ഇങ്ങനെയും ഒരു ഡോക്ടര്‍ ഇവിടെയുണ്ട്


കെ. എ. ജോണി

5 min read
Read later
Print
Share

രോഗിയുടെ സാമ്പത്തിക പശ്ചാത്തലം ഡോക്ടര്‍ ജേക്കബ്ബിന് ഒരു വിഷയമേയല്ല. ഒരിക്കലും അദ്ദേഹം രോഗികളോട് പണം ചോദിക്കാറില്ല

ആതുരാലയങ്ങള്‍ കച്ചവട കേന്ദ്രങ്ങളാവുകയും ചികിത്സകര്‍ ബിസിനസ്സുകാരാവുകയും ചെയ്യുന്ന കാലത്ത് ഈ ഡോക്ടര്‍ വ്യത്യസ്തനാണ്. ആറു പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുമായി ആതുരശുശ്രൂഷ സേവനമാണെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു ഡോക്ടര്‍. കഴിഞ്ഞ വര്‍ഷം രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ച ആലുവ സ്വദേശി ഡോക്ടര്‍ ജേക്കബ്ബിനെക്കുറിച്ച്...

താനും വര്‍ഷങ്ങള്‍ മുമ്പ് ചെന്നൈയിലെ ഒരു പ്രമുഖ മലയാളി സംഘടനാ പ്രവര്‍ത്തകന്‍ ഡോക്ടര്‍ ടി. പി ജേക്കബ്ബിനെ കാണാനെത്തി. ഒരു തുള്ളി വെള്ളം പോലും തൊണ്ടയിലൂടെ ഇറക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഇദ്ദേഹം. സംഗതി ഗുരുതരമാണെന്നും ഒരു മാസത്തെ ചികിത്സ വേണമെന്നും അതിനുള്ള തയ്യാറെടുപ്പോടെ വരണമെന്നും ചെന്നൈയിലെ ഒരു പ്രമുഖ ആസ്പത്രിയിലെ ഡോക്ടര്‍ പറഞ്ഞതുകേട്ട് പേടിച്ചിരിക്കെയാണ് കക്ഷി ഡോക്ടര്‍ ജേക്കബ്ബിനെക്കുറിച്ചറിഞ്ഞത്.

ഡോക്ടര്‍ ജേക്കബ്ബ് രോഗിയെ സ്‌നേഹപൂര്‍വ്വം അടുത്തിരുത്തി കാര്യങ്ങളൊക്കെ വിശദമായി ചോദിച്ചു. വിവരണം കഴിഞ്ഞപ്പോള്‍ ഡോക്ടര്‍ ജേക്കബ്ബ് ചെറിയൊരു മരുന്ന് കുറിച്ചുകൊടുത്തിട്ട് നാലഞ്ചു ദിവസം അതു കഴിക്കാന്‍ പറഞ്ഞു. ഈ മരുന്ന് തുടര്‍ച്ചയായി നാലു ദിവസം കഴിച്ചതോടെ താന്‍ ഏകദേശം പൂര്‍വ്വ സ്ഥിതിയിലേക്കെത്തിയെന്ന് മലയാളി സംഘടനാ പ്രവര്‍ത്തകന്‍ പറയുന്നു. നേരത്തെ നടുവേദനയ്്ക്ക് ചികിത്സ നടത്തിയപ്പോള്‍ കഴിച്ച മരുന്നിന്റെ പാര്‍ശ്വഫലമായി വായിലെയും തൊണ്ടയിലേയുമൊക്കെ തൊലി പോയി വ്രണം വന്നതായിരുന്നു രോഗകാരണം.

ഇനി മറ്റൊരു മലയാളിയുടെ അനുഭവസാക്ഷ്യം. അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പൊടുന്നനെ ഞരമ്പുകള്‍ മുഴുവന്‍ തളരുന്ന അസുഖമുണ്ടായി. നിരവധി ഡോക്ടര്‍മാരെ കണ്ടു, വിവിധ തരം മരുന്നുകള്‍ കഴിച്ചു. പക്‌ഷേ, ഭാര്യയ്ക്ക് ഒന്നെഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയുന്നില്ല. അങ്ങിനെയിരിക്കെയാണ് ഡോക്ടര്‍ ജേക്കബ്ബിനെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞത്. ഭാര്യയുടെ രോഗവിവരങ്ങളത്രയും ഇദ്ദേഹം ഡോക്ടര്‍ ജേക്കബ്ബിന് പറഞ്ഞുകൊടുത്തു. ഭാര്യ കഴിച്ചിരുന്ന ഒരു മരുന്ന് അപ്പോള്‍ തന്നെ നിര്‍ത്താന്‍ ഡോക്ടര്‍ ജേക്കബ്ബ് പറഞ്ഞു. ഈ മരുന്ന് ഈ അസുഖത്തിന് കൊടുക്കുന്നതാണെങ്കിലും ചില രോഗികളില്‍ ചില നേരങ്ങളില്‍ ഈ മരുന്ന് പ്രശ്‌നമാകുമെന്നായിരുന്നു ഡോക്ടറുടെ വിലയിരുത്തല്‍.

പകരം അദ്ദേഹം കുറിച്ചുകൊടുത്ത മരുന്ന് കഴിച്ചതോടെ ഭാര്യ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയതായി ഇദ്ദേഹം പറയുന്നു. സ്വന്തം നിലയ്ക്കും ഇദ്ദേഹം ഡോക്ടര്‍ ജേക്കബ്ബിന്റെ 'കൈപുണ്യത്തിന്' സാക്ഷിയാണ്്്.കാല് തൂക്കിയിട്ട് കുറച്ചു നേരം ഇരുന്നാല്‍ അപ്പോള്‍ നീര് വന്ന് വീര്‍ക്കും. വൃക്കയുടെ പ്രശ്‌നമാണോ, മറ്റെന്തെങ്കിലും ഗുരുതര രോഗമാണോ എന്നാക്കെയറിയാന്‍ പല പരിശോധനകളും നടത്തി. ഒടുവില്‍ സംഗതി ഡോക്ടര്‍ ജേക്കബ്ബിനോട് പറഞ്ഞു. ഡോക്ടര്‍ ജേക്കബ്ബ് അദ്ദേഹം അപ്പോള്‍ കഴിച്ചുകൊണ്ടിരുന്ന മരുന്നുകളുടെ പട്ടിക നോക്കി. എന്നിട്ട് ബിപിക്ക് കഴിക്കുന്ന ഗുളികയ്ക്ക് പകരം മറ്റൊരു ഗുളിക എഴുതിക്കൊടുത്തു. ബിപിയ്്്ക്കുള്ള ഗുളിക മാറ്റിയതോടെ കാലിലെ നീര് പഴങ്കഥയായി.

രോഗം എന്താണെന്നു കണ്ടെത്തുകയാണ് ചികിത്സയിലെ ഏറ്റവും നിര്‍ണ്ണായക ഘടകം. ഡോക്ടര്‍ ജേക്കബ്ബിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ രോഗികള്‍ക്ക് പറയാനുള്ളതും ഈ കിറുകൃത്യമായ ഡയഗ്‌നോസിസിനെകുറിച്ചാണ്. ആലുവക്കാരന്‍ തേനുങ്കല്‍ പൗലോസിന്റെയും മറിയത്തിന്റെയും മകനായ ഡോക്ടര്‍ ടി.പി.ജേക്കബ്ബിനിത് പ്രായം 81 ആണ്. പക്‌ഷേ, റോയപുരത്തെ വീട്ടില്‍ അദ്ദേഹമിപ്പോഴും ആതുരസേവനത്തിന്റെ തിരുമുറ്റത്ത് കര്‍മ്മനിരതനായി നിലകൊള്ളുന്നു.

1950 കളില്‍ ചെന്നൈയില്‍ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്ന് എം ബി ബി എസ് എടുത്തതു മുതല്‍ തുടങ്ങിയ കര്‍മ്മപരമ്പരയാണ് ഇപ്പോഴും മുടക്കമില്ലാതെ മുന്നോട്ടു നീങ്ങുന്നത്. ഇതിനിടയില്‍ 1969 മുതല്‍ 92 വരെ ഡോക്ടര്‍ ജേക്കബ്ബ് ചെന്നൈയില്‍ സര്‍ക്കാര്‍ ജനറല്‍ ആസ്പത്രിയിലായിരുന്നു. അവിടെ വാസ്‌കുലര്‍ സര്‍ജറി വിഭാഗം പ്രൊഫസറും മേധാവിയുമായാണ് അദ്ദേഹം വിരമിച്ചത്. ഇന്ത്യയിലെ ആദ്യത്തെ വാസ്‌കുലര്‍ സര്‍ജറി വിഭാഗം മദ്രാസ് മെഡിക്കല്‍ കോളേജില്‍ ഡോക്ടര്‍ ജേക്കബ്ബിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശത്തിലാണ് തുടങ്ങിയത്.ഏറെ വൈകിപ്പോയെങ്കിലും കഴിഞ്ഞ വര്‍ഷം രാഷ്ട്രം ഡോക്ടര്‍ ജേക്കബ്ബിനെ പത്മശ്രീ നല്‍കി ആദരിച്ചു.

പത്മശ്രിക്ക് തന്റെ പേര് ആരാണ് ശുപാര്‍ശചെയ്തതെന്ന് ഡോക്ടര്‍ ജേക്കബ്ബിനറിയില്ല. സിബിഐയില്‍ നിന്നും ഒരു ഉദ്യോഗസ്ഥന്‍ അന്വേഷണത്തിനു വന്നപ്പോഴാണ് തന്റെ പേരും പത്മശ്രീക്ക് പരിഗണിക്കുന്നുണ്ടെന്ന് ഡോക്ടര്‍ ജേക്കബ്ബ് അറിഞ്ഞത്. അവാര്‍ഡുകള്‍ ഡോക്ടര്‍ ജേക്കബ്ബിന് പുത്തരിയല്ല. ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്‌കാരം മുതല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുടെ പുരസ്‌കാരം വരെ നൂറുകണക്കിന് ബഹുമതികള്‍ ഡോക്ടര്‍ ജേക്കബ്ബിനെ തേടിയെത്തിയിട്ടുണ്ട്. 13 സര്‍വ്വകലാശാലകളാണ് ഡോക്ടര്‍ ജേക്കബ്ബിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചിട്ടുള്ളത്.

ഡോക്ടര്‍ ജേക്കബ്ബിന്റെ അപ്പൂപ്പന്‍ തേനുങ്കല്‍ പത്രോസ് കര്‍ഷകനും ആയുര്‍വ്വേദവൈദ്യനുമായിരുന്നു. ഒരു ഡോക്ടറാവണം എന്ന ആഗ്രഹം ജേക്കബ്ബിന്റെയുള്ളില്‍ നാമ്പിട്ടത് അപ്പൂപ്പന്റെ സ്വാധീനത്തിലാണ്. ആലുവ യു സി കോളേജില്‍ ഇന്റര്‍മീഡിയറ്റ് കഴിഞ്ഞപ്പോള്‍ മദ്രാസ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ എം ബി ബി എസിന് അപേക്ഷിച്ചു. വയനാട്ടില്‍ ഭൂമിയുണ്ടായിരുന്നതിനാല്‍ മലബാര്‍ ക്വാട്ടയിലായിരുന്നു അപേക്ഷ. പ്രവേശനത്തിനുള്ള കാര്‍ഡ് വയനാട്ടിലെ മേല്‍വിലാസത്തിലായിരിക്കും വരികയെന്നതിനാല്‍ ഒരു ദിവസം ജേക്കബ്ബ് വയനാട്ടുള്ള അമ്മാവന്റെ വീട്ടിലേക്ക് വെച്ചു പിടിച്ചു. ചെരുപ്പും പാന്റ്‌സുമൊന്നും ധരിച്ചു തുടങ്ങാത്ത കാലമാണ്. വയനാട്ടിലെത്തിയത് ഒരു ശനിയാഴ്ചയാണ്. അന്നുച്ചയോടെ തന്നെ പ്രവേശന കാര്‍ഡെത്തി. തിങ്കളാഴ്ച ചെന്നൈയിലെത്തി പ്രവേശനം നേടണമെന്നായിരുന്നു കാര്‍ഡില്‍.

തിരിച്ച് ആലുവയ്ക്ക് പോവാന്‍ സമയമില്ലാതിരുന്നതിനാല്‍ അമ്മാവന്റെ കൈയ്യില്‍ നിന്നും കുറച്ചു പണം കടംവാങ്ങി ജേക്കബ്ബ് ചെന്നൈക്ക് വെച്ചു പിടിച്ചു. അങ്ങിനെ നഗ്‌നപാദനായി മുണ്ടും ധരിച്ചാണ് ജേക്കബ്ബ് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് വിദ്യാര്‍ത്ഥിയായത്. 325 രൂപയായിരുന്നു അന്ന് ഫീസ്. ആദ്യ പൊതു പരീക്ഷയില്‍ ഒന്നാം സ്ഥാനത്തെത്തിയതോടെ പ്രതിവര്‍ഷം 350 രൂപ സ്‌കേളാര്‍ഷിപ്പ് ലഭിക്കാന്‍ തുടങ്ങിയതോടെ ഫീസ് ജേക്കബ്ബിന് ഭാരമല്ലാതായി.

എം ബി ബി എസിന് പഠിപ്പിച്ച ഗുരവര്യന്മാരെ ആദരവോടെയും സ്‌നേഹത്തോടെയുമാണ് ജേക്കബ്ബ് ഓര്‍ക്കുന്നത്. കര്‍മ്മ വഴിയില്‍ കൈപിടിച്ചു നടത്തിയ സി ആര്‍ ആര്‍ പിള്ള, എം വിശ്വനാഥന്‍, കെ സി നമ്പ്യാര്‍, എ.എസ്.രാമകൃഷ്ണന്‍, കെ.എം.പിഷാരടി, മാധവന്‍കുട്ടി എന്നീ അദ്ധ്യാപകരോടുള്ള കടപ്പാട് ഒരിക്കലും വിസ്മരിക്കാനാവില്ലെന്ന് ഡോക്ടര്‍ ജേക്കബ്ബ് പറയുന്നു. എം ബി ബി എസ് കഴിഞ്ഞ സമയത്താണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് തുടങ്ങുന്നത്. കുറച്ചു കാലം അവിടെ ഡോക്ടര്‍ ജേക്കബ്ബ് ജോലി നോക്കി. ഇതിനിടയില്‍ എഫ് ആര്‍ സി എസിന് ലണ്ടനില്‍ പോവാന്‍ ശ്രമിച്ചെങ്കിലും അമ്മ കരഞ്ഞ് തടഞ്ഞതിനാല്‍ ആ പോക്കുപേക്ഷിച്ചു. തുടര്‍ന്ന് സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ നിന്നു തന്നെയാണ് ഡോക്ടര്‍ ജേക്കബ്ബ് എം എസ് എടുത്തത്.

രോഗിയുടെ ജീവന്‍ നിലനിര്‍ത്താനാണ് ശസ്ത്രക്രിയ നടത്തുന്നതെന്നും ആവശ്യമില്ലാത്ത പരിശോധനകള്‍ക്കായി രോഗിയെ ബുദ്ധിമുട്ടിക്കരുതെന്നുമുള്ള അദ്ധ്യാപകനായിരുന്ന ഡോക്ടര്‍ രാമകൃഷ്ണന്റെ വാക്കുകളാണ് ശസ്ത്രക്രിയയ്ക്കുള്ള കത്തി കൈയ്യില്‍ എടുക്കുമ്പോള്‍ ഇപ്പോഴും ചെവിയില്‍ മുഴങ്ങുന്നതെന്ന് ഡോക്ടര്‍ ജേക്കബ്ബ് പറയുന്നു. അത്യാവശ്യം വേണ്ടുന്ന ശസ്ത്രക്രിയ മാത്രം ചെയ്യുക എന്നതാണ് ഡോക്ടര്‍ ജേക്കബ്ബിന്റെ രീതി.

രോഗിയെ കണ്ടും വിവരങ്ങള്‍ അറിഞ്ഞും തന്നെ മിക്കവാറും രോഗം ഉറപ്പിക്കാന്‍ ഡോക്ടര്‍ ജേക്കബ്ബിനാവും. അതുകൊണ്ടു തന്നെ ഡോക്ടര്‍ ജേക്കബ്ബിന്റെ അടുത്തെത്തുന്നവര്‍ക്ക് ലാബുകളായ ലാബുകളിലേക്ക് വിവിധ പരിശോധനകള്‍ക്കായി ഓടേണ്ടിവരാറില്ല. നിങ്ങളുടെ കൈയ്യില്‍ കാശു കൂടുതലാണെങ്കില്‍ അത് പാവപ്പെട്ട ആര്‍ക്കെങ്കിലും കൊടുക്കാനാണ് ടെസ്റ്റുകള്‍ വേണമെന്ന് നിര്‍ബ്ബന്ധിക്കുന്ന രോഗികളോട് ഡോക്ടര്‍ ജേക്കബ്ബ് പറയുക.

രോഗിയുടെ സാമ്പത്തിക പശ്ചാത്തലം ഡോക്ടര്‍ ജേക്കബ്ബിന് ഒരു വിഷയമേയല്ല. ഒരിക്കലും അദ്ദേഹം രോഗികളോട് പണം ചോദിക്കാറില്ല. ആദ്യം രോഗം ഭേദമാവട്ടെയെന്നും കാശിന്റെ കാര്യം നമുക്ക് പിന്നീട് നോക്കാമെന്നുമാണ് അദ്ദേഹത്തിന്റെ നിലപാട്. ആധുനിക ചികിത്സാ മേഖലയില്‍ നിലനില്‍ക്കുന്ന കച്ചവട മനോഭാവത്തിന്റെ മറുപാളയത്തിലാണ് ഡോക്ടര്‍ ജേക്കബ്ബ്. ചെന്നൈ ജനറല്‍ ആസ്പത്രിയില്‍ നിന്നും വിരമിച്ചപ്പോള്‍ ചെന്നൈയിലെ പ്രമുഖ സ്വകാര്യ ആസ്പത്രികള്‍ ഡോക്ടര്‍ ജേക്കബ്ബിനെ തേടിയെത്തിയിരുന്നു. '' നമുക്കവരുടെ മനോഭാവം പറ്റില്ല.കാശുണ്ടാക്കുകയെന്നതല്ല എന്റെ ലക്ഷ്യം.'' ഡോക്ടര്‍ ജേക്കബ്ബ് പറയുന്നു. തന്റെ അദ്ധ്യാപകനായിരുന്ന ഡോക്ടര്‍ എം.വിശ്വനാഥന്റെ പേരിലുള്ള റോയപുരത്തെ ആസ്പത്രിയില്‍ കണ്‍സള്‍ട്ടന്റായി ഡോക്ടര്‍ ജേക്കബ്ബ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വൈകീട്ട് വീട്ടിലും അദ്ദേഹം രോഗികളെ നോക്കും.

ഡോക്ടര്‍ ജേക്കബ്ബിനെ രണ്ടു മാസം മുമ്പു മാത്രം കണ്ട ഒരാള്‍, അദ്ദേഹത്തെ തനിക്കു പരിചയപ്പെടുത്തിത്തന്ന സുഹൃത്തിനോട് പറഞ്ഞ വാക്കുകളാണ് ഡോക്ടര്‍ ജേക്കബ്ബിനുള്ള ഏറ്റവും വലിയ സാക്ഷ്യപത്രം. '' ഇക്കഴിഞ്ഞ 12 കൊല്ലത്തെ സുഹൃദ്ബന്ധത്തിനിടയില്‍ നിങ്ങള്‍ എനിക്ക് ചെയ്ത ഏറ്റവും നല്ല കാര്യമാണ് ഡോക്ടര്‍ ജേക്കബ്ബിന്റെയടുത്ത് എന്നെ കൊണ്ടുവന്നത്.''

കുന്നംകുളം സ്വദേശി എസ്തറാണ് ഡോക്ടര്‍ ജേക്കബ്ബിന്റെ ഭാര്യ. മകള്‍ സിജി ജേക്കബ്ബ് അണ്ണാമലൈ സര്‍വ്വകലാശാലയില്‍ അദ്ധ്യാപികയാണ്. മകന്‍ ഹാസം ജേക്കബ്ബ് എഞ്ചിനീയറും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

2 min

ഈ 10 മാര്‍ഗങ്ങള്‍ ശീലിച്ചാല്‍ രാത്രി ഉറക്കം നിങ്ങളെ തേടി വരും

Dec 28, 2019


mathrubhumi

2 min

രക്തബന്ധമുള്ളവര്‍ തമ്മില്‍ വിവാഹിതരായാല്‍

Jan 2, 2019


mathrubhumi

2 min

ശ്രദ്ധിക്കുക, ഈ രോഗങ്ങളുള്ളവര്‍ ടാറ്റൂ ചെയ്യരുത്

Nov 30, 2018