45 വയസ്സിന് മുകളിലുള്ളവര്‍ കോവിഡ് വാക്‌സിനെടുക്കുമ്പോള്‍ ഈ രോഗങ്ങള്‍ നിര്‍ണായകം


2 min read
Read later
Print
Share

കോ-വിന്‍ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്

Photo: AP

രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചിരിക്കുകയാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും 45-59 പ്രായക്കാരില്‍ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ് ഇന്നുമുതല്‍ വാക്‌സിന്‍ നല്‍കുന്നത്.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ ആശുപത്രികളിലും തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാന്‍ സൗകര്യമുണ്ടാകും. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായാണ് വാക്‌സിന്‍ നല്‍കുക. സ്വകാര്യ ആശുപത്രികളില്‍ 250 രൂപയാണ് ഒരു ഡോസ് വാക്‌സിന് നല്‍കേണ്ടത്. കോ-വിന്‍ പോര്‍ട്ടലിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതുവഴി വാക്‌സിനേഷന്‍ എടുക്കാനുള്ള ദിവസം, സമയം, വാക്‌സിനേഷന്‍ കേന്ദ്രം എന്നിവ നമുക്ക് സ്വന്തമായി തിരഞ്ഞെടുക്കാം.

45 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. വാക്‌സിന്‍ മുന്‍ഗണനയ്ക്കായി പരിഗണിക്കുന്ന രോഗങ്ങള്‍ ഇവയാണ്.

  • ഹൃദ്രോഗമുണ്ടായി കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ആശുപത്രിയില്‍ ചികിത്സ തേടിയവര്‍.
  • ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായരും പേസ്‌മേക്കര്‍ ഉപയോഗിക്കുന്നവരും.
  • ഹൃദയത്തിന്റെ അറകള്‍ക്ക് പ്രവര്‍ത്തന തകരാര്‍ ഉള്ളവര്‍.
  • ഹൃദയവാല്‍വിന് തകരാര്‍ ഉള്ളവര്‍.
  • ജന്‍മനാ ഹൃദ്രോഗികളായവരും ശ്വാസകോശ അസുഖങ്ങള്‍ ഉള്ളവരും.
  • ഹൃദയാഘാതത്തെത്തുടര്‍ന്ന് ബൈപ്പാസ്, ആന്‍ജിയോപ്ലാസ്റ്റി എന്നിവയ്ക്ക് വിധേയരായവര്‍.
  • നെഞ്ചുവേദന, രക്തസമ്മര്‍ദം, പ്രമേഹം എന്നിവയ്ക്ക് ചികിത്സ തേടുന്നവര്‍.
  • സ്‌ട്രോക്ക് ഉണ്ടായവരും അതിന് തുടര്‍ചികിത്സ തേടുന്നവരും.
  • ശ്വാസകോശധമനികള്‍ക്കുണ്ടാകുന്ന അമിത രക്തസമ്മര്‍ദത്തിന്(പള്‍മണറി ആര്‍ട്ടറി ഹൈപ്പര്‍ടെന്‍ഷന്‍) ചികിത്സ തേടുന്നവര്‍.
  • പത്തോ അതില്‍ കൂടുതലോ വര്‍ഷങ്ങളായി പ്രമേഹമുള്ളവരും അനുബന്ധ പ്രശ്‌നങ്ങള്‍ക്ക് ചികിത്സ തേടുന്നവരും.
  • കരള്‍, വൃക്ക, മൂലകോശം എന്നിവ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്ക് വിധേയരായവും ഇതിനായി തയ്യാറായി നില്‍ക്കുന്നവരും.
  • ഗുരുതരമായ വൃക്കരോഗമുള്ളവര്‍, ഡയാലിസിസ് ചെയ്യുന്നവര്‍.
  • ദീര്‍ഘകാലമായി സ്റ്റിറോയ്ഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവും ഇമ്മ്യൂണോ സപ്രെഷന്‍(പ്രതിരോധശേഷിയെ അമര്‍ച്ച ചെയ്യുന്ന) മരുന്നുകള്‍ ഉപയോഗിക്കുന്നവരും.
  • ഗുരുതര കരള്‍രോഗമുള്ളവര്‍.
  • ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ മൂലം കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവര്‍.
  • ലിംഫോമ, ലുക്കീമിയ, മയലോമ തുടങ്ങി എല്ലാ തരം കാന്‍സറുകള്‍ക്കും ചികിത്സ തേടുന്നവര്‍.
  • അരിവാള്‍രോഗം, തലാസിമിയ രോഗം, മജ്ജയിലെ തകരാറുമായി ബന്ധപ്പെട്ട രോഗം എന്നിവയുള്ളവര്‍.
  • എച്ച്.ഐ.വി. ബാധിച്ചവര്‍.
  • മാനസിക വെല്ലുവിളി നേരിടുന്നവര്‍, മസ്‌കുലര്‍ ഡിസ്‌ട്രോഫി ബാധിതര്‍, ശ്വാസകോശ വ്യവസ്ഥയെ ബാധിക്കുന്ന തരത്തില്‍ ആസിഡ് ആക്രമണത്തിന് ഇരയായവര്‍, പരസഹായം ആവശ്യമുള്ള ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവര്‍,അന്ധത, കേള്‍വി എന്നിവയുമായി ബന്ധപ്പെട്ട ഗുരുതര പ്രശ്‌നങ്ങള്‍ ഉള്ളവര്‍.
വാക്‌സിന് രജിസ്റ്റര്‍ ചെയ്യേണ്ടത്

കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയല്‍ കാര്‍ഡിലുള്ള അടിസ്ഥാന വിവരങ്ങള്‍ എന്നിവ നല്‍കണം. മൊബൈല്‍ നമ്പറിന്റെ കൃത്യത ഉറപ്പാക്കാന്‍ ഒറ്റത്തവണ പാസ്‌വേഡ് അയച്ച് പരിശോധന നടത്തും.രജിസ്‌ട്രേഷന്‍ സമയത്ത് വാക്സിനേഷന്‍ സെന്ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാം.

വാക്സിനേഷന്‍ നടക്കുന്നതുവരെ രജിസ്‌ട്രേഷന്റെയും അപ്പോയ്‌മെന്റിന്റെയും രേഖകളില്‍ മാറ്റംവരുത്താനും ഒഴിവാക്കാനും കഴിയും. ഗുണഭോക്താവിന്റെ പ്രായം 45 മുതല്‍ 59 വരെയാണെങ്കില്‍ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍ രജിസ്‌ട്രേഷന്‍ സ്ലിപ്പ് അല്ലെങ്കില്‍ ടോക്കണ്‍ ലഭിക്കും. രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍ സ്ഥിരീകരണ എസ്.എം.എസ്. ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും. വാക്‌സിനെടുക്കാന്‍ എത്തുമ്പോള്‍ ആധാര്‍ കാര്‍ഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ കാര്‍ഡുകളും സ്വീകരിക്കും.

Content Highlights: 2nd phase of Covid19 vaccination who can get inoculated and how to register on co win 2.0, Health, Covid19, Covid Vaccine

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram