എഴുപത്തിയഞ്ചായി സിസ്റ്റര്‍ ഇന്നസെന്റിന് പ്രായം. സാധാരണക്കാരായ രോഗികള്‍ക്കായി മാറ്റിവെച്ചതാണ് അതില്‍ പാതിയിലേറെക്കാലം. അതില്‍ത്തന്നെ നാല്‍പത്തിരണ്ട് വര്‍ഷം സമര്‍പ്പിച്ചത് അരിവാള്‍ രോഗികള്‍ക്ക് വേണ്ടിയാണ്. ഇക്കാലമത്രയും അരിവാള്‍ രോഗത്തെക്കുറിച്ചുള്ള ഗവേഷണത്തിലായിരുന്നു സിസ്റ്റര്‍.വിദേശത്തും രാജ്യത്തിന്റെ പല ഭാഗങ്ങളിലും പ്രവര്‍ത്തനങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തു.
കണ്ണൂര്‍ സ്വദേശിയായ സിസ്റ്റര്‍ ഇന്നസെന്റ് 1970ല്‍ അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സ് പഠനകാലത്താണ് അരിവാള്‍ രോഗത്തെക്കുറിച്ചുള്ള അന്വേഷണം തുടങ്ങിയത്. പിന്നീട് ജോലിചെയ്ത നീലഗിരിയില്‍ അരിവാള്‍ രോഗത്തിന്റെ ലക്ഷണങ്ങളുള്ള രക്തകോശങ്ങള്‍ കണ്ടതോടെ സിസ്റ്റര്‍ തന്റെ പഠനം അരിവാള്‍ രോഗത്തിലേക്ക് മാത്രമായി കേന്ദ്രീകരിച്ചു. ആഫ്രിക്കയില്‍ മാത്രമാണ് ഇത്തരം രോഗം വ്യാപകമായി കണ്ടിരുന്നതെന്നാണ് അന്ന് വിദഗ്ധര്‍ പറഞ്ഞിരുന്നതെന്ന് സിസ്റ്റര്‍ പറയുന്നു.
സാധാരണക്കാരായ തൊഴിലാളികളുടെ ഇടയില്‍ രോഗം കണ്ടെത്തിയതോടെ അരിവാള്‍ രോഗത്തെ എങ്ങനെ പ്രതിരോധിക്കാമെന്ന ഗവേഷണത്തിലായിരുന്നു സിസ്റ്റര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായിരുന്ന അരിവാള്‍ രോഗികളുടെയും ഇപ്പോഴുള്ള രോഗികളുടെയും ആയുര്‍ദൈര്‍ഘ്യത്തില്‍ വലിയ അന്തരവുണ്ടെന്നാണ് സിസ്റ്ററിന്റെ കണ്ടെത്തല്‍. മുമ്പത്തേതിനെക്കാള്‍ പകുതി ആയുസ്സുമാത്രമാണ് ഇപ്പോഴുള്ള രോഗികള്‍ക്കുള്ളതെന്ന് അവര്‍ പറയുന്നു. പ്രകൃതിക്കും ജീവിതശൈലിയിലും സംഭവിച്ച മാറ്റങ്ങളാണ് ഇതിന് കാരണമായി സിസ്റ്റര്‍ ചൂണ്ടിക്കാണിക്കുന്നത്. അരിവാള്‍ രോഗികള്‍ക്കായി പ്രത്യേക ഭക്ഷണരീതി തയ്യാറാക്കി രോഗത്തെ പ്രതിരോധിക്കുന്ന ചികിത്സാരീതി വികസിപ്പിച്ചെടുത്തതായി സിസ്റ്റര്‍ പറയുന്നു.
പ്രകൃതിയില്‍ നിന്ന് ശേഖരിക്കുന്ന പോഷകം നിറഞ്ഞ സസ്യങ്ങളുപയോഗിച്ചാണ് രോഗികള്‍ക്കുള്ള ഭക്ഷണം സിസ്റ്റര്‍ തയ്യാറാക്കുന്നത്. ഇക്കാലയളവില്‍ ആയിരക്കണക്കിനാളുകളുടെ രോഗം ഭേദമാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് സിസ്റ്റര്‍ പറയുന്നു.
ഛത്തീസ്ഗഢ്, ഒഡിഷ, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കണ്ണൂര്‍, മലപ്പുറം, നീലഗിരി തുടങ്ങിയ സ്ഥലങ്ങളിലും അരിവാള്‍ രോഗികള്‍ക്കായി സിസ്റ്റര്‍ വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. തമിഴ്‌നാട് പുത്തൂര്‍വയലിലെ എം.എസ്.എം.ഐ. കോണ്‍വെന്റിലാണ് ഇപ്പോള്‍ താമസം. ശാരീരികമായ ബുദ്ധിമുട്ടുകളുണ്ടെങ്കിലും ജീവിച്ചിരിക്കുന്നത്രയും കാലം അരിവാള്‍ രോഗികള്‍ക്ക് വേണ്ടി പ്രവര്‍ത്തനം തുടരുമെന്ന് മനസ്സ് നിറയുന്ന പുഞ്ചിരിയോടെ ഇന്നസെന്റായി സിസ്റ്റര്‍ പറയുന്നു.
Content Highlight: sickle cell anemia, Sr.Innocent, Sickle Cell Disease