തലച്ചോറിലേക്കുള്ള രക്തപ്രവാഹം തടസ്സപ്പെടുമ്പോഴോ രക്തസ്രാവംമൂലമോ തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും അവയുടെ പ്രവര്‍ത്തനം തകരാറിലാവുകയും ചെയ്യും. ഇതുമൂലം ശരീരത്തിന്റെ ഒരു ഭാഗമോ മുഴുവനായോ തളര്‍ന്നുപോവുകയും സന്തുലിതാവസ്ഥ, ചലനശേഷി, പ്രവര്‍ത്തനശേഷി എന്നിവ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണ് സ്ട്രോക്ക് അഥവാ ബ്രെയിന്‍ അറ്റാക്ക്.
മിക്ക സ്ട്രോക്കുകളിലും ശരീരത്തിന്റെ ഒരു ഭാഗത്തിന് പൂര്‍ണമായോ ഭാഗികമായോ തളര്‍ച്ച അനുഭവപ്പെടാറുണ്ട്. ഇതിനെ പക്ഷാഘാതമെന്നു പറയാം.
പ്രമേഹം, രക്തസമ്മര്‍ദ്ദം, കൊളസ്ട്രോള്‍, പുകവലി, മദ്യപാനം, ജനിതകഘടകങ്ങള്‍ എന്നിവയെല്ലാം സ്ട്രോക്കിന് കാരണമാവും. ഇവയെ റിസ്‌ക് ഫാക്ടേഴ്സ് എന്നു പറയുന്നു. ഈ ഘടകങ്ങള്‍ ഒന്നില്‍ കൂടുതല്‍ ഒരു വ്യക്തിയില്‍ നിയന്ത്രണമില്ലാതെ നിലനില്‍ക്കുന്നുവെങ്കില്‍ ആ വ്യക്തിയില്‍ സ്ട്രോക്ക് വരാനുള്ള സാധ്യത വര്‍ധിക്കുന്നു.
പക്ഷാഘാത ലക്ഷണങ്ങള്‍
പെട്ടെന്ന് ചുണ്ട് ഒരു വശത്തേക്ക് കോടുകയും സംസാരിക്കാന്‍ പ്രയാസം നേരിടുകയും ചെയ്യുക, കൈ ഉയര്‍ത്താന്‍ സാധിക്കാതെ വരിക, ശരീരത്തിന്റെ ഒരു ഭാഗത്തേക്ക് തളര്‍ച്ച അനുഭവപ്പെടുക, കടുത്ത തലവേദന എന്നിവയെല്ലാം പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളാവാം. എത്രയുംവേഗം രോഗിയെ ആശുപത്രിയിലെത്തിച്ചാല്‍ മാത്രമേ ഏറ്റവും മികച്ച ഫലം നല്‍കുന്ന ത്രോംബോലൈറ്റിക്ക് തെറാപ്പിപോലെയുള്ള ചികിത്സകള്‍ സാധ്യമാകൂ.
ഫിസിയോതെറാപ്പി എപ്പോള്‍
പക്ഷാഘാത രോഗികളില്‍ മെഡിക്കല്‍ ചികിത്സയ്ക്കുശേഷം ആരോഗ്യം മെച്ചപ്പെടുന്നതിനനുസരിച്ച് ഐ.സി.യു.വില്‍നിന്നുതന്നെ ഫിസിയോതെറാപ്പി ആരംഭിക്കുന്നു. രോഗിയെ ശരിയായ രീതിയില്‍ താങ്ങുനല്‍കി കിടത്തുക, ഇരുത്തുക എന്നിവ ആദ്യഘട്ടത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.നെഞ്ചിനുള്ളിലെ സ്രവങ്ങള്‍ ഒഴിവാക്കുന്നതിന് ചെസ്റ്റ് ഫിസിയോതെറാപ്പി സഹായിക്കുന്നു. ഇതോടൊപ്പം രോഗിയില്‍ ചെറിയ രീതിയില്‍ വ്യായാമചികിത്സയും ആരംഭിക്കും. രോഗിയെ വാര്‍ഡിലേക്ക് മാറ്റുമ്പോള്‍ വ്യായാമരീതികള്‍ ആരോഗ്യസ്ഥിതിക്കനുസരിച്ച് വര്‍ധിപ്പിക്കുന്നു.
പക്ഷാഘാതചികിത്സയില്‍ ഫിസിയോതെറാപ്പിയുമായി ബന്ധപ്പെട്ട് വ്യത്യസ്ത സമീപനങ്ങളുണ്ട്. ബൊ ബാത്ത്, പി.എന്‍.എഫ്, ബ്രണ്‍സ് ട്രോം, കാര്‍ ആന്‍ ഷെപ്പേര്‍ഡ് എന്നിവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. എന്നാല്‍, രോഗിയുടെ അവസ്ഥയ്ക്കനുസരിച്ച് വ്യത്യസ്ത സമീപനങ്ങള്‍ സമന്വയിപ്പിച്ച് ചെയ്യുന്ന ചികിത്സ കൂടുതല്‍ ഫലം ചെയ്യുന്നതായി കാണുന്നു.
രോഗിയുടെ പക്ഷാഘാതം വന്ന ഭാഗം കൂടുതല്‍ ഉപയോഗിക്കാന്‍ സഹായിക്കുക, ചലനം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന കീ പോയിന്റുകളെ ഉദ്ദീപിപ്പിക്കുക, സംയോജിത പി.എന്‍.എഫ്. രീതികള്‍ ഉപയോഗിച്ച് നഷ്ടപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തിരികെ കൊണ്ടുവരിക, പ്രവൃത്തികേന്ദ്രീകൃത വ്യായാമങ്ങള്‍ അഥവാ മോട്ടോര്‍ റീ ലേണിങ് പ്രോഗ്രാമുകള്‍ ഉപയോഗപ്പെടുത്തി ചലനസ്വാതന്ത്ര്യവും പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തുക എന്നിവ പ്രധാനമാണ്.
സ്ട്രെങ്ത് ട്രെയിനിങ്, ബാലന്‍സ് ട്രെയിനിങ്, നടത്തം മെച്ചപ്പെടുത്താനുള്ള ഗെയ്റ്റ് ട്രെയിനിങ്, ദൈനംദിന ജീവിതത്തില്‍ അടിസ്ഥാനകാര്യങ്ങള്‍ ചെയ്യിക്കാന്‍ പ്രാപ്തരാക്കുന്ന എ.ഡി.എല്‍. ട്രെയിനിങ് എന്നിവ പിന്നീടുള്ള ചികിത്സയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.കൈകാലുകള്‍ക്ക് സംഭവിക്കാവുന്ന വ്യത്യസ്തതരം വൈകല്യങ്ങളെ പ്രതിരോധിക്കുന്നതിന് സ്പ്ലിന്റ് ആന്‍ഡ് ഓര്‍ത്തോട്ടിക് ഫിറ്റിങ് സഹായിക്കുന്നു.
സ്ട്രോക്ക് ഫിസിയോതെറാപ്പിയിലെ നൂതനരീതികള്‍
വെര്‍ച്വല്‍ റിയാലിറ്റി ചികിത്സ
ഇവിടെ ഒരു ഗെയിംപോലെ കംപ്യൂട്ടറിന്റെ സഹായത്തോടെ സ്‌ക്രീനില്‍ തെളിയുന്ന പ്രവര്‍ത്തങ്ങളില്‍ പുറത്തുനിന്നുകൊണ്ട് രോഗി പങ്കാളിയാവുന്നു. രോഗിക്ക് മൗസ്, സെന്‍സറുകള്‍ എന്നിവ ഉപയോഗിച്ച് സ്‌ക്രീനില്‍ നടക്കുന്ന കാര്യങ്ങളില്‍ പുറത്തുനിന്നു പങ്കെടുക്കാന്‍ സാധിക്കുന്നു. ഇത് പ്രവൃത്തികേന്ദ്രീകൃതമായി രോഗിയുടെ ചലനങ്ങള്‍ മെച്ചപ്പെടുത്തുന്നു.
റോബോട്ടിക് തെറാപ്പിയില്‍ രോഗിയുടെ നടത്തവും കൈയുടെ ചലനങ്ങളും കൂടുതലായി മെച്ചപ്പെടുത്താന്‍ സാധിക്കുന്നു. പുറത്തുനിന്നു നിയന്ത്രിക്കാവുന്ന സ്വയം ചലിക്കുന്ന ബാഹ്യകവചങ്ങള്‍ റോബോട്ടിക് തെറാപ്പിയിലൂടെ ചലനങ്ങളെ കൂടുതല്‍ മികവുറ്റതാക്കുന്നു
ബോഡി വെയിറ്റ് സപ്പോര്‍ട്ടഡ് ട്രെഡ്മില്‍ ട്രെയിനിങ്ങില്‍, ചലനങ്ങളുള്ള എന്നാല്‍ ആവശ്യത്തിനു പേശിബലമില്ലാത്ത രോഗികളില്‍ അവരുടെ ശരീരഭാരം പുറത്തുനിന്നു തൂക്കിനിര്‍ത്താവുന്ന ഒരു സസ്പെന്‍ഷന്‍ സിസ്റ്റത്തിന്റെ സഹായത്തോടെ നടത്താന്‍ സഹായിക്കുന്നു.സമാനമായ മറ്റൊരു ചികിത്സാരീതിയായ സപ്പോര്‍ട്ടഡ് ആംബുലേഷന്‍ സിസ്റ്റത്തില്‍ രോഗിയെ നടത്താന്‍ തലയ്ക്കു മുകളില്‍ ഒരു സീലിങ് ട്രാക്കും സസ്പെന്‍ഷന്‍ സിസ്റ്റവും ഉപയോഗിക്കുന്നു. മോട്ടോറൈസ്ഡ് ഉപകരണങ്ങളുടെ സഹായത്തോടെ ചലനവും പേശിബലവും വീണ്ടെടുക്കാന്‍ മോട്ടോറൈസ്ഡ് മൂവ്മെന്റ് തെറാപ്പി സഹായിക്കുന്നു. സ്ട്രോക്ക് ബാധിച്ചതിനാല്‍ ജീവിതം അവസാനിച്ചുവെന്നത് മിഥ്യാധാരണയാണ്. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള നൂതനചികിത്സകള്‍, വിശേഷിച്ച് ഫിസിയോതെറാപ്പിയെക്കുറിച്ച് കൂടുതല്‍ അറിയേണ്ടത് അനിവാര്യമാണ്
വിവരങ്ങള്‍ക്ക് കടപ്പാട്
ദീപു എസ്.ചന്ദ്രന്‍
ഫിസിയോതെറാപ്പിസ്റ്റ്
ജനറല്‍ ആശുപത്രി,
കോഴിക്കോട്
Content Highlight: Stroke Physiotherapy, Stroke and physiotherapy, Stroke Care