍ എത്തിയിട്ടുള്ളത്. അമിനോ ആസിഡുകളാല്‍ നിര്‍മ്മിക്കപ്പെടുന്ന പ്രോട്ടീനുകള്‍ തമ്മില്‍ സ്വാഭാവികമായുള്ള ചില സാമ്യം മാത്രമാണ് സൈനെക്ടിനും സ്‌പൈക്ക് പ്രോട്ടീനും തമ്മിലുള്ളതെന്ന് മാത്രം. കോവിഡ് വാക്‌സിനുകള്‍ക്ക് മരണമടക്കമുള്ള ഗുരുതരങ്ങളായ പാര്‍ശ്വഫലങ്ങളുണ്ടെന്ന പച്ച കള്ളങ്ങളും പല വാക്‌സിന്‍ വിരുദ്ധരും പ്രചരിപ്പിച്ച് വരുന്നുണ്ട്. കോടിക്കണക്കിനാളുകള്‍ക്ക് വാക്‌സിന്‍ നല്‍കിയതില്‍ വളരെ കുറച്ച് പേരില്‍ മാത്രമാണ് അത്ര ഗൗരവതരമല്ലാത്ത പാര്‍ശ്വഫലങ്ങള്‍ ഇതിനകം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

വാക്‌സിന്‍ ഉത്പാദനവും വിതരണവും അതിവേഗം നടത്തുന്നതിനായുള്ള സ്വകാര്യ-പൊതു സംരംഭത്തിന് ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് (Operation Warp Speed) എന്ന പേരിട്ടത് ജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കാന്‍ കാരണമായിട്ടുണ്ടെന്ന് കരുതുന്നവരുണ്ട്. സ്റ്റാര്‍ സ്റ്റെക്ക് (Star Trek: 1960s) എന്ന സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ അതിവേഗം എന്ന അര്‍ഥത്തില്‍ വാര്‍പ്പ് (Warp) എന്ന് വിശേഷണം ഉപയോഗിച്ചതിനെ അനുകരിച്ചാണ് ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്ന പ്രയോഗിച്ചത്. വാര്‍പ്പ് എന്ന വാക്കിന് ദുഷിപ്പിക്കുക, വക്രീകരിക്കുക എന്നീ അര്‍ഥങ്ങളുള്ള സ്ഥിതിക്ക് ഓപ്പറേഷന്‍ സേഫ് വാക്‌സിന്‍ (Operation Safe Vaccine) എന്ന് പ്രയോഗിച്ചിരുന്നെങ്കില്‍ ജനങ്ങളുടെ തെറ്റിദ്ധാരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമായിരുന്നുവെന്ന് കരുതുന്നവരുണ്ട്.

കോവിഡ് വാക്സിൻ വിരുദ്ധ പ്രചാരണങ്ങൾ വസൂരിക്കെതിരായ വാക്സിൻ കണ്ടുപിടിച്ച കാലം മുതൽ വാക്സിനേഷനെതിരെ വളരെ ശക്തമായ പ്രചാരണം...

Posted by Ekbal Bappukunju on Wednesday, March 31, 2021

വാക്‌സിന്‍ വിരുദ്ധപ്രചരണത്തില്‍ പൂര്‍ണ്ണമായി കുടുങ്ങാത്തവര്‍ പോലും സംശയാലുക്കളായി വാക്‌സിന്‍ സ്വീകരിക്കാന്‍ മടിച്ച് നില്‍ക്കുന്നുണ്ട്. വാക്‌സിന്‍ ശങ്ക (Vaccine Hesitancy) എന്ന് വിശേഷിപ്പിക്കപ്പെടാറുള്ള ഇത്തരം മനോഭാവങ്ങളും ത്വരിതഗതിയില്‍ വാക്‌സിന്‍ വിതരണം പൂര്‍ത്തിയാക്കി അവശ്യാനുസരണം ഹേര്‍ഡ് ഇമ്മ്യൂണിറ്റി (സാമൂഹ്യ പ്രതിരോധം) കാലവിളംബം കൂടാതെ വളര്‍ത്തിയെടുക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുന്നുണ്ട്. വ്യാപകമായ പൊതുജന ബോധവത്ക്കരണത്തിലൂടെ വേണം വാക്‌സിന്‍ വിരുദ്ധ പ്രചാരണങ്ങളെ അതിജീവിക്കാന്‍.

അമേരിക്കന്‍ ശിശുരോഗവിദഗ്ധനായ പോള്‍ ഓഫിറ്റ് (Paul Allan Offit: 1951- ഫിലാഡല്‍ ഫിയ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാക്‌സിന്‍ ഏഡ്യൂക്കേഷന്‍ സെന്ററിലൂടെ വാക്‌സിന്‍ വിരുദ്ധപ്രചാരകര്‍ക്ക് നിരന്തരം ശാസ്തീയമായ മറുപടി നല്‍കിവരുന്നുണ്ട്. ഡെഡ് ലി ചോയിസസ് (Deadly Choices: How the Anti-Vaccine Movement Threatens Us All: 2011) തുടങ്ങി പ്രത്യേകിച്ചും കുട്ടികളുടെ ജീവന്‍ അപകടത്തിലാക്കുന്ന വാക്‌സിന്‍ വിരുദ്ധ ലോബിയെ തുറന്ന് കാട്ടുന്ന നിരവധി പുസ്തകങ്ങളും ഓഫിറ്റ് രചിച്ചിട്ടുണ്ട്.

Content Highlights: Dr. B. Ekbal writes against Covid Vaccine Misinformations, Health, COVID19, Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram