'ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു, അറിയാതെ പ്രേമിച്ചുപോയി'


എൻ.പി. ഹാഫിസ് മുഹമ്മദ് | nphafiz@gmail.com

3 min read
Read later
Print
Share

പതിനഞ്ച് വയസ്സുകാരി പറയുന്നു: ''അവനെന്നെ കല്യാണം കഴിക്കാന്‍ വരുന്നതുവരെയും ഞാന്‍ കാത്തിരിക്കും.'' അവന്റെ വയസ്സ് 16..!

കൗമാരപ്രേമം വൈകാരികതയുടെ നിബന്ധനകളില്ലാത്ത ലോകത്തിലേക്കുള്ള സഞ്ചാരമാണ്. പലപ്പോഴും സൗഹൃദത്തില്‍ നിന്നാണ് പ്രേമത്തിലേക്ക് നീങ്ങുന്നത്. കൗമാരപ്രണയിനികള്‍ പറയാറുണ്ട്: ''ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു. ഞങ്ങളറിയാതെ പ്രേമിച്ചുപോയി.'' സൗഹൃദത്തിന്റെയും പ്രേമത്തിന്റെയും അതിര്‍ത്തികള്‍ അവരറിയാതെ ലയിച്ചൊന്നായെന്നവരറിയിക്കും.

പ്രേമം ആനന്ദകരമായ അനുഭവമായി മാറുന്നു. ലോകം കീഴടക്കിയ സന്തോഷം. എന്നാല്‍, സാധാരണ ഒളിപ്പിച്ചുവെക്കപ്പെടുന്ന പ്രേമം പലര്‍ക്കും പേടിയും കുറ്റബോധവും പിരിമുറുക്കവും ഉണ്ടാക്കുന്നു. അവര്‍ പറയുന്നു: 'അവനില്ലായിരുന്നെങ്കില്‍ ഞാനിങ്ങനെ ബാക്കിയാവുമായിരുന്നില്ല. ആശ്വാസമാണെനിക്ക് പ്രേമം നല്‍കുന്ന വികാരം.'' പ്രേമത്തില്‍ വരുംവരായ്കകളെക്കുറിച്ചുള്ള ആലോചനയില്ല. സാഹസികതയും എടുത്തുചാട്ടവും കൗമാരപ്രണയത്തില്‍ പ്രകടമാകും. പതിനേഴ് വയസ്സുകാരന്‍ പറയുന്നു: ''ഞാനവളെയല്ലാതെ വേറൊരാളെയും കല്യാണം കഴിക്കില്ല''. പതിനഞ്ച് വയസ്സുകാരി പറയുന്നു: ''അവനെന്നെ കല്യാണം കഴിക്കാന്‍ വരുന്നതുവരെയും ഞാന്‍ കാത്തിരിക്കും.'' അവന്റെ വയസ്സ് 16..! അസ്ഥാനത്തുള്ള പ്രേമം കുടുംബത്തില്‍ കടുത്ത സംഘര്‍ഷമാണ് ഉണ്ടാക്കുന്നത്. പലരും പ്രേമത്താല്‍ ആനന്ദവും സങ്കടവും പ്രതീക്ഷയും നിരാശയും അഭിമാനവും കുറ്റബോധവും മാറിമാറിയറിയുന്നു.

കോപം കൗമാരക്കാരുടെ സഹജഭാവമാണ്. കുറ്റപ്പെടുത്തല്‍, വിമര്‍ശനം, വിവേചനം, അവകാശനിഷേധം, പരിഹാസം തുടങ്ങിയവ അനിയന്ത്രിതമായ കോപം ഈ ഇളംമുറക്കാരിലുണ്ടാക്കുന്നുണ്ട്. വളര്‍ന്നിട്ടും ലഭിക്കാതെ പോകുന്ന പലതും ഇവരെ രോഷം കൊള്ളിക്കുന്നു. തന്നെ അംഗീകരിക്കാത്ത ഒരാളിനെ, തന്നെ അവഗണിക്കുന്ന ഒരാളിനെ അമിത ദേഷ്യത്തോടെയാണ് അഭിമുഖീകരിക്കുന്നത്. തങ്ങളുടെ കൂട്ടുകാര്‍ വളര്‍ച്ചയെ അംഗീകരിക്കുന്നതിനാല്‍, അവരോട് ഇഷ്ടത്തോടെയും സൗഹാര്‍ദത്തോടെയുമാണ് സമീപിക്കുന്നത്. കോപമാവട്ടെ, പലതരത്തില്‍ കൗമാരക്കാര്‍ കാണിക്കുന്നു. മിണ്ടാതിരിക്കുക, വെറുപ്പ് കാണിക്കുക, ഉച്ചത്തില്‍ സംസാരിക്കുക, തട്ടിക്കയറുക, പുച്ഛത്തോടെ സംസാരിക്കുക തുടങ്ങിയവയില്‍നിന്ന് കോപം ആക്രമണങ്ങളില്‍ വരെ എത്തിച്ചേരും.

ജിജ്ഞാസ കുട്ടികളുടെ സഹജവാസനയാണ്. ഒളിപ്പിച്ചുവെക്കുന്നതും പറയാത്തതുമായ കാര്യങ്ങളില്‍ കൗമാരക്കാര്‍ അതിയായ ജിജ്ഞാസ കാണിക്കുന്നു. ഈ ജിജ്ഞാസയാണ് പഠനത്തിന്റെ അടിത്തറ. ലൈംഗികമായ കാര്യങ്ങളില്‍, കൗമാരക്കാര്‍ക്ക് കൂടുതലറിയാനുള്ള ജിജ്ഞാസയുണ്ടാവും. എതിര്‍ലിംഗത്തില്‍പ്പെട്ടവരുടെ ശാരീരിക രഹസ്യങ്ങളറിയാനുള്ള താത്പര്യം കൂട്ടുകാരില്‍നിന്നാണ് കൂടുതലായും സഫലീകരിക്കപ്പെടുന്നത്. ജിജ്ഞാസ പല കൗമാരക്കാരെയും സാഹസികതയിലേക്കും കൊണ്ടുചെല്ലാറുണ്ട്. ഈ വിധം, വൈവിധ്യപൂര്‍ണമായ വൈകാരികാവസ്ഥകളുടെ ഒറ്റയ്‌ക്കോ കൂട്ടമായോ ഉള്ള പ്രതിഫലനം കൗമാരത്തെ മറ്റ് ഘട്ടങ്ങളില്‍നിന്ന് വേര്‍തിരിച്ച് നിര്‍ത്തുന്നു.

രക്ഷാകര്‍ത്താക്കളും കൗമാരക്കാരും

ഒരു രക്ഷാകര്‍ത്താവ് മകളുടെയടുത്തിരുന്ന് പറഞ്ഞു: ''ഞാനിപ്പോ ഇവളോടൊന്നും സംസാരിക്കാറില്ല. മിണ്ടിയാല്‍ അടിപിടിയാ. പിന്നെ അന്നത്തെ ദിവസത്തെ സമാധാനം പോകും. അതൊക്കെ ഒഴിവാക്കാന്‍ മിണ്ടാതിരിക്കുന്നതാ ഭേദം.'' പതിനേഴുകാരി, പ്ലസ്ടു വിദ്യാര്‍ഥിനി ഒന്നും പറയാതെ, അപ്പറഞ്ഞതൊന്നും കേട്ടില്ലെന്ന മട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നോക്കിയിരുന്നു. അയാള്‍ തുടര്‍ന്നു: ''വീട്ടിന് പുറത്ത് ഇവളെപ്പോലെ ഒരു നല്ല കുട്ടി വേറെയില്ല. ടീച്ചര്‍മാര്‍ക്കും ഫ്രണ്‍ഡ്സിനും ഇവളെക്കുറിച്ച് നല്ലതേ പറയാനുള്ളൂ. എല്ലാവരോടും മുയലിനെപ്പോലെ പെരുമാറുന്നവള്‍, ഞങ്ങളെ പുലിയെപ്പോലെ കടിച്ചുകീറാന്‍ വരും.''

പെണ്‍കുട്ടി നിസ്സംഗയായി എന്നെ നോക്കി: ''അതുതന്നെയാ എനിക്കും പറയാനുള്ളത്. എല്ലാരും എന്നോട് നന്നായി പെരുമാറുന്നു. ഇവര്‍ മാത്രം എന്താ ഇങ്ങനെ?''

കൗമാരഘട്ടം കഴിഞ്ഞുതന്നെയാണ് ഓരോരുത്തരും കൗമാരക്കാരുടെ മാതാപിതാക്കളാകുന്നത്; മുതിര്‍ന്നവരാകുന്നത്. കൗമാരത്തില്‍ ചെറിയ തോതിലെങ്കിലും ഈ രക്ഷാകര്‍ത്താക്കളും അവരുടെ മാതാപിതാക്കളോട് പൊരുത്തപ്പെടാതെ സംഘര്‍ഷത്തിന്റെ പാതയിലൂടെ കടന്നുപോയിട്ടുണ്ടാവും. എന്നാലും സ്വന്തം മക്കളുടെ വൈകാരിക വിക്ഷോഭങ്ങളുടെ വേരുകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നില്ല. ഗള്‍ഫില്‍ ജോലിചെയ്യുന്ന ഒരാളിന്റെ സങ്കടം: ''പല രാജ്യങ്ങളില്‍നിന്നുള്ളവര്‍ ഉള്ള ഒരു കമ്പനിയിലാണ് ഞാന്‍ ജോലിചെയ്യുന്നത്. അവരെ മാനേജ് ചെയ്യാനെനിക്ക് പറ്റുന്നു. സത്യം എന്റെ മകനെ മാനേജ് ചെയ്യാനെനിക്ക് കഴിയുന്നില്ല.''

കൗമാര വികാരപ്രപഞ്ചം അഭിമുഖീകരിക്കുമ്പോള്‍

കൗമാരക്കാരുടെ വൈകാരികമണ്ഡലവും പ്രക്ഷുബ്ധാവസ്ഥയും രക്ഷാകര്‍ത്താക്കള്‍ക്ക് വലിയ കീറാമുട്ടിയാണ്. ഒരാള്‍ പറഞ്ഞത്: ''രണ്ട് ഭാര്യമാരെ കൈകാര്യം ചെയ്യാനെനിക്ക് പ്രയാസമില്ല. പക്ഷേ, ഒരു മകളെ മനസ്സിലാക്കാനോ ശരിയാക്കിയെടുക്കാനോ എനിക്ക് കഴിയുന്നില്ല.'' കൗമാരക്കാരുടെ വൈകാരികപ്രകടനങ്ങള്‍ രക്ഷാകര്‍ത്താക്കളെ പ്രകോപിപ്പിക്കുന്നു. അവര്‍ മക്കളെ മനസ്സിലാക്കാനുതകുംവിധം ആശയവിനിമയം നടത്തുന്നില്ല. പകരം, പ്രക്ഷുബ്ധവികാര തരംഗങ്ങളില്‍ പ്രകോപിതരാകുന്നു. സംയമനം നഷ്ടപ്പെടുന്നു. അതിവൈകാരികതയില്‍ അവരും പ്രതികരിക്കുന്നു. ബന്ധം വഷളാകുന്നു. കുടുംബത്തിലെ സ്വസ്ഥത നഷ്ടപ്പെടുകയും ചെയ്യുന്നു.

കൗമാരക്കാരുടെ സ്വാഭാവികമായ വൈകാരികപ്രപഞ്ചത്തെ മനസ്സിലാക്കാനും അവര്‍ക്കൊപ്പംനിന്ന് സംഘര്‍ഷരഹിതമായ ഒരന്തരീക്ഷം ഉണ്ടാക്കിയെടുക്കാനുമാണ് മാതാപിതാക്കളും കുടുംബാംഗങ്ങളും അധ്യാപകരും ശ്രമിക്കേണ്ടത്. മുതിര്‍ന്നവര്‍, താഴെ വളരുന്നവര്‍ അവരല്ലെന്നും അവരെപ്പോലെയല്ലെന്നും എപ്പോഴും ഓര്‍ക്കേണ്ടതുണ്ട്. കൗമാരക്കാര്‍ ബാല്യകാലം കഴിഞ്ഞവരാണ്. എന്നാല്‍, പക്വതയുടെ ഘട്ടത്തിലേക്ക് പ്രവേശിച്ചവരുമല്ല. 'അമ്മാത്തുനിന്ന് പുറപ്പെട്ടവര്‍, പക്ഷേ, ഇല്ലത്തെത്തിയിട്ടുമില്ല.' മുതിര്‍ന്നവര്‍ അവരുടെ അമിതപ്രതീക്ഷകളും മുന്‍വിധികളും പക്ഷപാതിത്വങ്ങളും കൈവെടിഞ്ഞാലേ കൗമാരക്കാരോട് ആശയവിനിമയം സാധിക്കൂ. സ്‌നേഹസൗഹാര്‍ദത്തോടെ ആശയവിനിമയം നടത്തുമ്പോഴാണ് കൗമാരക്കാര്‍ മനസ്സുതുറക്കുന്നത്. മനസ്സിനുള്ളില്‍ അടക്കിപ്പിടിച്ചതോ എരിപൊരികൊള്ളുന്നതോ ആയ കാര്യങ്ങള്‍ പങ്കുവെക്കുന്നത്. ക്ഷമയോടെ അവര്‍ക്കുമുന്നില്‍ നല്ല കേള്‍വിക്കാരാവണം. സമഭാവനയോടെയും പക്വതയോടെയും കൗമാരക്കാരോട് തന്മയീഭവിക്കുന്ന (empathising) മാതാപിതാക്കള്‍ക്ക് അവരുടെ വൈകാരികവിമ്മിട്ടങ്ങളെയും വിളയാട്ടങ്ങളെയും തണുപ്പിക്കാനാവും. പ്രിയപ്പെട്ടവര്‍ തനിക്കൊപ്പമുണ്ടെന്ന അറിവും അനുഭവവും കൗമാരാഗ്‌നി കെടുത്തിത്തീര്‍ക്കാനും കുറേയൊക്കെ സഹായിക്കും.

Content Highlight: Teenager life and problems,Teenage Problems, Teenager,Teenage Love

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram