Representative Image| Photo: GettyImages
കോവിഡ് പ്രതിരോധ മരുന്നിനെക്കുറിച്ചും മരുന്ന് സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടുമുള്ള സംശയങ്ങൾ ഒട്ടേറെയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെയും സംസ്ഥാന ആരോഗ്യവകുപ്പിന്റെയും നിർദേശങ്ങൾകൂടി കണക്കിലെടുത്ത് പൊതുസംശയങ്ങൾക്ക് കോവിഡ് വിദഗ്ധസമിതിയംഗം ഡോ. ടി.എസ്. അനീഷ് മറുപടിനൽകുന്നു. തയ്യാറാക്കിയത്: ടി.ജി.ബേബിക്കുട്ടി
ഏതൊക്കെ വാക്‌സിനുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്?
സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതിനൽകിയ രണ്ടു വാക്‌സിനുകളാണ് ഇപ്പോൾ വിതരണം ചെയ്യുന്നത്. പുണെ സിറം ഇൻസ്റ്റിറ്റ്യൂട്ടിൽ നിർമിക്കുന്ന ആസ്ട്ര സെനക്ക വാക്സിനായ കോവിഷീൽഡും ഭാരത് ബയോടെക് നിർമിക്കുന്ന കോവാക്‌സിനുമാണ് അവ.
വാക്‌സിന്റെ പരീക്ഷണഘട്ടങ്ങൾ എതൊക്കെയാണ്? ഇരുവാക്‌സിനുകളും പരീക്ഷണം പൂർത്തിയാക്കിയവയാണോ?
മരുന്ന് വികസിപ്പിച്ചുകഴിഞ്ഞാൽ ലബോറട്ടറിയിലെതന്നെ മൃഗങ്ങളിലെ പരീക്ഷണമാണ് ആദ്യം (പ്രീ ക്ലിനിക്കൽ) നടത്തുക. പിന്നീട് ആദ്യഘട്ട ക്ലിനിക്കൽ ട്രയൽ ആരംഭിക്കും. ഏതാനും പേരിലാണ് പരീക്ഷിക്കുക. എത്രത്തോളം സുരക്ഷിതമാണെന്നാണ് പ്രധാനമായി വിലയിരുത്തുന്നത്. രണ്ടാംഘട്ടത്തിൽ മരുന്നു സ്വീകരിക്കുന്നവരുടെ എണ്ണം നൂറുകണക്കിനായിരിക്കും. സുരക്ഷിതത്വം, പ്രതിരോധശേഷി എന്നിയാണ് ഈ ഘട്ടത്തിലും അളക്കുക. പ്രധാനമായി മരുന്ന് എത്രത്തോളം ഒരാളിൽ കുത്തിവെക്കണം (ഡോസേജ്) എന്നും അളക്കും. മൂന്നാംഘട്ട പരീക്ഷണം ആയിരക്കണക്കിന് ആളുകളിലായിരിക്കും. ഇതിന് ഒന്നിലധികം വർഷംതന്നെ വേണ്ടിവരും. രോഗത്തിനെതിരേ വാക്‌സിൻ എത്രത്തോളം ഫലപ്രദമാണെന്നും വാക്‌സിൻ എത്രത്തോളം സുരക്ഷിതമാണെന്നും ഈ ഘട്ടത്തിലും അളക്കും. വാക്‌സിൻ എടുത്തവരിലും അല്ലാത്തവരിലുമുള്ള പ്രതിരോധം ഈ ഘട്ടത്തിൽ പരിശോധിക്കപ്പെടും.
മരുന്ന് വിപണിയിലിറക്കിശേഷമാണ് നാലാംഘട്ട പരീക്ഷണം നടക്കുക. സുരക്ഷിതത്വവും ഫലപ്രാപ്തിയുമൊക്കെ ഈ ഘട്ടത്തിലും പഠിക്കും. സംസ്ഥാനത്ത് വിതരണംചെയ്യുന്ന ഇരുവാക്‌സിനുകളും രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ നടത്തിയവയാണ്. കോവിഷീൽഡ് മൂന്നാംഘട്ടം പൂർത്തിയാക്കിയതിന്റെ ഫലം പൊതുഇടങ്ങളിൽ ലഭ്യമാണ്. കോവാക്‌സിന്റെ മൂന്നാംഘട്ടഫലം ജൂണോടുകൂടി പ്രസിദ്ധീകരിക്കുമെന്നാണ് കരുതുന്നത്. മൂന്നാംഘട്ട പരീക്ഷണങ്ങളുടെ ഇടക്കാല റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഇപ്പോൾ കോവാക്‌സിൻ ഉപയോഗിക്കുന്നത്.
വാക്‌സിൻ പ്രതിരോധം എത്രനാൾ
വാക്‌സിൻ എത്രനാൾ പ്രതിരോധം തീർക്കുമെന്നത് സംബന്ധിച്ച പഠനങ്ങൾ നടന്നുവരുന്നതേയുള്ളൂ. രണ്ടുഡോസും സ്വീകരിക്കുന്നതോടെയാണ് പൂർണ പ്രതിരോധം ലഭിക്കുക. അതിനാൽത്തന്നെ വാക്‌സിൻ സ്വീകരിച്ചവർ മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം തുടങ്ങി എല്ലാ മുൻകരുതലുകളും തുടരണം. രണ്ട് ഡോസും സ്വീകരിച്ചവരിൽ രണ്ട്, മൂന്ന് ആഴ്ചകൾക്കുള്ളിൽ പ്രതിരോധശേഷി കൈവരുന്നതായാണ് ഇതുവരെയുള്ള പഠനങ്ങൾ.
എന്തുകൊണ്ട് മുതിർന്നവർക്ക് ആദ്യം
അമ്പതിനുമേൽ പ്രായമായവരിൽ മരണനിരക്ക് കൂടുതൽ ആണെന്നതുതന്നെയാണ് മുതിർന്നവർക്ക് ആദ്യം മരുന്ന് നൽകാൻ കാരണം. കുട്ടികളിൽ പലപ്പോഴും രോഗലക്ഷണംതന്നെ ഉണ്ടാക്കാതെ കോവിഡ് കടന്നുപോകുന്നു. അവർക്ക് പ്രതിരോധശേഷിയും കൂടുതലാണ്. എല്ലാ പുതിയ വാക്‌സിനുകളും ആദ്യം നൽകിത്തുടങ്ങുക മുതിർന്നവർക്കുതന്നെയാണ്. ക്രമേണ പ്രായക്കുറവുള്ളവരിലേക്ക് കൊണ്ടുവരുന്നതാണ് സാധാരണ അവലംബിക്കുന്ന രീതിയും. വാക്‌സിൻ ലഭ്യതയും ഒരു പ്രധാന ഘടകമാണ്.
ജനിതകമാറ്റംവന്ന വൈറസിനെ ചെറുക്കാൻ ഇപ്പോൾ ലഭ്യമായ മരുന്നുകൾക്കാവുമോ?
നിലവിലുള്ള ജനിതകമാറ്റങ്ങൾ ചെറുക്കാൻ ശേഷിയുള്ളവയാണ് രണ്ടുമരുന്നുകളുമെന്നാണ് ഇതുവരെയുള്ള പഠനങ്ങൾ. അതേസമയം ഡബിൾ മ്യൂട്ടേഷൻവന്ന വൈറസുകൾ വാക്‌സിനെ അതിജീവിക്കുന്നതായി ചില പഠനങ്ങൾ വന്നിട്ടുണ്ട്.
സ്വന്തമായി രജിസ്റ്റർ ചെയ്യാമോ?
ആധാർ അടക്കമുള്ള ഏതെങ്കിലും ഫോട്ടോപതിച്ച തിരിച്ചറിയൽ രേഖയും മൊബൈൽ ഫോൺ നമ്പറും ഉപയോഗിച്ച് കോവിൻ പോർട്ടലിൽ നേരിട്ടും രജിസ്റ്റർ ചെയ്യാം. ഒരു ഫോൺ നമ്പർ ഉപയോഗിച്ച് നാലുപേർക്കുവരെ രജിസ്റ്റർ ചെയ്യാനാവും. വാക്‌സിൻ ലഭ്യതയ്ക്കനുസരിച്ച് തൊട്ടടുത്ത വിതരണകേന്ദ്രം തിരഞ്ഞെടുക്കാനുള്ള സൗകര്യവും പോർട്ടലിൽ ലഭ്യമാണ്. രജിസ്‌ട്രേഷന് സാങ്കേതികപ്രശ്നങ്ങളുണ്ടായാൽ അത് പരിഹരിക്കാൻ ആരോഗ്യപ്രവർത്തകരെ സമീപിക്കാം. എങ്ങനെയായാലും രജിസ്‌ട്രേഷൻ നടത്താതെ വാക്‌സിൻ ലഭിക്കില്ല.
വാക്‌സിനുവേണ്ടി രജിസ്റ്റർ ചെയ്യേണ്ടത് എവിടെയാണ്?
നേരത്തേ അതത് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ നേരിട്ടെത്തി രജിസ്റ്റർചെയ്ത് മരുന്ന് സ്വീകരിക്കുന്നതിന് സൗകര്യമുണ്ടായിരുന്നു. വാക്‌സിൻ ലഭ്യതയിൽ കുറവുവന്നതോടെ ഇപ്പോൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. www.cowin.gov.in എന്ന പോർട്ടൽ വഴിയാണ് രജിസ്‌ട്രേഷൻ. ആരോഗ്യസേതു ആപ്ലിക്കേഷൻ വഴിയും രജിസ്റ്റർ ചെയ്യാം.
തിരിച്ചറിയൽ രേഖകൾ ഏതൊക്കെ സ്വീകരിക്കും?
രജിസ്‌ട്രേഷനും വാക്‌സിനുമായി ആധാർകാർഡ്, ഡ്രൈവിങ് ലൈസൻസ്, ആരോഗ്യ ഇൻഷുറൻസ് കാർഡ്, തൊഴിലുറപ്പ് പദ്ധതിയുടെ തൊഴിൽ കാർഡ്, പാൻകാർഡ്, പാസ്ബുക്ക്, പെൻഷൻ രേഖ, കേന്ദ്ര-സംസ്ഥാന ജീവനക്കാരുടെ സർവീസ് ഐ.ഡി., വോട്ടർ ഐ.ഡി. എന്നിവ തിരിച്ചറിയൽ രേഖകളായി സ്വീകരിക്കും. രജിസ്‌ട്രേഷന് ഉപയോഗിച്ച തിരിച്ചറിയൽ രേഖതന്നെ വാക്‌സിനേഷന് എത്തുമ്പോൾ കൈയിൽക്കരുതണം.
വാക്‌സിൻ എടുത്തശേഷം കോവിഡ് പിടിപെട്ടാൽ?
രോഗതീവ്രത കുറഞ്ഞ ലക്ഷണങ്ങളാണ് കാണിക്കുക. ശ്വസനസംബന്ധമായ ലക്ഷണങ്ങൾ അപൂർവമാണ്. തീവ്രത വളരെ കുറവാണ്. രോഗം പിടിപെട്ടാൽ എല്ലാ മുൻകരുതലുകളും എടുക്കുകയും വേണം.
ഏത് വാക്‌സിൻ വേണമെന്ന് മുൻകൂട്ടി തീരുമാനിക്കാമോ?
രജിസ്‌ട്രേഷൻ സമയത്ത് അങ്ങനെ മുൻകൂട്ടി തീരുമാനിക്കാനാവില്ല. വിതരണകേന്ദ്രങ്ങളിൽ ലഭ്യമായതാണ് ലഭിക്കുക. ഏതെങ്കിലും വാക്‌സിൻതന്നെ വേണമെന്നുണ്ടെങ്കിൽ അത് വിതരണം ചെയ്യുന്ന കേന്ദ്രം തിരഞ്ഞെടുത്ത് അവിടെനിനിന്ന് വാക്‌സിൻ സ്വീകരിക്കാം. ഏതു വാക്‌സിനാണ് നല്ലതെന്നതരത്തിലുള്ള താരതമ്യം നടത്തിയിട്ടില്ല.
മരുന്ന് സ്വീകരിക്കുന്നതിൽനിന്ന് ആരെയൊക്കെ ഒഴിവാക്കിയിട്ടുണ്ട്?
=മരുന്നുകൾ, ഏതെങ്കിലും ആഹാരവസ്തുക്കൾ എന്നിവയോട് അലർജിയുള്ളവർക്ക് കോവിഡ് പ്രതിരോധമരുന്ന് നൽകുന്നില്ല. അത്തരക്കാർ പ്രതിരോധമരുന്ന് സ്വീകരിക്കുന്നുണ്ടെങ്കിൽ ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവരെയും മരുന്ന് സ്വീകരിക്കുന്നതിൽനിന്നൊഴിവാക്കിയിട്ടുണ്ട്. ഹീമോഫീലിയ രോഗികൾ ഡോക്ടറുടെ മാർഗനിർദേശം അനുസരിച്ചുമാത്രമേ മരുന്ന് സ്വീകരിക്കാവൂ. പ്രതിരോധശേഷി കുറയുന്നതുമായി ബന്ധപ്പെട്ട അസുഖങ്ങളുള്ളവരും അത്തരം പ്രശ്‌നങ്ങൾക്ക് മരുന്ന് കഴിക്കുന്നവരും ഡോക്ടറുടെ ഉപദേശം തേടണം.
പ്രതിരോധമരുന്ന് സ്വീകരിച്ചശേഷം
മരുന്ന് സ്വീകരിച്ചവർ അതിനുശേഷം അരമണിക്കൂറെങ്കിലും വിതരണകേന്ദ്രത്തിൽത്തന്നെ വിശ്രമിക്കണം. എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ അപ്പോൾ തോന്നുന്നെങ്കിൽ വിതരണകേന്ദ്രത്തിലെ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കണം. വാക്‌സിൻ സ്വകരിച്ചശേഷവും പുറത്തിറങ്ങുമ്പോൾ മാസക്, സാനിറ്റൈസർ തുടങ്ങിയ മുൻകരുതലുകളൊന്നും കൈവിടരുത്.
രണ്ടാം ഡോസ് എപ്പോൾ സ്വീകരിക്കാം?
കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ചവർ നാലുമുതൽ എട്ടാഴ്ചയ്ക്കകമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. കോവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചവർ നാലുമുതൽ ആറ് ആഴ്ചയ്ക്കകം രണ്ടാം ഡോസ് സ്വീകരിക്കണം.
കോവിഡ് രോഗമുക്തനായയാൾ വാക്‌സിൻ സ്വീകരിക്കേണ്ടതുണ്ടോ?
തീർച്ചയായും സ്വീകരിക്കണം. രോഗമുക്തനായി എട്ടാഴ്ചയ്ക്കുശേഷം മരുന്ന് സ്വീകരിക്കാം. പ്രതിരോധശേഷി കൂടാൻ വാക്‌സിൻ സ്വീകരിക്കുന്നത് ഉപകരിക്കും. രോഗമുക്തിക്കുശേഷം ശരീരം ആർജിച്ച പ്രതിരോധശേഷി എത്രനാൾ നിലനിൽക്കുമെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
ആദ്യ ഡോസ് എടുത്തശേഷം കോവിഡ് വന്നാൽ പിന്നീട് രണ്ടാം ഡോസ് എടുക്കേണ്ടതുണ്ടോ? എപ്പോൾ എടുക്കാം?
രോഗം മാറി ഒരുമാസമെങ്കിലും കഴിഞ്ഞശേഷം വാക്‌സിൻ എടുക്കുന്നതാണ് നല്ലതെന്നാണ് സർക്കാർ നിർദേശം. സാധാരണനിലയിൽ മൂന്നുമാസം വൈകി വാക്‌സിൻ എടുത്താലും കുഴപ്പമില്ല.
ഏതെങ്കിലും മരുന്ന് കഴിക്കുന്നവർക്ക് കോവിഡ് പ്രതിരോധമരുന്ന് സ്വീകരിക്കാമോ?
നിലവിലുള്ള മരുന്നുകൾ തുടരുന്നതിന് തടസ്സമില്ല. നിങ്ങൾ ഉപയോഗിച്ചുവരുന്ന മരുന്നുസംബന്ധിച്ച വിവരം വാക്‌സിനെടുക്കുമ്പോൾ ആരോഗ്യപ്രവർത്തകരോട് പറയുക. ഹൃദ്രോഗം, നാഡീസംബന്ധമായതടക്കമുള്ള ഗുരുതരരോഗം ഉള്ളവർക്കും മരുന്ന് സ്വീകരിക്കാം. ഇത്തരക്കാരിൽ കോവിഡ് മൂലമുണ്ടായേക്കാവുന്ന ഗുരുതരാവസ്ഥ ലഘൂകരിക്കാൻ പ്രതിരോധമരുന്ന് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ.
മരുന്ന് സ്വീകരിച്ചവർക്ക് മദ്യപിക്കാമോ?
മദ്യപിച്ചതുമൂലം പ്രതിരോധമരുന്നിന്റെ ശേഷി കുറയുന്നതായി റിപ്പോർട്ടുകളൊന്നും ഇതുവരെയില്ല. എന്നാൽ, മരുന്ന് സ്വീകരിച്ചശേഷം ചിലരിൽ തലവേദന, പനി, ശരീരവേദന തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാകാറുണ്ട്. അത് ശരീരത്തിന്റെ പ്രതിപ്രവർത്തനം മാത്രമാണ്. ഇത്തരത്തിലുണ്ടാവുന്ന തലവേദനയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും പ്രതിരോധമരുന്ന് സ്വീകരിച്ചതിനാലാണോ, മദ്യപിച്ചതിനാലാണോ എന്ന് തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാകുമെന്നതിനാൽ പ്രതിരോധമരുന്ന് സ്വകരിക്കുന്ന ദിവസം മദ്യപിക്കാതിരിക്കുന്നതാണ് നല്ലത്.
ആദ്യഡോസ് സ്വീകരിച്ച അതേ മരുന്നുതന്നെ രണ്ടാം ഡോസായും സ്വീകരിക്കണമോ?
തീർച്ചയായും. കോവിഷീൽഡ് ആദ്യ ഡോസ് സ്വീകരിച്ചവർ അതുതന്നെ രണ്ടാം ഡോസായി സ്വീകരിക്കണം. കോവാക്‌സിൻ ആദ്യ ഡോസ് സ്വീകരിച്ചവർ അതുതന്നെ രണ്ടാം ഡോസും സ്വീകരിക്കണം. അതിൽ മാറ്റംവരുത്താൻ അനുമതിയില്ല. ആദ്യഡോസ് എടുത്താൽ പകുതിയോളം പ്രതിരോധം. രണ്ടാം ഡോസും എടുക്കുന്നതോടെ 95 ശതമാനംവരെ പ്രതിരോധം തീർക്കാനാകും. ഒരു വാക്‌സിനും പൂർണ പ്രതിരോധം അവകാശപ്പെടുന്നില്ല.
ഒന്നാം ഡോസ് എടുത്തശേഷം നിശ്ചിത തീയതിക്കകം രണ്ടാം ഡോസ് എടുക്കാനായില്ല. വീണ്ടും ആദ്യഡോസ് എടുക്കണമോ?
രണ്ടാം ഡോസ് എടുത്താൽ മതി. രണ്ടാം ഡോസ് 120 ദിവസംവരെ താമസിച്ചാലും രോഗപ്രതിരോധശേഷി കുറയുന്നില്ലെന്നാണ് കോവിഷീൽഡിന്റെയും മറ്റും പരീക്ഷണഫലം.
അടുത്തജില്ലയിലെ വാക്സിൻ കേന്ദ്രം തിരഞ്ഞെടുക്കാമോ?
സാങ്കേതികമായി പ്രശ്നമില്ല. മേയ് ഒന്നുമുതൽ പോർട്ടലിൽ എന്തെങ്കിലും വ്യതിയാനം വരുത്തുമോ എന്ന് പറയാനാവില്ല.
വാക്‌സിനേഷനുശേഷം സർട്ടിഫിക്കറ്റ്
ആദ്യഡോസ് വാക്‌സിന് സ്വീകരിച്ചുകഴിഞ്ഞാൽ പ്രൊവിഷണൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. രണ്ടാം ഡോസും സ്വീകരിച്ചശേഷമാണ് യഥാർഥ സർട്ടിഫിക്കറ്റ് ലഭിക്കുക. അപ്പോൾ മൊബൈലിൽ ലഭിക്കുന്ന ലിങ്കിൽനിന്നും ഡിജിറ്റൽ സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാം. ഇത് ഡിജി ലോക്കറിലും സേവ് ചെയ്ത് സൂക്ഷിക്കാം. സംസ്ഥാനംവിട്ടുള്ള യാത്രകൾക്കും മറ്റും ഇത് ആവശ്യമായിവരും. സാങ്കേതികമായി സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ കഴിയാതെവന്നാൽ വാക്‌സിൻ എടുത്ത സ്ഥാപനമേലധികാരിയുടെ ഒപ്പിട്ട് സർട്ടിഫിക്കറ്റ് വാങ്ങിവെക്കാം.
Content Highlights: Covid19 Vaccination all things you needs to know, Health, Covid19, Covid Vaccine