കൂര്‍ക്കംവലി ഒരു വലിയ പ്രശ്നമാണ് പലർക്കും. ആരോഗ്യപരമായി കൂര്‍ക്കംവലി നല്ല ഉറക്കത്തിന്റെ ലക്ഷണമല്ല. സാധാരണയായി സ്ലീപ്പിങ് ഡിസോഡര്‍ ഉള്ളവരാണ് ഉറക്കത്തില്‍ കൂര്‍ക്കംവലിക്കുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളുടെ കൂര്‍ക്കംവലി കൂടുതല്‍ അപകടകരമാണെന്ന് പുതിയ ഗവേഷണം. കൂര്‍ക്കംവലിക്കുന്ന സ്ത്രീകളില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കൂര്‍ക്കം വലിക്കുന്നത് അത്ര സാധാരണമല്ല.
സ്ത്രീകളിലെ കൂര്‍ക്കംവലി ഹൃദയത്തിന്റെ തകരാറിന് ഇടയാക്കും എന്ന് ജര്‍മനിയിലെ ഗവേഷകര്‍ വ്യക്തമാക്കുന്നു. മ്യൂണിക്ക് യൂണിവേഴ്‌സിറ്റി ഹോസ്പറ്റില്‍ നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. കൂര്‍ക്കംവലി പുരുഷന്മാരെക്കാള്‍ അപകടകരം സ്ത്രീകളിലാണെന്ന് ഇവര്‍ പറയുന്നു. 4,481 ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൂര്‍ക്കംവലിക്കുന്നവരില്‍ ലെഫ്റ്റ് വെൻട്രിക്യുലർ മാസ് കൂടുതലായിരിക്കുമെന്ന് ഗവേഷണം നടത്തിയ ഡോക്ടര്‍ അഡ്രിയാന്‍ കാര്‍ട്ട് പറയുന്നു. കൂര്‍ക്കംവലിക്കുന്ന പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ എൽവി മാസ് വീണ്ടും കൂടുതലായിരിക്കും. കട്ടികൂടിയ ഹൃദയഭിത്തികളും ഉറച്ചിരിക്കുന്ന മസിലുകളും ശരീരത്തിലേയ്ക്ക് രക്തം പമ്പ് ചെയ്യാന്‍ കൂടുതല്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. ഇത് തലച്ചോറിലേയ്ക്ക് എത്തിക്കുന്ന ഓക്‌സിജന്റെ അളവ് കുറയ്ക്കുന്നു.
ഉറക്കത്തില്‍ ആവര്‍ത്തിച്ച് ശ്വാസം നിന്നതിന് ശേഷം വീണ്ടും തുടങ്ങുന്ന അവസ്ഥയായ ഒബ്‌സ്ട്രക്ക്റ്റീവ് സ്ലീപ് ആപ്നിയ എന്ന അവസ്ഥ സ്ത്രീകളില്‍ കൂടുതല്‍ അപകടമാണെന്ന് ഗവേഷണം വിലയിരുത്തുന്നു. റേഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് നോര്‍ത്ത് അമേരിക്കയുടെ ചിക്കാഗോയില്‍ വച്ചുനടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ഈ പഠനം പുറത്തുവിട്ടത്. യു.കെയിലെ പത്തു ശതമാനം ആളുകളില്‍ ഒബ്‌സ്ട്രക്ക്റ്റീവ് സ്ലീപ് ആപ്നിയ ഉണ്ടെന്ന് ഗവേഷണങ്ങള്‍ പറയുന്നു. യു.കെയിലെ 22 മില്യണ്‍ ആളുകള്‍ ഒബ്‌സ്ട്രക്ക്റ്റീവ് സ്ലീപ് ആപ്നിയ എന്ന അവസ്ഥയിലൂടെ കടന്നുപോകുന്നവരാണെന്ന് പറയുന്നു. ഭാരമുള്ളവരിലാണ് സ്ലീപ് ആപ്നിയ കൂടുതലായി കണ്ടുവരുന്നത്. ഭാരം കുറയ്ക്കലാണ് ഈ അവസ്ഥ മറികടക്കാനുള്ള മാര്‍ഗം. മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുന്നതും നല്ലതാണ്.
Content Highlight: Women who snore are at greater risk than men of suffering a heart attack or stroke