കോവിഡ് കാലത്ത് കുഞ്ഞുങ്ങള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാമോ?


3 min read
Read later
Print
Share

നിലവില്‍ കോവിഡ് 19 ബാധിതരായ വ്യക്തികള്‍ക്ക് ഇമ്മ്യൂണൈസേഷന്‍ നല്‍കുന്നത് മൂലം ഏതെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല

Representative Image | Photo: Gettyimages.in

കോവിഡ് 19 മഹാമാരി പടർന്ന് പിടിച്ച സാഹചര്യത്തിലാണ് ഈ വർഷത്തെ ഇമ്മ്യൂണൈസേഷൻ ദിനം കടന്നുവരുന്നത്. ആശങ്കകൾ നിറഞ്ഞ ഈ സാഹചര്യത്തിൽ കുത്തിവയ്പ്പ് നടത്തുന്നതിനെ കുറിച്ച് വ്യാപകമായ സംശയങ്ങളും പ്രചരണങ്ങളുമെല്ലാം നടക്കുന്നുണ്ട്. ഈ സവിശേഷ സാഹചര്യത്തിൽ വാക്സിനേഷനുമായി ബന്ധപ്പെട്ടുള്ള പൊതുവായ സംശയങ്ങൾ ദുരീകരിക്കുന്നതിന് ലോകാരോഗ്യ സംഘടന തന്നെ കൃത്യമായ നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട പൊതുവായ സംശയങ്ങളും ഉത്തരങ്ങളും ഇനി പറയുന്നു.

1. നവജാത ശിശുക്കൾക്ക് നിലവിൽ വാക്സിനേഷൻ നൽകുന്നതിൽ തടസ്സമുണ്ടോ?

നവജാത ശിശുക്കൾക്ക് വാക്സിനേഷൻ നൽകുന്നതിൽ യാതൊരു തെറ്റുമില്ല എന്ന് മാത്രമല്ല നിർബന്ധമായും വാക്സിനേഷൻ പിൻതുടരുക തന്നെ വേണം. പ്രസവം നടന്ന ആശുപത്രിയിൽ നിന്ന് വാക്സിനേഷൻ സംബന്ധിച്ച വിശദമായ പട്ടിക മാതാപിതാക്കൾക്ക് നൽകിയിരിക്കും. അത് പരിശോധിച്ച് കൃത്യസമയത്ത് കുത്തിവയ്പ്പ് നൽകുക തന്നെ വേണം.

2. അഡൾട്ട് വാക്സിനേഷൻ (മുതിർന്നവർക്കുള്ള വാക്സിനേഷൻ) കോവിഡ് 19 സാഹചര്യത്തിൽ നൽകുന്നതിൽ കുഴപ്പമുണ്ടോ?

കോവിഡ് വ്യാപനത്തിനുള്ള സാഹചര്യങ്ങൾ ഒഴിവാക്കിക്കൊണ്ട് ഇത്തരം വാക്സിനേഷനുകൾ സ്വീകരിക്കണം. ന്യൂമോകോക്കൽ, ഇൻഫഌവൻസ, പെർട്ടുസിസ് വാക്സിനേഷൻ മുതലായവയായിരിക്കും പ്രധാനമായും നിർദേശിക്കപ്പെട്ടിട്ടുണ്ടാവുക. ഇത്തരം വാക്സിനേഷനുകൾ ശ്വാസകോശ സംബന്ധമായ രോഗങ്ങളെയും മറ്റും പ്രതിരോധിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്നവയായതിനാലും കോവിഡ് 19 പ്രധാനമായും ശ്വാസകോശത്തെ ബാധിക്കുന്ന രോഗമായതിനാലും ഇതിന് പ്രാധാന്യമുണ്ട്.

3. സ്കൂളുകൾ കേന്ദ്രീകരിച്ചുള്ള വാക്സിനേഷൻ തുടരണമോ?

ബൂസ്റ്റർ ഡോസുകൾ ഉൾപ്പെടെയുള്ളവ ഏറ്റവും ഫലപ്രദമായും വ്യാപകമായും എളുപ്പത്തിലും നൽകുവാൻ സാധിക്കുന്നത് സ്കൂളുകൾ വഴിയായിരുന്നു. എന്നാൽ നിലവിലെ പ്രത്യേക സാഹചര്യത്തിൽ വിദ്യാലയങ്ങളിൽ കൂട്ടികളെ പ്രവേശിപ്പിക്കുന്നതിനും കൂട്ടം കൂടുന്നതിനുമെല്ലാം വിലക്കുകളുള്ള സ്ഥിതിയിൽ ഇത് പ്രായോഗികമല്ല. അതുകൊണ്ട് തന്നെ സർക്കാർ തലത്തിൽ ലഭിക്കുന്ന നിർദേശങ്ങളനുസരിച്ച് വാക്സിനേഷൻ മാർഗങ്ങൾ അവലംബിക്കാവുന്നതാണ്.

4. വാക്സിനേഷൻ നൽകുന്നവർക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ നിർദേശിക്കപ്പെട്ടിട്ടുണ്ടോ?

ലോകാരോഗ്യ സംഘടനയുടെ പൊതുവായ നിർദശത്തെ അനുസരിച്ച് ഓരോ രാജ്യങ്ങളും അതത് മേഖലകളുടെ കൂടി പ്രത്യേകതകൾ കണക്കിലെടുത്ത് വാക്സിനേഷൻ നൽകുന്നവർക്കുള്ള മുൻകരുതലുകളും സുരക്ഷാമാനദണ്ഡങ്ങളും നിർദേശിച്ചിട്ടുണ്ട്. നിർബന്ധമായും മാസ്ക് ധരിക്കുക, വാക്സിനേഷൻ നൽകുന്ന ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കൽ ഒഴിവാക്കുക, ഓരോ തവണയും കൈകൾ പ്രോട്ടോക്കോൾ അനുസരിച്ച് കഴുകുക, വാക്സിനേഷൻ നൽകുന്ന ഇടം അണുവിമുക്തമാക്കിയിരിക്കണം, വാക്സിനേഷൻ നൽകുന്ന ഇടങ്ങളിൽ നല്ല വായുസഞ്ചാരം ഉണ്ടായിരിക്കണം മുതലായവയാണ് പൊതുവായ നിർദേശങ്ങളിൽ പ്രധാനപ്പെട്ടവ

5. ഇമ്മ്യൂണൈസേഷൻ നൽകുന്ന ഇടങ്ങളിൽ ഏർപ്പെടുത്തേണ്ട സജ്ജീകരണങ്ങൾ വിശദീകരിക്കപ്പെട്ടിട്ടുണ്ടോ?

ഉണ്ട്, എളുപ്പത്തിൽ പിൻതുടരാവുന്നതും പ്രായോഗികമായതുമായ ചില നിർദേശങ്ങൾ ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിട്ടുണ്ട്. ഇമ്യൂണൈസേഷൻ നൽകുന്ന കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിക്കുക, ഒരേ സമയം എത്തിച്ചേരുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുക, കൃത്യമായ ഇടവേളകളെടുക്കുക മുതലായവ ഇതിൽ പ്രധാനപ്പെട്ടവയാണ്. മറ്റ് നിർദേശങ്ങൾ ഇനി പറയുന്നു

  • ഇമ്മ്യൂണൈസേഷൻ അപ്പോയിന്റ്മെന്റ് തീരുമാനിച്ച ശേഷം ഓരോരുത്തർക്കും കൃത്യമായ സമയം നേരത്തെ നൽകുക
  • ഇമ്മ്യൂണൈസേഷൻ സ്വീകരിക്കുന്നവരുടെ പ്രായത്തിന് അനുയോജ്യമായ മറ്റ് സംവിധാനങ്ങളുടെ കൂടി സഹകരണം ഉറപ്പ് വരുത്തുക. ഇതിലൂടെ ഇമ്മ്യൂണൈസേഷൻ നൽകുന്ന ഇടത്തേക്ക് വരുന്ന ആളുകളുടെ എണ്ണം കുറയ്ക്കാനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പ് വരുത്താനും സാധിക്കും.
  • മുറികൾക്ക് പുറത്തുള്ള തുറന്ന ഇടങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക, ശാരീരിക അകലം പാലിക്കുക
  • മുതിർന്നവർക്കും, ഉയർന്ന രക്തസമ്മർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം മുതലായവ പോലുള്ള ഇതര രോഗങ്ങളുള്ളവർക്കും പ്രത്യേക സെഷനുകൾ തീരുമാനിക്കുക
6. കോവിഡ് 19 ബാധിതനായ വ്യക്തിയ്ക്ക് ഇമ്മ്യൂണൈസേഷൻ നൽകാമോ

നിലവിൽ കോവിഡ് 19 ബാധിതരായ വ്യക്തികൾക്ക് ഇമ്മ്യൂണൈസേഷൻ നൽകുന്നത് മൂലം ഏതെങ്കിലും തരത്തിലുള്ള പ്രത്യാഘാതങ്ങൾ ഉണ്ടാകുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. അതുകൊണ്ട് തന്നെ അവർക്ക് നൽകുന്നതിൽ തെറ്റില്ല. എങ്കിലും കോവിഡ് ബാധിതനായ വ്യക്തി അല്ലെങ്കിൽ സംശയിക്കപ്പെടുന്ന വ്യക്തിയിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത കൂടുതലുള്ളതിനാൽ കഴിയുന്നതും കോവിഡ് നെഗറ്റീവ് ആയതിന് ശേഷം മറ്റൊരു സമയം നിശ്ചയിച്ച് ഇമ്മ്യൂണൈസേഷൻ സ്വീകരിക്കുന്നതാവും ഉചിതം.

(കോഴിക്കോട് ആസ്റ്റർ മിംസിലെ കൺസൽട്ടന്റ് പീഡിയാട്രീഷ്യനാണ് ലേഖിക)

Content Highlights: Can Kids be vaccinated during Covid19 Corona Virus outbreak, Health, World Immunization Day 2020

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram