തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടയപ്പെടുന്നതുമൂലമോ രക്തധമനികള്‍ പൊട്ടി രക്തസ്രാവം ഉണ്ടാകുന്നതുമൂലമോ സംഭവിക്കുന്ന രോഗാവസ്ഥയാണ് മസ്തിഷ്‌കാഘാതം അഥവാ സ്ട്രോക്ക്. ഇന്ത്യയില്‍ ഒരു ലക്ഷത്തില്‍ ഏകദേശം 140-160 പേര്‍ക്ക് മസ്തിഷ്‌കാഘാതം ഉണ്ടാകുന്നുവെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഹൃദ്രോഗവും കാന്‍സറും കഴിഞ്ഞാല്‍, മൂന്നാമത്തെ പ്രധാന മരണകാരണമാണ് സ്ട്രോക്ക്. ഇതര രോഗങ്ങളെ അപേക്ഷിച്ച് രോഗാതുരതയും വൈകല്യങ്ങളും ജീവിതത്തില്‍ ബാക്കിയാക്കുന്ന രോഗം കൂടിയാണിത്. 'മസ്തിഷ്‌കാഘാതത്തിനുശേഷം ഉയിര്‍ത്തെഴുന്നേല്‍ക്കല്‍' എന്നതാണ് വേള്‍ഡ് സ്ട്രോക്ക് ഓര്‍ഗനൈസേഷന്റെ ഇക്കൊല്ലത്തെ സ്ട്രോക്ക് ദിനാചരണ മുദ്രാവാക്യം.
ലക്ഷണങ്ങള്‍
ശരീരത്തിന്റെ ഒരുവശം തളര്‍ന്നുപോവുക, മുഖം ഒരു വശത്തേക്ക് കോടുക, സംസാരശേഷി നഷ്ടപ്പെടുകയോ സംസാരം വ്യക്തമല്ലാതാകുകയോ ചെയ്യുക, കാഴ്ച നഷ്ടപ്പെടുക, നില്‍ക്കുമ്പോഴും നടക്കുമ്പോഴും ആടിപ്പോവുക എന്നിവ സ്ട്രോക്കിന്റെ ലക്ഷണങ്ങളാകാം.
കാരണങ്ങള്‍
65-ന് മുകളില്‍ പ്രായമുള്ളവരില്‍ പുകവലി, അമിത മദ്യപാനം, അമിതമായ കൊളസ്ട്രോള്‍, വ്യായാമമില്ലായ്മ, പാരമ്പര്യഘടകങ്ങള്‍, പ്രമേഹം, ഹൃദയസംബന്ധമായ രോഗങ്ങള്‍ എന്നിവ സ്ട്രോക്കിന്റെ കാരണങ്ങളാകാം. രണ്ടു ദശാബ്ദങ്ങള്‍ക്കു മുന്‍പ് സ്ട്രോക്ക് 60 വയസ്സിനു മുകളിലുള്ളവരിലാണ് അധികവും കണ്ടിരുന്നതെങ്കില്‍ ഇപ്പോള്‍ നാല്പതിനും അറുപതിനും ഇടയ്ക്കുള്ളവരിലും കൂടിവരുന്നതായി കാണുന്നു. ഇതിന് പ്രധാനകാരണം ജീവിതശൈലിയിലുള്ള മാറ്റങ്ങളും വര്‍ധിച്ചുവരുന്ന ജീവിതശൈലീരോഗങ്ങളുമാണ്.
രോഗനിര്‍ണയവും ചികിത്സയും
രോഗലക്ഷണങ്ങളുടെ ആരംഭത്തില്‍തന്നെ രോഗികളെ ഏറ്റവും അടുത്തുള്ള, സ്ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയില്‍ എത്തിക്കേണ്ടതാണ്. രോഗനിര്‍ണയത്തിന് തലയുടെ സി.ടി. സ്‌കാന്‍ എം.ആര്‍.ഐ. എന്നീ പരിശോധനകള്‍ ആവശ്യമാണ്. നാലരമണിക്കൂറിനുള്ളില്‍ രോഗിയെ ആശുപത്രിയില്‍ കിടത്തി രോഗനിര്‍ണയം നടത്തിയാല്‍ ത്രോംബോലൈസിസ് ചികിത്സയിലൂടെ ചെറുതും ഇടത്തരവുമായ രക്തധമനികളിലെ തടസ്സം ഭേദമാക്കാവുന്നതാണ്. വലിയ രക്തധമനികളിലെ തടസ്സം കത്തീറ്റര്‍വഴി നീക്കുന്ന ചികിത്സയാണ് (മെക്കാനിക്കല്‍ ത്രോംബോട്ടമി) നല്‍കേണ്ടത്.
സ്ട്രോക്ക് പോളിസി
സ്ട്രോക്ക് ചികിത്സ കാര്യക്ഷമമായി നടത്തുന്നതിന് ആശുപത്രികളില്‍ സ്ട്രോക്ക് യൂണിറ്റ് ആവശ്യമാണ്. സ്ട്രോക്ക് ചികിത്സയില്‍ പ്രാവീണ്യമുള്ള ഡോക്ടര്‍, നഴ്സുമാര്‍, ഫിസിയോതെറാപ്പിസ്റ്റ്, ഒക്കുപ്പേഷന്‍ തെറാപ്പിസ്റ്റ്, സ്പീച്ച് തെറാപ്പിസ്റ്റ് എന്നിവര്‍ യൂണിറ്റിന്റെ ഭാഗമാകണം. എല്ലാ ജില്ലാ ആശുപത്രിയിലും സ്ട്രോക്ക് യൂണിറ്റുകള്‍ ആരംഭിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സി.ടി. സ്‌കാന്‍ പരിശോധനാ സൗകര്യം ഇവിടങ്ങളില്‍ ഉറപ്പുവരുത്തണം.
പുനരധിവാസം
വ്യക്തികളുടെ പുനരധിവാസത്തിനായി ജില്ലാതലത്തില്‍ പുനരധിവാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കണം. ഡോക്ടര്‍, സ്ട്രോക്ക് നഴ്സ്, ഫിസിയോതെറാപ്പിസ്റ്റുകള്‍ എന്നിവരുടെ ലഭ്യത ഉറപ്പു വരുത്തണം. സ്ട്രോക്ക് ബാധിച്ച രോഗികള്‍ക്കായി വിവിധ തൊഴിലുകളില്‍ പരിശീലന സഹായപദ്ധതികള്‍ തുടങ്ങണം. സാമൂഹികസുരക്ഷാ പെന്‍ഷനുകള്‍, മരുന്നുകളുടെ സൗജന്യമായ ലഭ്യമാക്കല്‍, പൊതു ഗതാഗതസംവിധാനങ്ങളില്‍ സൗജന്യം അനുവദിക്കല്‍, ചലനസഹായ ഉപകരണങ്ങള്‍ നല്‍കുക എന്നിവയും വേണം.
(ഇന്ത്യന്‍ സ്ട്രോക്ക് അസോസിയേഷന്‍ സെക്രട്ടറിയാണ് ലേഖകന്‍)
Content Highlights: World Stroke Day