‘കേൾക്കുന്നുണ്ടോ’ ഇവരുടെ പ്രശ്നങ്ങൾ


ശ്രീകല എസ് നായര്‍

2 min read
Read later
Print
Share

സെപ്റ്റംബര്‍ 23 ലോക ആംഗ്യഭാഷാ ദിനമായി യു.എന്‍. ആചരിക്കുന്നു. സെപ്റ്റംബര്‍ 29-ന്റെ ലോക ബധിര ദിനാചരണത്തിന് (world deaf day) തുടക്കം കുറിക്കുന്ന ദിനമാണ് ആംഗ്യഭാഷാദിനമെന്ന് പറഞ്ഞാലും തെറ്റില്ല.

ബധിരജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍

2017-ലാണ് യു.എന്‍. ജനറല്‍ അസംബ്ലി സെപ്റ്റംബര്‍ 23 ലോക ആംഗ്യഭാഷാദിനം (International day of sign languages) ആയി ആചരിക്കാന്‍ തീരുമാനിക്കുന്നത്. വേള്‍ഡ് ഡെഫ് ഫെഡറേഷന്റെ (ഡബ്ല്യു.എഫ്.ഡി.) അപേക്ഷ പ്രകാരമായിരുന്നു തീരുമാനം.

1951 സെപ്റ്റംബര്‍ 23-നാണ് വേള്‍ഡ് ഡെഫ് ഫെഡറേഷന്‍ നിലവില്‍ വന്നത്. അതുകൊണ്ടാണ് ഈ ദിവസം തന്നെ ആംഗ്യഭാഷാദിനത്തിന് തിരഞ്ഞെടുക്കാന്‍ കാരണം.

ആംഗ്യഭാഷകളെക്കുറിച്ച് പൊതുജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാനും കേള്‍വിശക്തിയില്ലാതെ ബുദ്ധിമുട്ടുന്ന ഒരു കൂട്ടം ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുമായിരുന്നു ഡെഫ് ഫെഡറേഷന്‍ ഇത്തരമൊരു ദിനാചരണവുമായി മുന്നോട്ടുവരാന്‍ കാരണം.

വേള്‍ഡ് ഡെഫ് ഫെഡറേഷന്റെ ആദ്യ ലോക സമ്മേളനത്തിന്റെ ഓര്‍മപുതുക്കലിന്റെ ഭാഗമായാണ് സെപ്റ്റംബര്‍ അവസാനവാരം ലോക ബധിരദിനം ആചരിക്കുന്നത്.

കേള്‍ക്കാം, ലോകാരോഗ്യ സംഘടനയുടെ ഈ കണക്കുകള്‍

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകത്ത് 466 ലക്ഷം പേര്‍ ബധിരരാണ്. ഇതില്‍ 34 ലക്ഷംപേര്‍ കുട്ടികള്‍. ഇപ്പോഴത്തെ വര്‍ധിച്ചുവരുന്ന ശബ്ദമലിനീകരണത്താല്‍ 12നും 35നും ഇടയിലുള്ള 1.1 കോടി യുവജനത ഇന്ന് കേള്‍വിത്തകരാറിന്റെ വക്കിലാണെന്നതാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന ആരോഗ്യരംഗത്തെ സാങ്കേതികമികവില്‍, ഇന്ന് ഗര്‍ഭാവസ്ഥയിലുള്ള കുഞ്ഞിന്റെ വരെ കേള്‍വിത്തകരാര്‍ പരിശോധിക്കാനുള്ള സംവിധാനം നിലവിലുണ്ട്. എന്നാല്‍ ഒരു വലിയ വിഭാഗം ജനത ഇതിനെക്കുറിച്ച് അജ്ഞരാണ്. അതുകൊണ്ടുതന്നെ മിക്കപ്പോഴും കുഞ്ഞുങ്ങളിലെ കേള്‍വിത്തകരാര്‍ അറിയാന്‍ വൈകുന്നു.

കേള്‍വിയില്ലാത്തവരുടെ വേദനയും പൊതുയിടങ്ങളില്‍ അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളും പലപ്പോഴും നാം അറിയാതെ പോകുന്നു. ആശുപത്രി, സര്‍ക്കാര്‍ ഓഫീസുകള്‍, സ്‌കൂള്‍ തുടങ്ങി ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പൊതു ഇടങ്ങളിലെല്ലാം ബധിരരെ സഹായിക്കാന്‍ പ്രത്യേകം സംവിധാനം ഏര്‍പ്പെടുത്തണമെന്നത് ഭൂരിപക്ഷം ഇടങ്ങളിലും ഇന്നും വാക്കുകളില്‍ ഒതുങ്ങുകയാണ്.

കേരളത്തില്‍ കേള്‍വിത്തകരാറുള്ള കുട്ടികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 'ശ്രുതിതരംഗം' എന്ന പേരില്‍ പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.

പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേള്‍വിത്തകരാറുള്ള കുട്ടികള്‍ക്ക് കേള്‍വിക്കു സഹായിക്കുന്ന ഉപകരണങ്ങള്‍ നല്‍കുക, ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlights: International day of sign languages, International Day of Deaf, Sign Language

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram