കേരളീയരുടെ രോഗ ചികിത്സാവിവരങ്ങള്‍ വിദേശ കണ്‍സല്‍ട്ടന്‍സിക്ക് കൈമാറുന്നു


സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജുകളിലെയും ക്ലെയിം തീര്‍പ്പുകളുടെ പഠനം എന്ന പേരിലാണ് പരിശോധന.

കോഴിക്കോട്: കേരളത്തിലെ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ സെര്‍വറില്‍നിന്ന് രോഗികളുടെ ആരോഗ്യ ചികിത്സാരേഖകള്‍ നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി (എന്‍.എച്ച്.എ.) യുടെ കണ്‍സല്‍ട്ടന്‍സിക്ക് പിന്‍വാതിലൂടെ കൈമാറുന്നു. ജര്‍മനി ആസ്ഥാനമായുള്ള 'ജിസ്' ആണ് കണ്‍സല്‍ട്ടന്‍സി. കേരളത്തിലെ 41.5 ലക്ഷം കുടുംബങ്ങളുടെ ചികിത്സാരേഖകളാണ് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിനടത്തിപ്പിനു മേല്‍നോട്ടം വഹിക്കുന്ന കോംപ്രഹെന്‍സീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ഏജന്‍സി ഓഫ് കേരളയുടെ (ചിയാക്) കൈവശമുള്ളത്. ഇവയെല്ലാം വിദേശസ്ഥാപനത്തിനു ലഭ്യമാകുന്ന സ്ഥിതിയാണ്.

കാരുണ്യ ആരോഗ്യപദ്ധതി സ്‌പെഷ്യല്‍ ഓഫീസര്‍ രത്തന്‍ കേല്‍ക്കറാണ് രേഖ കൈമാറുന്നതിനുള്ള ഔദ്യോഗിക നിര്‍ദേശം ഇമെയില്‍ വഴി നല്‍കിയത്. ഇതനുസരിച്ച് കണ്‍സല്‍ട്ടന്‍സിയുടെ പ്രതിനിധികള്‍ക്ക് ജില്ലാ സംസ്ഥാന ചിയാക് ഓഫീസുകളില്‍നിന്ന് രേഖകള്‍ ശേഖരിക്കാം. സര്‍ക്കാര്‍ ആശുപത്രികളിലെയും മെഡിക്കല്‍ കോളേജുകളിലെയും ക്ലെയിംതീര്‍പ്പുകളുടെ പഠനം എന്ന പേരിലാണ് പരിശോധന. എന്നാല്‍, ഇതിലൂടെ ചിയാകിന്റെ എല്ലാ എംപാനല്‍ഡ് ആശുപത്രികളിലെയും ചികിത്സാരേഖകള്‍ കണ്‍സല്‍ട്ടന്‍സിക്കു ലഭിക്കും.

ചികിത്സാരേഖകള്‍ പ്രസക്തമാകുന്നത് ഇങ്ങനെ

കേരളത്തിലെ 41 ലക്ഷം കുടുംബങ്ങളില്‍നിന്നുള്ള 1.6 കോടി ജനങ്ങളാണ് നേരത്തേ സമഗ്ര ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെട്ടിരുന്നത്. സംസ്ഥാനത്ത് റേഷന്‍കാര്‍ഡുള്ളത് 82 ലക്ഷം കുടുംബങ്ങള്‍ക്കാണ്. ഇവരില്‍ പകുതിയും സമഗ്രആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്നു. കാരുണ്യ ആരോഗ്യ സുരക്ഷാപദ്ധതിയില്‍ നിലവില്‍ 41.5 ലക്ഷം കുടുംബങ്ങളുണ്ട്. ഇത്രയുംപേരുടെ രോഗങ്ങള്‍, അവര്‍ കഴിക്കുന്ന മരുന്നുകള്‍, മരുന്ന് കഴിച്ചുതുടങ്ങുന്ന പ്രായം തുടങ്ങിയ വിവരങ്ങള്‍ മരുന്നുകമ്പനികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഈ വിവരങ്ങള്‍ വലിയതോതില്‍ പ്രയോജനപ്പെടുത്താം.

എന്തുകൊണ്ട് പിന്‍വാതില്‍?

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ്മാന്‍ ഭാരതും സംസ്ഥാനത്തെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയും സംയോജിപ്പിച്ചാണ് കേരളത്തില്‍ കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്. ആയുഷ്മാന്‍ ഭാരതിന്റെ നടത്തിപ്പുചുമതല എന്‍.എച്ച്.എമ്മിനാണ്. അവരുടെ സര്‍വര്‍ തന്നെയാണ് കേരളത്തിലും ഉപയോഗിക്കുന്നത്. കണ്‍സല്‍ട്ടന്‍സിയായ ജിസിന് എന്‍.എച്ച്.എം. സര്‍വറില്‍നിന്ന് കേരളത്തിലെ രേഖകള്‍ നേരിട്ടുകൈമാറാവുന്നതാണ്. എന്നാല്‍, അതുചെയ്യാതെയാണ് ജില്ലാതലങ്ങളില്‍നിന്ന് രേഖകള്‍ ശേഖരിക്കുന്നത്. രോഗികളുടെ വിവരങ്ങളും ചികിത്സാരേഖകളും ഇന്‍ഷുറന്‍സ് സ്ഥാപനം പുറത്തുള്ള ഏജന്‍സികളുമായി പങ്കുവെയ്ക്കുന്നത് നിയമവിരുദ്ധമാണ്. ഈ സാങ്കേതികക്കുരുക്ക് ഒഴിവാക്കാനാണ് ഉറവിടത്തില്‍നിന്നുതന്നെ രേഖകള്‍ ശേഖരിക്കാനുള്ള നീക്കം.

Content Highlights: medical details of kerala people pass on to foreign consultancy

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram