കുട്ടികളുടെ ഭക്ഷണകാര്യം ഒട്ടുമിക്ക അമ്മമാരുടേയും തലവേദനയാണ്. എന്ത് ഭക്ഷണം എത്ര അളവില്‍ കൊടുക്കാം, മടിയുള്ള കുട്ടികളെ എങ്ങനെ ഭക്ഷണം കഴിപ്പിക്കണം, ആവശ്യമുള്ള പോഷകങ്ങള്‍ എങ്ങനെ കൊടുക്കാം തുടങ്ങി ആ തലവേദനകള്‍ അങ്ങനെ നീളും. കുട്ടികളുടെ ഭക്ഷണരീതിയെ കുറിച്ച് കൂടുതല്‍ അറിയാം.
ഭക്ഷണരീതി എങ്ങനെ മുന്നോട്ടുകൊണ്ടുപോകണം
ആറാംമാസം ഒരുതവണ കുറുക്കുകൊടുക്കുന്ന കുട്ടിക്ക് ഒരു മാസംകൂടി കഴിയുന്നതോടെ രണ്ടുനേരമാക്കാം. റാഗിക്കൊപ്പം ഏഴാംമാസത്തില്‍ കുട്ടിക്ക് സൂചിഗോതമ്പുകൂടി ഒരുനേരം കൊടുത്തുതുടങ്ങാം. പക്ഷേ, മുലയൂട്ടല്‍ തുടരാന്‍ മറക്കല്ലേ.
പച്ചക്കറികള്‍ എപ്പോള്‍ കൊടുക്കാം
എട്ടാംമാസത്തില്‍ കുഞ്ഞുങ്ങള്‍ സ്വാദുകള്‍ അറിഞ്ഞുതുടങ്ങും. നമ്മെപ്പോലെ അവരും രുചികള്‍ ആസ്വദിച്ചുതുടങ്ങും. അപ്പോള്‍ ഒരേ ഭക്ഷണം കൊടുത്താല്‍ അവര്‍ അതിനോട് താത്പര്യം കാണിച്ചെന്നുവരില്ല. അതുകൊണ്ട് പുളിപ്പ്, എരിവ്, മധുരം എന്നീ രുചികള്‍ ചെറിയ രീതിയില്‍ ശീലിപ്പിക്കാം. കാരറ്റ്, ബീറ്റ് റൂട്ട് , ഉരുളക്കിഴങ്ങ് എന്നിവയെല്ലാം നല്ലവണ്ണം വേവിച്ച് കുറച്ച് ഉപ്പും എരിവുമൊക്കെ ചേര്‍ത്ത് കൊടുക്കാം..
പലഹാരങ്ങള്‍ എപ്പോള്‍ തുടങ്ങണം
നമ്മള്‍ പ്രാതലിനായി ഉണ്ടാക്കുന്ന ഇഡ്ഡലി, ദോശ, ചപ്പാത്തി എന്നിവയെല്ലാം നല്ലവണ്ണം കുതിര്‍ത്തി എട്ടാംമാസംമുതല്‍ കുഞ്ഞുങ്ങള്‍ക്ക് കൊടുത്തുതുടങ്ങാം. ഇത് വെള്ളത്തിലോ അല്ലെങ്കില്‍ ഒരല്‍പം പാലിലോ കുതിര്‍ത്താവുന്നതാണ്. കുറച്ച് എണ്ണയോ നെയ്യോ ചേര്‍ക്കുന്നതിലും തെറ്റില്ല.
എന്തുകൊണ്ട് കുഞ്ഞുങ്ങള്‍ ചവച്ചരച്ച് കഴിക്കണം
എട്ടാംമാസത്തില്‍ ഒരു കുഞ്ഞിന്റെ വായില്‍ കൈയിട്ടുനോക്കിയിട്ടുണ്ടോ? വേണ്ട കേട്ടോ, വിവരമറിയും! നല്ല കടികിട്ടും. അതായത് എട്ടാം മാസത്തോടെ അവര്‍ക്ക് കടിക്കാനും ചവയ്ക്കാനുമൊക്കെ വലിയ താത്പര്യം വന്നുതുടങ്ങും. അപ്പോള്‍ നിങ്ങള്‍ ആഹാരം മിക്‌സിയില്‍ അടിച്ച് പേസ്റ്റ്രൂപത്തില്‍ കൊടുത്താല്‍ ശരിയാകുമോ? ഇല്ല. കുറച്ച് കുതിര്‍ത്തി മൃദുവാക്കി കൊടുത്തുനോക്കൂ. അവര്‍ സുഖമായി സന്തോഷത്തോടെ ചവച്ചുതിന്നുന്നത് കാണാം. ഇത് താടിയെല്ലിന്റെ പൂര്‍ണവളര്‍ച്ചയ്ക്കും അത്യാവശ്യമാണ്. അനാവശ്യമായി ഭക്ഷണം അരച്ചുകൊടുത്താല്‍ അവര്‍ ചവയ്ക്കാന്‍ അറിയാതെയാകും വളരുക. ഭക്ഷണം വിഴുങ്ങിമാത്രം ശീലിക്കും.
ചോറ് എപ്പോള്‍ കൊടുക്കാം
എട്ടാംമാസത്തില്‍ത്തന്നെ ചോറും കൊടുത്തുതുടങ്ങാം. നന്നായി വേവിച്ച് കുറച്ച് തൈരോ നെയ്യോ വെളിച്ചെണ്ണയോ ചേര്‍ത്ത് ഉടച്ചുനല്‍കുന്നതാണ് നല്ലത്.
ഇതേ സമയത്തുതന്നെ പഴച്ചാറുകള്‍ കൊടുത്ത് ശീലിപ്പിക്കാവുന്നതാണ്. ഓറഞ്ച്, മുസമ്പി, മുന്തിരി എന്നിവയെല്ലാം ജ്യൂസാക്കി കൊടുക്കാവുന്നതാണ്. ആപ്പിള്‍ വേവിച്ചുകൊടുത്താലേ ദഹിക്കൂ എന്നൊരു തെറ്റിദ്ധാരണ നമുക്കിടയിലുണ്ട്. ആപ്പിള്‍ ഷേക്ക് രൂപത്തിലാക്കി കൊടുക്കാവുന്നതാണ്. ഇതിലെല്ലാം കൂടുതല്‍ അളവില്‍ പഞ്ചസാര ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അവയുടെ പ്രകൃത്യാലുള്ള മധുരം ശീലിപ്പിക്കുന്നതാണ് ഉത്തമം. ആവശ്യത്തിനുമാത്രം മധുരം ചേര്‍ത്ത് ശീലിപ്പിക്കുക.
അതുപോലെ വാഴപ്പഴവും വളരെ നല്ലതാണ്. നേന്ത്രപ്പഴം (ഏത്തപ്പഴം) കുഞ്ഞുങ്ങളുടെ വളര്‍ച്ചയ്ക്ക് വളരെ സഹായിക്കുന്നു. അതിന്റെ നടുക്കുള്ള കറുത്ത നാര് നീക്കി കുറച്ചുനെയ്യിലോ എണ്ണയിലോ വേവിച്ച് ശര്‍ക്കരയും ചേര്‍ത്ത് കൊടുക്കുന്നത് തൂക്കം കൂടാന്‍ ഉത്തമമാണ്. ചെറുപഴം കൊടുത്ത് ശീലിപ്പിക്കുന്നത് കുഞ്ഞിന് ശോധനകിട്ടാനും സഹായിക്കുന്നു.
പഞ്ചസാരയോ കല്‍ക്കണ്ടമോ നല്ലത്
രണ്ടുമല്ലെന്ന് ഞാന്‍ പറയും. പറ്റുമെങ്കില്‍ ശര്‍ക്കര കൊടുത്ത് ശീലിപ്പിക്കുക. രക്തമുണ്ടാകാന്‍ ആവശ്യമായ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് ശര്‍ക്കരയില്‍. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ സഹായിക്കും.
നോണ്‍വെജ് കൊടുക്കാന്‍ ഒരു വയസ്സ് കഴിയണോ
വേണ്ട. ഒമ്പതുമാസമാകുന്നതോടെ മുട്ടയുടെ മഞ്ഞഭാഗം കൊടുത്തുതുടങ്ങാം. മഞ്ഞക്കരു വേവിച്ച് കുറച്ചുവെള്ളത്തില്‍ ചാലിച്ച് കൊടുത്താല്‍ മതി. ഒരുമാസംകഴിഞ്ഞ് വെള്ളഭാഗവും കൊടുക്കാം. മീന്‍, മാംസം തുടങ്ങിയവയും പത്താംമാസത്തോടെ ശീലിപ്പിക്കാം. ഇവയെല്ലാം നല്ലവണ്ണം വേവിച്ച് ഉടച്ചുകൊടുത്താല്‍ മതി. മുള്ളും എല്ലുമൊന്നും ഇതില്‍ പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ഒരു വയസ്സാവുമ്പോള്‍ എന്തൊക്കെ കഴിക്കണം
ഒരു വയസ്സില്‍ കഴിക്കേണ്ടത് നിങ്ങള്‍ കഴിക്കുന്ന അതേ ഭക്ഷണമാണ്. കുഞ്ഞിനായി പ്രത്യേകമായി ഒന്നും തയ്യാറാക്കി കൊടുക്കേണ്ടതില്ല. ഇതിന് 'family pot diet' എന്നുപറയുന്നു.
ഇതൊക്കെ പ്രായോഗികമാണോ
അവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്. മുകളില്‍ പറഞ്ഞപോലെ എത്രപേര്‍ കുഞ്ഞുങ്ങളെ ഭക്ഷണംകൊടുത്ത് ശീലിപ്പിക്കുന്നുണ്ട്? ആറുമാസംമുതല്‍ ഒരു വയസ്സുവരെ മേല്‍പറഞ്ഞ ആഹാരരീതി ശീലിച്ച ഒരു കുട്ടിക്കേ ഒരുവയസ്സാവുമ്പോള്‍ മുതിര്‍ന്നവരുടെ ആഹാരം കഴിക്കാന്‍ സാധിക്കൂ.
ഭക്ഷണത്തോടുള്ള താത്പര്യക്കുറവിനെ എങ്ങനെ നേരിടാം?
ഇതിന് ഒരേയൊരു വഴിയേയുള്ളൂ, ക്ഷമ! ഒരു ഭക്ഷണത്തോട് നിങ്ങളുടെ കുഞ്ഞ് വിമുഖതകാണിക്കുന്നെങ്കില്‍, ആ ഭക്ഷണം കുഞ്ഞിന് ഇഷ്ടമല്ലെന്നുപറഞ്ഞ് മാറ്റിവെക്കുകയല്ല വേണ്ടത്. അത് വീണ്ടും കൊടുക്കുകയാണ്. പത്തുതവണ കൊടുത്തപ്പോഴും തുപ്പിയ കുഞ്ഞ് പതിനൊന്നാമത്തെ തവണ ഒരു വായ കഴിക്കും. അപ്പോള്‍ ക്ഷമയല്ലാതെ വേറൊരു വഴിയില്ലതന്നെ.
ഒരു കാര്യം എപ്പോഴും മനസ്സില്‍വെക്കുക, നിങ്ങളുടെ കുഞ്ഞിന് ഒരു ഭക്ഷണത്തോടും ഇഷ്ടവും ഇഷ്ടക്കേടും ഈ പ്രായത്തില്‍ ഉണ്ടാകില്ല. കാരണം, അതെല്ലാം അവര്‍ക്ക് ആദ്യത്തെ അനുഭവമാണ്. നമ്മളാണ് അവരെ ഓരോ ഭക്ഷണവും ശീലിപ്പിക്കേണ്ടത്. അല്ലാതെ, ഒരു തവണ കൊടുത്തപ്പോള്‍ കഴിച്ചില്ല എന്നകാരണത്താല്‍ കുഞ്ഞിന് ആ ഭക്ഷണം ഇഷ്ടമല്ല എന്നൊരിക്കലും നാം പ്രഖ്യാപിക്കരുത്. അതുമാത്രമല്ല, നമ്മെപ്പോലെത്തന്നെ ഒരേ ഭക്ഷണം അവരെയും മടുപ്പിക്കും. അതുകൊണ്ട് ഭക്ഷണത്തില്‍ വൈവിധ്യം കൊണ്ടുവരാന്‍ എപ്പോഴും ശ്രമിക്കുക.
കുഞ്ഞിന്റെ ആരോഗ്യകരമായ ഭക്ഷണക്രമത്തിന് അടിത്തറപാകുന്നത് ഈ ആറുമാസങ്ങളിലാണ്. നമ്മുടെ മക്കള്‍ എന്തെല്ലാം പോഷകാഹാരങ്ങള്‍ കഴിച്ച് വളരണമെന്ന് നാം ആഗ്രഹിക്കുന്നോ, അവയെല്ലാം അവരെ ശീലിപ്പിക്കേണ്ടതും ഈ സമയത്താണ്. അതിന് അമ്മമാരുടെ ക്ഷമയും സഹനശക്തിയും വളരെ അത്യാവശ്യവുമാണ്.
Content Highlights: Healthy Food for Kids