2018 മേയ് മൂന്ന്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാരും ജീവനക്കാരും ഒരിക്കലും മറക്കില്ല ആ ദിവസം. ചങ്ങരോത്ത് സൂപ്പിക്കടയിലെ സാബിത്ത് പനിയെത്തുടർന്ന് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തുന്നത് അന്നാണ്.രാത്രി ഏഴുമണിയോടെയാണ് കടുത്ത പനിയെത്തുടർന്ന് സാബിത്ത് കാഷ്വാലിറ്റിയിലെത്തുന്നത്. രാത്രി ഡ്യൂട്ടിയിലുള്ള ഡോക്ടർ സാബിത്തിനെ കാഷ്വാലിറ്റിയോട് ചേർന്ന ഒബ്‌സെർവേഷൻ വാർഡിലാക്കി. വൈകിട്ടുമുതൽ പിറ്റേന്ന് രാവിലെവരെ ചികിത്സതേടി കാഷ്വാലിറ്റിയിൽ എത്തിയത് തൊണ്ണൂറോളം പേരാണ്. ഇവിടത്തെ ഡോക്ടർമാർക്കും ജീവനക്കാർക്കും അതിൽ പുതുമയൊന്നുമില്ല. 180 പേർവരെ കാഷ്വാലിറ്റിയിൽ ചികിത്സ തേടിയെത്തിയത് അവരുടെ അനുഭവത്തിലുണ്ട്.
ഇനി പിറ്റേന്ന് രാവിലത്തെ അവസ്ഥ. സാബിത്തിനെ അഡ്മിറ്റാക്കി വാർഡിലേക്ക് മാറ്റി. എട്ടുമണിക്ക് ഒ.പി. തുടങ്ങി. ഡ്യൂട്ടിയിലുണ്ടായിരുന്നത് ആറ് ഡോക്ടർമാർ. ചികിത്സതേടിയെത്തിയത് എഴുന്നൂറ്റമ്പതിൽപ്പരം രോഗികൾ. മഴക്കാലമൊക്കെയാകുമ്പോൾ ഇത് 1000 കടക്കാറുണ്ട്. വാർഡുകളിൽ പോയുള്ള പരിശോധന കഴിച്ചാൽ ഡോക്ടർക്ക് ഒരു രോഗിക്കായി മാറ്റിവെക്കാവുന്ന സമയം കഷ്ടി നാലു മിനിറ്റ്.
ഇതിനിടെ തിരക്കിട്ട് വാർഡിൽ പോയി രോഗികളെ ഒന്ന് നോക്കിപ്പോരും. അക്കൂട്ടത്തിൽ സാബിത്തും ഉണ്ടായിരുന്നു. അത്രയും കുറഞ്ഞ സമയത്തെ പരിശോധനയിൽ സാധാരണ പകർച്ചപ്പനിക്കപ്പുറത്തേക്കൊന്നും കണ്ടെത്താൻ ആ ഡോക്ടർക്ക് കഴിഞ്ഞില്ല. അങ്ങനെ എല്ലാ രോഗികൾക്കുമൊപ്പംമാത്രം ചികിത്സകിട്ടിയ ഒരാളായി സംസ്ഥാനത്ത് നിപ ആദ്യമായി ബാധിച്ച സാബിത്തും മാറി.
ബുദ്ധിയുദിക്കും പക്ഷേ, ഇത്തിരി വൈകും
നിപ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടക്കം കടന്ന മേയ് 26. കോഴിക്കോട് മെഡിക്കൽ കോളേജിലെ അഞ്ച് ഡോക്ടർമാർക്ക് ഡൽഹിയിൽ വിദഗ്ധ പരിശീലനം നൽകുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ പ്രഖ്യാപിച്ചത് അന്നാണ്. മാരക പകർച്ചവ്യാധികൾക്ക് അടിയന്തര ചികിത്സ നൽകാനുള്ള വൈദഗ്ധ്യത്തിൽ നാം പിന്നിലാണെന്ന് കേരളവും കേന്ദ്രസർക്കാരും തിരിച്ചറിയാൻ നിപ വൈറസ് തന്നെ വരേണ്ടിവന്നു.
വിദഗ്ധ പരിശീലനത്തിന്റെ ആവശ്യകത നിപ ബാധിത മേഖലയിലെത്തിയ കേന്ദ്രസംഘത്തിലെ അംഗങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഇതേത്തുടർന്നാണ് ഡൽഹി സഫ്ദർജങ് ആശുപത്രിയിൽ പരിശീലനത്തിന് അയയ്ക്കാൻ സർക്കാർ തയ്യാറായത്. അണുബാധയ്ക്ക് സാധ്യതയുള്ള രോഗങ്ങളിൽ തീവ്രപരിചരണവിഭാഗം എങ്ങനെ വിദഗ്‌ധമായി കൈകാര്യം ചെയ്യാമെന്നാണ് പരിശീലനത്തിന്റെ വിഷയം. നാലുദിവസത്തെ പരിശീലനം കഴിഞ്ഞ് മടങ്ങിയെത്തുന്ന ഇവർ സംസ്ഥാനത്തെ മറ്റ് ഡോക്ടർമാരെയും പഠിപ്പിക്കണമെന്നാണ് സർക്കാരിന്റെ നിർദേശം.
ഇക്കാലമത്രയും ആരോഗ്യ വൈദഗ്ധ്യത്തിൽ ഊറ്റംകൊണ്ടിരിക്കുകയായിരുന്നു നാം. സർക്കാർ സർവീസിലുള്ള ഡോക്ടർമാർ അടിയന്തരസാഹചര്യം നേരിടാൻ പ്രാപ്തരാണോയെന്നുപോലും പഠിച്ചിട്ടില്ല. ഏതെങ്കിലും ഡോക്ടർ വൈദഗ്ധ്യം നേടിയിട്ടുണ്ടെങ്കിൽ അത് സ്വന്തം നിലയിലാണെന്നതാണ് സത്യം.
പരിശീലനമോ, എന്തിന് ?
ചെന്നൈയ്ക്ക് സമീപമാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപിഡെമിയോളജി എന്ന സ്ഥാപനം. പകർച്ചവ്യാധികളുൾപ്പെടെ അടിയന്തരസാഹചര്യം നേരിടാൻ സർക്കാർ സർവീസിലുള്ള ഡോക്ടർമാരെ പ്രാപ്തരാക്കുന്ന പരിശീലനകേന്ദ്രം. 1999-ൽ പ്രവർത്തനം തുടങ്ങി. കേന്ദ്രസർക്കാരിന് കീഴിലുള്ള ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചിനാണ് നടത്തിപ്പ് മേൽനോട്ടം. ഇവിടെ പരിശീലനം നേടുന്ന ഡോക്ടർമാരിൽ ഭൂരിഭാഗവും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയും തമിഴ്‌നാടും.
20 വർഷമായിട്ടും ഇങ്ങനെയൊരു സ്ഥാപനമുണ്ടെന്ന് കേരളം അറിഞ്ഞ മട്ടില്ല. സംസ്ഥാന സർക്കാരാണ് ഡോക്ടർമാരെ അയയ്ക്കേണ്ടത്. രണ്ടുവർഷമാണ് പരിശീലനം. ഇക്കാലയളവിലും സർക്കാർ ശമ്പളം നൽകണം. രാജ്യത്ത് എവിടെ പകർച്ചവ്യാധികൾ പിടിപെട്ടാലും അതത് ബാച്ചിൽപ്പെട്ട ഡോക്ടർമാരെ ആ മേഖലയിലേക്ക് സേവനത്തിന് അയയ്ക്കും. ഗുരുതര സാഹചര്യങ്ങളിൽ ഇടപെട്ട് പഠിക്കുകയെന്നതാണ് ഇവിടത്തെ പഠനരീതി. ഇത്രനാളായിട്ടും കേരളത്തിൽനിന്ന് ഒരാളെപ്പോലും ഈ സ്ഥാപനത്തിൽ കാണാനുള്ള ഭാഗ്യം ഉണ്ടായിട്ടില്ലെന്ന് അവിടത്തെ അഭിമുഖ ബോർഡ് അംഗമായ തിരുവനന്തപുരം അച്യുതമേനോൻ സെന്റർ ഫോർ പബ്ലിക് ഹെൽത്തിലെ ഡോ. വി. രാമൻകുട്ടി പറയുന്നു.
കഴിവുള്ള ആരോഗ്യ പ്രവർത്തകരാണ് കേരളത്തിന്റെ പ്രധാന സവിശേഷത. ലോകനിലവാരത്തിലുള്ള ഡോക്ടർമാരും നഴ്‌സുമാരും. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾക്കു കീഴിൽ ഹെൽത്ത് ഇൻസ്പെക്ടർമാരും ആശാവർക്കർമാരും ഉൾപ്പെടുന്ന പൊതുജനാരോഗ്യ പ്രവർത്തകർ. അവരെ വേണ്ടവിധത്തിൽ ഉപയോഗിക്കാനാകാത്തതാണ് പ്രശ്നം. പകർച്ചവ്യാധി പ്രതിരോധത്തിലാണ് ഇത് ഏറ്റവും മുഴച്ചുനിൽക്കുന്നത്. പീഡിയാട്രീഷ്യനും ഓങ്കോളജിസ്റ്റും മാത്രംപോരാ നമുക്ക്. അടിയന്തരഘട്ടത്തിൽ ഉപയോഗപ്പെടുത്താൻ വിദഗ്ധപരിശീലനം ലഭിച്ച എപിഡെമിയോളജിസ്റ്റും വേണം.
സ്ഥാപനങ്ങളുണ്ട്, ധാരാളം
സംസ്ഥാനത്തെ ആരോഗ്യ വിദ്യാഭ്യാസത്തെ ഒരു കുടക്കീഴലാക്കാൻ 2010-ൽ തുടങ്ങിയതാണ് കേരള ആരോഗ്യ സർവകലാശാല. 282 കോളേജുകൾ തൃശ്ശൂർ ആസ്ഥാനമായ ഈ സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുമുണ്ട്.
സർവകലാശാല രൂപവത്കരിച്ചപ്പോൾ ഉണ്ടാക്കിയ പദ്ധതി റിപ്പോർട്ടിൽ സംസ്ഥാനത്തെ ആരോഗ്യമേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനകേന്ദ്രങ്ങൾ തുടങ്ങണമെന്ന് നിർദേശിച്ചിരുന്നു. ഡോ. ബി. ഇക്ബാൽ അധ്യക്ഷനായ സമിതിയുടേതായിരുന്നു റിപ്പോർട്ട്. ഇതുവരെ ഒറ്റ പഠനകേന്ദ്രം പോലും തുടങ്ങാനായില്ല. പൊതുജനാരോഗ്യരംഗത്ത് സർക്കാർ ഡോക്ടർമാർക്ക് പരിശീലനം നൽകാൻ സർവകലാശാല മുൻകൈയെടുക്കണമെന്ന നിർദേശം ഉയർന്നിരുന്നു. ഇതും നടപ്പായില്ല.
ഇതേക്കുറിച്ച് ഡോ. ബി. ഇക്ബാൽ പറയുന്നത് ഇങ്ങനെ: ‘‘ആരോഗ്യ സർവകലാശാല അതിന്റെ പ്രാഥമികദൗത്യമാണ് നിറവേറ്റാതിരിക്കുന്നത്. പകർച്ചവ്യാധികൾ നമ്മുടെ ആരോഗ്യരംഗത്തിന് വലിയ വെല്ലുവിളിയാണ്. ഇത് നിർമാർജനം ചെയ്യാനുള്ള ദൗത്യത്തിൽ മുഖ്യപങ്ക് ഗവേഷണത്തിനാണ്. ആരോഗ്യസർവകലാശാല ഉടൻ രണ്ടുകാര്യങ്ങൾ ചെയ്യണം. സെന്റർ ഫോർ ജീനോമിക്സ് ആൻഡ് സിസ്റ്റം ബയോളജി കേന്ദ്രം തുടങ്ങുകയാണ് ഒന്നാമത്തേത്. എപിഡെമിയോളജി ആൻഡ് പബ്ലിക് ഹെൽത്ത് സെന്റർ സ്ഥാപിക്കണമെന്നാണ് രണ്ടാമത്തെ നിർദേശം.’’ആരോഗ്യ സർവകാലാശാലയ്ക്കു പുറമേ, ചേർത്തലയിലും കോഴിക്കോട്ടും സെന്റർ ഫോർ ഡിസീസ് കൺട്രോൾ നമുക്കുണ്ട്. രണ്ടും കേന്ദ്രസർക്കാരിനു കീഴിൽ. പകർച്ചവ്യാധികൾ ചെറുക്കാൻ ഇവ സംസ്ഥാനത്ത് നൽകുന്ന സംഭാവനയെന്തെന്ന് ആർക്കുമറിയില്ല. സർക്കാരിനു പോലും.
ഒരുരോഗിയെ നോക്കാൻ ഡോക്ടർക്ക് രണ്ടുമിനിറ്റുമാത്രം
- ഉത്തരവാദി ഡോക്ടറല്ല സർക്കാർ
- ബംഗ്ലാദേശ് 48 സെക്കൻഡ്
- ഇന്ത്യ 2-2.3 മിനിറ്റ്
- പാകിസ്താൻ 1.3 മിനിറ്റ്
- ചൈന 2 മിനിറ്റ്
- സിങ്കപ്പൂർ 9.3 മിനിറ്റ്
- അമേരിക്ക 21 മിനിറ്റ്
- കേരളം 2-4 മിനിറ്റ്
പരിശോധനയ്ക്ക് കൂടുതൽ സമയംകിട്ടണമെന്നത് കാലങ്ങളായുള്ള ആവശ്യമാണ്. 300 രോഗികൾവരെ എത്തുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ നമ്മുടെ നാട്ടിലുണ്ട്. രണ്ടുമിനിറ്റൊക്കെയാണ് പലപ്പോഴും എടുക്കാറ്. ഒരുമണിവരെയാണ് ഒ.പി.യെങ്കിലും മണിക്കൂറുകൾ കൂടുതൽ ഇരുന്നാൽപോലും എല്ലാ രോഗികളെയും പരിശോധിച്ച് തീരില്ല. ഇത് പരിശോധനയുടെ നിലവാരത്തെയും ബാധിക്കും
-ഡോ. ഷാമിൻ, മെഡിക്കൽ ഓഫീസർ,
പേരാമ്പ്ര താലൂക്ക് ആശുപത്രി
സർക്കാർതലത്തിൽ നടപടിവേണം
പൊതുജനാരോഗ്യരംഗത്തോട് നാം മുഖംതിരിഞ്ഞുനിൽക്കുകയാണ്. സർക്കാർതലത്തിലാണ് ഇതിന് ആദ്യ നടപടിയെടുക്കേണ്ടത്. അതിനായി പൊതുജനാരോഗ്യ വിദഗ്ധരെ പരുവപ്പെടുത്തിയെടുക്കണം. പകർച്ചവ്യാധികൾ ഉണ്ടായാൽ ഈ സംവിധാനത്തെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയണം
-ഡോ. വി. രാമൻകുട്ടി, തിരുവനന്തപുരം, അച്യുതമേനോൻ
സെന്റർ ഫോർ പബ്ലിക് ഹെൽത്ത്
സംവിധാനങ്ങളുണ്ട്, ഉപയോഗിക്കുന്നില്ല
പകർച്ചവ്യാധികളെ നേരിടാൻ അത്യാവശ്യം വേണ്ട എല്ലാ സജ്ജീകരണങ്ങളും നമ്മുടെ നാട്ടിലുണ്ട്. ഗവേഷണത്തിന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി, പരമ്പരാഗത അറിവ്, ഔഷധ സസ്യങ്ങൾ എല്ലാം. പക്ഷേ, വേണ്ടവിധത്തിൽ ഉപയോഗപ്പെടുത്താനാകുന്നില്ല. പകർച്ചവ്യാധികളെക്കുറിച്ച് വേണ്ടത്ര അറിവും നമ്മുടെ നാട്ടിലില്ല. അതുകൊണ്ടാണ് നിപ ബാധിച്ച സമയത്ത് ശാസ്ത്രവിരുദ്ധമായ പ്രചാരണങ്ങൾ നടന്നത്. കൃത്യമായ ഗവേഷണത്തിലൂടെയും ബോധവത്കരണത്തിലൂടെയും ഇത്തരം പ്രചാരണങ്ങൾ ചെറുക്കാനാകും -ഡോ. ബി. ഇക്ബാൽ, കേരള സർവകലാശാല മുൻ വി.സി
പകർച്ചവ്യാധികൾ ചെറുക്കുന്നതിലും പൊതുജനാരോഗ്യം ശക്തിപ്പെടുത്തുന്നതിലുമുള്ള വീഴ്ച സർക്കാരിന്റെ തലപ്പത്തുമുതൽ താഴെത്തട്ടുവരെ പ്രകടമാണ്...
കൂടുതല്‍ വായിക്കാം