കോവിഡ് വാക്‌സിനേഷന് തുടക്കമായി; വാക്‌സിനേഷനെക്കുറിച്ച് വിശദമായി അറിയാം


4 min read
Read later
Print
Share

രോഗസാധ്യത കൂടുതല്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ നല്‍കേണ്ട മുന്‍ഗണനാ പട്ടിക തയാറാക്കിയിട്ടുണ്ട്

Photo: Sajad Hussain| AFP

ന്നു മുതല്‍ രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചിരിക്കുകയാണ്. കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിനെക്കുറിച്ച് സമഗ്രമായി അറിയാം.

കോവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും ഒരേ സമയം നല്‍കുമോ?

രോഗസാധ്യത കൂടുതല്‍ ഉള്ളവര്‍ക്ക് മുന്‍ഗണന നല്‍കി വാക്‌സിന്‍ നല്‍കേണ്ട മുന്‍ഗണനാ പട്ടിക തയാറാക്കിയിട്ടുണ്ട്.

  • ആദ്യ വിഭാഗത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയും പൊതുജനങ്ങളുമായി നേരിട്ട് ഇടപെടുന്ന പോലീസ്, തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയ മുന്‍നിര പ്രവര്‍ത്തകരെയുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.
  • രണ്ടാമത്തെ വിഭാഗത്തില്‍ 50 വയസ്സിനു മുകളിലുള്ളവരെയും 50 വയസ്സില്‍ താഴെയുള്ള മറ്റ് രോഗ ബാധിതരെയുമാണ് ഉള്‍പെടുത്തിയിട്ടുള്ളത്.
  • തുടര്‍ന്ന് ആവശ്യമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ ലഭ്യമാക്കുന്നതാണ്.
വളരെ ചുരുങ്ങിയ സമയം കൊണ്ട് വികസിപ്പിച്ചിട്ടുള്ള വാക്‌സിനുകള്‍ സുരക്ഷിതമാണോ?
സുരക്ഷിതത്വവും ഫലപ്രാപ്തിയും ഉറപ്പാക്കി രാജ്യത്ത് വാക്‌സിന്‍ അനുമതി നല്‍കുന്ന സംവിധാനങ്ങള്‍ വിതരണാനുമതി അനുവദിച്ചതിന് ശേഷം മാത്രമേ വാക്‌സിന്‍ വിതരണം ചെയ്യൂ.

കോവിഡ് വാക്സിന്‍ എടുക്കണമെന്നത് നിര്‍ബന്ധമാണോ?
നിര്‍ബന്ധമില്ല. കോവിഡ് 19 വാക്സിന്‍ സ്വന്തം താത്പര്യ പ്രകാരം എടുക്കേണ്ട ഒന്നാണ്. രോഗത്തില്‍ നിന്നും സംരക്ഷണം ലഭിക്കുവാനും കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി അടുത്തിടപഴകുന്നവരിലേക്ക് രോഗം പകരുന്നത് തടയുവാനും വാക്സിന്‍ പൂര്‍ണ്ണമായി എല്ലാ ഡോസുകളും എടുക്കുന്നതാണ് നല്ലത്.

കോവിഡ് രോഗവിമുക്തനായ ഒരാള്‍ വാക്‌സിന്‍ സ്വീകരിക്കേണ്ടതുണ്ടോ?
സ്വീകരിക്കണം. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ ശക്ഷതിപ്പെടുത്തുവാന്‍ വാക്‌സിന്‍ സഹായിക്കും.

കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്നവര്‍ക്ക് വാക്സിന്‍ നല്‍കുമോ?
കോവിഡ് സ്ഥിരീകരിക്കപ്പെടുകയോ സംശയിക്കുകയോ ചെയ്യുന്ന ആള്‍ വാക്സിനേഷന്‍ കേന്ദ്രത്തില്‍ എത്തിയാല്‍ രോഗം മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത് കൊണ്ട് രോഗലക്ഷണങ്ങള്‍ മാറി 14 ദിവസം കഴിയുന്നത് വരെ വാക്സിന്‍ സ്വീകരിക്കുന്നത് മാറ്റി വയ്ക്കാം.

പല വാക്‌സിനുകള്‍ ലഭ്യമാണെന്നിരിക്കെ നല്‍കുവാനായി ഏതെങ്കിലും ഒന്നോ രണ്ടോ വാക്സിനുകള്‍ തെരഞ്ഞെടുക്കുന്നത് എങ്ങനെയാണ്?
വാക്‌സിന്‍ വിതരണാനുമതി നല്‍കുന്നതിന് മുമ്പായി വാക്‌സിന്‍ സ്വീകര്‍ത്താക്കളില്‍ നടത്തുന്ന പരീക്ഷണ ട്രയലുകളുടെ സുരക്ഷിതത്വവും ഫലപ്രാപ്തിയും അതത് രാജ്യത്തെ ഡ്രഗ് റെഗുലേറ്റര്‍ വിലയിരുത്തും. അതിനാല്‍ ലൈസന്‍സ് ലഭിക്കുന്ന വാക്‌സിനുകള്‍ താരതമ്യേന സുരക്ഷിതവും ഫലപ്രദവും ആയിരിക്കും.എങ്കിലും ആദ്യ ഡോസ് എടുക്കുന്ന വാക്സിന്‍ തന്നെ അടുത്ത ഡോസ് എടുക്കുന്നുവെന്ന് ഉറപ്പ് വരുത്തണം. വാക്‌സിനുകള്‍ മാറി എടുക്കാന്‍ പാടില്ല.

42 മുതല്‍ മൈനസ് 8 ഡിഗ്രി സെല്‍ഷ്യസ് വരെ വാക്സിന്‍ സൂക്ഷിക്കുവാനും വിവിധ ഭാഗങ്ങളില്‍ കൊണ്ടെത്തിക്കുവാനും ഉള്ള സംവിധാനങ്ങള്‍ സംസ്ഥാനത്ത് ലഭ്യമാണോ?
ലഭ്യമാണ്. ശക്തമായ വാക്‌സിന്‍ ശീതീകരണ, സംഭരണ, വിതരണ സംവിധാനങ്ങള്‍ നിലവിലുള്ള സംസ്ഥാനമാണ് കേരളം.

ഇന്ത്യയില്‍ നല്‍കുന്ന വാക്സിന്‍ മറ്റ് രാജ്യങ്ങളില്‍ നല്‍കുന്ന വാക്‌സിനുകളെ പോലെ ഫലപ്രദമാണോ?|
ഫലപ്രദമാണ്. സുരക്ഷിതത്വവും ഫലപ്രാപ്തിയും വിവിധ ഘട്ടങ്ങളിലൂടെ ഉറപ്പാക്കിയിട്ടുള്ളതിനാല്‍ മറ്റ് രാജ്യങ്ങളില്‍ നല്‍കുന്ന വാക്‌സിനുകളെ പോലെ തന്നെ സുരക്ഷിതമാണ് ഇന്ത്യയില്‍ നല്‍കുന്ന വാക്‌സിനും.

വാക്സിന്‍ സ്വീകരിക്കുവാന്‍ അര്‍ഹനാണെന്ന് ഞാന്‍ എങ്ങനെ അറിയും?
വാക്സിന്‍ സ്വീകരിക്കുവാന്‍ അര്‍ഹത ഉണ്ടെങ്കില്‍ വാക്‌സിനേഷന്‍ കേന്ദ്രം, എത്തേണ്ട സമയം എന്നിവ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലേക്ക് അറിയിക്കുന്നതാണ്.

രജിസ്‌ട്രേഷന്‍ ചെയ്യുന്നതിന് ആവശ്യമായ തിരിച്ചറിയല്‍ രേഖ ഏതാണ്?
താഴെ പറയുന്ന ഫോട്ടോ പതിപ്പിച്ച ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖ രജിസ്‌ട്രേഷന്‍ ചെയ്യുന്ന
സമയത്ത് കാണിക്കേണ്ടതാണ്.

  • ആധാര്‍/ ഡ്രൈവിംഗ് ലൈസന്‍സ് / വോട്ടര്‍ ഐ.ഡി/ പാന്‍ കാര്‍ഡ് / പാസ്‌പോര്‍ട്ട് / ജോലി ഐ. ഡി കാര്‍ഡ്/ പെന്‍ഷന്‍ രേഖ
  • തൊഴില്‍ വകുപ്പ് നല്‍കിയിട്ടുള്ള ഹെല്‍ത്ത് ഇന്‍ഷുറന്‍സ് സ്മാര്‍ട്ട് കാര്‍ഡ്
  • മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് രേഖ
  • എം. പിമാര്‍/ എം. എല്‍. എമാര്‍ / എം.എല്‍.സി മാര്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്
  • ബാങ്ക് / പോസ്റ്റ് ഓഫീസ് പാസ്സ് ബുക്ക്
  • കേന്ദ്ര/സംസ്ഥാന സര്‍ക്കാര്‍/പൊതുമേഖല ലിമിറ്റഡ് കമ്പനികള്‍ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്
രജിസ്ട്രേഷന്‍ കൂടാതെ കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിക്കുവാന്‍ സാധിക്കുമോ ?
ഇല്ല. കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ കുത്തിവയ്പ്പ് എടുക്കുന്ന സ്ഥലം, സമയം മുതലായ വിവരങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കൂ

കുത്തിവയ്പ്പ് എടുക്കുന്ന സമയത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് കൊണ്ടുവന്നിട്ടില്ലെങ്കില്‍ കുത്തിവയ്‌പ്പെടുക്കുന്നതിനു തടസ്സമുണ്ടോ ?
കുത്തിവയ്പ്പ് സ്വീകരിക്കുന്ന ആള്‍ ആരാണെന്ന് ഉറപ്പു വരുത്തുന്നതിന് രജിസ്ട്രേഷന്‍ നടത്തുന്നിടത്തും കുത്തിവയ്പ്പ് നടത്തുന്നിടത്തും ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് പരിശോധിക്കേണ്ടത് അത്യാവശ്യമാണ്.

വാക്സിനേഷന്‍ സ്വീകരിക്കേണ്ട തീയതിയെക്കുറിച്ചുള്ള വിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് എങ്ങനെ ലഭിക്കും ?
ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ശേഷം വാക്‌സിനേഷന്‍ നല്‍കുന്ന തീയതി, സമയം, സ്ഥലം എന്നീ വിവരങ്ങള്‍ മൊബൈല്‍ ഫോണിലേക്ക് എസ്.എം.എസ്. സന്ദേശമായി ലഭിക്കും

വാക്‌സിനേഷന്‍ സ്വീകരിച്ചു കഴിഞ്ഞാല്‍ അതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുമോ ?
ലഭിക്കും. ഓരോ ഡോസ് വാക്‌സിനേഷന്‍ ശേഷവും എസ്.എം.എസ്. സന്ദേശം ലഭിക്കും. കുടാതെ മുഴുവന്‍ ഡോസും പൂര്‍ത്തിയായാല്‍ ക്യു.ആര്‍. കോഡുള്ള സര്‍ട്ടിഫിക്കറ്റ് ഇതേ മൊബൈല്‍ നമ്പറില്‍
എസ്.എം.എസ്. ആയി ലഭിക്കും

കുത്തിവയ്പ്പ് എടുക്കുന്ന സമയത്ത് എന്തെങ്കിലും മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ടോ?
കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതിനു ശേഷം കുത്തിവയ്പ്പ് കേന്ദ്രത്തില്‍ അര മണിക്കൂര്‍ എങ്കിലും വിശ്രമിക്കണം. ഏതെങ്കിലും വിധത്തിലുള്ള അസ്വസ്ഥതയോ ശാരീരിക ബുദ്ധിമുട്ടുകളോ അനുഭവപ്പെട്ടാല്‍ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കുക. മാസ്‌ക് ധരിക്കുക, കൈകള്‍ ശുദ്ധിയാക്കി വയ്ക്കുക, ശാരീരിക അകലം പാലിക്കുക.

കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിക്കുന്നതു മുലമുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ എന്തെല്ലാമാണ്?
സുരക്ഷ ഉറപ്പാക്കിയതിനു ശേഷം മാത്രമേ കോവിഡ് 19 വാക്‌സിനേഷന്‍ നല്‍കുവാന്‍ തുടങ്ങുകയുള്ളൂ. മറ്റേതൊരു വാക്‌സിന്‍ സ്വീകരിച്ചാലും ഉണ്ടാകാന്‍ സാധ്യതയുള്ള ചെറിയ തോതിലുള്ള പനി, വേദന എന്നിവ ഈ വാക്‌സിന്‍ സ്വീകരിച്ചാലും ഉണ്ടാകാം. കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിച്ചതുമൂലം മറ്റെന്തെങ്കിലും വിധത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് കൈകാര്യം ചെയ്യുവാന്‍ ആരോഗ്യവകുപ്പ് സുസജ്ജമാണ്.

കാന്‍സര്‍, പ്രമേഹം, രക്താതിമര്‍ദും തുടങ്ങിയവയ്ക്ക് മരുന്ന് കഴിക്കുന്നവര്‍ക്ക് കോവിഡ് 19 വാക്‌സിനേഷന്‍ സ്വീകരിക്കാമോ ?
തീര്‍ച്ചയായും. ഈ രോഗങ്ങള്‍ ഉള്ളവര്‍ക്ക് കോവിഡ് രോഗബാധ ഉണ്ടാകുന്നതിനുള്ള സാധ്യത കൂടുതല്‍ ആയതിനാല്‍ ഇവര്‍ നിര്‍ബന്ധമായും വാക്‌സിനേഷന്‍ സ്വീകരിക്കണം.

ആരോഗ്യ പ്രവര്‍ത്തകരുടെ കുടുംബാംഗങ്ങള്‍ക്കും വാക്‌സിനേഷന്‍ നല്‍കുമോ ?
വാക്സിന്റെ ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് പ്രാഥമിക ഘട്ടത്തില്‍ മുന്‍ഗണനാലിസ്റ്റില്‍ ഉള്ളവര്‍ക്കു മാത്രവും പിന്നീടുള്ള ഘട്ടങ്ങളില്‍ ആവശ്യമുള്ള എല്ലാവര്‍ക്കും വാക്‌സിനേഷന്‍ നല്‍കും.

ഒരാള്‍ എത്ര ഡോസ് വാക്‌സിന്‍, ഏതെല്ലാം സമയങ്ങളില്‍ സ്വീകരിക്കണം ?
28 ദിവസങ്ങളുടെ വ്യത്യാസത്തില്‍ ഓരോ ഡോസ് വീതം ആകെ രണ്ടു ഡോസ് വാക്സിനാണ് സ്വീകരിക്കേണ്ടത്.

വാക്‌സിനേഷന്‍ സ്വീകരിച്ചതിനുശേഷം ശരീരത്തില്‍ ആന്റിബോഡി ഉണ്ടായിവരുന്നതിന് എത്ര സമയമെടുക്കും ?
രണ്ടാമത്തെ ഡോസ് വാക്സിന്‍ സ്വീകരിച്ചതിന് ശേഷം രണ്ടാഴ്ച കൊണ്ട് ശരീരത്തില്‍ ആന്റിബോഡികളുടെ രക്ഷാകവചം നിര്‍മ്മിക്കപ്പെടുന്നു.

വിവരങ്ങള്‍:
കേരള ആരോഗ്യ കുടുംബക്ഷേമ വകുപ്പ്

Content Highlights: Covid Vaccine all details you needs to know, Covid19, Covid Vaccine, Health

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram