Representative Image | Photo: Gettyimages.in
നിരവധി പേര്‍ ചോദിച്ച ചോദ്യമാണിത്.അറിയാവുന്ന കാര്യങ്ങള്‍ ചുരുക്കി എഴുതാം.
എന്താണ് ഈ കോവാക്‌സിന്‍?
പരമ്പരാഗത രീതിയില്‍ നിര്‍മ്മിച്ച ഒന്നാണത്. അതായത് പണ്ടു കാലം മുതല്‍ നിര്‍മ്മിച്ചുവന്ന രീതിയില്‍.
എന്നു വച്ചാല്‍ എന്താണ്?
പകര്‍ച്ചവ്യാധികളെ ചെറുക്കാനായി ശരീരത്തെ സജ്ജമാക്കുന്ന ഇന്‍ജെക്ഷന്‍ ആണ് വാക്സിന്‍. രോഗം വരുത്താതെ പ്രതിരോധം ജനിപ്പിക്കുക എന്നതാണ് വിദ്യ. അവ പല തരം. അതില്‍ ഇനാക്ടിവേറ്റഡ് വാക്സിന്‍ ആവുമ്പോള്‍ രോഗാണുവിന്റെ അംശങ്ങള്‍ ഉണ്ടാവും, കൂടെ ചമ്മന്തിക്ക് തേങ്ങാപ്പീര പോലെ ഒരു അഡ്ജുവാന്റും. ഈ മിശ്രിതമാണ് കുത്തിവയ്ക്കുന്നത്.
മറ്റാരെങ്കിലും ഇത് ഉപയോഗിച്ചിട്ടുണ്ടോ?
ഇതേ പരമ്പരാഗത രീതിയാണ് പാന്‍ഡെമിക് കണ്ടയുടന്‍ തന്നെ ഈയിനത്തില്‍ പെട്ട വൈറസിനെ പറ്റി ഏറ്റവും അധികം ഗവേഷണം നടത്തി പാരമ്പര്യമുള്ള ചൈന സ്വീകരിച്ചത്. അവര്‍ മാസങ്ങള്‍ക്കുള്ളില്‍ ക്ലിനിക്കല്‍ ട്രയലുകള്‍ പബ്ലിഷ് ചെയ്യാന്‍ കാത്തു നില്‍ക്കാതെ എത്രയും വേഗം ലക്ഷക്കണക്കിന് പൗരന്മാര്‍ക്ക് ആ വാക്സിന്‍ എത്തിച്ചു കൊടുത്തു. ചൈനയില്‍ മരണങ്ങള്‍ പൊടുന്നനെ കുറയാന്‍ ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് അവരുടെ അതിവേഗ വാക്‌സിനേഷന്‍ പ്രോഗ്രാമാണ്.
എന്തിനാണ് അഡ്ജുവാന്റ് ചേര്‍ക്കുന്നത്? വെറുതെ അല്പം വൈറസ് പൊടിച്ച് അരച്ചു കുത്തിവച്ചാല്‍ പോരേ?
ജീവനുള്ള (live) വൈറസ് ആണ് കൂടുതല്‍ പ്രഹരശേഷിയുള്ളത്. അതു കുത്തിവച്ചാല്‍ അഡ്ജുവാന്റ് ഇല്ലാതെ തന്നെ സിസ്റ്റം ഓണായിക്കൊള്ളും. എന്നാല്‍ കോവിഡ് ഉണ്ടാകാന്‍ സാധ്യത ഉള്ളതിനാല്‍ തത്ക്കാലം ജീവനുള്ള കൊറോണാ വൈറസ് കൊണ്ട് വാക്സിന്‍ ഇറക്കിയിട്ടില്ല.അതിനാല്‍ 'നിര്യാതനായ' (inactivated) വൈറസ് ഉപയോഗിക്കുമ്പോള്‍ ഇമ്മ്യൂണ്‍ സിസ്റ്റം ഉണര്‍ന്നു വരാനുള്ള ഒരു ബൂസ്റ്റര്‍ ആണ് ഈ അഡ്ജുവാന്റ്.
കോവാക്‌സിന്‍ അഡ്ജുവാന്റിന്റെ പ്രത്യേകത?
ഏറ്റവും പുതിയ മോഡല്‍ അഡ്ജുവാന്റ് ആണ് ഇതില്‍ ചേര്‍ത്തിട്ടുള്ളത്. ഉണ്ടാകാവുന്നതില്‍ ഏറ്റവും മെച്ചപ്പെട്ട തരം ഇമ്മ്യൂണ്‍ റെസ്പോണ്‍സ് ഉണ്ടാവാന്‍ വേണ്ടി ഏറെ അന്വേഷിച്ചാണ് പണ്ട് മുതല്‍ ഉപയോഗിച്ചു വന്ന വെറും പച്ച ALUM എന്നതിനു പകരം toll-like receptor 7/8 agonist ആയ IMDG അതില്‍ ALUM -നോടൊപ്പം ചേര്‍ത്തിട്ടുള്ളത്. അതിന് ALUM-IMDG എന്നു പറയുന്നു. ചൈന ഉപയോഗിച്ച വെറും ALUM - നേക്കാള്‍ മെച്ചപ്പെട്ടതാണിത്.
ഏതാണ് എടുക്കേണ്ടത്? കോവിഷീല്‍ഡോ കോവാക്‌സിനോ?
ഏതാണോ ആദ്യം കിട്ടുക അതെടുക്കുക. ഇതാണ് ലോകമെമ്പാടും വിദഗ്ധര്‍ ഒരേ സ്വരത്തില്‍ പറയുന്നത്.
ഏതാണ് നല്ലത്?
ഉത്തരമില്ലാത്ത ചോദ്യമാണിത്. രണ്ടും മെച്ചപ്പെട്ട വാക്സിന്‍ എന്ന് എന്റെ വ്യക്തിപരമായ അഭിപ്രായം. ടൊയോട്ടയാണോ ഹോണ്ടയാണോ നല്ലത് എന്നു ചോദിച്ചാല്‍ എന്നതു പോലെയാണ്.
കോവിഷീല്‍ഡിനില്ലാത്ത എന്തെങ്കിലും ഗുണം കോവാക്‌സിനുണ്ടോ?
കോവിഷീല്‍ഡ് വൈറസിന്റെ മുള്ളിനെതിരെ മാത്രം പ്രതിരോധം ഉല്പാദിപ്പിക്കുന്നു. കോവാക്‌സിന്‍ മൊത്തം വൈറസിനെതിരെയും. അതിനാല്‍ ഭാവിയില്‍ കാര്യമായ ജനിതകമാറ്റം വൈറസില്‍ ഉണ്ടായാല്‍ ഒരു പക്ഷേ ചെറുത്തു നില്‍കാന്‍ സഹായിക്കുക കോവാക്‌സിന്‍ ആവാം. ഇത് ഒരു എജ്യുക്കേറ്റഡ് ഗസ്സ് മാത്രം ആണ്; കാരണം അങ്ങനെ വലിയ രീതിയില്‍ ഒരു ജനിതക മാറ്റം ഇതു വരെ സംഭവിച്ചിട്ടില്ലല്ലോ.
കോവാക്‌സിന്‍ ഫലപ്രദം ആണെന്ന് തെളിവുണ്ടോ?
ഒരു കോവിഡ് വാക്‌സിനില്‍ ഞാന്‍ പ്രതീക്ഷിക്കുന്ന എല്ലാ കാര്യങ്ങളും ഇതു തരുന്നതായി തെളിവുണ്ട്. എനിക്കു വേണ്ടത് പ്രധാനമായും ഒരു പ്രത്യേക തരത്തിലുള്ള ടി സെല്‍ റെസ്‌പോണ്‍സ് (T cell response) ആണ്. Th-1 എന്നു പറയും. അതോടൊപ്പം ആവശ്യത്തിന് ആന്റിബോഡിയും ഉത്പാദിപ്പിക്കുന്നുണ്ട് എന്ന് എണ്ണൂറോളം മനുഷ്യരില്‍ പഠനം നടത്തി പബ്ലിഷ് ചെയ്തു കഴിഞ്ഞു. ദീര്‍ഘകാലത്തേക്കുള്ള സംരക്ഷണവും ഗുരുതര രോഗത്തില്‍ നിന്നുമുള്ള പരിരക്ഷയും പ്രധാനമായും ടി സെല്‍ മുഖേനയാണ് നമുക്ക് ലഭിക്കുക എന്ന് നിരവധി സമീപകാല പഠനങ്ങള്‍ ഉണ്ട്.
കോവാക്‌സിന്‍ സുരക്ഷിതമാണോ?
പണ്ടുമുതല്‍ പ്രയോഗിച്ചു വരുന്ന രീതിയില്‍ നിര്‍മിക്കുന്ന കോവാക്‌സിന്റെ സുരക്ഷിതത്വത്തെപ്പറ്റി ഈ ഫീല്‍ഡറിയാവുന്ന ആര്‍ക്കും ആശങ്കയില്ല. ന്യൂജനറേഷന്‍ വാക്സിനുകളായ കോവിഷീല്‍ഡ്, ഫൈസര്‍, മോഡര്‍ന, സ്പുട്‌നിക് മുതലായവയെ ചുറ്റിപ്പറ്റിയായിരുന്നു ആശങ്ക കൂടുതല്‍. മറ്റൊന്നും കൊണ്ടല്ല; പുതിയ ടെക്‌നോളജി ആയത് കൊണ്ടു മാത്രം. ട്രയലുകളില്‍ അവര്‍ സുരക്ഷിതം എന്ന് തെളിഞ്ഞിട്ടുണ്ട്. പോരാത്തതിന് മേല്‍പ്പറഞ്ഞ ട്രയലില്‍ കോവാക്‌സിനും സുരക്ഷിതം എന്നു തെളിഞ്ഞിട്ടുണ്ട്.
എന്താണ് ക്ലിനിക്കല്‍ ട്രയല്‍ മോഡ് എന്നൊക്കെ വച്ചാല്‍?
വ്യത്യസ്തമായ അപ്രൂവല്‍ ആയതിനാല്‍ കോവാക്‌സിന്‍ എടുക്കുന്ന വ്യക്തികള്‍ അഡീഷനലായി ഒരു ഫോം പൂരിപ്പിക്കണം എന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. ആശുപത്രിയില്‍ പോയാല്‍ നമുക്ക് ചികിത്സയില്‍ എതിര്‍പ്പില്ല എന്ന് സാക്ഷ്യപ്പെടുത്തിക്കൊണ്ടുള്ള ഇത്തരം നിരവധി ഫോമുകള്‍ ഒപ്പിടേണ്ടി വരാറുണ്ട്, അതു പോലെ തന്നെ ബാങ്ക് അക്കൗണ്ട് തുടങ്ങുമ്പോള്‍, എം.ആര്‍.ഐ. സ്‌കാന്‍ എടുക്കേണ്ടി വരുമ്പോള്‍. സാങ്കേതികമായ കാര്യമാണ്. അതില്‍ ഒരു കുഴപ്പവും ഇല്ല എന്നാണ് ഔദ്യോഗിക പദവിയില്‍ ഉള്ളവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ഇക്കാര്യത്തില്‍ ഇത്തരം സമ്മത പത്രം ഒപ്പിടാന്‍ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഇല്ല.
എന്താണ് ചിലര്‍ ഇതു വേണ്ടാ എന്നു പറയുന്നത്?
അമിതമായ ആലോചനയാണ് പലപ്പോഴും തെറ്റായ തീരുമാനങ്ങളിലേക്ക് നമ്മെ നയിക്കുന്നത്. അതിന് information overload and overthinking എന്നു പറയും.
കടയില്‍ വച്ച് ഏതു മാങ്ങ വാങ്ങണം എന്നു തീരുമാനിക്കാന്‍ നാം ലൈബ്രറിയില്‍ പോയി ഫ്രൂട്ട്‌സിനെ പറ്റിയുള്ള എന്‍സൈക്ലോപീഡിയ നോക്കാന്‍ തുനിഞ്ഞാല്‍, അല്ലെങ്കില്‍ പത്തു പേരോട് അഭിപ്രായം ചോദിച്ചാല്‍, ചിലപ്പോള്‍ ഒന്നും തീരുമാനിക്കാന്‍ സാധിക്കാതെ വെറും കയ്യോടെ മടങ്ങി എന്നു വരും. ഒരു പക്ഷേ മാങ്ങ ഇനി മേലാല്‍ വാങ്ങരുതെന്നും അതിനേക്കാള്‍ നല്ലത് ആപ്പിളാണെന്ന് തീരുമാനിച്ചെന്നുമിരിക്കും.
വാക്സിന്റെ കാര്യത്തില്‍ ഏറെ അറിവും എക്‌സ്പീരിയന്‍സും ഉള്ളവര്‍ പറയുന്നത് നമുക്ക് വിശ്വസിക്കാം. പിന്നെ വാക്സിന്‍ എടുക്കണോ വേണ്ടയോ എന്നുള്ളത് ഓരോ വ്യക്തിയുടെയും തീരുമാനമാണ്. ആരെയും വാക്സിന്‍ എടുക്കാന്‍ നിര്‍ബന്ധിക്കേണ്ടതില്ല.
വാക്സിന്‍ എടുത്തവര്‍ക്ക് പില്‍ക്കാലത്ത് അഥവാ വൈറസ് ബാധിച്ചാലും ഗുരുതര രോഗം പിടിപെടാതെ രക്ഷപെടാം എന്നുള്ള പ്രതീക്ഷയാണ് നിലവിലുള്ള എല്ലാ കോവിഡ് വാക്സിനുകളും നമുക്കു നല്‍കുന്നത്.
Content Highlights: Can I take Covaxin, Health, Covid19, Corona Virus, Covid Vaccine