ഹൃദ്രോഗത്തിന് സമാനമായി മനുഷ്യ ശരീരത്തിലുണ്ടാകുന്ന മറ്റൊരു ആഘാതമാണ് സ്‌ട്രോക്ക്. മനുഷ്യരുടെ മരണകാരണങ്ങളിൽ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും രണ്ടാം സ്ഥാനം കാൻസറിനും, മൂന്നാം സ്ഥാനം സ്‌ട്രോക്കിനുമാണ്. തലച്ചോറിലേക്ക് പോകുന്ന ഒന്നോ അതിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്റെ പ്രവർത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്‌ട്രോക്ക്.
തലച്ചോറിന്റെ ഏത് ഭാഗത്ത് എത്രത്തോളം വലിയ ആഘാതം ഉണ്ടായി എന്നതിനെ ആശ്രയിച്ചാണ് സ്‌ടോക്കിന്റെ കാഠിന്യം മനസ്സിലാക്കുന്നത്. സ്‌ട്രോക്ക് ശരീര ഭാഗങ്ങൾ തളർന്നു പോകാനും, സംസാര ശേഷി നഷ്ടമാകാനും കാരണമാകും. 80 ശതമാനത്തോളം സ്‌ട്രോക്കുകളും തടയുവാൻ സാധിക്കുന്നതാണ്.
ലോകത്തിൽ ആറിൽ ഒരു പുരുഷനും അഞ്ചിൽ ഒരു സ്ത്രീക്കും സ്‌ട്രോക്ക് വരുന്നുണ്ടെന്നും, എല്ലാ നാല്പത് സെക്കൻഡിലും ഒരാൾ സ്‌ട്രോക്ക് മൂലം മരിക്കുന്നുണ്ടെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്.
സ്‌ട്രോക്ക് പൊതുവെ രണ്ടുതരത്തിൽ കാണുന്നു. സ്‌ട്രോക്ക് ഇസ്‌കീമിക് , സ്‌ട്രോക്ക് ഹെമറാജിക് എന്നിവയാണവ.
രക്തധമനികളിൽ രക്തം കട്ടിപിടിക്കുന്ന അവസ്ഥയെയാണ് സ്‌ട്രോക്ക് ഇസ്‌കീമിക് എന്ന് പറയുന്നത്. ഇത് രക്തചംക്രമണത്തെ തടസ്സപ്പെടുത്തും. തലച്ചോറിലെ കോശങ്ങൾക്ക് നാശം സംഭവിക്കുകയും ചെയ്യും. രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളിൽ നിറയുകയും തകരാറുണ്ടാക്കുകയും ചെയ്യുന്ന അവസ്ഥയെ സ്‌ട്രോക്ക് ഹെമറാജിക് എന്ന് പറയുന്നു.
ഇസ്‌കീമിക് സ്‌ട്രോക്കിനെക്കാൾ മാരകമാണ് സ്‌ട്രോക്ക് ഹെമറാജിക്. പുകവലി, മദ്യപാനം, ഉയർന്ന രക്തസമ്മർദം കൊളസ്‌ട്രോളിന്റെ ഉയർന്ന അളവ്, പ്രമേഹം, അമിതവണ്ണം, വ്യായാമത്തിന്റെ അഭാവം, തെറ്റായ ആഹാരക്രമം എന്നിവയാണ് സ്‌ട്രോക്കുണ്ടാകനുള്ള പ്രധാന കാരണങ്ങൾ. ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്ന് ബലക്ഷയവും തലചുറ്റലും അനുഭവപ്പെടുകയാണെങ്കിൽ അത് സ്‌ട്രോക്കിന്റെ ലക്ഷണമായി കാണാം.
മുഖത്ത് കോട്ടം ഉണ്ടാവുക, സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, മരവിപ്പ്, ശരീരത്തിന്റെ അസന്തുലിതാവസ്ഥ, കാഴ്ച ശക്തി കുറയുക, അവ്യക്തത എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിൽ അതും സ്‌ട്രോക്കിന്റെ ലക്ഷണങ്ങളാണ്. ഉയർന്ന രക്തസമ്മർദവും പ്രമേഹവും ഉള്ളവർ കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കണം. ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഒക്ക്യുപ്പേഷണൽ തെറാപ്പി, രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകൾ എന്നിവയിലൂടെ സ്‌ട്രോക്കിനെ അതിജീവിക്കാനാവും.
ബി.പി. കൂടുതലുള്ളവർക്ക് നേരിടേണ്ടിവരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളിലൊന്ന് പക്ഷാഘാതം അഥവാ സ്‌ട്രോക്ക് ആയിരിക്കും. രക്തസമ്മർദം കൂടുതലുള്ളവർ എപ്പോഴും സ്‌ട്രോക്കിനെ സൂക്ഷിക്കണം. ബി.പി.യുള്ളവർക്ക് സ്‌ട്രോക്ക് വരാനുള്ള സാധ്യത മറ്റുള്ളവരേക്കാൾ നാലു മുതൽ ഒമ്പതു വരെ മടങ്ങ് അധികമാണ്. 40 വയസ്സിൽ താഴെയുള്ളവരിൽ സ്‌ട്രോക്ക് ഉണ്ടാകാനുള്ള മുഖ്യകാരണങ്ങളിലൊന്ന് രക്താതിസമ്മർദമാണെന്നു പറയാം. രക്തസമ്മർദം നിയന്ത്രിച്ചാൽ സ്‌ട്രോക്കിന്റെ സാധ്യത 3040 ശതമാനം വരെ കുറയും.
ത്രോംബോസിസ്
തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനികളിൽ കൊഴുപ്പടിഞ്ഞും ധമനികൾ ചുരുങ്ങിയും മറ്റും രക്തപ്രവാഹത്തിന്റെ അളവു കുറയാം. ഇങ്ങനെ, തലച്ചോറിലേക്ക് ആവശ്യത്തിനു രക്തം കിട്ടാതെവരുമ്പോൾ മസ്തിഷ്‌ക പ്രവർത്തനങ്ങൾ തകരാറിലാവുന്നു. ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ താത്കാലികമായോ സ്ഥിരമായോ തളർത്താനിടയുണ്ട്. ഈ തളർച്ചയാണ് മസ്തിഷ്‌കാഘാതമായി അനുഭവപ്പെടുന്നത്.
കൊളസ്‌ട്രോൾ കൂടുന്നതു കൊണ്ട്, തലച്ചോറിലേക്കുള്ള രക്തധമനികൾ ചുരുങ്ങിപ്പോകാറുണ്ട്. രക്തസമ്മർദം കൂടുന്നതും അതിനു കാരണമാകാം. രക്തക്കുഴലിനുള്ളിൽ രക്തം കട്ടപിടിക്കുന്നതു കൊണ്ടും ഇങ്ങനെ വരാം. ത്രോംബോസിസ് മൂലം സ്‌ട്രോക്ക് ഉണ്ടാകുമ്പോൾ തലവേദന പോലുള്ള ലക്ഷണങ്ങളൊന്നും ഉണ്ടാകണമെന്നില്ല.
സെറിബ്രൽ ഹെമറേജ്
അമിത രക്തസമ്മർദം മൂലമുണ്ടാകുന്ന ഏറ്റവും ഗുരുതരമായ പ്രശ്‌നമാണിത്. രക്തസമ്മർദം വല്ലാതെ കൂടി തലച്ചോറിലേക്കുള്ള രക്തധമനികൾ പൊട്ടി തലച്ചോറിൽ രക്തസ്രാവമുണ്ടാകുന്ന രോഗമാണിത്.
അതിസങ്കീർണമായ ഈ അവസ്ഥയിൽ മരണം സുനിശ്ചിതമാണെന്നു പറയാം. കുഴഞ്ഞുവീണു മരിച്ചു എന്നു കേൾക്കുന്ന വാർത്തകളിൽ നല്ലൊരു പങ്കും സെറിബ്രൽ ഹെമറേജ് മൂലമുള്ള മരണങ്ങളാണ്.
അതിശക്തമായ തലവേദനയോടെ പെട്ടെന്ന് തലച്ചോറിൽ ഒരു പൊട്ടിത്തെറി പോലെ ഇതുണ്ടാകുന്നു. ചിലപ്പോൾ ഛർദ്ദിയും വരാം.ഈ രോഗത്തിന്റെ ഏറ്റവും പ്രധാന കാരണം രക്താതിമർദം തന്നെ. രക്തത്തിൽ കൊളസ്‌ട്രോൾ കൂടുന്നതും ഷുഗർ കൂടുന്നതും രോഗസാധ്യത പതിന്മടങ്ങായി വർധിപ്പിക്കും.
അപൂർവം ചിലരിൽ ജന്മനാ രക്തക്കുഴലുകൾ ദുർബലമായി കാണാറുണ്ട്. അങ്ങനെയുള്ളവർക്ക് നേരിയ രക്താതിമർദമുണ്ടായാൽ പോലും സെറിബ്രൽ ഹെമറേജ് വരാം. പാരമ്പര്യമായി സ്‌ട്രോക്ക് ഉള്ളവരും ബി.പി. ഉള്ളവരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
രക്തസമ്മർദം നിയന്ത്രിച്ചില്ലെങ്കിൽ കുഴലുകൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. വലിയ രക്തക്കുഴലുകൾ മിക്കവയും പേശികളോടു ചേർന്ന് അവയുടെ സംരക്ഷണത്തിലാണു നിൽക്കുന്നതെന്നു പറയാം.
എന്നാൽ ചെറിയ ചെറിയ ശുദ്ധരക്തക്കുഴലുകൾക്ക് ഈ സംരക്ഷണമില്ല. രക്തസമ്മർദം ക്രമത്തിലധികമാകുമ്പോൾ ലോലമായ ഈ ചെറുധമനികൾ വീർത്തുവരും. ഇങ്ങനെ വീർക്കുന്നതിനെ അന്യൂറിസം എന്നാണു പറയുന്നത്. അന്യൂറിസം ബാധിച്ച ചെറുധമനികൾ പൊട്ടാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ജന്മനാ തന്നെ ഉണ്ടാകുന്ന പ്രശ്‌നമാണ്.
ചിലരിൽ ശുദ്ധരക്തവും അശുദ്ധരക്തവും ഇടകലർന്നുപോകും. ശുദ്ധരക്തം വഹിക്കുന്ന വലിയ ധമനികളിൽ നിന്ന് അതിന്റെ തന്നെ ചെറുശാഖകളിലേക്ക് ഒഴുകുന്നതിനു പകരം അശുദ്ധ രക്തമൊഴുകുന്ന കുഴലുകളിലേക്ക് രക്തം ഇരച്ചുകയറും. ശുദ്ധരക്തം ഒഴുകിവരുന്നതിന്റെ സമ്മർദ്ദം താങ്ങാൻ അശുദ്ധരക്തം പേറുന്ന സിരകൾക്കു കഴിയില്ല.
അതിനാൽ അവ പൊട്ടാനുള്ള സാധ്യത കൂടും (ഇതിനെ ആർട്ടീരിയോ വീനസ് മാൽഫോർമേഷൻ എന്നു പറയുന്നു. ഇതും ജന്മനാ ഉണ്ടാകുന്നതാണ്). 40 വയസ്സിൽ താഴെയുള്ളവരിൽ സെറിബ്രൽ ഹെമറേജുണ്ടാകുന്നതിനുള്ള ഒരു മുഖ്യകാരണമാണിത്.
എംബോളിസം
ഹൃദയത്തിന്റെ അറകളിൽ നിന്നോ വലിയ ധമനികളിൽ നിന്നോ ഉണ്ടാകുന്ന ചെറിയ രക്തക്കട്ടകൾ (ത്രോംബസ്) തലച്ചോറിലെ രക്തക്കുഴലുകളിൽ എത്തി തടസ്സങ്ങളുണ്ടാക്കി രക്തപ്രവാഹം നിലച്ച് സ്‌ട്രോക്ക് ഉണ്ടാകുന്നതിനാണ് എംബോളിസം എന്നു പറയുന്നത്.
രക്തക്കട്ടകൾ, കൊഴുപ്പുകട്ടകൾ, വായുകുമിളകൾ തുടങ്ങിയവയാണ് മുഖ്യമായും ഇങ്ങനെ തടസ്സമുണ്ടാക്കുന്നത്. രക്തത്തിൽ കൊളസ്‌ട്രോൾ കൂടുതലുള്ളവർക്ക് ബി.പി. കൂടിയുണ്ടെങ്കിൽ എംബോളിസത്തിനു സാധ്യത കൂടും. എംബോളിസം മൂലമുള്ള സ്‌ട്രോക്ക് കൂടുതലായുണ്ടാകുന്നത് 40നു താഴെ പ്രായമുള്ളവരിലാണ്.
എൻഡോവാസ്‌കുലാർ കീ ഹോൾ ചികിത്സ, ശസ്ത്രക്രിയ, ഇസ്‌കീമിക് സ്‌ട്രോക്കിനായി ചെയ്യുന്ന ടിഷ്യു പ്‌ളാസിനോജൻ ആക്ടിവേറ്റർ, മെക്കാനിക്കൽ ത്രോംബെക്ടോമി എന്നിവയാണ് പ്രധാനമായും സ്‌ട്രോക്കിനായി ചെയ്തു വരുന്ന ചികിത്സകൾ.
സ്‌ട്രോക്കിൽ നിന്നു രക്ഷ നേടാൻ ആദ്യം ചെയ്യേണ്ടത് രക്തസമ്മർദം നിയന്ത്രിക്കുക എന്നതാണ്. ബി.പി.യുള്ളവർ മരുന്ന് കൃത്യമായി കഴിക്കുക. വ്യായാമവും ഭക്ഷണക്രമം, ജീവിതചര്യ എന്നിവയും ക്രമമായി പാലിക്കുക. സ്‌ട്രോക്കുണ്ടായാൽ ഏറ്റവും നേരത്തേ മികച്ച വൈദ്യസഹായം തേടണം. ആദ്യത്തെ മണിക്കൂറുകൾ ഇതിന്റെ ചികിത്സയിൽ തികച്ചും നിർണായകമാണ്.
തയ്യാറാക്കിയത്:
അഞ്ജലി എൻ.കുമാർ