ശ്രദ്ധിക്കുക, ഈ ലക്ഷണങ്ങള്‍ അവഗണിക്കരുത്


ഡോ.മാത്യു എബ്രാഹം

3 min read
Read later
Print
Share

തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചുപോകുന്നതു കൊണ്ടാണ് പക്ഷാഘാതം ഉണ്ടാകുന്നത്. രക്തപ്രവാഹം തടസ്സപ്പെടുകയോ രക്തക്കുഴല്‍ പൊട്ടിപ്പോകുകയോ ചെയ്യുന്നതുകൊണ്ട് ഇങ്ങനെ സംഭവിക്കാം. ഇതുവഴി രക്തത്തിലെ കോശങ്ങള്‍ക്ക് തകരാറുണ്ടാവുകയോ നശിച്ചുപോകുകയോ ചെയ്യാം.

രു വ്യക്തിയെ മാത്രമല്ല, കുടുംബത്തെ ആകമാനം തളര്‍ത്തിക്കളയുന്ന രോഗാവസ്ഥയാണ് 'പക്ഷാഘാതം'. ഓരോ വര്‍ഷവും രണ്ടു കോടിയിലധികം പേരെയാണ് പക്ഷാഘാതം ബാധിക്കുന്നത്. മരണത്തിനും അംഗവൈകല്യത്തിനുമുള്ള പ്രധാന കാരണങ്ങളിലൊന്നാണ് പക്ഷാഘാതം.രോഗം വന്ന 25 ശതമാനം പേര്‍ മരിച്ചുപോകാം, 30 ശതമാനം പേര്‍ക്ക് സ്ഥിരമായ അംഗവൈകല്യമുണ്ടാകാം. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെത്തന്നെ തിരിച്ചറിഞ്ഞ് അടിയന്തര വൈദ്യസഹായവും ചികിത്സയും തേടിയാല്‍ ഏറെ മെച്ചമുണ്ടാകും.

തലച്ചോറിലേക്കുള്ള രക്തപ്രവാഹം നിലച്ചുപോകുന്നതു കൊണ്ടാണ് പക്ഷാഘാതം ഉണ്ടാകുന്നത്. രക്തപ്രവാഹം തടസ്സപ്പെടുകയോ രക്തക്കുഴല്‍ പൊട്ടിപ്പോകുകയോ ചെയ്യുന്നതുകൊണ്ട് ഇങ്ങനെ സംഭവിക്കാം. ഇതുവഴി രക്തത്തിലെ കോശങ്ങള്‍ക്ക് തകരാറുണ്ടാവുകയോ നശിച്ചുപോകുകയോ ചെയ്യാം.

വൈദ്യശാസ്ത്രപരമായി അടിയന്തര സാഹചര്യമാണിത്. തലച്ചോറിന്റെ ഏതു ഭാഗത്തെ രക്തപ്രവാഹമാണ് നിന്നുപോയത് എന്നതിനെയും എത്രമാത്രം കഠിനമാണ് എന്നതിനെയും ആശ്രയിച്ചാണ് അനന്തരഫലങ്ങള്‍ ഉണ്ടാകുന്നത്. ശക്തമായ പക്ഷാഘാതമാണെങ്കില്‍ പെട്ടെന്നുതന്നെ മരണം സംഭവിക്കാം.

രക്തം കട്ടപിടിച്ചതിനാലുള്ള തടസ്സം മൂലമുള്ള പക്ഷാഘാതത്തിന് 'ഇസ്‌കീമിക് സ്‌ട്രോക്' എന്നു പറയും. മിക്കവാറും പക്ഷാഘാതവും ഈ വിഭാഗത്തില്‍ ഉള്‍പ്പെട്ടവയാണ്. തലച്ചോറിലേക്ക് രക്തപ്രവാഹം നിലച്ചുപോകുന്ന ഓരോ നിമിഷവും ഏറെ വിലപ്പെട്ടതാണ്. ചികിത്സ ലഭിക്കാനുള്ള ദൈര്‍ഘ്യം കൂടുന്തോറും അപകടസാധ്യതകളും കൂടിക്കൊണ്ടേയിരിക്കും. നേരത്തെ ചികിത്സ ലഭ്യമായാല്‍ മരണസാധ്യതയും അംഗവൈകല്യ സാധ്യതയും കുറയും. കൂടാതെ, വിജയകരമായി ജീവിതത്തിലേക്ക് തിരികെ വരാനുള്ള സാധ്യതയും വര്‍ധിക്കും.

ഏതു പ്രായത്തിലുള്ളവര്‍ക്കും പക്ഷാഘാതം ഉണ്ടാകാം. വളരെ സങ്കീര്‍ണമായ വൈദ്യശാസ്ത്ര പ്രശ്‌നമാണിത്. എന്നാല്‍, അനന്തരഫലങ്ങള്‍ കുറയ്ക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങളുണ്ട്. പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുകയും അടിയന്തരമായി വൈദ്യശാസ്ത്ര സേവനം തേടുകയും പക്ഷാഘാത ചികിത്സാ വൈദഗ്ദ്ധ്യമുള്ള ആശുപത്രികളില്‍ ചികിത്സ തേടുകയും വേണം. പലപ്പോഴും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ മറ്റെന്തോ ആണെന്ന് തെറ്റിദ്ധരിപ്പിക്കുന്നതോ കൃത്യമായി തിരിച്ചറിയപ്പെടാതെ പോകാവുന്നതോ ആകാം.

പക്ഷാഘാതം മൂലം തലച്ചോറിന് മുറിവേല്‍ക്കുന്നതിനാല്‍ പക്ഷാഘാതമുണ്ടായതായി രോഗി സ്വയം തിരിച്ചറിയണമെന്നില്ല. പക്ഷാഘാതമുണ്ടായ ആള്‍ ആകെ ആശയക്കുഴപ്പത്തിലാണെന്നാവും മറ്റുള്ളവര്‍ക്ക് തോന്നുക. അതുകൊണ്ടുതന്നെ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഓരോരുത്തരും മനസ്സിലാക്കി വയ്ക്കുകയും രോഗിയെ എത്രയും വേഗം ചികിത്സ ലഭ്യമാക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റുകയും വേണം.
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ വളരെ പെട്ടെന്നാകാം ഉണ്ടാകുന്നത്. ഒരു തലവേദന പോലെയോ ചെന്നിക്കുത്ത് പോലെയോ പെട്ടെന്നുണ്ടാകുന്ന അതികഠിനമായ ക്ഷീണം പോലെയോ ആകാം തുടക്കം. അമേരിക്കന്‍ സ്‌ട്രോക് അസോസിയേഷന്‍ 'ഫാസ്റ്റ്' എന്ന ചുരുക്കപ്പേരില്‍ ലക്ഷണങ്ങള്‍ വിവരിക്കുന്നുണ്ട്.

പക്ഷാഘാതം തിരിച്ചറിയാം
ഫേസ്, ആം, സ്പീച്ച് ആന്‍ഡ് ടൈം(എഫ്.എ.എസ്.ടി. ഫാസ്റ്റ്) പരിശോധനകളിലൂടെ, വൈദ്യശാസ്ത്രവുമായി ബന്ധമില്ലാത്ത വ്യക്തിക്കുപോലും, എളുപ്പത്തില്‍ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ മനസ്സിലാക്കാനും എത്രയും പെട്ടെന്ന് അതനുസരിച്ച് പ്രവര്‍ത്തിക്കാനും സാധിക്കും. 'എഫ്' എന്നാല്‍ ഫേസ്, ഒരു വ്യക്തി ചിരിക്കാന്‍ ശ്രമിച്ചാല്‍ മുഖത്തിന്റെ ഒരു വശം കോടിപ്പോകുന്നതുപോലെ തോന്നും. അത് പക്ഷാഘാതത്തിന്റെ ലക്ഷണമാണ്. 'എ' എന്നാല്‍ ആംസ് കൈകള്‍, ഒരാള്‍ രണ്ടു കൈകളും പൊക്കാന്‍ ശ്രമിച്ചാല്‍ ഒരു കൈമാത്രം താഴേക്ക് ഊര്‍ന്നുവീഴുകയാണെങ്കില്‍ അത് പക്ഷാഘാതത്തിന്റെ ലക്ഷണമാണ്. 'എസ്' എന്നാല്‍ സ്പീച്ച് സംസാരം, ഒരു കാര്യം ആവര്‍ത്തിച്ചു പറയാന്‍ ആവശ്യപ്പെട്ടാല്‍ അസ്പഷ്ടമായോ അവ്യക്തമായോ തോന്നുകയാണെങ്കില്‍ അത് പക്ഷാഘാതം മൂലമാകാം. 'ടി' എന്നാല്‍ ടൈം സമയം, ഇത് വളരെ പ്രധാനപ്പെട്ടതാണ്. അതിനാല്‍ ഈ മൂന്നു ലക്ഷണങ്ങളിലേതെങ്കിലും കണ്ടാല്‍ രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കേണ്ടതുണ്ട്.

പക്ഷാഘാതത്തിന്റെ ലക്ഷണങ്ങള്‍ ഇവയാണ്..
പെട്ടെന്നുണ്ടാകുന്ന മരവിപ്പ്, മുഖത്തിനോ കൈകള്‍ക്കോ കാലുകള്‍ക്കോ ഉണ്ടാകുന്ന തളര്‍ച്ച, പ്രത്യേകിച്ച് ഒരു വശത്ത് മാത്രമായി, പെട്ടെന്നുണ്ടാകുന്ന ആശയക്കുഴപ്പം, സംസാരത്തില്‍ വ്യക്തതയില്ലാതെ വരിക, പെട്ടെന്ന് സംസാരിക്കാന്‍ കഴിയാതെ വരിക, സംസാരിക്കുന്നത് വ്യക്തമാകാതെ വരിക, ഒരു കണ്ണിനോ രണ്ടു കണ്ണുകള്‍ക്കുമോ കാഴ്ചയ്ക്ക് പ്രശ്‌നമുണ്ടാകുക, പെട്ടെന്ന് നടക്കാന്‍ ബുദ്ധിമുട്ടുണ്ടാവുക, തലകറക്കം പോലെ തോന്നുക, ശരീരത്തിന്റെ തുലനം തെറ്റുക, പെട്ടെന്ന് കഠിനമായ തലവേദനയുണ്ടാവുക തുടങ്ങിയവ പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാണ്.

ആശങ്ക വേണ്ട, ചികിത്സയുണ്ട്
രക്തം കട്ടപിടിച്ച് രക്തപ്രവാഹം തടസ്സപ്പെടുന്നതു മൂലമുള്ള 'ഇസ്‌കീമിക് പക്ഷാഘാതം', 'ത്രോംബോലൈറ്റിക് തെറാപ്പി' അല്ലെങ്കില്‍ 'ക്ലോട്ട് ബസ്റ്റേഴ്‌സ്' ഉപയോഗിച്ചാണ് ചികിത്സിക്കുന്നത്.

രക്തത്തിലെ കട്ടകള്‍ അലിയിച്ച് കളയുന്നതാണ് ഈ രീതി. 'ടിഷ്യൂ പ്ലാസ്മിനോജെന്‍ ആക്ടിവേറ്റര്‍' അല്ലെങ്കില്‍ 'ടി.പി.എ. ഉപയോഗിച്ച് രക്തക്കട്ടകള്‍ അലിയിക്കുകയും തലച്ചോറിലേയ്ക്കുള്ള രക്തപ്രവാഹം നിലച്ച ഭാഗങ്ങളിലേക്ക് രക്തമൊഴുക്ക് ഉറപ്പുവരുത്തുകയും ചെയ്യും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാലര മണിക്കൂര്‍ വരെ രക്തക്കട്ടകള്‍ നീക്കാനുള്ള മരുന്നുകള്‍ നല്‍കാം.

ശസ്ത്രക്രിയയിലൂടെ തലച്ചോറില്‍നിന്ന് രക്തക്കട്ടകള്‍ നീക്കുന്നതാണ് മറ്റൊരു രീതി. ലക്ഷണങ്ങള്‍ കണ്ട് എട്ടുമണിക്കൂര്‍ സമയത്തിനുള്ളിലാണ് ഇത് ചെയ്യുന്നത്. എത്രയും പെട്ടെന്ന് ശസ്ത്രക്രിയ നടത്തുന്നതാണ് മികച്ച ഫലം ലഭിക്കാന്‍ ഉത്തമം. കാലിലെ ധമനിയിലൂടെ മൈക്രോ കത്തീറ്റര്‍ കടത്തിവിട്ട് എക്‌സ്‌റേയും കോണ്ട്രാസ്റ്റ് ഡൈയും ഉപയോഗിച്ച് രക്തക്കട്ട കണ്ടെത്തുന്നു. രക്തക്കട്ടകള്‍ ചെറിയ കഷണങ്ങളായി മുറിയുന്നതിന് മരുന്നുകള്‍ കുത്തിവയ്ക്കും. ഇതിനുശേഷം രക്തക്കുഴലുകളില്‍നിന്ന് 'വാക്വം' ഉപയോഗിച്ച് പുറത്തെടുത്തുകളയും.

പക്ഷാഘാതത്തിന് വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കാന്‍ സൗകര്യമുള്ളതും അടിയന്തര ഘട്ടത്തില്‍ ചികിത്സ എങ്ങനെയായിരിക്കണം എന്നും എത്രമാത്രം വൈദ്യസഹായം ആവശ്യമുണ്ടെന്നും നിശ്ചയിക്കാന്‍ കഴിയുന്ന വിദഗ്ധരുമുള്ള ആശുപത്രികളിലാണ് ഇസ്‌കീമിക്, ഹെമറാജിക് പക്ഷാഘാതമുണ്ടായ രോഗികളെ ചികിത്സിക്കേണ്ടത്.

പക്ഷാഘാതത്തിന് ശേഷമുള്ള പുനരധിവാസം രോഗികളെ പെട്ടെന്നുതന്നെ രോഗാവസ്ഥയില്‍നിന്ന് തിരികെ വരാന്‍ സഹായിക്കുന്നു. പക്ഷാഘാതം മൂലം തലച്ചോറില്‍നിന്ന് നഷ്ടപ്പെട്ട ചില പ്രത്യേക കഴിവുകള്‍ തിരിച്ചുകിട്ടാന്‍ പുനരധിവാസം സഹായിക്കും. സ്വയംപര്യാപ്തതയും ജീവിതത്തിന്റെ ഗുണമേന്മയും തിരികെക്കിട്ടാനും ഇത് രോഗിയെ സഹായിക്കും.

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram