Home>Health News
FONT SIZE:AA

ഉറങ്ങിക്കോളൂ, ജലദോഷമകറ്റാം


കുറഞ്ഞ സമയംമാത്രം ഉറങ്ങുന്നവര്‍ക്ക് ജലദോഷം പിടിപെടാനുള്ള സാധ്യത കൂടുതലെന്ന് പഠനം. ഉറക്കം ലഭിക്കാത്തവര്‍ക്ക് മറ്റുള്ളവരെയപേക്ഷിച്ച് 4.2 മടങ്ങ് ജലദോഷം പിടിക്കാന്‍ സാധ്യതയുണ്ട്. അമേരിക്കന്‍ പ്രസിദ്ധീകരണമായ സ്ലീപ്പിലാണ് ഇതുസംബന്ധിച്ച പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

164 പേരില്‍ രണ്ടുമാസത്തോളം നടത്തിയ പഠനത്തിലാണു കണ്ടെത്തല്‍. ഇവരെ ഒരു ഹോട്ടലില്‍ താമസിപ്പിച്ച ശേഷമാണ് പഠനം നടത്തിയത്. ഇതിന്റെ ഭാഗമായി ജലദോഷം പടര്‍ത്തുന്ന വൈറസ് തുള്ളികളായി മൂക്കിലൂടെ ഇറ്റിച്ചു. ഒരാഴ്ചയോളം ഇവരെ നിരീക്ഷിച്ചു. ഇതിനുശേഷം ഓരോരുത്തരെയും വൈറസ് ബാധിക്കുന്നതിന്റെ തോത് പരിശോധിച്ചു.

ഉറക്കം അധികം ലഭിക്കുന്നവര്‍ക്ക് ജലദോഷം പ്രതിരോധിക്കാന്‍ കഴിയുന്നതായും പഠനസംഘം കണ്ടെത്തി. അഞ്ചു മണിക്കൂറില്‍ താഴെ ഉറക്കം ലഭിക്കുന്നവര്‍ക്ക് മറ്റുള്ളവരെയപേക്ഷിച്ച് ജലദോഷം ബാധിക്കുന്നത് 4.5 മടങ്ങ് അധികമായിരുന്നു. ഇത്തരക്കാര്‍ ചിലപ്പോള്‍ മദ്യപിച്ചവരെപ്പോലെയായിരിക്കും. മറ്റുചിലപ്പോള്‍ ശുണ്ഠിയുള്ളവരെപ്പോലെയാകുമെന്നും പഠനം പറയുന്നു.

രാത്രി ആറുമണിക്കൂറിലധികം ഉറക്കം ആവശ്യമാണ്. അതില്‍ കുറവുള്ളവര്‍ക്ക് പല ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മനോരോഗവിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ അരിക് പ്രാതര്‍ പറയുന്നു.
Loading