വേദന തുടങ്ങിയാല്‍ കുടിക്കാന്‍ കൊടുക്കും, 'ഗര്‍ഭിണികള്‍ക്ക് ഡോക്ടറെക്കാള്‍ വിശ്വാസം മറിയം പൂവിനെ'


By വിമൽ കോട്ടയ്ക്കൽ

2 min read
Read later
Print
Share

പ്രതീക്ഷിക്കുന്ന സമയത്തിന് മുമ്പേ പ്രസവവേദനയും രക്തസ്രാവവും ഉണ്ടായ കേസുകള്‍ കൂടിയപ്പോഴാണ് ജില്ലാ ആരോഗ്യ അധികൃതര്‍ ഇക്കാര്യം ശ്രദ്ധിച്ചത്. അങ്ങനെയാണ് പ്രസവം എളുപ്പമാവാനുള്ള മരുന്നെന്ന് പറഞ്ഞ് ചില വ്യാജന്‍മാര്‍ നല്‍കിയ മരുന്നുകള്‍ കഴിച്ചവിവരം സ്ത്രീകള്‍ പറയുന്നത്.

മലപ്പുറം: യൂ ട്യൂബ് വീഡിയോ നോക്കി പ്രസവിച്ച് തമിഴ്‌നാട്ടില്‍ അധ്യാപിക മരിച്ച സംഭവമറിഞ്ഞ് മൂക്കത്ത് വിരല്‍വെച്ച കേരളീയര്‍ ഇതുംകൂടി കേള്‍ക്കണം. കേരളത്തില്‍ കഴിഞ്ഞവര്‍ഷം വീടുകളില്‍ നടന്നത് 740 പ്രസവം. ഇതില്‍ വലിയ ശതമാനവും സിദ്ധന്‍മാരുടെയും വ്യാജ വൈദ്യന്‍മാരുടേയും സ്വാധീനത്തിലാണ്. 'മറിയംപൂവ്' എന്ന വിദേശപൂവിന്റെ പേരിലും ഈ മേഖലയില്‍ വ്യാപകമായ തട്ടിപ്പ് നടക്കുന്നതായി ആരോഗ്യവകുപ്പിന് വിവരം ലഭിച്ചു.

നൂറുകണക്കിന് സ്‌പെഷ്യലിസ്റ്റ് ആശുപത്രികളുള്ള നാട്ടിലാണ് വീടുകളിലെ പ്രസവം ഇപ്പോഴും തുടരുന്നത്. ഇതിനുപിന്നില്‍ നാലു തരക്കാരാണുള്ളതെന്ന് ആരോഗ്യവകുപ്പധികൃതര്‍ പറയുന്നു. ഒരു കൂട്ടര്‍ പ്രകൃതി ചികിത്സകരെന്ന് അവകാശപ്പെടുകയും ചികിത്സാ യോഗ്യതയില്ലാതെ ചികിത്സിക്കുകയും ചെയ്യുന്നവരാണ്. വേറൊരു വിഭാഗം സിദ്ധന്‍മാരെന്ന പേരില്‍ പാവപ്പെട്ട സ്ത്രീകളെ പറ്റിക്കുന്നു. വീടുകളില്‍ പ്രസവസൗകര്യമൊരുക്കുന്നത് കച്ചവടമാക്കി മാറ്റിയവരാണ് മറ്റൊരു കൂട്ടര്‍. അടുത്ത വിഭാഗമാണ് മറിയംപൂവെന്ന പേരില്‍ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ നാലുവിഭാഗക്കാരും മിക്കജില്ലകളിലും സജീവമാണെന്ന് ആരോഗ്യവകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, കൃത്യമായ തെളിവോ പരാതിയോ ഇല്ലാത്തതിനാല്‍ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണിവര്‍. ശാസ്ത്രീയമായ പ്രസവ ശുശ്രൂഷയും പരിചരണവും വീട്ടില്‍ ലഭ്യമാക്കുന്ന കേസുകള്‍ വളരെ കുറവാണ്.

ജനസംഖ്യയും പ്രസവനിരക്കും കൂടുതലുള്ളതിനാല്‍ സ്വാഭാവികമായും മലപ്പുറം ജില്ലയിലാണ് ഏറ്റവുമധികം വീട്ടുപ്രസവം നടന്നിട്ടുള്ളത് 215. തൊട്ടുപിന്നില്‍ വയനാടും (152) കണ്ണൂരും (75). കോട്ടയം (5), തൃശ്ശൂര്‍(9) ജില്ലകളിലാണ് ഏറ്റവും കുറവ്. മലപ്പുറത്ത് ഈ നാലുവിഭാഗക്കാരും സജീവമാണെന്ന് ബോധ്യപ്പെട്ടതായി ഡി.എം.ഒ. ഡോ. കെ. സക്കീന പറയുന്നു. വളാഞ്ചേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സിദ്ധനെക്കുറിച്ച് വിവരമുണ്ട്. ആരും പരാതി നല്‍കാത്തതിനാല്‍ ഒന്നും ചെയ്യാനാവുന്നില്ല. ഇയാളുടെ ചികിത്സകൊണ്ട് ആരോഗ്യപ്രശ്‌നമുണ്ടായ ചില സ്ത്രീകള്‍ ഡോക്ടര്‍മാരെ സമീപിച്ചിട്ടുണ്ട്.

പ്രതീക്ഷിക്കുന്ന സമയത്തിന് മുമ്പേ പ്രസവവേദനയും രക്തസ്രാവവും ഉണ്ടായ കേസുകള്‍ കൂടിയപ്പോഴാണ് ജില്ലാ ആരോഗ്യ അധികൃതര്‍ ഇക്കാര്യം ശ്രദ്ധിച്ചത്. അങ്ങനെയാണ് പ്രസവം എളുപ്പമാവാനുള്ള മരുന്നെന്ന് പറഞ്ഞ് ചില വ്യാജന്‍മാര്‍ നല്‍കിയ മരുന്നുകള്‍ കഴിച്ചവിവരം സ്ത്രീകള്‍ പറയുന്നത്. ഇത്തരം ചില ഗുളികകള്‍ സംഘടിപ്പിച്ച് പരിശോധനയ്ക്കയച്ചെന്നും എന്നാല്‍ ആവശ്യമായ അളവില്ലാത്തതിനാല്‍ ഫലം ലഭ്യമായില്ലെന്നും ഡോ. സക്കീന പറഞ്ഞു. ഒരിലയില്‍ പ്രത്യേക ചെടിയുടെ നീര് പുരട്ടിയശേഷം കലക്കിക്കുടിക്കാന്‍ പറയുന്ന സംഭവമുണ്ട്. ഇതിനെല്ലാം വലിയ തുകയാണ് ഈടാക്കുന്നത്. സ്ത്രീകള്‍ ഇക്കാര്യം പുറത്തുപറയുന്നുമില്ല.

ഡോക്ടറേക്കാള്‍ വിശ്വാസം മറിയം പൂവിനെ ...

കഴിഞ്ഞവര്‍ഷം മലപ്പുറം ജില്ലയിലെ ഗൈനക്കോളജിസ്റ്റുകളുടെ യോഗത്തിലാണ് ഈ പൂവിനെപ്പറ്റി ആദ്യമായി കേള്‍ക്കുന്നതെന്ന് ഡോ. കെ. സക്കീന പറഞ്ഞു. അന്വേഷിച്ചപ്പോള്‍ ജാതിമത ഭേദമെന്യേ വിദ്യാഭ്യാസമുള്ളവര്‍പോലും ഈ പൂവ് ഉപയോഗിക്കുന്നതായി ബോധ്യപ്പെട്ടു. ഗര്‍ഭിണികളായ സ്ത്രീകളുടെ യോഗങ്ങളില്‍ മറിയംപൂവിനെക്കുറിച്ച് കേട്ടവര്‍ കൈപൊക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ മിക്കവരും കൈപൊക്കി. ഉപയോഗിക്കുന്നകാര്യം ആരും തുറന്നുപറയുന്നില്ല.

ഗള്‍ഫില്‍നിന്ന് വരുന്നവരാണ് ഈ പൂവ് കൊണ്ടുവരുന്നത്. ഉണങ്ങിയ വള്ളിക്കൂടുപോലെ തോന്നിക്കുന്നതാണിത്. ഈ വള്ളിക്കൂടിനുള്ളിലാണ് കൊച്ചുകൊച്ചു പൂക്കളുള്ളത്. ഇത് പാത്രത്തില്‍ വെള്ളംനിറച്ച് അതിലിട്ട് ഗര്‍ഭിണിയുടെ കട്ടിലിന് ചുവട്ടില്‍ വെക്കും. വേദന തുടങ്ങിയാല്‍ കുടിക്കാന്‍ കൊടുക്കും. പൂവ് വിടര്‍ന്നാല്‍ സുഖപ്രസവമായിരിക്കുമെന്നാണ് തട്ടിപ്പുകാര്‍ പറഞ്ഞുകൊടുക്കുന്നത്. എന്തെങ്കിലും സങ്കീര്‍ണത കാരണം സിസേറിയന്‍ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞാല്‍ സ്ത്രീകള്‍ ആദ്യം പൂ വിടര്‍ന്നോ എന്ന് നോക്കും. വിടര്‍ന്നെങ്കില്‍ ഡോക്ടര്‍മാര്‍ പറഞ്ഞത് കേള്‍ക്കാതെ സ്ഥലംവിട്ട് മറ്റു ഡോക്ടര്‍മാരെ സമീപിക്കാന്‍ ശ്രമിക്കും. ഇങ്ങനെ പല അപകടങ്ങളും ഉണ്ടായിട്ടുണ്ട്.

സ്വകാര്യ ആശുപത്രികള്‍ സിസേറിയന്റെ പേരില്‍ തട്ടിപ്പുനടത്തുകയാണെന്ന് പ്രചരിപ്പിച്ചാണ് ഇത്തരം തട്ടിപ്പുകള്‍ തുടരുന്നത്. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട് തുടങ്ങി പല ജില്ലകളിലും ഈ പൂവുകൊണ്ടുള്ള തട്ടിപ്പുനടക്കുന്നുണ്ട്. സാമൂഹികമാധ്യമങ്ങള്‍ വഴിയാണ് മറിയംപൂവിന്റെ മാഹാത്മ്യത്തെക്കുറിച്ച് പ്രചാരണം നടത്തുന്നത്. അതേസമയം, ഇതെല്ലാം തട്ടിപ്പാണെന്നും ഇതില്‍ വീഴരുതെന്നും ചില മതപുരോഹിതന്‍മാര്‍ തന്നെ സാമൂഹിക മാധ്യമങ്ങള്‍ വഴി മുന്നറിയിപ്പും നല്‍കുന്നുണ്ട്.

Content Highlights: 740 delivery cases done in homes in kerala

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram
IN CASE YOU MISSED IT
mathrubhumi

4 min

ക്ഷയരോഗം: വേണ്ടത് ചികിത്സയോ, പ്രതിരോധമോ?

Mar 24, 2017


mathrubhumi

2 min

മാറാത്ത ക്ഷീണം, കുറയാത്ത ശരീരഭാരം; തൈറോയ്ഡിന്റെ പതുങ്ങിവരുന്ന എട്ട് ലക്ഷണങ്ങള്‍

Dec 29, 2019


mathrubhumi

3 min

കുട്ടികളില്‍ ഇന്‍ഹേലര്‍ സുരക്ഷിതമോ?

Nov 7, 2019