ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നിലവില്‍ നല്‍കിവരുന്ന സിലാസ്റ്റസോളും ഐസോ സോര്‍ബൈഡും പക്ഷാഘാതവും മറവിരോഗവും പ്രതിരോധിക്കാന്‍ സഹായിക്കുമെന്ന് പഠനം.
ഇംഗ്ലണ്ടില്‍ ആദ്യമായി പരീക്ഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 'ഇ-ക്ലിനിക്കല്‍ മെഡിസി'നാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ഇംഗ്ലണ്ടില്‍ പക്ഷാഘാത-വാസ്‌കുലാര്‍ ഡിമെന്‍ഷ്യ വിഭാഗത്തിലാണ് ഈ പരീക്ഷണം നടത്തിയത്.
പരീക്ഷണാടിസ്ഥാനത്തില്‍ നടത്തിയ പ്രയോഗം വളരെ ഫലപ്രദമായത് പ്രത്യാശാകരമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. ജോന്ന വാര്‍ഡ്ലോ പറഞ്ഞു. അന്‍പതിലേറെ പക്ഷാഘാത രോഗികളില്‍ ഈ മരുന്ന് പരീക്ഷിച്ചു. ആര്‍ക്കും പ്രകടമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായില്ലെന്നും മരുന്നിനോട് അനുകൂലമായി പ്രതികരിച്ചെന്നും ഗവേഷകര്‍ വ്യക്തമാക്കി.
തലച്ചോറിലേക്കും കൈകളിലേക്കുമുള്ള രക്തധമനികളില്‍ ഈ മരുന്ന് കൂടുതല്‍ ഗുണകരമായി ഫലിച്ചെന്നും ഇത് പക്ഷാഘാത-മറവി രോഗമുള്ളവര്‍ക്ക് ഗുണകരമായി മാറിയെന്നുമാണ് റിപ്പോര്‍ട്ട്. ഈ വിഭാഗത്തില്‍ എല്‍.എ.സി.ഐ.-2 വിപുലമായ ഗവേഷണം തുടരുന്നുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.
Content Highlights: medicine to treat stroke and alzheimer's