സ്‌ട്രോക്ക് വന്നവരുടെ സംസാരം വീണ്ടെടുക്കാം


5 min read
Read later
Print
Share

അഫേസിയ എന്നത് സ്‌ട്രോക്ക് മൂലമുണ്ടാകുന്ന ഭാഷാപരമായ നഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് ഭാഷയുടെ വിവിധതലങ്ങളിലും തകരാര്‍ സംഭവിച്ചിരിക്കും.

സ്തിഷ്‌കത്തിലെ ഏറ്റവും സങ്കീര്‍ണങ്ങളായ രണ്ട് പ്രവര്‍ത്തനങ്ങളാണ് സംസാരവും ആശയവിനിമയവും. ഒരു വ്യക്തിയുടെ സംസാരത്തില്‍ നിന്ന് നമുക്ക് അയാളുടെ പ്രായം, വ്യക്തിത്വം, ചിന്താശക്തി, ഭാഷ, വികാരം എന്നിവ മനസ്സിലാക്കാന്‍ സാധിക്കും. ഭാഷാപരമായും ആംഗ്യപരമായും ആശയവിനിമയം നടത്താനുള്ള ശേഷിയാണ് മനുഷ്യനെ മൃഗങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നത്. ഈ സങ്കീര്‍ണമായ പ്രവര്‍ത്തനത്തെ നിയന്ത്രിക്കുന്നത് മനുഷ്യമസ്തിഷ്‌കമാണ്.

പ്രധാനമായും മനുഷ്യമസ്തിഷ്‌കത്തിന് രണ്ടു ഭാഗങ്ങളാണുള്ളത്. ഇടതുഭാഗവും വലതുഭാഗവും. മനുഷ്യശരീരത്തിലെ വലതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ ഇടതുഭാഗവും ഇടതുഭാഗത്തെ നിയന്ത്രിക്കുന്നത് തലച്ചോറിന്റെ വലതുഭാഗവുമാണ്. സംസാരം, ഭാഷ എന്നിവ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ്, ഓര്‍മ, ചിന്താശക്തി എന്നിവ തലച്ചോറിലെ ഇടതുഭാഗം നിര്‍വഹിക്കുമ്പോള്‍ ഭാഷണപ്രക്രിയയെ മധുരിതമാക്കുന്ന സ്വരഭേദം, അനുക്രമം, ഊന്നല്‍ എന്നിവയെ നിയന്ത്രിക്കുന്നത് മസ്തിഷ്‌കത്തിന്റെ വലതുഭാഗമാണ്.

ഇക്കാരണങ്ങള്‍കൊണ്ട് മനുഷ്യമസ്തിഷത്തിന് സംഭവിക്കുന്ന ഏതൊരാഘാതവും മനുഷ്യന്റെ സംസാരത്തെയും ഭാഷയെയും ബാധിക്കുന്നു. തലച്ചോറിലേക്കുള്ള രക്തപ്രവാഹം കുറയുന്നതോ നിലക്കുന്നതോ മൂലമുണ്ടാകുന്ന നാശമാണ് പക്ഷാഘാതം (സ്‌ട്രോക്ക്). തലച്ചോറിലേക്കുള്ള രക്തക്കുഴലുകള്‍ പൊട്ടുന്നതുമൂലവും (ഹെമറേജ്) രക്തക്കട്ടകള്‍, കൊഴുപ്പിന്റെ അംശം, വായുകുമിള, എന്നിവ മൂലം രക്തപ്രവാഹത്തിനുള്ള തടസ്സം (ഇഷ്‌കിമിയ) തുടങ്ങിയവയാണ് സ്‌ട്രോക്ക് സംഭവിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍. തലച്ചോറിന്റെ ഇടതുഭാഗത്താണ് തകരാറെങ്കില്‍ ശരീരത്തിന്റെ വലതുഭാഗത്തും വലതുഭാഗത്താണെങ്കില്‍ ഇടതുഭാഗത്തുമാണ് തളര്‍ച്ചയും മറ്റു ബുദ്ധിമുട്ടുകളും ഉണ്ടാകുക.

ഭാഷ മനസ്സിലാക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള തലച്ചോറിലെ ഭാഗത്തിന് നാശം സംഭവിക്കുമ്പോഴാണ് അഫേസിയ ഉണ്ടാകുന്നത്. സ്‌ട്രോക്ക് അഫേസിയ ഉണ്ടാകുന്നതിനുള്ള ഒരു കാരണമാണ്. അതുകൊണ്ട് സ്ട്രോക്ക് മൂലം സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്കും ഭാഷ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവ് കുറഞ്ഞുപോയവര്‍ക്കും ഒരു സംസാര-ഭാഷ വിദഗ്ദ്ധന്റെ സഹായത്തോടെ സംസാര-ഭാഷ പരിശീലനം നല്‍കേണ്ടത് വളരെ അത്യാവശ്യമാണ്.

അഫേസിയ എന്നത് സ്‌ട്രോക്ക് മൂലമുണ്ടാകുന്ന ഭാഷാപരമായ നഷ്ടത്തെയാണ് സൂചിപ്പിക്കുന്നത്. ഇവര്‍ക്ക് ഭാഷയുടെ വിവിധതലങ്ങളിലും തകരാര്‍ സംഭവിച്ചിരിക്കും. പ്രധാനമായും സംസാരം, ഭാഷ കേട്ടു മനസ്സിലാക്കാനുള്ള കഴിവ്, ഭാഷ ഉപയോഗിക്കാനുള്ള കഴിവ്, പേരുകള്‍ മനസ്സിലാക്കാനും പ്രകടിപ്പിക്കാനുമുള്ള കഴിവ്, പറയുന്നത് തിരിച്ചുപറയുന്നതിനുള്ള ബുദ്ധിമുട്ട്, വായന, എഴുത്ത്, ഗണിതം, സ്‌പെല്ലിംഗ് തുടങ്ങിയവയില്‍ തകരാറുകള്‍ സംഭവിക്കുക.

സ്പീച്ച് തെറാപ്പികൊണ്ട് ഉദ്ദേശിക്കുന്നത് എന്താണ്?

'സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്കും, ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് കുറഞ്ഞുപോയവര്‍ക്കുമാണ് പ്രധാനമായും സ്പീച്ച് തെറാപ്പി ആവശ്യമായി വരുന്നത്.' മേല്‍പറഞ്ഞ എല്ലാ ബുദ്ധിമുട്ടുകളും ഒരു പരിധിവരെ സ്പീച്ച് തെറാപ്പിയില്‍ കൂടി മാറ്റിയെടുക്കാവുന്നതാണ്.

ആര്‍ക്കൊക്കെയാണ് സ്പീച്ച് തെറാപ്പി ആവശ്യമായി വരുന്നത്?

സ്‌ട്രോക്ക് സംഭവിച്ചതിനുശേഷം സംസാരശേഷി പൂര്‍ണമായും നഷ്ടപ്പെടുക, പേരുകള്‍ കിട്ടാനുള്ള ബുദ്ധിമുട്ട്, ഭാഷ ഗ്രഹിക്കാനുള്ള കഴിവ് നഷ്ടപ്പെടുക, എഴുതാനും വായിക്കാനുമുള്ള കഴിവ് നഷ്ടപ്പെടുക, സംസാരം കുഴഞ്ഞുപോകുക, അക്ഷരസ്പുടത നഷ്ടപ്പെടുക, പരസ്പരബന്ധമില്ലാതെ സംസാരിക്കുക, പറയുന്നത് തിരിച്ചുപറയാനുള്ള കഴിവ് നഷ്ടപ്പെടുക എന്നിവ സംഭവിച്ചവര്‍ക്കാണ് സ്പീച്ച് തെറാപ്പി പ്രധാനമായും ആവശ്യമായി വരുക.

സ്‌ട്രോക്ക് വന്ന രോഗികള്‍ക്ക് എപ്പോള്‍ മുതലാണ് സ്പീച്ച് തെറാപ്പി തുടങ്ങേണ്ടത്?

സ്‌ട്രോക്ക് വന്ന രോഗികളില്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ സ്പീച്ച് തെറാപ്പി തുടങ്ങേണ്ടതാണ്. ആദ്യത്തെ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെയാണ് ഇവരില്‍ പ്രകടമായ മാറ്റം കാണുക. ഈ കാലയളവില്‍ തന്നെ ചില രോഗികള്‍ സഹായം കൂടാതെ ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ് അല്പമൊക്കെ വീണ്ടെടുക്കുകയും മറ്റു ചിലര്‍ പ്രകടമായ മാറ്റം കാണിക്കാതിരിക്കുകയും ചെയ്യും. ഈ കാലയളവില്‍ സ്പീച്ച് തെറാപ്പി കൂടി ഉണ്ടെങ്കില്‍ പ്രകടമായ മാറ്റം വളരെ പെട്ടെന്ന് ഉണ്ടാകും. സ്പീച്ച് തെറാപ്പിയിലൂടെ മാത്രമല്ല, രോഗിയുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും മനസ്സിലാക്കുകയും സംസാരപരമായ കാര്യങ്ങളില്‍ സഹായിക്കുകയും കൂടി ചെയ്യുമ്പോള്‍ രോഗിയുടെ മാനസിക നില മെച്ചപ്പെടുകയും അതിലൂടെ രോഗിക്ക് മാറ്റം വരികയും ചെയ്യും. സ്പീച്ച് തെറാപ്പി വൈകിത്തുടങ്ങുകയാണെങ്കില്‍ രോഗികളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുകയും അതുമൂലം പുരോഗതി കുറയുകയും ചെയ്യും.

കഴുത്തിന്റെ ഭാഗങ്ങളില്‍ മസാജ് ചെയ്താല്‍ സംസാരത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടാകുമോ?

ഇല്ല! കഴുത്തിന്റെ ഭാഗങ്ങളില്‍ മസാജ് ചെയ്താല്‍ സംസാരത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ഒന്നും തന്നെ ഉണ്ടാകില്ല. സ്വനപേടകത്തിന് തകരാറില്ലാത്തതുകൊണ്ടാണ് മാറ്റങ്ങള്‍ കാണാത്തത്. സ്‌ട്രോക്ക് മൂലം സംസാരത്തിലും ഭാഷയിലും വരുന്ന ബുദ്ധിമുട്ട് തികച്ചും മസ്തിഷ്‌കത്തില്‍ വരുന്ന തകരാറുകൊണ്ടായിരിക്കും.

സ്‌ട്രോക്ക് രോഗികള്‍ക്ക് സംസാരം വീണ്ടെടുക്കാന്‍ ചെയ്യാവുന്ന മാര്‍ഗങ്ങള്‍ എന്തെല്ലാം?

സംസാരം വീണ്ടെടുക്കാന്‍ ഏറ്റവും പ്രധാനമായി ചെയ്യേണ്ടത് സ്പീച്ച് തെറാപ്പിയാണ്. സ്പീച്ച് തെറാപ്പി ചെയ്യുമ്പോള്‍ യോഗ്യതയുള്ള സ്പീച്ച് തെറാപിസ്റ്റിന്റെ കീഴില്‍ നിന്നും എടുക്കുക, മാത്രമല്ല സ്‌ട്രോക്ക് രോഗികള്‍ക്ക് എടുത്ത് പരിചയസമ്പന്നരായ ആയിരുന്നാല്‍ ഏറ്റവും ഉചിതം. സ്പീച്ച് തെറാപ്പിയിലൂടെ രോഗിയുടെ സംസാരം, ഭാഷ, എഴുത്ത്, വായന എന്നിവ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുന്നതാണ്.

സ്പീച്ച് തെറാപ്പിസ്റ്റിന്റെ അഭാവത്തില്‍ സ്‌ട്രോക്ക് രോഗികളില്‍ കുടുംബങ്ങള്‍ക്ക് എന്തെല്ലാം ചെയാം?

സ്പീച്ച് തെറാപ്പിസ്റ്റിന്റെ അഭാവത്തില്‍ കുടുംബങ്ങള്‍ക്ക് കുറച്ച് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. സംസാരം വീണ്ടെടുക്കുന്നതിനായി ചികിത്സാ സഹായി ലഭ്യമാണ്. ഇതില്‍ വളരെ ആവശ്യമായ വാക്കുകളും, അവശ്യ ചിത്രവും ഉണ്ടാകും. ഇവ പരിശീലനം നേടാത്തവര്‍ക്ക് (വീട്ടുകാര്‍, സുഹൃത്തുക്കള്‍) രോഗികളെ പഠിപ്പിക്കാനായി സഹായിക്കും.

എത്ര സമയമാണ് ഒരു സ്പീച്ച് തെറാപ്പി സെഷന്‍?

ഒട്ടുമിക്ക സ്‌ട്രോക്ക് രോഗികളും ശാരീരിക ക്ഷീണം അനുഭവിക്കുന്നവരാണ്, ഇവര്‍ക്ക് അരമണിക്കൂര്‍ തെറാപ്പി കൊടുക്കുമ്പോഴേക്കും കൂടുതല്‍ തളര്‍ച്ച അനുഭവപ്പെടും. പൊതുവെ സ്പീച്ച് തെറാപ്പിസ്റ്റുകളുടെ അഭിപ്രായത്തില്‍ ദൈര്‍ഘ്യമുള്ള സെഷനുകളെക്കാള്‍ ചെറിയ സെഷനുകളായി തെറാപ്പി നല്‍കുന്നതാണ് ഉചിതം. ഈ രീതിയില്‍ ദിവസേന മൂന്നു മണിക്കൂര്‍ മുതല്‍ അഞ്ച് മണിക്കൂര്‍ വരെ സ്പീച്ച് തെറാപ്പി നല്‍കാവുന്നതാണ്.

സ്‌ട്രോക്ക് രോഗികളെ നിര്‍ബന്ധപൂര്‍വം തെറാപ്പി ചെയ്യിക്കേണ്ട ആവശ്യമുണ്ടോ?

തീര്‍ച്ചയായും പാടില്ല!. നിര്‍ബന്ധിച്ചു ചെയ്യിക്കുമ്പോള്‍ കുറച്ചുകാര്യങ്ങള്‍ മാത്രമേ ഗ്രഹിച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. നിര്‍ബന്ധിക്കുന്നതിനു പകരം അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. നിര്‍ബന്ധമിച്ചു ചെയ്യുമ്പോള്‍ സംസാരം വീണ്ടെടുക്കാനുള്ള സമയം ഒരു പക്ഷേ കൂടുതലായേക്കാം.

സ്പീച്ച് തെറാപ്പി ചെയ്യുമ്പോള്‍ കുടുംബങ്ങളെ ഉള്‍പ്പെടുത്തേണ്ടതുണ്ടോ?

ഈ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സ്പീച്ച് തെറാപ്പിസ്റ്റാണ്. സാധാരണയായി സ്പീച്ച് തെറാപ്പി ചെയ്യേണ്ടത് രോഗിയെ മാത്രം ഉള്‍പ്പെടുത്തികൊണ്ടാണ്. ഇങ്ങനെ ചെയ്യുമ്പോള്‍ രോഗിയുമായി അടുത്തിടപഴക്കാനും അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കാനും അതുവഴി സംസാരം മെച്ചപ്പെടുത്താനും സാധിക്കും. ചില സന്ദര്‍ഭങ്ങളില്‍ രോഗിയുടെ ഏറ്റവും അടുത്ത ഒരാളെ സെഷനില്‍ ഉള്‍പ്പെടുത്തുകയും അതുവഴി അവര്‍ക്ക് ഹോം ട്രെയിനിംഗ് നല്‍കുകയും ചെയ്യാം.

സ്‌ട്രോക്ക് രോഗികളെ അക്ഷരങ്ങളുടെ ഉച്ചാരണം പരിശീലിപ്പിക്കാനാകുമോ?

രോഗിയെ പരിശോധിക്കുന്ന സ്പീച്ച് പാത്തോളജിസ്റ്റ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതാണ്. സാധാരണ ഗതിയില്‍ വളരെ ചുരുക്കം രോഗികളെ മാത്രമാണ് ഭാഷ പുനഃ പരിശീലനം നല്‍കുന്നതിന് മുമ്പായി മുഖ ചലനങ്ങള്‍ അനുകരിക്കുന്നതിനായി പരിശീലിപ്പിക്കേണ്ടി വരാറുള്ളൂ. പ്രത്യേകം പ്രത്യേകമായി ശബ്ദങ്ങളിലൂടെയല്ലാതെ പൂര്‍ണ പദങ്ങളാണ് ഇത്തരം രോഗികളെ കൂടുതലായി പരിശീലിപ്പിക്കാറുള്ളത്. കൃത്യമായ രോഗനിര്‍ണയത്തില്‍ എത്തുവാന്‍ കഴിയാത്ത സാഹചര്യത്തില്‍, അനുയോജ്യമായ ഭാഷാ പരിശീലനം നല്‍കുന്നതിന് പകരം ശബ്ദ പരിശീലനം നല്‍കി സമയം നഷ്ടപ്പെടുത്തുവാന്‍ ഇടവരാറുണ്ട്. ഇക്കാരണത്താല്‍ യോഗ്യത നേടിയ സ്പീച്ച് പാത്തോളജിസ്റ്റിന്റെ ചികില്‍സ തന്നെയാണ് തങ്ങള്‍ക്ക് കിട്ടുന്നതെന്ന് രോഗികളും ബന്ധുക്കളും ഉറപ്പുവരുത്തേണ്ടതാണ്.

സ്‌ട്രോക്ക് വന്ന ഒരു രോഗിക്ക് എത്രനാള്‍ സ്പീച്ച് തെറാപ്പി നല്‍കേണ്ടിവരും?

നിര്‍ഭാഗ്യവശാല്‍ സ്‌ട്രോക്ക് വന്ന ഒരു രോഗിക്ക് എത്രനാള്‍ സ്പീച്ച് തെറാപ്പി വേണ്ടിവരുമെന്ന് കൃത്യമായി പറയാനാകില്ല. അത് തലച്ചോറിനേറ്റ ആഘാതത്തിന്റെ തീവ്രത, രോഗിയുടെ പ്രചോദനം, സ്വായത്തമാക്കുന്നതിനുള്ള കഴിവ്, അഫേസിയയുടെ തീവ്രത എന്നിവയെ ആശ്രയിച്ചിരിക്കും. അഫേസിയ രോഗിയെ ഭാഷ പഠിപ്പിക്കുന്നത് ദൈര്‍ഘ്യമേറിയതും മന്ദഗതിയിലുള്ളതുമാണെന്നു അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. രോഗിയുടെ ബന്ധുക്കളും സുഹൃത്തുക്കളും ദിവസങ്ങള്‍കൊണ്ടോ ആഴ്ച്ചകള്‍കൊണ്ടോ പുരോഗതിയുണ്ടാകുമെന്ന് ചിന്തിക്കരുത്. മറിച്ച് മാസങ്ങള്‍ കൊണ്ടും വര്‍ഷങ്ങള്‍കൊണ്ടുമാണ് പുരോഗതിയുണ്ടാകുക എന്ന രീതിയില്‍ വേണം ഇതിനെ സമീപിക്കാന്‍. ചില രോഗികള്‍ക്ക് കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ തന്നെ പുരോഗതി കാണാറുണ്ട്. എന്നാല്‍ മറ്റു ചിലര്‍ക്ക് അത് വളരെ പതുക്കെയും വര്‍ഷങ്ങള്‍കൊണ്ടുമാണ് സംഭവിക്കുക. മിക്കവരിലും ഭാഷ വളരെ സമയമെടുത്താണ് മെച്ചപ്പെട്ടുവരിക എന്നാല്‍ ചുരുക്കം ചിലരില്‍ മാത്രം വളരെ വേഗത്തില്‍ ഭാഷാ പുരോഗതി കണ്ടുവരുന്നു.

രോഗിയുടെ ഭാഷ വീണ്ടും പഴയതുപോലെയാകുമോ?

ചില അഫേസിയ രോഗികള്‍ എഴുതുന്നതിനും വായിക്കുന്നതിനും സംസാരിക്കുന്നതിനുമുള്ള കഴിവ് പൂര്‍ണമായി നേടിയെടുക്കാറുണ്ട്. ഭാഷാ വൈകല്യത്തിനുള്ള തെറാപ്പിയിലൂടെ അഫേസിയ ഏതാണ്ട് പൂര്‍ണമായി മാറ്റിയെടുക്കാന്‍ സാധിക്കും. ചിലര്‍ക്ക് സ്‌ട്രോക്കിന് ശേഷം ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഭാഷയില്‍ പുരോഗതി കാണാന്‍ സാധിക്കും.

എഴുതിയത്:
ജാബിര്‍. പി. എം
ജന.സെക്രെട്ടറി,
ഇന്ത്യന്‍ സ്പീച്ച് ലാങ്വാജ് ആന്‍ഡ് ഹിയറിങ് അസോസിയേഷന്‍-കേരള സ്റ്റേറ്റ് ബ്രാഞ്ച്
അസോ.പ്രൊഫസര്‍, ഓഡിയോളജി ആന്‍ഡ് സ്പീച്ച് പത്തോളജി
ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍
കോഴിക്കോട്

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഈ 10 മാര്‍ഗങ്ങള്‍ ശീലിച്ചാല്‍ രാത്രി ഉറക്കം നിങ്ങളെ തേടി വരും

Dec 28, 2019


mathrubhumi

4 min

ശരീരം തളര്‍ന്നാലും തളരാത്ത 'മൈന്‍ഡ്'; ഭിന്നശേഷിക്കാരുടെ പുതുവെളിച്ചം

Dec 3, 2019


mathrubhumi

3 min

കുട്ടികളില്‍ ഇന്‍ഹേലര്‍ സുരക്ഷിതമോ?

Nov 7, 2019