സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീരോഗ നിയന്ത്രണപദ്ധതിയുടെ കീഴിലുള്ള ശിരസ്സ് പദ്ധതിയിലൂടെ പക്ഷാഘാത ചികിത്സാരംഗത്ത് വന്‍ കുതിച്ചുചാട്ടം നടത്താന്‍ സാധിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ. ലോക പക്ഷാഘാത ദിനത്തില്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ആരോഗ്യമന്ത്രിയുടെ കുറിപ്പ് വായിക്കാം
40 വയസിന് താഴെയുള്ളവരില്‍ കാണുന്ന പക്ഷാഘാതം (യങ് സ്ട്രോക്ക്) സംസ്ഥാനത്ത് വര്‍ധിച്ചു വരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കേരളത്തില്‍ രക്താതിമര്‍ദ്ദം ഉള്ള രോഗികളുടെ എണ്ണം വളരെ കൂടുതലായതിനാലും ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉള്ളവരുടെ എണ്ണം വളരെ കൂടുതലായതിനാലും പക്ഷാഘാതം സംഭവിക്കുന്ന ആള്‍ക്കാരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. തെറ്റായ ഭക്ഷണരീതി, വ്യായാമമില്ലായ്മ, പുകവലി പോലെയുള്ള ദുശീലങ്ങള്‍, മാനസിക പിരിമുറുക്കം എന്നിവയാണ് ഇതിന് കാരണമായി പറയപ്പെടുന്നത്. പക്ഷാഘാതമെന്നത് സമയബന്ധിതമായ ചികിത്സ കൊണ്ട് മാത്രം ഭേദമാക്കാവുന്ന രോഗമാണ്.
പക്ഷാഘാതത്തിന്റെ രോഗലക്ഷണങ്ങള്‍ ആരംഭിച്ച് നാലരമണിക്കൂറിനുള്ളില്‍ ചികിത്സാ കേന്ദ്രത്തില്‍ എത്തിചേര്‍ന്നെങ്കില്‍ മാത്രമേ ഫലപ്രദമായ ചികിത്സ നല്‍കുവാന്‍ സാധിക്കുകയുള്ളൂ. വളരെ വിലയേറിയ ഈ ചികിത്സയാകട്ടെ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രികളിലും ചില മെഡിക്കല്‍ കോളേജുകളിലും മാത്രമേ ലഭ്യമായിരുന്നുള്ളൂ. നാലരമണിക്കൂറിനുള്ളില്‍ രോഗിയെ ഫലപ്രദമായ ചികിത്സകേന്ദ്രത്തില്‍ എത്തിക്കാന്‍ സാധിക്കാത്തതു കാരണം പൂര്‍ണമായ പക്ഷാഘാതമായി പരിണമിക്കുകയോ മരണം സംഭവിക്കുകയോ ചെയ്യുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.
ഇതിനൊരു പരിഹാരമായാണ് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് ജീവിതശൈലീരോഗ നിയന്ത്രണപദ്ധതിയുടെ കീഴില്‍ എല്ലാ ജില്ലാ ആശുപത്രികളിലും പക്ഷാഘാത ചികിത്സ നല്‍കുന്നതിനുള്ള ശിരസ്സ് പദ്ധതി ആരംഭിച്ചത്. ഇതിനായി ജില്ലാ ആശുപത്രികളില്‍ സ്ട്രോക്ക് യൂണിറ്റ്, ഐ.സി.യു എന്നിവ സജ്ജീകരിക്കുകയും ടെലിറേഡിയോളജി സംവിധാനം പ്രാവര്‍ത്തികമാക്കുകയും പക്ഷാഘാത ചികിത്സയ്ക്കുള്ള 50,000ത്തിന് മുകളില്‍ വിലയുള്ള മരുന്ന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡ് വഴി സംഭരിക്കുകയും സൗജന്യമായി വിതരണം ചെയ്യുകയും ചെയ്യുന്നു.
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്റ് ടെക്നോളജിയുടെ ആഭിമുഖ്യത്തില്‍ ഡോക്ടര്‍മാര്‍ക്ക് പരിശീലനം നല്‍കുകയും ചെയ്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ ആശുപത്രി, കോട്ടയം ജില്ലാ ആശുപത്രി, എറണാകുളം ജില്ലാ ആശുപത്രി, പത്തനംതിട്ട ജില്ലാ ആശുപത്രി, തൃശ്ശൂര്‍ ജില്ലാ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം ജില്ലാ ആശുപത്രി. പെരിന്തല്‍മണ്ണ,ആലപ്പുഴ ജില്ലാ ആശുപത്രി, എന്നീ 8 ജില്ലാ ആശുപത്രികളില്‍ ഈ സംവിധാനം നിലവില്‍ വന്നിട്ടുണ്ട്. മെഡിക്കല്‍ കോളേജുകളിലെ സ്ട്രോക്ക് സെന്ററുകള്‍ ശക്തമാക്കുകയും ചെയ്തു. ഇതിനു പുറമേ പക്ഷാഘാതം സംഭവിച്ചവര്‍ക്ക് പക്ഷാഘാത പുനരധിവാസവും (Stroke Rehabilitation) നല്‍കി വരുന്നു. ഇതുവരെ 105 പക്ഷാഘാതരോഗികള്‍ക്ക് ശിരസ് പദ്ധതി വഴി ത്രോംബോലൈസിസ് ചികിത്സ നല്‍കാന്‍ സാധിച്ചു.
Content Highlights: Stroke, Young Stroke , Stroke Rehabilitation kerala