വളരെ സാധാരണമായതും ഏറ്റവും അധികം സ്വയം ചികിത്സ തേടുന്നതുമായ അസുഖമാണ് തലവേദന. തലവേദനയുടെ ഏറ്റവും സാധാരണമായ കാരണങ്ങള്‍ മൈഗ്രേയ്നോ അമിത ഉത്കണ്ഠയും സമ്മര്‍ദവും മൂലമുണ്ടാകുന്ന ടെന്‍ഷന്‍ ഹെഡ്എയ്ക്കോ ആവാം. ആയിരത്തില്‍ ഒരാള്‍ക്ക് മാത്രമാവാം തലവേദനയുടെ കാരണം ബ്രെയിന്‍ ട്യൂമര്‍ പോലെ ഗുരുതരമാവുക. പക്ഷേ, തലവേദനയുടെ സ്വഭാവം അടിസ്ഥാനമാക്കി വേദന ഗൗരവമുള്ളതാണോ എന്ന് നമുക്ക് മനസിലാക്കാം.
ഉദാഹരണത്തിന് ജീവിതത്തില്‍ ആദ്യമായി അനുഭവപ്പെടുന്ന ശക്തമായ തലവേദന. പ്രത്യേകിച്ച് 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍, തലവേദനയ്‌ക്കൊപ്പം കാഴ്ച മങ്ങല്‍, ഛര്‍ദ്ദി എന്നീ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ വേദന ഗൗരവമായി കാണ്ടേണ്ടതാണ്.
പെട്ടന്നുണ്ടാവുന്ന അതിശക്തമായ തലവേദന
അതിശക്തമായി പെട്ടന്നുണ്ടാവുന്ന തലവേദന തണ്ടര്‍ ക്ലാപ്പ് ഹെഡ് ഏയ്ക്ക് അഥവാ സെറിബ്രല്‍ ഹെമറേജ് ആവാം. രക്താതിമര്‍ദ്ദത്തിന്റെ ഫലമായി തലച്ചോറില്‍ രക്തസ്രാവം ഉണ്ടാവുന്നതാണിത്. തലവേദനയ്ക്കൊപ്പം ഛര്‍ദ്ദില്‍, കാഴ്ച മങ്ങല്‍, വസ്തുവിനെ രണ്ടായി കാണല്‍, കോങ്കണ്ണ് പോലെ കാണല്‍, ബാലന്‍സ് നഷ്ടപ്പെട്ടാല്‍, സംസാരിക്കാന്‍ പറ്റാത്ത അവസ്ഥ എന്നിവ ഉണ്ടായാല്‍ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്.
ഉറക്കത്തില്‍ നിന്നും എഴുന്നേല്‍പ്പിക്കുന്ന തലവേദന
തലച്ചോറിന്റെ പ്രഷര്‍ കൂട്ടുന്ന തരത്തില്‍ ട്യൂമര്‍ പോലുള്ള എന്തെങ്കിലും ഉണ്ടായാലാണ് ഉറക്കത്തില്‍ നിന്നു വരെ എഴുന്നേല്‍പ്പിക്കുന്ന തരത്തിലുള്ള തലവേദന ഉണ്ടാവുന്നത്. ഇത്തരം വേദനകള്‍ ഉണ്ടായാല്‍ സ്‌കാനിങിലൂടെ വേദനയുടെ കാരണം കണ്ടെത്തി ചികിത്സിക്കേണ്ടതാണ്.
കാഴ്ച തകരാറുകള്‍
കണ്ണിന് ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ തലവേദന ഉണ്ടാവാം. കണ്ണിന് സമ്മര്‍ദ്ദം അനുഭവപ്പെട്ടു തുടങ്ങിയാല്‍ നേത്രരോഗ വിദഗ്ധനെ കണ്ട് രോഗം സ്ഥിരീകരിക്കണം.
മൈഗ്രേന്‍, സൈനസൈറ്റിസ്
ഒട്ടുമിക്ക ആളുകളേയും വലയ്ക്കുന്ന രോഗമാണ് മൈഗ്രേയ്ന്‍. തലയുടെ ഒരു ഭാഗത്ത് നിന്നും തുടങ്ങി തലയിലേക്കാകെ വ്യാപിക്കുന്ന ഇത്തരം തലവേദനകള്‍ ചികിത്സയിലൂടെ നിയന്ത്രിക്കാം. കാഴ്ചയ്ക്ക് മങ്ങല്‍, ഛര്‍ദ്ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ മൈഗ്രേയ്‌നിന്റെ ഭാഗമായും ഉണ്ടാവാം.
ഉറക്കമില്ലായ്മ, ഭക്ഷണരീതി, അമിതസമ്മര്‍ദ്ദം തുടങ്ങിയവയാണ് മൈഗ്രേയ്‌നിനെ ഉദ്ദീപിപ്പിക്കുന്ന പ്രധാന കാരണങ്ങള്‍. പൂര്‍ണമായും ഭേദമാവില്ലെങ്കിലും മൈഗ്രേയ്ന്‍ ഉണ്ടാക്കുന്ന അവസ്ഥകളില്‍ നിന്നും മാറിനിന്ന് രോഗം നിയന്ത്രിക്കുന്നതാണ് ഇതിന് ഫലപ്രദം.
കണ്ണിന് താഴേയും മൂക്കിന് ചുറ്റിലുമുള്ള സൈനസ് അറകളില്‍ സ്രവം കെട്ടിക്കിടക്കുന്ന സൈനസൈറ്റിസ് രോഗത്തിന്റെ ഭാഗമായും തലവേദന ഉണ്ടാവാം. അലര്‍ജി, ആസ്ത്മ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് സൈനസൈറ്റിസ് ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്.
ആര്‍ത്താവാനുബന്ധ തലവേദന
മാസമുറയുടെ സമയത്ത് അല്ലെങ്കില്‍ ആര്‍ത്തവിരാമ കാലത്ത് തലവേദന ഉണ്ടാവുന്ന സ്വാഭാവികമാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമുണ്ടാവുന്ന ഈ വേദനയ്ക്ക് ചികിത്സ വേണ്ടിവരില്ല. എന്നാല്‍ അതിശക്തമായ തലവേദന വന്നാല്‍ ആവശ്യമെങ്കില്‍ ഡോക്ടറെ കാണാം.
ചുമയ്ക്കുമ്പോള്‍, പെട്ടന്നുണ്ടാവുന്ന വേദന, ആയാസമുള്ള ജോലികള്‍ ചെയ്യുമ്പോഴുള്ള തലവേദനകളെല്ലാം കൃത്യമായി പരിശോധിക്കേണ്ടതാണ്.
വിവരങ്ങള്‍ക്ക് കടപ്പാട്; ഡോ. സുശാന്ത്, കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റ് എസ്.യു.ടി ആശുപത്രി,തിരുവനന്തപുരം
Content Highlight: types of headache, Cerebral Haemorrhage, Stroke,High blood pressure,Migraine,Cluster headaches