കുട്ടികളുടെ മുടിയിലെ കോര്‍ട്ടിസോളിന്റെ അളവ് പരിശോധിച്ച് ഭാവിയിലുണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ച് അറിയാമെന്ന് പഠനം.
മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പ്രൈമറി സ്‌കൂളില്‍ പഠിക്കുന്ന ഒമ്പത് വയസ്സുള്ള 70 കുട്ടികളുടെ മുടി പരിശോധിച്ച് നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.
സ്‌ട്രെസ് ഹോര്‍മോണുകളാണ് കോര്‍ട്ടിസോളുകളെന്നറിയപ്പെടുന്നത്. ഈ ഹോര്‍മോണാണ് വിഷാദവും മറ്റ് പ്രശ്‌നങ്ങളും നിറഞ്ഞ ഘട്ടങ്ങളെ ചെറുക്കാനും അതിനോട് പ്രതികരിക്കാനും മനുഷ്യരെ സജ്ജരാക്കുന്നത്.
മാതാപിതാക്കളുടെ വിവാഹമോചനം, അപകടം, വീടു മാറ്റങ്ങള്‍, കുടുംബാംഗത്തിന്റെ മാറാരോഗമോ മരണമോ ഒക്കെ അഭിമുഖീകരിക്കേണ്ടിവരുന്ന കുട്ടികളുടെ മുടിയിലെ കോര്‍ട്ടിസോളിന്റെ അളവ് കൂടുതലാണെന്നും ഗവേഷകര്‍ കണ്ടെത്തി.
ഇങ്ങനെ കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നത് കുട്ടികളില്‍ ഭാവിയില്‍ മാനസികവൈകല്യത്തിനും പെരുമാറ്റവൈകല്യത്തിനും കാരണമാകും. അത്തരത്തിലുള്ള കുട്ടികള്‍ക്ക് വൈദ്യപരിശോധനയും മാനസികപിന്തുണയും ആവശ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഡോക്ടര്‍ ജൂലിയന്‍ സിമ്മോണ്‍ പറയുന്നു.
കുട്ടിക്കാലം വളര്‍ച്ചയുടെ ഏറ്റവും ലോലവും കൗതുകകരവുമായ സമയമാണ്. ആ കാലത്തുണ്ടാകുന്ന മോശപ്പെട്ട കാര്യങ്ങള്‍ ജീവിതകാലം മുഴുവനുമനുഭവിക്കുന്ന പ്രശ്‌നങ്ങളായിത്തീരുമെന്നും മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ക്ക് അത് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.
കോര്‍ട്ടിസോളിന്റെ അളവ് വര്‍ധിക്കുന്നത് മാനസിക രോഗങ്ങള്‍, പ്രമേഹം, അമിതവണ്ണം, കൊളസ്‌ട്രോള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകും. ശരീരത്തിലേക്ക് ഗ്ലൂക്കോസ് എത്തിക്കുന്നതിന്റെ പ്രഭവകേന്ദ്രവും രക്തചംക്രമണം സംഭവിക്കുന്നതുമെല്ലാം കോര്‍ട്ടിസോളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ഭാവിയില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്ന കുട്ടികളെ തിരിച്ചറിയുക എളുപ്പമാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
ദുരനുഭവങ്ങളുടെയും മറ്റും ഫലമായി ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ എങ്ങനെ മാനസികാരോഗ്യത്തെ ബാധിക്കുന്നുവെന്നത് തള്ളിക്കളയാനാകില്ലെന്ന് ഗവേഷകര്‍ പറയുന്നു.