മുംബൈ: കേരളീയരുടെ രോഗചികിത്സാവിവരങ്ങള് ചോര്‍ന്നിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. നാഷണല്‍ ഹെല്‍ത്ത് അതോറിറ്റിയുടെ സെര്‍വറില്‍ നിന്ന് രോഗികളുടെ ചികിത്സാരേഖകള്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന് പിന്‍വാതിലിലൂടെ കൈമാറുന്നുവെന്ന 'മാതൃഭൂമി' വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അവര്‍.
ജര്‍മനിയിലെ 'ജിസ്' എന്ന കണ്‍സള്‍ട്ടന്‍സിക്ക് രേഖകള്‍ കൈമാറുന്നുവെന്നതരത്തിലുള്ള യാതൊരു അറിയിപ്പും കേരളസര്‍ക്കാരിന് ലഭിച്ചിട്ടില്ല. കേരളീയരുടെ ചികിത്സാവിവരങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ഉടന്‍ ആവശ്യപ്പെടും.
സംസ്ഥാന ഹെല്‍ത്ത് അതോറിറ്റി രൂപവത്കരണം പൂര്‍ത്തിയായിക്കഴിഞ്ഞു. ഈ അതോറിറ്റിയിലെ 23 തസ്തികകളില്‍ നിയമനം നടത്താന്‍ ധനവകുപ്പിന്റെ അനുമതികിട്ടിയിട്ടുണ്ട്.
കേരളത്തിലെ 41.5 ലക്ഷം കുടുംബങ്ങളുടെ ചികിത്സാരേഖകള്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിനടത്തിപ്പിന് മേല്‍നോട്ടം വഹിക്കുന്ന കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരള(ചിയാക്)യുടെ കൈവശമാണുള്ളത്. ഇവയെല്ലാം സംസ്ഥാന ഹെല്‍ത്ത് അതോറിറ്റിയുടെ കീഴിലേക്കുവരും.
Content Highlights: kk shailaja teacher responds on handovering medical details to foreign consultancy