Representative Image | Photo: Gettyimages.in
കോവിഡ് ഭീഷണിയെക്കുറിച്ച് നാം ബോധവാന്മാരായിട്ട് കൊല്ലം ഒന്ന് തികയുന്നു. ഇപ്പോഴും ലോകമാസകലം രോഗം വിതയ്ക്കുകയാണ് വൈറസ്. ദിവസവും അഞ്ചുലക്ഷത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യുന്നു. പതിനായിരത്തിലധികം ആളുകൾ ഓരോ ദിവസവും മരിക്കുന്നു. ചുരുങ്ങിയ കാലത്തിനുള്ളിൽ ലക്ഷക്കണക്കിന് പഠനങ്ങളാണ് കോവിഡിനെ ക്കുറിച്ച് പ്രസിദ്ധീകരിച്ചിട്ടുള്ളത്. എന്നാൽ, എന്താണ് നാം ഇതുവരെ നടത്തിയ ഗവേഷണങ്ങളുടെ ആകെത്തുക? 2021-ലെങ്കിലും കോവിഡിനെ പിടിച്ചുകെട്ടാൻ സാധിക്കുമോ?
എല്ലാവർക്കും അറിയാൻ താത്‌പര്യമുള്ളത് വാക്സിൻ വികസനത്തെക്കുറിച്ചുതന്നെയാകും. മനുഷ്യരിലുള്ള പരിശോധനയുടെ പല ഘട്ടങ്ങളിലായി അമ്പതോളം വാക്സിനുകൾ വിവിധ കമ്പനികളുടെയും രാജ്യങ്ങളുടെയുമായി ഉണ്ട്. ഇതിനുപുറമേ പരിശോധനകളുടെ ആദ്യഘട്ടത്തിലുള്ള (വിവിധതരം ലബോറട്ടറി ടെസ്റ്റുകളും മൃഗങ്ങളിൽ ഉള്ള പരീക്ഷണങ്ങളും) 150-ലേറെ സാധ്യതാവാക്സിനുകളും ഉണ്ട്.
ചൈനയിലും റഷ്യയിലുമായി ആറ് വാക്സിനുകൾ മനുഷ്യരിൽ കൊടുത്തുതുടങ്ങാൻ അനുമതിയായിക്കഴിഞ്ഞു.
ഫേസ് ത്രീ ക്ലിനിക്കൽ ട്രയൽ എന്ന അന്തിമ പരിശോധന നടത്താതെയാണ് ഈ വാക്സിനുകൾ ആളുകൾക്ക് കൊടുക്കാൻ റഷ്യൻ, ചൈനീസ് സർക്കാരുകൾ തീരുമാനിച്ചത് എന്നതിനാൽ ഇവയുടെ സുരക്ഷയെപ്പറ്റി ആശങ്ക നിലനിൽക്കുന്നുണ്ട്. അമേരിക്കൻ മരുന്നുകമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും ചേർന്ന് വികസിപ്പിച്ച എം.ആർ.എൻ.എ. കോവിഡ് വാക്സിന് യു.കെയും അമേരിക്കയും ഉൾപ്പടെയുള്ള ചില രാജ്യങ്ങൾ ഇതിനകം അനുമതിനൽകിയിട്ടുണ്ട്.
വാക്സിനുകളെ സംബന്ധിച്ച് രണ്ടുകാര്യങ്ങൾ വളരെ പ്രധാനമാണ്. ഒന്നാമതായി വാക്സിൻ കിട്ടുന്നവരിൽ ഭൂരിഭാഗം ആളുകളിലും കോവിഡിനെതിരേ ശക്തമായ പ്രതിരോധം ഉണ്ടാകണം. രണ്ടാമതായി പാർശ്വഫലങ്ങൾ വളരെ കുറവായിരിക്കണം. ഈ കാര്യങ്ങൾ ഉറപ്പുവരുത്താനാണ് ഇത്രയധികം പരീക്ഷണങ്ങളിലൂടെ വാക്സിനുകളെ കടത്തിവിടുന്നത്. ഇങ്ങനെയല്ലാതെ വാക്സിൻ വിതരണം ചെയ്താൽ പൊതുജനത്തിന് അതിലുള്ള വിശ്വാസത്തിന് കോട്ടം തട്ടുകയും കോവിഡ് പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും.
2020 ജനുവരിയിൽ വൈറസിന്റെ ജനിതക കോഡ് വെളിപ്പെട്ടതോടെയാണ് വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. സാധാരണഗതിയിൽ വർഷങ്ങൾ നീണ്ടുനിൽക്കുന്ന പ്രക്രിയയാണ് വാക്സിൻ വികസനം. എന്നാൽ സവിശേഷ സാഹചര്യം പരിഗണിച്ച് അതീവ പ്രാധാന്യം നൽകിയാണ് കോവിഡ് വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വിവിധ കോണുകളിൽനിന്നുണ്ടായത്. എങ്കിലും എല്ലാ പരീക്ഷണങ്ങളും കഴിഞ്ഞ് ഫലപ്രദമായ വാക്
സിൻ എല്ലാവർക്കും ലഭ്യമായിത്തുടങ്ങാൻ ഇനിയും സമയമെടുത്തേക്കും. രോഗബാധയ്ക്ക് ഏറ്റവുമധികം സാധ്യതയുള്ള ആരോഗ്യപ്രവർത്തകർക്കാവും ആദ്യം വാക്സിൻ ലഭിക്കുക. 60 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കും ഗുരുതര രോഗങ്ങളുള്ളവർക്കും ഗർഭിണികൾക്കുമൊക്കെ അടിയന്തര പ്രാധാന്യം നൽകി വാക്സിൻ ലഭ്യമാക്കിയേക്കും. മറ്റുള്ളവർക്ക് വാക്സിൻ ലഭിക്കാൻ കൂടുതൽ സമയമെടുക്കാം. വാക്സിനേഷൻ പ്രവർത്തനങ്ങൾ ഒരുവർഷത്തിലധികം നീണ്ടുനിൽക്കാനും സാധ്യതയുണ്ട്.
പ്രതീക്ഷ നൽകുന്ന വാക്സിനുകൾ
ഓക്സ്‌ഫഡ് വാക്സിൻ
ഓക്സ്‌ഫഡ് സർവകലാശാലയും ആസ്ട്ര സെൻക കമ്പനിയും ചേർന്ന് വികസിപ്പിക്കുന്ന ഈ വാക്സിൻ പദ്ധതിയിൽ ഇന്ത്യയിലെ സീറം ഇൻസ്റ്റിറ്റ്യൂട്ടും പങ്കാളിയാണ്. വലിയ അളവിൽ വാക്സിൻ നിർമിക്കാനുള്ള സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കഴിവ് ഈ വാക്സിന് മുൻതൂക്കം നൽകുന്നു. ചിമ്പാൻസി അഡിനോ വൈറസിനെ അടിസ്ഥാനപ്പെടുത്തി നിർമിക്കുന്ന വാക്സിൻ കൊറോണാ വൈറസ് പ്രോട്ടീനുകളെ ശരീരത്തിനുള്ളിൽ എത്തിക്കുകയും അതിനെതിരേ ആന്റിബോഡികൾ നിർമിക്കാൻ ശരീരത്തെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. നിരുപദ്രവകാരികളായ അഡിനോവൈറസുകളെ വാഹനമായി ഉപയോഗിച്ച് കൊറോണാ വൈറസ് പ്രോട്ടീൻ ശരീരത്തിൽ എത്തിക്കുന്ന സാങ്കേതിക വിദ്യയാണ് ഇത്. പ്രസ്തുത പ്രോട്ടീനുകൾക്കെതിരേ ശരീരം ആന്റിബോഡി വികസിപ്പിക്കുന്നതോടെ വാക്സിൻ ലഭിച്ചയാൾക്ക് രോഗപ്രതിരോധശേഷി ലഭിക്കുമെന്നാണ് അനുമാനം. 2020 ഏപ്രിൽ മാസത്തിൽ ക്ലിനിക്കൽ ട്രയൽ തുടങ്ങിയ ഈ വാക്സിൻ 70 വയസ്സുകഴിഞ്ഞ ആളുകളിലും ശക്തമായ രോഗപ്രതിരോധശേഷി ഉണ്ടാക്കി എന്നാണ് കമ്പനി നവംബറിൽ റിപ്പോർട്ട് ചെയ്തത്.
ഭാരത് ബയോടെക്/ഐ.സി.എം.ആർ. വാക്സിൻ
ഇന്ത്യൻ വൈദ്യശാസ്ത്ര ഗവേഷണ കൗൺസിലും ഭാരത് ബയോടെക് എന്ന കമ്പനിയും ചേർന്ന് വികസിപ്പിക്കുന്ന വാക്സിനാണ് ഇത്. കൂടെ ഇന്ത്യൻ ദേശീയ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടും ഉണ്ട്. നിർജീവമാക്കിയ കൊറോണാ വൈറസിനെ ഉപയോഗിച്ചുള്ള വാക്സിന്റെ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾ ഒക്ടോബറിൽ ആരംഭിച്ചിരുന്നു. നിർജീവ വൈറസിനെ ഉപയോഗിച്ചുള്ള വാക്സിനുകൾക്ക് ആന്റിബോഡി ഉത്‌പാദനത്തിന് ശരീരത്തെ പ്രേരിപ്പിക്കാനുള്ള കഴിവ് കുറവാണ് എന്നത് ന്യൂനതയാണ്.
മൊഡേണ/ അമേരിക്കൻ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ
രണ്ട് ഡോസുകൾ ഉള്ള, മെസഞ്ചർ ആർ.എൻ.എയിൽ അടിസ്ഥാനപ്പെടുത്തിയ വാക്സിനാണ്, മൊഡേണ എന്ന അമേരിക്കൻ കമ്പനിയും അമേരിക്കൻ ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്ന് വികസിപ്പിക്കുന്നത്. വൈറസിന്റെ ജനിതക പദാർഥങ്ങളിലൊന്നായ മെസഞ്ചർ ആർ.എൻ.എ.യാണ് വാക്സിൻ നിർമാണത്തിന് ഉപയോഗിക്കുന്നത്. രോഗബാധ ഉണ്ടാകുമോ എന്ന സംശയത്താൽ ഇത്തരം വാക്സിനുകൾ ഉപയോഗിക്കാൻ മുൻപ് ശാസ്ത്രലോകം മടിച്ചിരുന്നു. മാറിയ സാഹചര്യത്തിൽ ഇത്തരത്തിലുള്ള വാക്സിന്റെ പ്രവർത്തനശേഷിയെക്കുറിച്ച് ഗവേഷകർ ആകാംക്ഷാഭരിതരാണ്. 94 ശതമാനം ആളുകളിലും ഫലപ്രദമാണ് ഈ വാക്സിൻ എന്നാണ് നവംബർ മധ്യത്തോടെ മൊഡേണ പുറത്തുവിട്ട വിവരങ്ങൾ സൂചിപ്പിക്കുന്നത്.
ഫൈസർ വാക്സിൻ
ഫൈസർ എന്ന അമേരിക്കൻ മരുന്നുകമ്പനി ബയോടെക് എന്ന ജർമൻ കമ്പനിയും ഫോസുൺ എന്ന ചൈനീസ് മരുന്നുകമ്പനിയുമായി ചേർന്ന് നിർമിക്കുന്ന വാക്സിനാണ് ഇത്. 42,000 ആളുകളിൽ നടത്തിയ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ ആദ്യഫലങ്ങൾ പുറത്തുവരുമ്പോൾ തങ്ങളുടെ വാക്സിൻ 90 ശതമാനത്തിലേറെ ഫലപ്രദമാണ് എന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഡിസംബർ രണ്ടിന് ഈ വാക്സിന് ബ്രിട്ടൻ അംഗീകാരം നൽകി. മോഡേണ ഉപയോഗിക്കുന്നതിന് സമാനമായ ആർ.എൻ.എ. സാങ്കേതികവിദ്യയാണ് ഫൈസറും ഉപയോഗിക്കുന്നത്.
ഗമലേയ ഇൻസ്റ്റിറ്റ്യൂട്ട് വാക്സിൻ
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ മകൾ സ്വീകരിച്ചു എന്ന വാർത്തയോടെ ശ്രദ്ധേയമായ വാക്സിനാണ് ഇത്. സ്പുട്നിക് ഫൈവ് എന്നും അറിയപ്പെടുന്നു. പരീക്ഷണങ്ങൾ മുഴുവൻ പൂർത്തിയാക്കാതെ ഇത് ജനങ്ങൾക്ക് വിതരണം ചെയ്തുതുടങ്ങുകയായിരുന്നു. രണ്ടുതരം അഡിനോ വൈറസുകളെ അടിസ്ഥാനപ്പെടുത്തി നിർമിച്ച ഈ വാക്സിൻ മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് വിധേയമാകുമ്പോൾതന്നെ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുന്നുണ്ടെന്നാണ് വാർത്ത.
വുഹാൻ വാക്സിൻ
വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോളജിക്കൽ പ്രോഡക്ട്സും ചൈനീസ് മരുന്ന് കമ്പനിയായ സിനോഫാമും ചേർന്ന് നിർമിക്കുന്ന വാക്സിനാണ് ഇത്. നിർവീര്യമാക്കിയ വൈറസിനെ ഉപയോഗിച്ചാണ് വാക്സിൻ നിർമിക്കുന്നത് എന്ന് കരുതപ്പെടുന്നു. ഇന്ത്യയിൽ ഭാരത് ബയോടെക് വികസിപ്പിക്കുന്ന വാക്സിന് സമാനമാണ് ഇത്.
(കല്പറ്റ ജനറൽ ആശുപത്രിയിലെ ആർ.എം.ഒ. ആണ് ലേഖകൻ)
Content Highlights:Different types of Covid19 Vaccines, Health, Covid19, Covid Vaccines
(ആരോഗ്യമാസികയിൽ പ്രസിദ്ധീകരിച്ചത്)