പ്രമേഹം ബാധിച്ചാല്‍ പലര്‍ക്കും ജീവിത അവസാനിക്കും പോലെയാണ്. എന്നാല്‍ വിജയകരമായി പ്രമേഹത്തോട് പൊരുതി ജീവിതം തിരിച്ചുപിടിച്ച അനുഭവം പങ്കുവച്ചിരിക്കുകയാണ് ഗായകനും ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ പ്രതിശ്രുത വരനുമായ നിക്ക് ജോണ്‍സ്. അമേരിക്കന്‍ ഗായകനും നടനും പ്രൊഡ്യുസറുമായ നിക്ക് ജോണ്‍സിന്റെയും പ്രിയങ്ക ചോപ്രയുടെയും വിവാഹം ഡിസംബര്‍ ഒന്നിന് ജോധ്പൂരില്‍ വച്ചാണ് നടക്കുക. ഇതിനിടയിലാണ് 26 കാരനായ നിക്ക് താന്‍ ടൈപ്പ് 1 പ്രമേഹരോഗബാധിതനാണെന്ന വിവരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. നിക്കിന്റെ വാക്കുകള്‍ ഇങ്ങനെ.
'13 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഞാന്‍ ടൈപ്പ് 1 പ്രമേഹബാധിതനാണെന്ന് തിരിച്ചറിഞ്ഞത്. അതിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം എടുത്തതാണ് ഈ ചിത്രം. അകാരണമായി ഭാരം കുറയുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രക്തത്തില്‍ പഞ്ചസാരയുടെ അളവ് വളരെ ഉയര്‍ന്ന നിലയിലാണെന്ന് കണ്ടെത്തിയത്. ഇന്ന് 13 വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ജീവിതം വളരെ സന്തോഷകരവും ആരോഗ്യകരവുമാണ്. രോഗം തിരിച്ചറിഞ്ഞ ശേഷം വ്യായാമം ചെയ്ത് ആരോഗ്യം സംരക്ഷിച്ചു. ആരോഗ്യകരമായ ഭക്ഷണം പിന്തുടരുകയും ചെയ്തു. ഒപ്പം കൃത്യമായ ഇടവേളകളില്‍ പ്രമേഹം പരിശോധിക്കുന്നതും തുടര്‍ന്നു. ഇന്ന് എന്റെ ഒരു ദിവസത്തെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും എനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്നുണ്ട്. ഇക്കാര്യത്തില്‍ എനിക്ക് എന്റെ കുടുംബത്തോടൊപ്പം നിന്ന് പ്രിയപ്പെട്ടവരോടും ഏറെ നന്ദിയുണ്ട്. കൂടാതെ എന്റെ ആരാധകരോടും ഏറെ നന്ദി, നിങ്ങളുടെ പിന്തുണയ്ക്കും കരുണയുള്ള വാക്കുകള്‍ക്കും. അത് നിങ്ങള്‍ ചിന്തിക്കുന്നതിനും അപ്പുറമാണ്....'നിക്ക് ജോണ്‍സ് കുറിക്കുന്നു.
എന്താണ് ടൈപ്പ് 1 പ്രമേഹം
പാന്‍ഗ്രിയാസില്‍ നിന്നും ഇന്‍സുലിന്റെ ഉത്പാദനം പൂര്‍ണമായും ഇല്ലാതാകുമ്പോള്‍ പ്രത്യേക്ഷപ്പെടുന്ന രോഗമാണ് ടൈപ്പ് 1 പ്രമേഹം. 90 ശതമാനം ടൈപ്പ് 1 പ്രമേഹവും ആരംഭിക്കുന്നത് 10 വയസില്‍ താഴെ പ്രായമുള്ള കുട്ടികളിലാണ്. ആധുനിക ചികിത്സ സംവിധാനങ്ങള്‍ നിലവില്‍ വന്നതോടെ ടൈപ്പ് 1 പ്രമേഹ ചികിത്സയ്ക്ക് ബുദ്ധിമുട്ടില്ല. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും കരുണയോടെയും സ്‌നേഹത്തോടെയുമുള്ള ഇടപെടലാണ് ടൈപ്പ് 1 പ്രമേഹരോഗികളുടെ ജീവിതം സന്തോഷകരമാക്കുന്നത്. രക്തത്തിലെ പഞ്ചസാരയുടെ ആളവ് ഒരു ദിവസം തന്നെ പലതവണ തീരെ കുറഞ്ഞു പോകുന്നതിനാലും വളരെ കൂടി വരുന്നതിനാലും രോഗി ദേഷ്യപ്പെടുകയും കയര്‍ത്തു സംസാരിക്കുകയും ചിലപ്പോള്‍ വീട്ടിലെ സാധനങ്ങള്‍ എറിഞ്ഞുടയ്ക്കുകയും ചെയ്യാം. ദിവസം മുഴുവന്‍ നിരാശയിലാണ്ടു പോയേക്കാം. ഈ സമയം കുടുംബത്തിലുള്ളവരുടെ സ്‌നേഹപൂര്‍ണമായ ഇടപെടല്‍ കൊണ്ടും ചികിത്സയിലൂടെയും ഈ അവസ്ഥ മറികടക്കാന്‍ കഴിയും.
Content Highlights: Nick Jonas his ' Post About Diabetes