മാനസികാരോഗ്യ മേഖലയില്‍ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയില്‍നിന്നുള്ള ഗവേഷകസംഘം. സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദം, അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പറാക്ടിവിറ്റി ഡിസോഡര്‍ (ശ്രദ്ധകേന്ദ്രീകരിക്കാനുള്ള കഴിവില്ലായ്മ അല്ലെങ്കില്‍ സാഹചര്യത്തിനനുസരിച്ച് പെരുമാറാനുള്ള കഴിവില്ലായ്മ) തുടങ്ങിയ മാനസികപ്രശ്‌നങ്ങള്‍ക്കു പിന്നിലുള്ള പുതിയ 70 ജീനുകളെ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍.
മാനസികരോഗവുമായി ബന്ധപ്പെട്ട് പുതുതായി കണ്ടെത്തിയ 70 ജീനുകളും നേരത്തേ തിരിച്ചറിഞ്ഞിട്ടുള്ള 261 ജീനുകളും രോഗം ഗുരുതരമാക്കുന്നതെങ്ങനെയെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. മാനസികരോഗങ്ങള്‍ക്കുള്ള ജീവശാസ്ത്രപരമായ കാരണങ്ങളെക്കുറിച്ചാണ് പഠനത്തില്‍ വ്യക്തമാക്കുന്നതെന്ന് ഗവേഷകസംഘത്തിന് നേതൃത്വം നല്‍കിയ എസ്‌കേ ഡെര്‍ക്‌സ് പറഞ്ഞു.
സ്‌കീസോഫ്രീനിയ, ബൈപോളാര്‍ ഡിസോഡര്‍, വിഷാദം, എ.ഡി.എച്ച്.ഡി. എന്നീ രോഗങ്ങള്‍ സ്ഥിരീകരിച്ച പതിനായിരത്തോളം പേരിലാണ് പഠനം നടത്തിയത്. ഇവരില്‍നിന്ന് ശേഖരിച്ച വിവരങ്ങള്‍ ആരോഗ്യവാന്മാരായ ആളുകളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുമായി താരതമ്യം ചെയ്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
സ്‌കീസോഫ്രീനിയയ്ക്ക് കാരണക്കാരായ 275 ജീനുകളെയും ബൈപോളാര്‍ ഡിസോഡറിന് കാരണക്കാരായ 13 ജീനുകളെയും വിഷാദത്തിന് കാരണക്കാരായ 31 ജീനുകളെയും എ.ഡി.എച്ച്.ഡി.യ്ക്ക് കാരണക്കാരായ 12 ജീനുകളെയും തിരിച്ചറിഞ്ഞു. ഈ രോഗങ്ങളുടെ ജനിതകകാരണം സംബന്ധിച്ച് പഠനം കൂടുതല്‍ തെളിവുകള്‍ നല്‍കുന്നുണ്ടെന്ന് ഡേര്‍ക്‌സ് അവകാശപ്പെട്ടു. പുതിയ കണ്ടുപിടിത്തം മാനസികരോഗങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.
നേച്ചര്‍ ജനിറ്റിക്‌സ് ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Content Highlights: depression causing genes, Hyperactivity, schizophrenia, bipolar disorder