ഗര്‍ഭിണികള്‍ക്ക് വാക്സിന് നല്‍കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് മാതൃ കവചം. ജില്ലകളില്‍ തിരഞ്ഞെടുത്ത ദിവസങ്ങളിലാണ് ഗര്‍ഭിണികള്‍ക്കായി വാക്‌സിനേഷന്‍ ക്യാമ്പുകള്‍ തയ്യാറാക്കുന്നത്. ഗര്‍ഭിണികള്‍ക്കുള്ള കോവിഡ് വാക്‌സിനേഷനെക്കുറിച്ചുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടിയും അറിയാം.
ഗര്‍ഭിണികള്‍ കോവിഡ് വാക്സിന്‍ എടുക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നത് എന്തുകൊണ്ടാണ്?
ഗര്‍ഭിണികളില്‍ കോവിഡ് 19 അണുബാധയുണ്ടാകാനുള്ള സാധ്യത മറ്റുള്ളവരെക്കാളും കൂടുതല്‍ അല്ല.
കൂടുതല്‍ ഗര്‍ഭിണികളിലും രോഗലക്ഷണങ്ങള്‍ ഇല്ലാതെയോ ചെറിയ രോഗലക്ഷണങ്ങളോട് കൂടിയോ ആകും രോഗബാധയുണ്ടാകുന്നത്. എന്നാല്‍ ലക്ഷണങ്ങളോട് കൂടി കോവിഡ് രോഗം ഉണ്ടാകുന്ന ഗര്‍ഭിണികളില്‍ രോഗം ഗുരുതരമാകാന്‍ സാധ്യതയുണ്ട്.
ഗര്‍ഭിണികള്‍ വാക്‌സിനേഷന്‍ ഉള്‍പ്പടെയുള്ള പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്. ഈ കാരണങ്ങളാലാണ് കോവിഡ് വാക്‌സിനേഷന്‍ ഗര്‍ഭിണികള്‍ സ്വീകരിക്കണം എന്ന് ശുപാര്‍ശ ചെയ്യുന്നത്.
കോവിഡ് 19 രോഗബാധ ഉണ്ടാകാന്‍ സാധ്യത കൂടുതലുള്ളത് ആര്‍ക്കൊക്കെയാണ്?
ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പ്രവര്‍ത്തകര്‍, രോഗപ്പകര്‍ച്ച കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍, ഇടതിങ്ങിപ്പാര്‍ക്കുന്നതു മൂലം സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്തവര്‍
ഗര്‍ഭിണികളുടെ ആരോഗ്യത്തെ കോവിഡ് 19 എങ്ങനെയാണ് പ്രതികൂലമായി ബാധിക്കുന്നത്?
കോവിഡ് ബാധിതരായ ഗര്‍ഭിണികളില്‍ ഭൂരിഭാഗം പേര്‍ക്കും(90 ശതമാനത്തിന് മുകളില്‍) ആശുപത്രിവാസം കൂടാതെ തന്നെ രോഗം ഭേദമാകാറുണ്ട്. എന്നാല്‍ കുറച്ച് ഗര്‍ഭിണികളില്‍ ഇത് ആരോഗ്യത്തെ മോശമായി ബാധിക്കുന്നതായി കാണുന്നു.
രോഗലക്ഷണങ്ങളോട് കൂടി കോവിഡ് ഉള്ള ഗര്‍ഭിണികളില്‍ രോഗം ഗുരുതരമാവുകയും മരണം സംഭവിക്കുകയും ചെയ്യുന്നതായി കാണുന്നു. ഗുരുതരമായാല്‍ മറ്റ് രോഗികളെ പോലെ തന്നെ ഗര്‍ഭിണികള്‍ക്കും ആശുപത്രിയിലെ ചികിത്സ ആവശ്യമായി വരുന്നു.
രക്താതിമര്‍ദം, അമിതവണ്ണം എന്നിവയുള്ളവരും 35 വയസ്സിന് മുകളില്‍ പ്രായമുള്ളവരുമായ ഗര്‍ഭിണികളില്‍ രോഗബാധ സങ്കീര്‍ണമാകുവാന്‍ സാധ്യതയുണ്ട്.
ഗര്‍ഭിണികളെ കോവിഡ് 19 രോഗബാധ ഗര്‍ഭസ്ഥ ശിശുവിനെ എങ്ങനെയാണ് ബാധിക്കുന്നത്?
കോവിഡ് 19 രോഗബാധിതരായ അമ്മമാരുടെ നവജാത ശിശുക്കളില്‍ ഭൂരിഭാഗവും(95 ശതമാനത്തിന് മുകളില്‍) ജനനസമയത്ത് ആരോഗ്യമുള്ളവരായിരിക്കും.
ഗര്‍ഭിണികളിലെ കോവിഡ് ബാധ ചിലരില്‍ മാസം തികയാതെയുള്ള പ്രസവം, കുട്ടിക്ക് തൂക്കക്കുറവ് എന്നിവയ്ക്കും അപൂര്‍വമായി ഗര്‍ഭസ്ഥശിശുവിന്റെ മരണത്തിനും ഇടയാക്കും.
ഗര്‍ഭിണികളില്‍ കോവിഡ് 19 രോഗബാധ സങ്കീര്‍ണമാകുവാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണ്?
- 35 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍,
- അമിതവണ്ണം ഉള്ളവര്‍,
- പ്രമേഹം, രക്താതിമര്‍ദം എന്നിവ ഉള്ളവര്‍,
- മുന്‍പ് കൈകാലുകളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥ ഉണ്ടായിട്ടുള്ളവര്‍.
ഗര്‍ഭിണി ആയിരിക്കുമ്പോള്‍ കോവിഡ് ബാധിതയായാല്‍ പ്രസവശേഷം മാത്രം വാക്‌സിന്‍ സ്വീകരിക്കുക. എന്നാല്‍ കോവിഡ് രോഗമുക്തയായി മൂന്ന് മാസം കഴിഞ്ഞ് മാത്രമേ വാക്‌സിന്‍ സ്വീകരിക്കാവൂ.
കോവിഡ് 19 വാക്‌സിന് ഗര്‍ഭിണിക്കും ശിശുവിനും ഹാനികരമാകുന്ന പാര്‍ശ്വഫലങ്ങള്‍ എന്തെങ്കിലുമുണ്ടോ?
- ലഭ്യമായിട്ടുള്ള കോവിഡ് 19 വാക്‌സിനുകള്‍ സുരക്ഷിതമാണ്. മറ്റുള്ളവരെ പോലെ തന്നെ ഗര്‍ഭിണികളെയും കോവിഡ് രോഗബാധയില്‍ നിന്നും വാക്‌സിനേഷന്‍ സംരക്ഷിക്കുന്നു.
- സാധാരണ മറ്റേതൊരു മരുന്നിനുമുള്ള വളരെ ലഘുവായ പാര്‍ശ്വഫലങ്ങള്‍ മാത്രമേ കോവിഡ് വാക്‌സിനുമുള്ളൂ.
- ചെറിയ പനി, കുത്തിവയ്പ്പ് എടുത്ത ഭാഗത്ത് വേദന, സുഖമില്ലായ്മ എന്നിവ 1-2 ദിവസം വരെ ഉണ്ടാകാം.
- വാക്‌സിന്റെ ദീര്‍ഘകാല പാര്‍ശ്വഫലങ്ങള്‍ ഇവ പഠന വിധേയമാക്കപ്പെട്ടിട്ടില്ല.
കോവിഡ് 19 രോഗബാധയില്‍ നിന്നും സ്വയം സുരക്ഷിതരാകാനും ചുറ്റുമുള്ള മറ്റുള്ളവരെ സുരക്ഷിതമാക്കാനും ഗര്‍ഭിണികളും മറ്റുള്ളവരും കോവിഡ് പ്രതിരോധ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരണം.
- ഡബിള്‍ മാസ്‌ക് ധരിക്കുക.
- കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക.
- ശാരീരിക അകലം പാലിക്കുക.
- തിരക്കുള്ള സ്ഥലങ്ങള്‍ ഒഴിവാക്കുക.
ഗര്‍ഭിണികള്‍ക്ക് കോവിന്‍ പോര്‍ട്ടലിലോ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് എത്തിയോ രജിസ്റ്റര്‍ ചെയ്യാം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വാക്‌സിനേഷനായി മറ്റുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്ന രീതിയില്‍ തന്നെ ഗര്‍ഭിണികള്‍ക്കും രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യം ലഭ്യമല്ലെങ്കില്‍ ആശ, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിവരുടെ സഹായം തേടാവുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ദിശ 104,1056
0471 2552056
കടപ്പാട്: കേരള ആരോഗ്യവകുപ്പ്
Content Highlights: Covid19 Vaccine and pregnancy, Health, Covid19, Pregnancy Care, Mathru Kavacham