ഗുരുതരമായ രോഗങ്ങളുണ്ടെന്ന് തിരിച്ചറിയുമ്പോള്‍ പലരും തകര്‍ന്നുപോകും. അതികഠിന രോഗങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കു നല്‍കുന്ന ശുശ്രൂഷയുടെ കാര്യത്തില്‍ പുതിയ പ്രതീക്ഷ നൽകുന്നതാണ് പാലിയേറ്റീവ് കെയറിൻ്റെ പ്രവര്‍ത്തനം.
ഏതു പ്രായത്തിലും അവസ്ഥയിലുമുള്ള രോഗികളുടെയും വേദനകളും പ്രയാസങ്ങളും നീക്കി ജീവിതത്തിൽ പുതിൽ ഉന്മേഷം നിറയ്ക്കാൻ ലക്ഷ്യമിടുന്ന വൈദ്യശാസ്ത്രശാഖയാണ് പാലിയേറ്റീവ് കെയര്‍. രോഗലക്ഷണങ്ങളില്‍നിന്നും അസ്വസ്ഥതകളില്‍നിന്നും വിമുക്തി നേടാന്‍ സഹായിക്കുന്ന പാലിയേറ്റീവ് കെയര്‍ ആത്യന്തികമായി രോഗിയുടെയും കുടുംബാംഗങ്ങളുടെയും ജീവിതമേന്മ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്.
പ്രത്യേകമായി പരിശീലനം നേടിയ ഡോക്ടര്‍മാരും നഴ്‌സുമാരും വിവിധമേഖലകളില്‍നിന്നുള്ള വിദഗ്ധരും അടങ്ങിയ സംഘം ഒത്തുചേര്‍ന്നാണ് പാലിയേറ്റീവ് കെയറില്‍ ജോലിചെയ്യുന്നത്.
കാന്‍സര്‍, ഹൃദയാഘാതം, വൃക്കയുടെ തകരാര്‍, അല്‍ഷൈമേഴ്‌സ് രോഗം തുടങ്ങി ഗുരുതര രോഗങ്ങളുള്ളവരുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും ചികിത്സിക്കുന്നതിനാണ് പാലിയേറ്റീവ് കെയര്‍ അംഗങ്ങള്‍ പരിശ്രമിക്കുന്നത്. രോഗം മൂര്‍ദ്ധന്യത്തിലായ അവസ്ഥയില്‍ രോഗികള്‍ക്ക് ആശ്വാസം നല്കാന്‍ പാലിയേറ്റീവ് കെയര്‍ സഹായിക്കുന്നു. വേദന, വിഷാദം, ശ്വാസതടസം, തളര്‍ച്ച, മലബന്ധം, മനംപുരട്ടല്‍, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, ആകാംക്ഷ തുടങ്ങിയ അസ്വസ്ഥതകള്‍ രോഗിയെ പ്രയാസത്തിലാക്കിയേക്കാം. എന്നാല്‍, ശരിയായ പരിചരണം രോഗിക്ക് ദൈനംദിന കാര്യങ്ങളില്‍ ശക്തി പകര്‍ന്ന് ജീവിതഗുണമേന്മ വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.
പാലിയേറ്റീവ് കെയര്‍ ഡോക്ടര്‍മാര്‍ രോഗികള്‍ക്ക് പറയാനുള്ളത് കേള്‍ക്കാനും രോഗിയോട് സംസാരിക്കാനും സമയം കണ്ടെത്തുന്നുണ്ട്. രോഗിയോടും കുടുംബാംഗങ്ങളോടും ചികിത്സയെക്കുറിച്ച് വിശദീകരിച്ചുകൊടുക്കുകയും സാധ്യമായ കാര്യങ്ങളെന്തൊക്കെ എന്ന് അവര്‍ക്ക് മനസിലാക്കി കൊടുക്കുകയും ചെയ്യും.
രോഗിയുടെയും പാലിയേറ്റീവ് കെയര്‍ വിദഗ്ധരുടെയും പങ്കാളിത്തത്തിലൂടെയാണ് രോഗിക്ക് ആരോഗ്യം ലഭിക്കുന്നത്. പാലിയേറ്റീവ് കെയര്‍ സംഘം രോഗിയുമായും കുടുംബാംഗങ്ങളുമായും മറ്റ് ഡോക്ടര്‍മാരുമായും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. രോഗിക്ക് സഹായം ആവശ്യമുള്ള സമയങ്ങളിലെല്ലാം പിന്തുണയുമായി പാലിയേറ്റീവ് ടീം ഉണ്ടാവും.
പാലിയേറ്റീവ് കെയര്‍ സാധാരണഗതിയില്‍ രണ്ട് രീതിയാലാണ് ലഭ്യമാക്കുന്നത്. ആശുപത്രിയില്‍ കഴിയുന്നവര്‍ക്ക് ചികിത്സാ പദ്ധതിക്കൊപ്പം തന്നെ പാലിയേറ്റീവ് കെയര്‍ ലഭ്യമാക്കുന്നതാണ് ഒന്ന്. മിക്ക ആശുപത്രികളിലും ഇത് ലഭ്യമാണ്. ജീവിതാവസാനത്തോട് അടുക്കുന്ന രോഗികള്‍ക്ക് സ്വന്തം വീടിന്റെ ശാന്തതയില്‍ ലഭ്യമാക്കുന്ന സേവനമാണ് രണ്ടാമത്തേത്.
ഗുരുതരമായ രോഗങ്ങളെ അഭിമുഖീകരിക്കുന്ന ആര്‍ക്കും പാലിയേറ്റീവ് കെയര്‍ സഹായകമായിരിക്കും. ഗുരുതരമായ രോഗങ്ങളില്‍ ഏത് ഘട്ടത്തിലും രോഗിയുടെ സഹായത്തിനായി പാലിയേറ്റീവ് കെയര്‍ സേവനം ആരംഭിക്കാം. ആശുപത്രികളില്‍നിന്ന് രോഗിയെ വേഗത്തില്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതിന് പാലിയേറ്റീവ് കെയര്‍ സഹായിക്കുമെന്നും ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേയ്ക്കുള്ള അഡ്മിഷന്‍ കുറയ്ക്കുന്നതിന് സഹായിക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കാന്‍സര്‍ പോലെയുള്ള ഗുരുതരമായ രോഗങ്ങള്‍ മൂര്‍ച്ഛിക്കാന്‍ കാത്തുനില്‍ക്കാതെ കണ്ടെത്തിയാലുടന്‍ പാലിയേറ്റീവ് കെയര്‍ ആരംഭിക്കുന്നത് കൂടുതല്‍ ഗുണം ചെയ്യുമെന്നാണ് കണ്ടിരിക്കുന്നത്.
ഗുരുതരമായ രോഗങ്ങളുള്ള രോഗികള്‍ കൂടുതല്‍ കാലം സംതൃപ്തിയോടെ ജീവിക്കുന്നതിന് സഹായിക്കുക എന്നതാണ് പാലിയേറ്റീവ് കെയറിന്റെ ലക്ഷ്യം. രോഗത്തെ അഭിമുഖീകരിക്കുന്നതിനൊപ്പം ജീവിതം സന്തോഷകരമായി മുന്നോട്ട് കൊണ്ടുപോകുന്നതിന് ഇത് സഹായിക്കും.
ലേഖിക കോഴിക്കോട് ആസ്റ്റര്‍ മിംസ് ആശുപത്രിയിൽ പാലിയേറ്റീവ് ഫിസിഷ്യന്‍ ആണ്