പോസിറ്റീവ് /നെഗറ്റീവ്? നിങ്ങളുടെ സ്റ്റാറ്റസ് എന്താണ്?


ഡോ.ജിഷ് ടി.യു

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ 2010-ലെ കണക്ക് പ്രകാരം 55,167 എച്ച്.ഐ.വി. അണുബാധിതരാണ് കേരളത്തിലുള്ളത്.

റ്റൊരു ലോക എയ്ഡ്സ് ദിനം കൂടി കടന്നുപോയി. പതിവുപോലെ ബോധവത്കരണ പരിപാടികള്‍ നടന്നു. എയ്ഡ്സ് രോഗികളെ സംഭാവന ചെയ്യുന്നതില്‍ കേരളവും പിന്നിലല്ല. കേരളത്തില്‍ രോഗാണുബാധ ഉള്ളവരില്‍ ഭൂരിഭാഗവും സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെ രോഗം പകര്‍ന്നവരാണ്.

സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ 2010-ലെ കണക്ക് പ്രകാരം 55,167 എച്ച്.ഐ.വി. അണുബാധിതരാണ് കേരളത്തിലുള്ളത്. ഇവരില്‍, 7,524 പേര്‍ക്ക് 'ആന്റി റെട്രോവില്‍' ചികിത്സ നല്‍കി. ഇപ്പോള്‍ 4,000 പേര്‍ ചികിത്സ തുടരുകയാണ്.സംസ്ഥാന എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള 'ഉഷസ്' എന്ന പദ്ധതി വഴിയാണ് ചികിത്സ സൗജന്യമായി നല്‍കുന്നത്.

സമീപകാലത്തുണ്ടായ നേരിയ മാറ്റം പ്രതീക്ഷയ്ക്ക് വകയുള്ളതാണ്. എയ്ഡ്സ് മാരകരോഗമാണെന്ന അവസ്ഥയ്ക്ക് മാറ്റമുണ്ട്. മരുന്നുകളിലൂടെയാണെങ്കിലും രോഗികളുടെ ആയുസ്സ് നീട്ടിക്കൊണ്ടുപോകാന്‍ കഴിയുന്നു. 2005 മുതല്‍ 2013 വരെ എയ്ഡ്സ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തില്‍ 40 ശതമാനത്തോളം കുറവുവന്നു.

ഇന്ന് എയ്ഡ്സ് രോഗികളോടുള്ള മനോഭാവത്തിലും ചെറിയ മാറ്റങ്ങള്‍ വന്നുതുടങ്ങിയിട്ടുണ്ട്. എച്ച്.ഐ.വി. പോസിറ്റീവായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കാനും വിഷയം സമൂഹത്തിന്റെ ശ്രദ്ധയിലെത്തിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.

സമൂഹം ഒറ്റപ്പെടുത്തുമെന്ന ഭയം കൊണ്ടാണ് പലരും ചികിത്സ തേടാനും ഡോക്ടറെ കാണാനും മടിക്കുന്നത്. രോഗം ഗുരുതരമാകുമ്പോള്‍ മാത്രമാണ് പലരും ആശുപത്രികളിലെത്തുന്നത്. പരിശോധന നടത്തി രോഗമില്ലെന്ന് സ്ഥിരീകരിക്കാന്‍ പലരും മടിക്കും.

ഓര്‍ക്കുക, രോഗം വരാതെ സൂക്ഷിക്കുക എന്നുള്ളതാണ് പ്രധാനം. അതേസമയം, കൃത്യസമയത്തെ രോഗനിര്‍ണയവും ചിട്ടയായ ചികിത്സയും മാത്രമാണ് രോഗം കണ്ടുപിടിച്ചുകഴിഞ്ഞാല്‍, എയ്ഡ്സിനെ പ്രതിരോധിക്കാനുള്ള മാര്‍ഗം.

പോസിറ്റിവ്/നെഗറ്റീവ് ?അറിയണം എച്ച്.ഐ.വി. സ്റ്റാറ്റസ്

'പരിശോധന നടത്തൂ, നിങ്ങളുടെ എച്ച്.ഐ.വി. സ്റ്റാറ്റസ് അറിയൂ' എന്നതായിരുന്നു ഇത്തവണത്തെ ലോക എയ്ഡസ് ദിനാചരണത്തിന്റെ മുദ്രാവാക്യം. ഇന്നും രോഗം പിടിപെട്ടവരില്‍ എച്ച്.ഐ.വി. ബാധ തിരിച്ചറിയാതെ ജീവിക്കുന്നവരാണ് കൂടുതലും. അസുഖം ഗുരുതരമാകുമ്പോഴാണ് പലരും ചികിത്സ തേടുന്നതും. അപ്പോഴേക്കും ലൈംഗിക പങ്കാളിയിലേക്കും മറ്റും രോഗം വ്യാപിക്കുന്ന അവസ്ഥയുമുണ്ടാകുന്നു. ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടന, ഈ മുദ്രാവാക്യവുമായി രംഗത്തെത്തിയത്.

എച്ച്.ഐ.വി. പരിശോധന എപ്പോള്‍ ?

സാധാരണ ശസ്ത്രക്രിയകള്‍ക്ക് മുമ്പായോ, ഗര്‍ഭധാരണ പരിശോധനാ സമയത്തോ ആണ് മിക്കവരും എച്ച്.ഐ.വി. പരിശോധന നടത്താറുള്ളത്. പരിശോധന നടത്തി രോഗമുണ്ടോ, ഇല്ലയോ എന്നത് സ്ഥിരീകരിക്കാന്‍ പലരും മടിക്കുന്നുവെന്നതാണ് വാസ്തവം. എയ്ഡ്സ് രോഗികളോടുള്ള സമൂഹത്തിന്റെ സമീപനമാണ് അതിനു കാരണം.

എച്ച്.ഐ.വി. പോസിറ്റീവ് ആണെന്നറിഞ്ഞാല്‍ അവരെയും കുടുംബത്തെയും ഒറ്റപ്പെടുത്തുകയും അവഗണിക്കുകയും ചെയ്യുന്ന കഥകളാണ് നാം കൂടുതലായും കേട്ടിട്ടുള്ളത്. എയ്ഡ്സിനെപ്പറ്റിയുള്ള തെറ്റിദ്ധാരണയാണിതിന് കാരണം.

രോഗം പകര്‍ന്നുവെന്ന് ഏതെങ്കിലും തരത്തിലുള്ള സംശയം ഉള്ളവര്‍ പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തുകയാണ് ആദ്യം ചെയ്യേണ്ടത്. എച്ച്.ഐ.വി. പോസിറ്റീവ് ആണെങ്കില്‍ തുടര്‍ചികിത്സകള്‍ സ്വീകരിക്കുകയും വേണം.

തിരിച്ചറിയാത്ത പക്ഷം കാര്യങ്ങള്‍ ഗുരുതരമാവും. ചികിത്സ വൈകുന്നത് ആരോഗ്യസ്ഥിതി നശിപ്പിക്കുക മാത്രമല്ല ലൈംഗിക പങ്കാളിയുടെ ജീവന്‍ കൂടി അപകടത്തിലാകും.

അടുത്തിരുന്നാല്‍ പകരില്ല

അടുത്ത് ഇരിക്കുന്നതിലൂടെയോ ഹസ്തദാനത്തിലൂടെയോ സാധാരണ ചുംബനത്തിലുടെയോ കെട്ടിപ്പിടിക്കുന്നതിലൂടെയോ അസുഖം പകരില്ല. രോഗബാധിതര്‍ക്കൊപ്പം ഭക്ഷണം കഴിച്ചാലോ അവരുപയോഗിച്ചുന്ന കുളിമുറി, കക്കൂസ് എന്നിവ ഉപയോഗിച്ചോലോ, കൂടെ നടന്നാലോ എച്ച്.ഐ.വി. പകരില്ല.

സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധമാണ് എയ്ഡ്സ് പിടിപെടാനുള്ള പ്രധാന കാരണം. കുത്തിവയ്പിന് അണുവിമുക്തമായ സിറിഞ്ചുകള്‍ മാത്രം ഉപയോഗിക്കുക.

അംഗീകൃത രക്ത ബാങ്കുകളില്‍ നിന്നുമാത്രം രക്തം സ്വീകരിക്കുക എന്നീ കാര്യങ്ങളും ശ്രദ്ധിക്കണം. മാത്രമല്ല, തിരക്കുള്ള ബാര്‍ബര്‍ ഷോപ്പുകള്‍ പോലുള്ള സ്ഥാപനങ്ങളില്‍ അണുനാശിനിയും പ്രത്യേക ബ്ലെയിഡും ഉപയോഗിക്കുക.

വൈറസ്ബാധ ഉള്ള സ്ത്രീയുടെ രക്തത്തില്‍ കൂടിയോ മുലപ്പാലില്‍ കൂടിയോ ശിശുവിലേക്ക് രോഗാണുക്കള്‍ പകരാവുന്നതാണ്. ഇതിനു സാധ്യത 30 ശതമാനം മാത്രമാണ്.

രോഗനിര്‍ണയം പ്രധാനം

രക്തപരിശോനയിലൂടെയാണ് രോഗ നിര്‍ണത്തിനുള്ള 'എലിസ ടെസ്റ്റ്' നടത്തുന്നത്. മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ പ്രവര്‍ത്തിക്കുന്ന 'ജ്യോതിസ്' കേന്ദ്രങ്ങളില്‍ എച്ച്.ഐ.വി. പരിശോധനയും കൗണ്‍സലിങ്ങും സൗജന്യമാണ്. പരിശോധന സംബന്ധിച്ച വിവരങ്ങളും രോഗികളെക്കുറിച്ചുള്ള കാര്യങ്ങളും രഹസ്യമായി സൂക്ഷിക്കുകയും ചെയ്യും. എച്ച്.ഐ.വി. പോസിറ്റീവാണെന്ന് കണ്ടെത്തിയാല്‍ ആവശ്യമായ ചികിത്സ നിര്‍ദേശിക്കുകയും ചെയ്യും. മിക്ക താലൂക്ക് ആശുപത്രികളിലും, എച്ച്.ഐ.വി. പരിശോധിക്കാനുള്ള സൗകര്യമുണ്ട്.

തുടച്ചുനീക്കണം എയ്ഡ്സിനെ

ലോകത്ത് നാലുകോടിയിലധികം പേര്‍ എച്ച്.ഐ.വി. ബാധിതരായി ജീവിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ രണ്ടുലക്ഷത്തിലധികം പേര്‍ കുഞ്ഞുങ്ങളാണ്. 15-നും 50-നും ഇടയിലുള്ളവരാണ് കൂടുതലായും രോഗം ബാധിച്ചവര്‍. ഭൂമുഖത്തുനിന്നും എച്ച്.ഐ.വി.യെ തുടച്ചുനീക്കുക എന്നതാണ് ലോകാരോഗ്യസംഘടനയുടെ ലക്ഷ്യം. ഇത് സാധ്യമാകണമെങ്കില്‍ 2020 ആകുമ്പോഴേക്കും '90 90 90' എന്ന ലക്ഷ്യത്തിലെത്തണം. അതായത്, എച്ച്.ഐ.വി. ബാധിച്ച 90 ശതമാനം പേരും തങ്ങള്‍ രോഗബാധിതരാണ്, അഥവാ എച്ച്.ഐ.വി. പോസിറ്റീവാണെന്ന് തിരിച്ചറിയണം.

അവരില്‍ 90 ശതമാനം പേര്‍ക്കും 'ആന്റി റിട്രോ വൈറല്‍' ചികിത്സ നല്‍കുക എന്നതാണ് അടുത്ത ഘട്ടം. ചികിത്സ ലഭ്യമാക്കിയിട്ടുള്ള 90 ശതമാനം പേരിലും രോഗാണുവിന്റെ പ്രവര്‍ത്തനം നിയന്ത്രണ വിധേയമാക്കുക എന്നതാണ് മൂന്നാമത്തെ ഘട്ടം.

Content Highlight: HIV Know your status,World AIDS Day, AIDS Awareness

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
Joshi

1 min

'പാര്‍ട്ടിക്കാര്‍ വീട്ടില്‍ വരരുത്, ഭാര്യ എന്നെ ചുവപ്പ് പുതപ്പിച്ചോളും'; ആശുപത്രിയില്‍നിന്നൊരു കത്ത്

Jan 18, 2023


idavela babu, mukundan unni associates, vineeth sreenivasan, criticism,

2 min

'മുകുന്ദനുണ്ണി' ഫുള്‍ നെഗറ്റീവ്, നായികയുടെ ഭാഷ പറയാന്‍ കൊള്ളില്ല- ഇടവേള ബാബു

Jan 17, 2023


sabarimala

1 min

'തീര്‍ഥാടകരെ പിടിച്ചുതള്ളാന്‍ ആരാണ് ഇയാള്‍ക്ക് അധികാരം നല്‍കിയത്'; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Jan 16, 2023