കാരുണ്യമാണ് മീനയുടെ രാഷ്ട്രീയം


കെ.പി നിജീഷ് കുമാര്‍

4 min read
Read later
Print
Share

രാജ്യത്തെ ആദ്യ പാലിയേറ്റീവ് വളണ്ടിയര്‍ മീനാകുമാരി സാന്ത്വന ചികിത്സയില്‍ അരനൂറ്റാണ്ട് പിന്നിടുമ്പോള്‍ അനുഭവങ്ങള്‍ ഏറെയുണ്ട് ഓര്‍ത്തെടുക്കാന്‍. വേദന കടിച്ചമര്‍ത്തി ജീവിതത്തിന്റെ അവസാന നാളുകള്‍ കഴിച്ചുകൂട്ടുന്ന മനുഷ്യര്‍ക്ക് കാരണ്യത്തിന്റെ കൈത്താങ്ങ് നല്‍കിയവള്‍. അങ്ങനെ കാരുണ്യം എന്നത് തന്റെ ജീവിതം തന്നെയാണെന്ന് മാറ്റി എഴുതിയവള്‍.

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ മുന്നിലെത്തിയ തസ്‌ലീനയെന്ന പന്ത്രണ്ട്‌ വയസുകാരിയെ ഇന്നും മറന്നിട്ടില്ല മീനാ കുമാരി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പാലിയേറ്റീവ് ക്ലിനിക്കിന്റെ കുഞ്ഞുമുറിയിലേക്ക് തസ്‌ലീന കടന്ന് വന്നപ്പോല്‍ വലിയൊരു രോഗം അവളെ കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്ന് കണ്ടാല്‍ ആരും പറയില്ല. അത്ര സന്തോഷമുണ്ടായിരുന്നു മുഖത്ത്. മുല്ലപ്പൂ ചൂടി, കുഞ്ഞുകാലുകളില്‍ പാദസരങ്ങള്‍ അണിഞ്ഞ് മാലാഖയെ പോലുള്ളൊരു കുട്ടി. പക്ഷെ ഒരാഴ്ച നീണ്ട ആശുപത്രി വാസത്തിന് ശേഷം അവള്‍ തിരിച്ച് പോവുമ്പോള്‍ പാദസരം അണിയാന്‍ ഒരു കാല്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ. അര്‍ബുദം അവളുടെ ഒരു കുഞ്ഞുകാലിനെ കവര്‍ന്നെടുത്തു. വേദനകൊണ്ടും സങ്കടം കൊണ്ടും നിര്‍ത്താതെ കരഞ്ഞിരുന്ന തസ്‌ലീനയ്ക്ക് കാലില്ലാതെ വിജയം കൊയ്തവരുടെ കഥ പറഞ്ഞുകൊടുത്തു മീന, കൃത്രിമകാലുകളാണെങ്കിലും അതൊരു കുറവല്ലെന്ന് അവളെ ബോധ്യപ്പെടുത്തി ജിവിതത്തിലേക്ക് തിരിച്ചെത്തിച്ചു.

മരണം അവളെ അധിക നാള്‍ ഭൂമിയില്‍ ബാക്കിവെച്ചില്ലെങ്കിലും അവസാന നിമിഷത്തിലും തസ്‌ലീനയുടെ ആഗ്രഹം മീനാമ്മയെ കണ്ട് ലോകത്തോട് വിടപറയണമെന്നായിരുന്നു. പക്ഷെ തന്റെ മുന്നിലേക്കെത്തും മുമ്പ് തസ്‌ലീനയുടെ കണ്ണുകളടഞ്ഞിരുന്നു. സാന്ത്വന ചികിത്സാ രംഗത്ത് തന്റെ ജീവിതം തന്നെ സമര്‍പ്പിച്ച് അരനൂറ്റാണ്ടിലേക്കെത്തിനില്‍ക്കുമ്പോള്‍ തസ്‌ലീനയുടെ ഓര്‍മകളില്‍ ഇന്നും വിങ്ങിപ്പൊട്ടിപോവുന്നുണ്ട് ഇന്ത്യയിലെ ആദ്യ പാലിയേറ്റീവ് വളണ്ടിയര്‍ കൂടിയായ കോഴിക്കോട് പൂവാട്ട്പറമ്പിലെ മുന്‍ നെക്‌സല്‍ നേതാവ് വേണുവിന്റെ ഭാര്യ കൂടിയായ മീനാകുമാരി. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സാവിത്രി മെമ്മോറിയല്‍ കാന്‍സര്‍ വാര്‍ഡിനടുത്ത പെയിന്‍ ആന്റ് പാലിയേറ്റീവ് ഒ.പിയില്‍ ഇരുന്നു സാന്ത്വനത്തിന്റെ കഴിഞ്ഞ അരനൂറ്റാണ്ടിലേക്ക് ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കുകയാണ് ഇന്ന് പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിലെ കെയര്‍കോര്‍ഡിനേറ്ററായ മീനകുമാരി.

വേദനകൊണ്ടും സങ്കടം കൊണ്ടും നിര്‍ത്താതെ കരഞ്ഞിരുന്ന തസ്‌ലീനയ്ക്ക് കാലില്ലാതെ വിജയം കൊയ്തവരുടെ കഥ പറഞ്ഞുകൊടുത്തു മീന, കൃത്രിമകാലുകളാണെങ്കിലും അതൊരു കുറവല്ലെന്ന് അവളെ ബോധ്യപ്പെടുത്തി ജിവിതത്തിലേക്ക് തിരിച്ചെത്തിച്ചു. മരണം അവളെ അധിക നാള്‍ ഭൂമിയില്‍ ബാക്കിവെച്ചില്ലെങ്കിലും അവസാന നിമിഷത്തിലും തസ്‌ലീനയുടെ ആഗ്രഹം മീനാമ്മയെ കണ്ട് ലോകത്തോട് വിടപറയണമെന്നായിരുന്നു. പക്ഷെ തന്റെ മുന്നിലേക്കെത്തും മുമ്പ് തസ്‌ലീനയുടെ കണ്ണുകളടഞ്ഞിരുന്നു.

പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിനെ കുറിച്ച്

1993 ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചെറിയൊരു മുറിയില്‍ തുടങ്ങിയതാണ് പെയിന്‍ ആന്റ് പാലിയേറ്റീവ് ക്ലിനിക്കിന്റെ പ്രവര്‍ത്തനം. അന്നത്തെ അനസ്‌ത്യേഷ്യ എച്ച്.ഒ.ഡി ആയിരുന്ന ഡോ. രാജഗോപാലിന്റെ ചികിത്സാമുറിയുടെ ഒരു മൂലയ്ക്ക് തുടങ്ങിയ രാജ്യത്തെ ആദ്യത്തെ പെയിന്റ് ആന്റ് പാലിയേറ്റീവ് ക്ലിനിക്ക്. അന്നതിന് പെയിന്‍ ആന്റ് പാലിയേറ്റീവ് എന്ന പേരൊന്നുമുണ്ടായിരുന്നില്ല. സാന്ത്വനം എന്നത് ജീവിതമാര്‍ഗമാക്കിയ ചില മനുഷ്യ സ്‌നേഹികളുടെ സഹായത്താല്‍ ഇന്നത് അന്താരാഷ്ട്ര നിലവാരത്തിലെത്തിനില്‍ക്കുന്നുവെന്നതില്‍ ആദ്യ വളണ്ടിയര്‍ എന്ന നിലയ്ക്ക് അഭിമാനം തോന്നുന്നുണ്ട്. ഒരു സാധാരണ വീട്ടമ്മയില്‍ നിന്ന് ജീവിതം തന്നെ മാറ്റിമറിച്ച അനുഭവങ്ങള്‍. വേദന കടിച്ചമര്‍ത്തുന്ന രോഗികള്‍ക്ക് മരുന്നിനും ചികിത്സയ്ക്കും പുറമെ സാന്ത്വനവും സ്‌നേഹവുമാണ് മറ്റെന്തിനെക്കാളും നല്‍കേണ്ടതെന്ന് പഠിപ്പിച്ച കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷം. അങ്ങനെ സ്വാന്തനം എന്നത് ഒരു തരത്തില്‍ എന്റെ രാഷ്ട്രീയ പ്രവര്‍ത്തനം കൂടിയായി മാറി.

എന്തുകൊണ്ട് സാന്ത്വന ചികിത്സ

ഞാന്‍ ആദ്യം പറഞ്ഞപോലെ തസ്‌ലീനയെ പോലുള്ള ഒരു പാട് ജീവിതങ്ങളെ തനിക്ക് കാണാന്‍ കഴിഞ്ഞിട്ടുണ്ട് കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തിനിടെ. ചിലപ്പോള്‍ ആശുപത്രിയില്‍ നടന്നെത്തിയവര്‍ തിരിച്ച് പോവുന്നത് ഒറ്റ കാലുമായായിരിക്കും. ചിലപ്പോള്‍ താന്‍ വലിയൊരു രോഗിയാണെന്ന് അറിഞ്ഞായിരിക്കും. അത്തരക്കാര്‍ക്കൊക്കെ മരുന്നിനേക്കാളും ചികിത്സയേക്കാളും ഏറെ ആശ്വാസം പകരുന്നതാണ് സാന്ത്വന പരിപാലനം. തങ്ങളെയും സ്‌നേഹിക്കാനും ശുശ്രൂഷിക്കാനും ആളുണ്ടന്ന് അറിയുമ്പോള്‍ അവരുടെ മുഖത്ത് കാണുന്ന സന്തോഷം അത് അനഭവിച്ചറിയേണ്ടത് തന്നെയാണ്. രോഗം വന്നാല്‍ ഒരു രോഗിക്ക് പലതരത്തിലുള്ള വേദനയാണ് അനുഭവിക്കേണ്ടി വരുന്നത്. മരുന്നിനും ചികിത്സയ്ക്കും പുറമെ രോഗത്തിന് ശമനമുണ്ടാക്കാന്‍ കഴിയുമെങ്കിലും മാനസികമായ വേദനയെ പലരും തിരിച്ചറിയാറില്ല. പലരും വീട്ടുകാര്‍ക്ക് തന്നെ ഭാരമായി മാറുന്നവരാണ്. അത്തരക്കാരിലേക്കാണ് പാലിയേറ്റീവ് വളണ്ടിയര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും നേരിട്ട് ഇറങ്ങിച്ചെല്ലുന്നത്. ഹോംകെയര്‍ പോലുള്ള പ്രവര്‍ത്തനം തുടങ്ങിയത് അതിന്റെ ഭാഗമായിട്ടാണ്.

ഒരു രോഗി മനസില്‍ ഏറെ ആഗ്രഹിക്കുന്നത് എന്താണോ അതാണ് അവര്‍ ഏറ്റവും അടുത്തവരോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ടാവുക. നിര്‍ഭാഗ്യവശാല്‍ വീട്ടുകാര്‍ പോലും അതിന് തയ്യാറാവാതെ വരുമ്പോഴാണ് അവര്‍ കൂടുതല്‍ രോഗാവസ്ഥയിലേക്ക് പോവുക. അവരുടെ മനസിലുള്ളത് കേള്‍ക്കാനും എല്ലാം ശരിയാവുമെന്നുള്ള മറുപടിയെങ്കിലും നമുക്ക് കൊടുക്കാനു കഴിഞ്ഞാല്‍ അവരുടെ മരണദിവസം നമുക്ക് ഒരു ദിവസം കൂടി നീട്ടി നല്‍കാനാവും

ഹോംകെയര്‍ അനുഭവത്തെ കുറിച്ച് എന്തൊക്കെ ഓര്‍ത്തടുക്കുന്നു

ഒരാള്‍ക്ക് അര്‍ബുദമാണെന്ന് അറിഞ്ഞാല്‍, അല്ലെങ്കില്‍ സ്‌ട്രോക്ക് വന്ന് തളര്‍ന്നിരിക്കുന്നവരാണെങ്കില്‍ പലപ്പോഴും സ്വന്തം വീട്ടുകാരാല്‍ പോലും അവഗണിക്കപ്പെട്ട് പോവാറുണ്ട്. ഒരു പക്ഷെ വീട്ടിലെ സമ്പാത്തിക പ്രശ്‌നം കൊണ്ടായിരിക്കാം അല്ലെങ്കില്‍ നോക്കാനുള്ള മനംമടുപ്പ് കൊണ്ടായിരിക്കാം. അത്തരക്കാരിലേക്ക് വളണ്ടിയര്‍മാര്‍ എത്തുമ്പോഴാണ് അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെ അറിയാന്‍ കഴിയുന്നത്, ദുരുതങ്ങളെ അറിയുന്നത്. പണ്ട് കാന്‍സര്‍ ബാധിച്ച ഒരു കുടുംബത്തെ സന്ദര്‍ശിക്കുമ്പോള്‍ വൃദ്ധ ദമ്പതികള്‍ പറഞ്ഞത് കേട്ടിട്ടുണ്ട് ''കാന്‍സര്‍ വന്നത് നന്നായി നിങ്ങളെങ്കിലും ഞങ്ങളെ കാണാന്‍ വരുന്നുണ്ടല്ലോ.'' മറ്റ് ചിലര്‍ക്ക് അവരുടെ രോഗത്തെ പറ്റിയായിരിക്കില്ല ആദി. മറിച്ച് തന്റെ മക്കളെ കുറിച്ചുള്ള ആദി ആയിരിക്കും പങ്ക് വെക്കുക. ഒരു രോഗി മനസില്‍ ഏറെ ആഗ്രഹിക്കുന്നത് എന്താണോ അതാണ് അവര്‍ ഏറ്റവും അടുത്തവരോട് പറയാന്‍ ആഗ്രഹിക്കുന്നുണ്ടാവുക. നിര്‍ഭാഗ്യവശാല്‍ വീട്ടുകാര്‍ പോലും അതിന് തയ്യാറാവാതെ വരുമ്പോഴാണ് അവര്‍ കൂടുതല്‍ രോഗാവസ്ഥയിലേക്ക് പോവുക. അവരുടെ മനസിലുള്ളത് കേള്‍ക്കാനും എല്ലാം ശരിയാവുമെന്നുള്ള മറുപടിയെങ്കിലും നമുക്ക് കൊടുക്കാനു കഴിഞ്ഞാല്‍ അവരുടെ മരണദിവസം നമുക്ക് ഒരു ദിവസം കൂടി നീട്ടി നല്‍കാനാവുമെന്നാതാണ് എന്റെയൊരു അനുഭവം.

സാന്ത്വന പ്രവര്‍ത്തന രംഗത്തെ മറക്കാനാവാത്ത അനുഭവം

നിങ്ങള്‍ മരണത്തെ പറ്റി ചിന്തിച്ചിട്ടുണ്ടോ ഇല്ലെന്നാണ് എന്റെ അഭിപ്രായം. കാരണം മരണത്തെ ആരും ഇഷ്ടപ്പടുന്നില്ല. എന്നാല്‍ ഞാനിന്ന് മരണത്തോടും ദുരിതത്തോടും താദാത്മ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ നിരവധി മരണങ്ങള്‍ എനിക്ക് കാണേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ തസ്‌ലീനയെ പോലുള്ള കുഞ്ഞുകുട്ടികളുടെ മരണം, കുടുംബത്തിന് തണലാകേണ്ട യുവാക്കളുടെ മരണം ഇവയൊക്കെ ജീവതത്തെ വല്ലാതെ ഉലച്ചിട്ടുണ്ട്. ആ സമയത്ത് ഇത് നിര്‍ത്തിയാലോ എന്ന് വരെ ആലോചിട്ടുണ്ട്. പക്ഷെ വേദന കടിച്ചമര്‍ത്തി നാളെയും ആരെങ്കിലും അല്‍പ്പം കാരുണ്യം തേടി മറ്റൊരു തസ്‌ലീനയോ അവരോടൊപ്പമുള്ളവരോ തന്നെ തേടി എത്താമെന്ന തിരിച്ചറിവ് എന്നെ കൂടുതല്‍ കൂടുതല്‍ ഇവിടേക്ക് അടുപ്പിക്കുകയായിരുന്നു. രോഗങ്ങള്‍ക്കൊപ്പം ഇന്ന് പാലിയേറ്റീവ് ചികിത്സയും ആവശ്യപ്പെടുന്ന രോഗികളാണ് ഏറെയും. ഇവിടെ നിന്ന് വീട്ടിലേക്ക് പോവുമ്പോള്‍ പലരും പറയണത് കേട്ടിട്ടുണ്ട് ''ഇത്ര സ്‌നേഹോള്ള ജാതികളൊക്കെ നാട്ടിലുണ്ടോ'' യെന്ന് നമ്മുടെ പെരുമാറ്റത്തില്‍ നിന്നാണ് ഇങ്ങനെയൊരു മനോഭാവം രോഗികളില്‍ ഉണ്ടാക്കാന്‍ കഴിയുന്നത്.

കുടുംബത്തിന്റെ പിന്തുണ ലഭിക്കാറുണ്ടോ

തൃശ്ശൂരില്‍ ഒരു സാധാരണ നേഴ്‌സ് ആയി ജീവിതം തുടങ്ങിയ എനിക്ക് വിവാഹത്തിന് ശേഷം കുടുംബത്തില്‍ നിന്നുള്ള വലിയൊരു പിന്തുണകൊണ്ട് മാത്രമാണ് സാന്ത്വന ചികിത്സയുമായി പിന്നീടുള്ള കാലം തനിക്ക് കഴിച്ച് കൂട്ടാനായത്. ഭര്‍ത്താവ് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ആയത് കൊണ്ട് തന്നെ അദ്ദേഹത്തിന്റെ വലിയൊരു പിന്തുണയുണ്ടായി. പിന്നെ ഒരു മകള്‍ കുഞ്ഞായിരിക്കുമ്പോള്‍ പോലും എന്റെ കൂടെ ഇവിടെ ഇടക്കിടെ വരാറുണ്ടായിരുന്നു. ഒരു പക്ഷെ അവള്‍ പോകണ്ടാ എന്ന് പറഞ്ഞിരുന്നുവെങ്കില്‍ എനിക്ക് ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഇന്ന് അവളുടെ വിവാഹം കഴിഞ്ഞ് സെറ്റിള്‍ഡ് ആയെങ്കിലും പാലിയേറ്റീവ് ക്ലിനിക്കിന്റെ വിശേഷങ്ങള്‍ ഇന്നുമവള്‍ ചോദിച്ചറിയും. തന്റെ മകളുടെ വിവാഹത്തിന് ലഭിച്ച സമ്മാനം പോലും പാലിയേറ്റീവ് ക്ലിനിക്കിലെ പാവങ്ങള്‍ക്ക് വേണ്ടി എനിക്ക് ചെലവഴിക്കാന്‍ കഴിഞ്ഞൂവെന്ന് ഓര്‍ക്കുമ്പോള്‍ ഏറെ സന്തോഷമുണ്ട്.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram