ഗവേഷണരംഗത്തും വൈദ്യശാസ്ത്രരംഗത്തും വലിയ കുതിച്ചുചാട്ടത്തിനു വഴിയൊരുക്കുന്ന കണ്ടുപിടിത്തത്തിനു സാക്ഷിയായിരിക്കുകയാണ് വടക്കന്‍ അയര്‍ ലന്‍ഡ്.
ആന്റിബയോട്ടിക്കുകളെ പ്രതിരോധിക്കുന്ന സൂപ്പര്‍ ബഗ്ഗുകളെ നേരിടാന്‍ കരുത്തുള്ള ബാക്ടീരിയയെ വടക്കന്‍ അയര്‍ലന്‍ഡിലെ ഫെമാനെ മേഖലയില്‍ നിന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു.
ഈ മേഖല ക്ഷാരസ്വഭാവമുള്ള മണ്ണ് നിറഞ്ഞതാണ്. ഈ മണ്ണിന് മുറിവുകള്‍ ഭേദമാക്കുന്നതിനുള്ള കഴിവുണ്ടെന്ന് നേരത്തെ കണ്ടുപിടിച്ചിരുന്നു. ബാക്ടീരിയയുടെ പുതിയ ഇനത്തിന് സ്‌ട്രെപ്‌റ്റോമൈസെസ് മിറോഫോറിയ എന്നാണ് ശാസ്ത്രജ്ഞര്‍ പേരിട്ടിരിക്കുന്നത്.
അണുബാധയ്ക്കു കാരണമാകുന്നതും രോഗപ്രതിരോധശേഷിയെ തകര്‍ക്കാന്‍ കഴിവുള്ളതുമായ ആറു പ്രധാനപ്പെട്ട സൂപ്പര്‍ ബഗ്ഗുകളില്‍ നാലെണ്ണത്തിനെ സ്‌ട്രെപ്‌റ്റോമൈസെസിന്റെ പുതിയ ഇനം പ്രതിരോധിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വാന്‍കോമൈസിന്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിക്കുന്ന എന്റോകോക്കസ് ഫീസിയം (വി.ആര്‍.ഇ.), മെഥിസിലിനെ പ്രതിരോധിക്കുന്ന സ്റ്റഫൈലോകോക്കസ് ഒറിയസ് (എം.ആര്‍.എസ്.എ.), കെ ബ്‌സിയെല്ല ന്യൂമോണിയ, കാര്‍ബെണെപെനീമിനെ പ്രതിരോധിക്കുന്ന അസിനെറ്റോബാക്ടര്‍ ബൊമാനി എന്നിവയാണ് ആ നാലു സൂപ്പര്‍ ബഗ്ഗുകള്‍.
ഫ്രണ്ടിയേഴ്‌സ് ഇന്‍ മൈക്രോബയോളജി എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. സൂപ്പര്‍ ബഗ്ഗുകള്‍ക്കെതിരേയുള്ള പോരാട്ടത്തില്‍ പുതിയ കണ്ടുപിടിത്തം പ്രധാനപ്പെട്ട നേട്ടമാണ്. ബ്രിട്ടനിലെ സ്വാന്‍സീ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളിലെ പ്രൊഫസര്‍ പോള്‍ ഡൈസണ്‍ പറഞ്ഞു.
സ്‌ട്രെപ്‌റ്റോമൈസെസ് മിറോഫോറിയ ഗ്രാം നെഗറ്റീവ്, ഗ്രാം പോസിറ്റീവ് എന്നീ രണ്ടുവിഭാഗം ബാക്ടീരിയയെ നശിപ്പിക്കുന്നതായും ഗവേഷകര്‍ കണ്ടെത്തി. സാധാരണ ഗ്രാം നെഗറ്റീവ് വിഭാഗത്തില്‍പ്പെട്ട ബാക്ടീരിയയാണ് ആന്റിബയോട്ടിക്കുകളെ കൂടുതലായി പ്രതിരോധിക്കുന്നത്.
അപകടകാരിയും മരണകാരണമായ അണുബാധയ്ക്കും കാരണമായ സൂപ്പര്‍ ബഗ്ഗുകളെ തുരത്തുന്നതിനുള്ള പുതിയ മരുന്നുകളുടെ ഗവേഷണത്തിന് പുതിയ ബാക്ടീരിയയുടെ കണ്ടുപിടിത്തം സഹായിക്കുമെന്നാ ണ് കരുതുന്നത് സ്വാന്‍സീ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകന്‍ ജെറി ക്വിന്‍ പറഞ്ഞു.
Content Highlights: Bacteria found in Irish soil may fight superbugs: Study